Tuesday, November 25, 2014

പക്ഷിപ്പനി

'പക്ഷിപ്പനി വ്യാപകമായ കുട്ടനാട്ടില്‍ കോഴികളെ കൊന്നൊടുക്കാന്‍ വിദഗ്ദ സംഘമേത്തുന്നു.'
"........ദേ മനുഷ്യനെ നിങ്ങള് പുറത്തെങ്ങും ഇറങ്ങി നടക്കേണ്ട കേട്ടോ..."
പത്രം പാരായണം നടത്തുന്ന സാറാമ്മയെ അര്‍ദ്ധഗര്ഭ്മായൊന്നു നോക്കി അവറാച്ചന്‍ അകത്തേയ്ക് പിന്‍വലിഞ്ഞു..!!

Monday, November 24, 2014

എ ഫോര്‍ ആപ്പിള്‍

സര്‍..പ്ലീസ് ഗിവ് മി യുവര്‍ ഇമെയില്‍ ഐഡി...
ജെ.മാമ്പ്ര അറ്റ്‌__
സോറി..സര്‍..ക്യാന്‍ യു സ്പെല്‍ ഇറ്റ്‌?
ഓക്കേ..
ജെ. ഫോര്‍..ജോക്ക്, 
എം. ഫോര്‍....മ..മ...*&%&*
വാട്ട്!!!?
-------------------
അല്ലേലും എളുപ്പം നാവിനു വഴങ്ങുന്ന വാക്കൊക്കെ ആര്‍ക്കും പിടിക്കൂല്ല..

Wednesday, November 19, 2014

ഉപദേശം

എല്ലാരോടും യാത്ര പറഞ്ഞ് എയര്‍ പോര്‍ട്ടിലേക്ക് ഇറങ്ങുമ്പോള്‍ അനന്തരവനെ ചൂണ്ടിക്കാട്ടി പെങ്ങള്‍ പറഞ്ഞു.
" ഡാ..ഇവനോട് വല്ലോം പഠിക്കാന്‍ പറയണം. ഫുള്‍ ടൈം ഫേസ്ബുക്കിലാ.."
എന്തോ പറയാന്‍ പൊന്തിയ നാവ് ഒരു ഗദ്ഗദത്തോടൊപ്പം ഞാന്‍ വിഴുങ്ങി.

Sunday, November 16, 2014

ഓവര്‍ റേറ്റഡ്

'ഇങ്ങേരേ കാണുന്നതെ എനിക്ക് കലിപ്പാ..കുറെ ശിങ്കിടികള്‍ കൂടെ ഉള്ളതിനാല്‍ എഴുത്തൊക്കെ ഓവര്‍ റേറ്റഡ്ആണ്.'
അവാര്‍ഡ് വാങ്ങുന്ന സാഹിത്യകാരനെ ചൂണ്ടി അടുത്തിരുന്ന കക്ഷി അഭിപ്രായപ്പെട്ടു.
'ഉം...' എന്റെ മൂളലിനെ അങ്ങേര്‍ അതിനു പിന്‍ താങ്ങലായി വായിച്ചു.
ചടങ്ങ് കഴിഞ്ഞ്,
സാഹിത്യകാരന്റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു കക്ഷി.
പ്ലീസ് ഞങ്ങളുടെ ഒരു ഫോട്ടോ...
ക്ലിക്ക്!

Tuesday, November 4, 2014

ഡല്‍ഹി മന്ത്രിസഭ

 'മരവിപ്പിച്ചു' നിര്‍ത്തിയിട്ട് എട്ടു മാസമായി
എന്നിട്ടും എം.എല്‍.എ മന്ത്രിമാര്‍ക്കു തണുത്തില്ല,
ഗവര്‍ണ്ണര്‍ക്കു കറന്റ്ചാര്‍ജ് ഏറിയില്ല.
ജനങ്ങള്‍ മടുത്തു, മരിച്ചു, മനസ് മുരടിച്ചു.

Monday, November 3, 2014

ക്ലൈമാക്സ്

"ആരെങ്കിലും ഒന്ന് കൊന്നു തന്നിരുന്നെങ്കില്‍ ആത്മഹത്യ ചെയ്തെന്ന പേരുദോഷം ഒഴിവാക്കാമായിരുന്നു."
കഥാകൃത്ത് തന്റെ ക്രൈം ത്രില്ലറിലെ 'അവസാന വരി' എഴുതിയപ്പോള്‍ കോളിംഗ് ബെല്‍ ചിലച്ചു.
പുറത്ത് അപരിചിതന്‍.
"സാറിന്റെ ആഗ്രഹം പോലെ നടക്കട്ടെ."

Tuesday, October 21, 2014

വിന്‍ഡോ സൈഡ്

പുതിയ മാനേജര്‍ ഓഫീസാകെ നടന്നു കണ്ടു, എല്ലാം കൊള്ളാം. തന്റെ ക്യാബിന്‍ ജനാലയ്ക്കരികിലായിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ.

ഒന്നിരുന്നു ചിന്തിച്ചപ്പോള്‍ അങ്ങേര്‍ക്ക് ഇരിക്കപ്പോറുതിയില്ലാതായി. മറ്റുരണ്ടു മാനേജര്‍മാര്‍ക്ക് വിന്‍ഡോ സൈഡ് ഉണ്ട്. എന്തേ തനിക്കുമാത്രം..?

സംഗതി ചര്‍ച്ചാവിഷയമായി. ആരെങ്കിലും അയഞ്ഞു കൊടുത്തേ തീരൂ...! പക്ഷേ ആര്?

ഒടുവില്‍ തീരുമാനമായി.

പുതിയൊരു വിന്‍ഡോ കൂടി അങ്ങനെ ബില്‍ഡിങ്ങില്‍ പ്രത്യക്ഷപ്പെട്ടു.!

Sunday, October 19, 2014

കറന്റ് അഫേഴ്സ്

അനേക വര്‍ഷത്തെ പാരമ്പര്യം, യൂസര്‍ ഫ്രെണ്ട്ലി ഒക്കെയായിട്ടും 'Nokia' എന്തുകൊണ്ട് മാര്‍ക്കെറ്റില്‍ നിന്നും ഔട്ട് ആയിപ്പോയി?
' കുഴപ്പമോന്നുമുണ്ടായിട്ടല്ല. കുറെ കാലമായില്ലേ...മടുത്തിഷ്ടാ..!'
ഇപ്പോ സാംസംഗിന്‍റെ സമയയമാ അല്ലേ..?
ആയിരുന്നു. പുതിയ മോഡല്‍ ചിലത് ഞാനും ഉപയോഗിച്ചു നോക്കി. ആദ്യത്തെ ഒരു ആവേശമോക്കെയേ ഉള്ളൂ...ഇപ്പൊ അതും മടുപ്പായി. സത്യത്തില്‍ ഓപ്പറെറ്റിഗ് സിസ്റ്റത്തിന്റെ വ്യത്യാസമേയുള്ളൂ..രണ്ടും കണക്കാ...
-***
എടോ, ഇലക്ഷന്‍ ചൂടില്‍ നില്‍ക്കുമ്പോള്‍ താന്‍ ഇതെന്തെവാ ടെലികാസ്റ്റ് ചെയ്യുന്നത്?
അയ്യോ..സാറേ..സി.ഡി മാറിപ്പോയി. 'ഐ.ടി ലോകം പരിപാടിയിലെ പഴയ ഇന്റെര്‍വ്യൂ കേറി വീണു.
ഇനിയിപ്പോ എന്തോ ചെയ്യും?
കാണിച്ചത് കാണിച്ചു സാരമില്ല. ഇതുപോലെയാണ് ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിയും എന്ന് പറഞ്ഞാല്‍ മതി.
'അപ്പോ യൂസര്‍ ഫ്രെണ്ട്ലി, ഗുണമേന്മ, ഗ്ലാമര്‍ ഇതെല്ലാം ഒത്തിണങ്ങിയ ആപ്പിള്‍ മൊബൈലിന്റെ കാര്യംകൂടി പറയേണ്ടായിരുന്നോ സര്‍?
ഡോ..അതൊന്നും മൂന്നാം ലോകരാജ്യങ്ങള്‍ക്ക് താങ്ങത്തില്ല. ഒരാപ്പിനെ നമ്മള്‍ പരീക്ഷിച്ചതല്ലേ എന്നുകൂടി കാച്ചിക്കോ..
'ഹി..ഹി..അപ്പൊ സാറ് കംമ്മ്യ്യൂണിസ്ടാ..ല്ലേ...'
തനിക്കെന്താ ഒരു ചിരി. ഡോ. താന്‍ ഈ ALCATEL അല്‍ക്കാടെല്‍...എന്ന് കേട്ടിട്ടുണ്ടോ? ആദ്യത്തെ പുലിയായിരുന്നെടോ...
'പക്ഷേ ഇപ്പൊ പട്ടിയെ എറിയാനാ ഉപയോഗിക്കുന്നേ...'
സമയം കളയാതെ. താന്‍ അവസാനം പറഞ്ഞത് ഒഴികെ ബാക്കിയൊക്കെ ടെലികാസ്റ്റ് ചെയ്തോ...
ഓകെ. സര്‍.

Wednesday, October 15, 2014

ഒരു ഡ്രൈവറുടെ രോദനം

പറയുമ്പോള്‍ എല്ലാം പറയണമല്ലോ.
മുന്‍പ് ഡ്രൈവറുടെ ഉറക്കത്തെ പഴിച്ച് എഴുതിയപ്പോള്‍ അതിന്റെ മറ്റൊരു വശം കൂടി നിങ്ങളെ അറിയിക്കാതിരിക്കുന്നത് മോശമല്ലേ..

ഇത്തവണ ടാക്സിയല്ല, നമ്മുടെ സ്വന്തം കാറില്‍ റിട്ടേണ്‍ ഫ്ലൈറ്റ് പിടിക്കാന്‍ എയര്‍ പോര്‍ട്ടിലേക്ക്.

"വീട്ടിലെ പഴയ ഏണി അവിടിരിപ്പുണ്ടോ'?

ഓട്ടത്തിനിടെ കൂട്ടുകാരന്‍ ഡ്രൈവര്‍ ഇടക്കിടെ ചോദിക്കുന്നുണ്ട്.  ഇവനിനി ഓട്ടം നിര്‍ത്തിയിട്ട് സ്കോപ്പുള്ള തെങ്ങു കയറ്റത്തിനു വല്ലോം പോകാനുള്ള പ്ലാനാണോന്ന്‍ ഓര്‍ത്ത് ഞാനത് കേട്ടില്ലന്ന മട്ടിലിരുന്നു.

ട്രോളി ഉന്തി ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലേക്ക് പോകുംമുന്പ്‌ പോക്കറ്റില്‍ കൈയ്യിട്ടപ്പോഴേ കക്ഷി ചാടി വീണു പറഞ്ഞു,

"ഒന്നും വേണ്ടടാ എനിക്കാ ഏണി ഇങ്ങു തന്നാല്‍ മതി."
ശെടാ..ഇതെന്തു കളിയന്നോര്‍ത്ത് ഞാന്‍ ചിരിച്ചപ്പോള്‍ അവനെന്നെ തുണി പൊക്കി കാണിച്ചു.

ഛെ! നിങ്ങള്‍ ഉദ്ദേശിക്കും പോലല്ല. എന്നിട്ട് പറഞ്ഞു.

"ദേ..ഇതുകണ്ടോ രണ്ടു കാലിലെയും തൊലി മുഴുവന്‍ പോയി."
ങേ!. ഇതെന്താ സംഭവം?

ഡാ, പാതിരായ്ക്ക് ഓട്ടം പോകും മുന്‍പ് രണ്ടു മണിക്കൂറെങ്കിലും  ഉറങ്ങണ്ടേ? നീ പറ.

പിന്നെ...തീര്‍ച്ചയായും! ഡ്രൈവറുടെ ആരോഗ്യം നമ്മുടെ ആരോഗ്യം. എനിക്കും അതില്‍ തര്‍ക്കമില്ല.

" പക്ഷേ...അത് എന്റെ വീട്ടില്‍ പറ്റത്തില്ല. വൈകുന്നേരം ആറര മുതല്‍ ടി.വി ഓണ്‍ ചെയ്ത് ഈ പണ്ടാരങ്ങള് സീരിയല്‍ കാണാന്‍ തുടങ്ങിയാല്‍ ബാക്കിയുള്ളവന്  ഉറങ്ങാല്‍ പറ്റുമോ. അമ്മക്കാണേല്‍ ചെവി കേള്‍ക്കാനും മേല. പെണ്ണുമ്പിള്ളക്ക് അതുള്ളതും ഇല്ലാത്തതും കണക്കാ..! പിറ്റേന്നു പകല് ഈ കോപ്പു തന്നെ വീണ്ടും കാണിക്കുന്നുണ്ട് ഇട്ടിട്ടും മൈ#കള്‍ക്ക് ഇത് തന്നെ കാണണം. " ലവന്‍ വൈലന്റായി.

"ഡാ...അതില്‍ മനം നൊന്ത് നീ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണോ...ഇത്?"

"പോടാ..അവിടുന്ന് ആരെങ്കിലും കാലിലെ ഞരമ്പ് മുറിച്ചാണോ ആത്മഹത്യ ചെയ്യുന്നത്. ഞാന്‍ തെങ്ങില്‍ കയറിയതാ.."

ശരിയാ..നല്ല ശുദ്ധമായ തെങ്ങിന്‍കള്ളില്‍ ഫ്രൂഡാന്‍ ചേര്‍ത്ത് അടിച്ച് മരിക്കുന്നതിന്റെ സുഖം ഒന്നു വേറെയാ...രാവിലെ ഹാങ്ങോവര്‍ ഉണ്ടാവില്ലല്ലോ..!

നീ അധികം തമാശിക്കരുത്. ഒരു ഡ്രൈവറുടെ വേദന...അത് പറഞ്ഞാന്‍ ഒരു പട്ടിക്കും മനസിലാവില്ല". ആളു സെന്റിയായി.

നീ കരയാതെ. ഏണി ഞാന്‍ തരാം.......വേണേല്‍ മണിയും പിടിച്ചോ എന്ന് പറഞ്ഞു പോക്കറ്റില്‍ കൈയ്യിട്ടു.

അവന്‍ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം തുടര്‍ന്നു.

ഡാ...ആ കേബിള്‍ ടി .വി കാര്‍ ഞങ്ങളുടെ കണക്ഷന്‍ ബോക്സ് വെച്ചിരിക്കുന്നത് അപ്പുറത്തുകാരുടെ തെങ്ങിലാ. രാത്രി ഓട്ടം ഉള്ള ദിവസം ഞാന്‍ ഞങ്ങളുടേതും അടുത്ത മൂന്നു വീട്ടിലെയും കേബിള്‍ ഊരി വിടും. ആര്‍ക്കും ഇല്ലേല്‍ പ്രശ്നമില്ലല്ലോ..എന്നിട്ട് സമാധാനമായി കിടന്നുറങ്ങും.

നീയൊരു പുതിയ ഏണി തന്നെ വാങ്ങിച്ചോ...ഇതാ മണി!

Monday, October 13, 2014

വെല്‍കം ഹോം..

ആദ്യ അവധിക്ക് നാട്ടിലെത്തുമ്പോള്‍ ഒന്നരകൊല്ലം മുന്‍പ് എയര്‍ പോര്‍ട്ടില്‍ കൊണ്ടെവിട്ട സുഹൃത്തിന്റെ അതേ ടാക്സിയില്‍ തന്നെ വരണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചു. എന്തൊക്കെയായാലും വന്ന വഴി മറക്കാന്‍ പാടില്ലല്ലോ.

എന്നാല്‍ ആ വാക്കിനു പുല്ലുവില കല്പിച്ച്  വേറെതോ വണ്ടിയില്‍ വന്ന വീട്ടുകാരേ കണ്ടപ്പോഴേ നൊസ്റ്റാള്‍ജിയയുടെ കിക്കില്‍ നിന്ന എന്റെ  കെട്ടുവിട്ടുപോയി. കലിപ്പിച്ചുള്ള നോട്ടത്തിന്റെ അര്‍ത്ഥം മനസിലായ അവര്‍ പറഞ്ഞു. നിന്റെ കൂട്ടുകാരന്‍ തന്നെ പറഞ്ഞുവിട്ട വണ്ടിയാണ്. അവനു വേറെ ഓട്ടം ഉണ്ടത്രേ...!

ആഹാ..ഉറ്റ സുഹൃത്തിനെ ഒഴിവാക്കി ഏത് ഓട്ടം എന്നറിഞ്ഞിട്ടുതന്നെ ബാക്കി കാര്യം.  മൊബൈലില്‍ ഞെക്കി.

"സോറി അളിയാ...ഹണിമൂണ്‍ ഓട്ടത്തിലാ."

ങേ..! കല്യാണം പോലും എന്നെ അറിയിചില്ലല്ലോ...?

അതല്ല. ഓട്ടം...ഹണിമൂണ്‍ കപ്പിള്‍സ്.  രണ്ടു ദിവസത്തേക്ക് എന്നുപറഞ്ഞു വിളിച്ചതാ ഇപ്പോ നാലായി. നമ്മളായിട്ട് ഇക്കാര്യത്തില്‍ ഒരു മുടക്ക് വരാന്‍ പാടില്ലല്ലോ. നീയായതുകൊണ്ട് മാത്രമാ ഞാന്‍ വേറെ വണ്ടി വിട്ടത്.

ങേ..!

"വിഷമിക്കേണ്ട...എനിക്കു കൊണ്ടുവന്ന കുപ്പി ഞാന്‍ തന്നെ അടിച്ചു തീര്‍ത്തോളം."

അവനു വല്ലതും തടയുന്നേല്‍ തടയട്ടെ എന്ന് കരുതി ഞാന്‍ കോപമടക്കി.

എയര്‍ പോര്‍ട്ടിന്റെ കവാടം കടന്നിട്ടും ഞാന്‍ പോകുന്ന മയില്‍ വാഹനമെന്താ നീങ്ങാത്തതെന്ന് ആലോചിച്ച് നോക്കിയപ്പോഴാ .....

"ലേശം കൂടി സ്പീഡില്‍ പോട്ടെ..ചേട്ടാ....'ഇരുപത്തഞ്ചില്‍ ഒക്കെ പോകുന്നത് വണ്ടിക്കു തന്നെ കേടാ.. "

നോട്ടം കനത്തപ്പോള്‍ ഡ്രൈവര്‍ വരുന്നത് വരട്ടെ എന്ന് കരുതി കാലുകൊടുക്കും.

'എന്നെക്കൊണ്ട് ഇത്രേ പറ്റൂ മോനെ... നിന്നെക്കാള്‍ മൂത്തതല്ലേ ഞാന്‍ എന്ന് ചുമച്ചുകൊണ്ടു   വണ്ടി. ഒരുപാട് ആസനം താങ്ങിയ അറുപത്താറു മോഡല്‍ അമ്ബാസിഡറാണേയ്‌..

ഓട്ടം കൂട്ടുകാരനു കൊടുക്കണമെന്ന മഹാമനസ്കത. അതുകൊണ്ട് മുണ്ടാണ്ടിരിക്കുക തന്നെ ബുദ്ധി.  അടുത്തിരിക്കുന്ന ഡ്രൈവറുടെ മോന്തായം കാണുമ്പോള്‍ ഇടക്കിടെ വരുന്ന ചൊറിച്ചില്‍ ഒഴിവാക്കാന്‍ കണ്ണടച്ചു. ഉറങ്ങിപ്പോയി.

അപ്പോള്‍ യാത്ര ഒരു കുതിരപ്പുറത്ത്..... ഇടക്ക് ചിനച്ചുകൊണ്ട്‌ കുതിര കുതിച്ചു ചാടുന്നു,
ഗുജുഗുജാ..ഗുജാ ശബ്ദം. കണ്ണുതുറന്നു. സ്വപ്നമല്ല.

നട്ടപ്പാതിരാക്ക് വണ്ടി നടുറോഡില്‍ നിന്നുകിടക്കുന്നു. ഡ്രൈവര്‍ മാന്യമായി ഉറങ്ങുന്നു. ഗിയര്‍ ഡൌന്‍ ചെയ്യാത്തതില്‍ വണ്ടിയുടെ പ്രതിഷേധമാണ് മുന്‍പ് കേട്ട ഗുജുഗുജാ..! " ഭാഗ്യത്തിന് പിറകില്‍ പാണ്ടിലോറി ഇല്ല.

'എന്തവാടോ ഇത്"? ഞാന്‍ ഒച്ചപ്പാടുണ്ടാക്കിയപ്പോള്‍ എല്ലാവരും ഉണര്‍ന്നു വായ്ക്കൊട്ട വിട്ടു. നല്ലോരുറക്കം കളഞ്ഞതില്‍ ഡ്രൈവര്‍ പോലും അതിരൂക്ഷമായി എന്നെ നോക്കി.

"മോനേ..ഒന്നും വിചാരിക്കരുത്. മിനിയാന്ന് ശബരിമല. ഇന്നലെ വേളാങ്കണ്ണി, ഇന്ന് എയര്‍പോര്‍ട്ട്..കണ്ണടച്ചിട്ടു മൂന്നു ദിവസമായി."

'ഇങ്ങനാനെങ്കില്‍ എല്ലാരുടെയും കണ്ണടയുവല്ലോഡേയ്...മ#%$%^&... ഇങ്ങോട്ട് മാറ് ഞാനോടിക്കാം'

കിടിലന്‍ രണ്ടു ഡയലോഗ് ഇട്ട ശേഷം ഡ്രൈവറെ സൈഡാക്കി ഞാന്‍ സ്ടിയറിംഗ് ഏറ്റെടുത്തു.

മര്യാദക്ക് ഒരു സൈക്കളു പോലും ഓടിക്കാത്ത ഇവന്‍ ദുഫായീന്ന് വന്നപ്പോള്‍ വളയം പിടിക്കുന്നത് വീട്ടുകാരെ ഒന്നു കാണിക്കാം എന്ന ഉദ്ദേശം കൂടി ഉണ്ടെന്നു വെച്ചോ...

ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് കാലിട്ട് തപ്പി നോക്കിയിട്ട് ഒന്നും തടയുന്നില്ല.
ക്ലച്ചും ബ്രേക്കും കിദര്‍ ?
സംഗതി മുഷ്കില്‍ ഹേ..

പണ്ട് കുളം കലക്കി മീന്‍ പിടിക്കുന്ന ഓര്‍മ്മയില്‍ ഒന്നൂടെ ഇളക്കി നോക്കിയപ്പോള്‍ വരാല് പോലെന്തോ കാലില്‍ തടഞ്ഞു.  കിട്ടിപ്പോയി.!
ഗിയറ് ഇടാന്‍ നോക്കിയിട്ട്  അതങ്ങോട്ട് വഴങ്ങിത്തരുന്നില്ല.

മാരണംവെച്ചുമാറിയ സന്തോഷത്തില്‍ ഡ്രൈവര്‍ ടെന്‍ഷനേതുമില്ലാതെ ഉറങ്ങുന്നു.
ഞാന്‍ ചുറ്റുപാടും നോക്കി. ഓടിയൊളിക്കാന്‍ ഇടമില്ല. രക്ഷിക്കാന്‍ ഒരുപ്പോക്കിന് ആളുമില്ല.
ഒടുക്കം നിവൃത്തിയില്ലാതെ അങ്ങേരെ തന്നെ വിളിച്ചെണീപ്പിച്ചു.

"ചേട്ടാ എന്നെകൊണ്ട്‌ താങ്ങത്തില്ല. ദുഫായിലേത് ഇങ്ങനല്ല. ദയവായി ഈ പാന പാത്രം എന്നില്‍ നിന്ന് എടുത്തു മാറ്റൂ.."

പുള്ളി വീണ്ടും പയറ്റു തുടങ്ങി, കുറെ കഴിഞ്ഞപ്പോള്‍ വീണ്ടും പഴയ 'ഗുജുഗുജാ..!

ഇതിനും മാത്രം എന്ത് ദ്രോഹമാടെയ് ഞാന്‍ ചെയ്തത്? കടല്‍ കടന്ന് ഇവിടെ വരാന്‍ നാല് മണിക്കൂറെ എടുത്തുള്ളൂ...ഇനി നാല് മണിക്കൂര്‍ കൂടി ഓടിയാല്‍ വീട്ടില്‍ ചെല്ലുവോ...ആദ്യത്തെ വരവ് ഇങ്ങനായല്ലോ എന്നോര്‍ത്തപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു.

ഈ ശകടത്തില്‍  ശബരിമലയും വെളാങ്കണ്ണിയും പോയെന്നു കള്ളം പറഞ്ഞാല്‍ സാക്ഷാല്‍ ശാസ്താവും  മാതാവും ചേര്‍ന്നു തന്നെ തല്ലുമെന്നു പറഞ്ഞപ്പോള്‍ അങ്ങേരു സത്യം പറഞ്ഞു. അതൊക്കെ വീട്ടുകാരുടെ വണ്ടിയിലുള്ള ഓട്ടം ആയിരുന്നത്രേ!.

തട്ടുകട കാണുന്നിടത്തൊക്കെ നിര്‍ത്തി കട്ടന്‍ കാപ്പി വാങ്ങിക്കൊടുത്തും ഉറക്കം തൂങ്ങുമ്പോള്‍ നല്ല തട്ടു കൊടുത്തും ഒരുവിധം വീടണഞ്ഞ ആശ്വാസത്തില്‍ ഞാന്‍ പറഞ്ഞു.

"ചേട്ടാ വണ്ടിയില്‍ കിടന്ന് ലേശം മയങ്ങിയിട്ടു പോയാല്‍ മതി"

"ഇല്ല മോനെ..പോകണം, വെളുപ്പിനെ ഒരോട്ടമുണ്ട്."  

ഈശ്വരാ..!

അന്നാ ഓട്ടം വിളിച്ച ഹതഭാഗ്യന്റെ ഗതി എന്തായോ...എന്തോ..?

Wednesday, October 8, 2014

ക്രിക്കറ്റ് കേരള

പണ്ടുപണ്ട്, ഈ ഐ.പി എലും സെലിബ്രെറ്റി ക്രിക്കറ്റ് ലീഗും ഒക്കെ വരുന്നതിനു മുന്‍പ് നീലക്കുറിഞ്ഞി പൂക്കുംപോലെ വല്ലപ്പോഴുമൊക്കെ കൊച്ചിക്ക് വീണു കിട്ടുന്ന കളികള്‍ ഉണ്ടായിരുന്നു. മുജ്ജന്മ സുകൃതം കൊണ്ട് മൂന്നുകൊല്ലം ഞാന്‍ കൊച്ചിയില്‍ താമസിക്കുന്നതിനിടെ ഒന്ന് രണ്ടു കളികള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ വന്നുപോയിട്ടുണ്ട്.

ടിക്കറ്റ് കിട്ടാനുള്ള പെടാപ്പാടും ക്യൂവും ഓര്‍ത്ത്  സുഹൃത്തുക്കളായ ക്രിക്കറ്റ് പ്രേമികള്‍ അടിയാന്‍ ഒരിടം ഉണ്ടല്ലോ എന്ന ആശ്വാസത്തില്‍ കുട്ടനാട്ടില്‍ നിന്നും കോട്ടയത്തു നിന്നും പാലായില്‍ നിന്നും വണ്ടിയോടിച്ചോ വണ്ടി പിടിച്ചോ തലേന്ന് വൈകുന്നേരം തന്നെ റൂമിലെത്തും.

മത്സരത്തെക്കുറിച്ചുള്ള കലുങ്കഷമായ അവലോകനങ്ങള്‍ക്കവസാനം 'തരിപ്പ് കേറുമ്പോള്‍' എത്തിപ്പെടുന്ന ഒരു പോയിന്റ് ഉണ്ട്. ആലോചിച്ചാല്‍ ആഗോള മലയാളിയുടെ തന്നെ കണ്ക്ലൂഷന്‍ ആയി അത് വിലയിരുത്തപ്പെടണം.

ഒരാവേശത്തിന്റെ പുറത്ത് കളികാണാന്‍ കൊച്ചിയില്‍ എത്തി എന്നത് നേര്. വൈകിട്ട് 'ഒന്നിരുത്തി ചിന്തിക്കുമ്പോള്‍...........
ടിക്കറ്റിന് ആയിരമോ രണ്ടായിരമോ കൊടുക്കണം. എന്നിട്ടും ഗാലറി. കളി കാണുന്നത് സ്ക്രീനില്‍. ആ കാശുണ്ടെങ്കില്‍ രണ്ടെണ്ണം വീശി ടി.വി യില്‍ കളി കാണാം...സ്വസ്ഥം, സമാധാനം. കൊച്ചിയില്‍ പോയി കളികണ്ടൂന്ന്‍ നാട്ടില്‍ പറയുകയും ചെയ്യാം...!!

ഇത്രക്ക് കുരുട്ടുബുദ്ധി ദൈവം കൊടുത്തില്ലായിരുന്നെങ്കില്‍ മലയാളിയുടെ ഒരു കാലിബര്‍ വെച്ച് മിനിമം ആറുപേരെങ്കിലും സ്ഥിരമായിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചേനെ.....!!

Tuesday, September 30, 2014

ഒരു ഫോട്ടോഗ്രാഫറുടെ പ്രതികാരം

നീരേറ്റുപുറം വള്ളംകളിയുടെ രണ്ടു ഫോട്ടം പിടിക്കാമെന്ന് കരുതി ചെന്നു കയറിയത് ഒരു സിങ്കത്തിന്റെ മടയിലായിപ്പോയി! ക്യാമറ കയ്യിലെടുത്തതും പിന്നില്‍ നിന്നൊരു മുറവിളിയും തെറിവിളിയും.
'എന്റെ മുന്‍പില്‍ കേറി നിന്ന് നീ ഫോട്ടോ എടുത്തത് തന്നെ."
പൂര്‍വ സുഹൃത്തുക്കളാരോ തമാശ പറഞ്ഞതാണെന്ന് കരുതി ഞാനൊന്ന് തിരിഞ്ഞു നോക്കി.
അല്ല! ഒരു ചേട്ടന്‍ പമ്പരംപോലെ നിന്നാടുന്നു.
ഒന്നും മിണ്ടിയില്ല. ക്ഷമ. അതാണല്ലോ മുഖമുദ്ര.
ഒന്നു ക്ലിക്കിയതും പുള്ളി കയ്യിലിരുന്ന കുട എന്റെ മുന്നില്‍ പിടിച്ചു വ്യൂ ബ്ലോക്ക് ചെയ്തു.
സൌകര്യമായി എങ്ങോട്ടെങ്കിലും നില്‍ക്കാന്‍ നോക്കിയിട്ട് ഒരു വിടവുമില്ല. എങ്ങും തിങ്ങിനിറഞ്ഞ ആളുകള്‍.
നിവൃത്തിയില്ലാതെ ചേട്ടന്റെ വ്യൂ ക്ലിയറാക്കി കൊടുക്കാന്‍ മുന്നിലുള്ള കാട് ചവുട്ടി ക്ലിയറാക്കി ഞാന്‍ നിലത്തിരുന്നു. വീണ്ടും ചെന്നു കയറിയത് നീറിന്‍ കൂട്ടിലായിപ്പോയി.
ഏറ്റ കടി കൊണ്ടെങ്കിലും കണ്ട്രോള്‍ കൈവിടാതെ നിന്നു.
ആവേശ തിമിര്‍പ്പില്‍ ആളുകള്‍ ആര്‍പ്പുവിളിക്കുമ്പോള്‍ ആ ചേട്ടനെയും കെട്ടിപ്പിടിച്ച് വെള്ളത്തിലേക്ക് ചാടിയാലോ എന്നു ഞാന്‍ ആലോചിച്ചു. അതോടെ നീറിന്റെയും ചേട്ടന്റെയും കടി മാറും. ഒപ്പം എനിക്ക് ആശ്വാസവും.
"നടിയോടൊപ്പം ക്യാമറമാനും വെള്ളത്തിലേക്ക്...." എന്ന ശ്രീനിവാസന്‍ ഡയലോഗ് പറഞ്ഞ് നാളെ നാട്ടുകാര്‍ കളിയാക്കുമല്ലോ എന്നോര്‍ത്ത്മാത്രം ആ പ്രതികാരം ഞാന്‍ വേണ്ടെന്നു വെച്ചു.
വേദനയോടെ പിടിച്ച ഒരു പിടി ഫോട്ടോകള്‍ ആ ചേട്ടന് ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു.

Saturday, September 20, 2014

ബാങ്ക് മെലഡി

രാവിലെ സ്റ്റേറ്റ് ബാങ്കില്‍ ചെന്നപ്പോള്‍ സ്പീക്കറിലൂടെ ഇടതടവില്ലാതെ ഒഴുകുന്ന മെലഡി സംഗീതം. കസ്ടമര്‍ റിലേഷന്‍ ഊഷ്മളമാക്കാനോ എന്തോ, എന്റെ നമ്പര്‍ ആയപ്പോള്‍ മാറി വന്ന പാട്ടു കേട്ട് കാഷിലെ ചേച്ചി ചിരിച്ചു.
"...........മനുഷ്യന്‍ കണക്കുകള്‍ കൂട്ടുന്നു.
കാലം തിരുത്തിക്കുറിക്കുന്നു............"
പുല്ല്!!

Monday, September 8, 2014

വീട്ടിലെ ഫ്രീക്കന്‍മാര്‍

"Lost me in Love. It's a disaster! "
ചീകാത്ത മുടിയും ചുളുങ്ങിയ ഷർട്ടും അവലക്ഷണം പിടിച്ച നിൽപ്പുമായി പെങ്ങളുടെ മകന്റെ പ്രൊഫെയിൽ ഫൊട്ടോയും സ്റ്റാറ്റസും കണ്ടപ്പോൾ എന്നിലെ അമ്മാവൻ സ്നേഹം അറിയാതെ ഉണർന്നു.
"ഡാ എന്താ പ്രശ്നം? എന്തുണ്ടെങ്കിലും എന്നോട്‌ തുറന്നു പറ. നമുക്ക്‌ പരിഹാരമുണ്ടാക്കാം."
കൃത്യമായ ഇടപെടലും കരുതലും വേണ്ട സമയമാണെന്ന് എന്നിലെ പഴയ കൗമാരക്കാരനു ആരും പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ. എങ്കിലും അവന്റെ മറുപടി എന്നിക്ക്‌ താങ്ങാൻ പറ്റിയില്ല.
"അങ്കിൾ ആ അവിഞ്ഞ സഹിത്യം കൊണ്ടുവന്ന് കുളമാക്കാനല്ലെ. ഡോണ്ട്‌ വറി. ഐ വിൽ മാനേജ്‌!

Thursday, August 21, 2014

പ്രവര്‍ത്തന നിരതരായ യുവത്വം

കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കി സ്വന്തമായി വാറ്റി കുടിക്കാനുള്ള പൌരാവകാശ ബില്‍ പാസാക്കുക. തന്മൂലം പ്രഷര്‍ കുക്കര്‍, ഗ്യാസ് സ്ടവ് പോലുള്ള വ്യവസായങ്ങള്‍ വളര്‍ച്ച നേടുകയും നെല്ല്, പൈനാപ്പിള്‍, പൂവമ്പഴം തുടങ്ങിയ കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനം വര്‍ദ്ധിക്കുകയും ചെയ്യും. സൈഡായി ക്ഷുദ്ര ജീവികളായ എലി, പല്ലി, പാറ്റ, പാമ്പ്‌ തുടങ്ങിയവ ഉന്മൂലനം ചെയ്യപ്പെടും. "പ്രവര്‍ത്തന നിരതരായ യുവത്വം" എന്നതാവട്ടെ നമ്മുടെ മോട്ടോ

Wednesday, August 20, 2014

അറബിയും കാപ്പിയും

എട്ടുമണിക്കൂര്‍ ഓഫീസ് ജോലിക്കിടെ അറബി ആറു കാപ്പിയും പത്തു സിഗരറ്റും ഉച്ചയ്ക്കൊരു ലഞ്ചു ബ്രേക്കും എടുത്തുകഴിഞ്ഞാല്‍ പിന്നെ ഇന്നലെ കണ്ട ഫുട്ബോള്‍ കളിയുടെ ഹൈലൈറ്റ്സും എഫ്.ബിയും നോക്കാന്‍ സമയം തികയുമോ?

Sunday, August 17, 2014

തോക്കിന്‍ കുഴലിലെ വിശ്വാസം

നിങ്ങളെ ആരെങ്കിലും തോക്കുചൂണ്ടി മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിക്കുകയാനെങ്കില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാറിക്കോ. അവരുടെ കുത്തികഴപ്പ് കഴിയുമ്പോള്‍ സൌകര്യം പോലെ തിരികെ മാറിക്കോളുക. തലയുണ്ടെങ്കിലേ പണിക്ക് മറുപണി ചെയ്യാന്‍ പറ്റൂ...

Thursday, August 14, 2014

മാണിമയം

മനപ്പായസത്തിന്റെ മറ്റൊരു പേരാണ് 'മാണി'

Tuesday, August 5, 2014

കള്ളടി കമ്പനി

നാലെണ്ണം വീശി നിന്ന കവി ചിറി തുടച്ച് തലകുടഞ്ഞു. ലക്കുകെട്ട കൂട്ടുകാര്‍ തുടയില്‍ താളം പിടിച്ചു. കടുത്ത ആസ്വാദകരല്ലാത്ത രണ്ടുപേര്‍ പുകവിട്ട്‌ ചില്ലു ജാലകത്തിലൂടെ പുറത്തേക്ക് നോക്കിനിന്നു. തൊള്ളതുറന്നൊഴുകുന്ന പാട്ട് മുറിക്കുള്ളില്‍ നിറഞ്ഞു. 

'ഉള്ളില്‍ ഒരു കടലിരമ്പുന്നു
ഓര്‍മ്മകള്‍ തന്‍ വേലിയേറ്റം
ദൂരെ അതാ....................'


"ചാകര! ചാകര!" ജനല്‍ നോക്കി നിന്നവര്‍ വിളിച്ചു പറഞ്ഞു. കണ്ണടച്ചു പാടിക്കൊണ്ടിരുന്ന കവിയൊഴികെ സകലരും ചാടി എണീറ്റ് പുറത്തേക്ക് നോക്കി.

വിമന്‍സ് കോളേജ് അന്ന് നേരത്തേ വിട്ടിരുന്നു.

Saturday, August 2, 2014

വെടി ജേര്‍ണലിസം

പിണക്കം മറന്ന് ഇന്‍വസ്ടിഗേറ്റീവ് പത്രപ്രവര്‍ത്തകരെല്ലാം കോര്‍പ്പറെറ്റുകളുടെയും കൊള്ളക്കാരുടെയും കൂട്ടുകാരായത്തില്‍ പിന്നെ എന്തോന്നെടുത്തിട്ട് ഇന്‍വസ്ടിഗേറ്റ് ചെയ്യാന്‍?
പിന്നെ സ്കോപ്പുണ്ടായിരുന്ന ബോംബയിലെയും കല്‍ക്കട്ടയിലെയും ചുവന്ന തെരുവുകളുടെ കഥകളും സസ്പന്സും സിനിമാക്കാരും എഴുത്തുകാരും എടുത്തിട്ടു പെരുമാറിയതുകൊണ്ട് അതിലും വായനക്കാര്‍ക്കിപ്പോള്‍ ത്രില്ലില്ലാതായി. ഇപ്പോള്‍ ആകെയുള്ള പ്രതീക്ഷ നക്ഷത്ര വേശ്യകളും അവരുടെ ഒളിക്യാമറകളുമാണ്. സഹകരിച്ചാല്‍ നിങ്ങളെ പറ്റി എഴുതി പൊലിപ്പിക്കുന്ന കാര്യം ഞങ്ങളേറ്റു. ഇന്നും നാളെയും നിങ്ങള്‍ക്കത് ഗുണം ചെയ്യും. ആത്മകഥ എഴുതി വിറ്റാല്‍ ആയുഷ്കാലം ജീവിക്കാം.

****
വരുംകാലങ്ങളില്‍ കവികളുടെയും കഥാകൃത്തുക്കളുടെയും ശാസ്ത്രജ്ഞരുടേയും ജീവ ചരിത്രത്തിനൊന്നും വലിയ സ്കൊപ്പുണ്ടാവില്ല. ഇതുപോലെ 'വെടി'യും പുകയുമുള്ള വല്ലതും ആലോചിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം

Thursday, July 31, 2014

ഒരു കാട്ടുവാസി

ഏതാണ്ട് മൂന്നു കൊല്ലത്തോളമായി ഗള്‍ഫിലെ പത്രങ്ങള്‍ വായിച്ചിട്ട്. വായിച്ചിട്ടും വലിയ വിശേഷമൊന്നുമില്ല. എന്നാല്‍ ഓണ്‍ലൈന്‍ മലയാള പത്രങ്ങള്‍ ഒട്ടുമിക്കതും നോക്കും. എന്നിട്ടും ഇവിടുത്തെ അവധി ദിവസം അറിയാതെ ഓഫീസില്‍ വരികയോ, റോഡില്‍ വഴി തെറ്റി പോകുകയോ ചെയ്തില്ല. ടി.വി കണ്ടിട്ടും അഞ്ചുകൊല്ലമായി. തന്മൂലം ബ്രേക്കിംഗ് ന്യൂസുകള്‍ ബ്രെയിനിനെ ആലോസരപ്പെടുത്താറില്ല. ഇടക്കിടെ എഫ്.ബി യില്‍ തല വെയ്ക്കുമ്പോള്‍ ചില പോസ്റ്റുകളുടെ അന്തവും കുന്തവുമാറിയാതെ ലൈക്കണോ വേണ്ടയോ എന്നൊരു കണ്ഫ്യൂഷന്‍ ഒഴിച്ചാല്‍ അതുകൊണ്ടും വലിയ നഷ്ടമൊന്നും ഉണ്ടായിട്ടില്ല.ഓഫീസ് ഡെസ്കില്‍ ഒരു ലാന്ഡ് ഫോണ്‍ പൊടിപിടിച്ചിരിപ്പുണ്ട്. ഞാനായിട്ട് ആരെയും വിളിക്കത്തില്ല. റൂമില്‍ കുത്തിയിരിക്കാതെ എവിടെങ്ങിലും കറങ്ങാം എന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാല്‍ എന്തെങ്കിലും ഒഴികഴിവുകള്‍ പറഞ്ഞു മുറിയില്‍ പുസ്തകവുമായി ചടഞ്ഞു കൂടും. ഇത്തരം പരട്ട സ്വഭാവങ്ങള്‍ കൊണ്ട് ഒരുമാതിരിപ്പെട്ട കൂട്ടുകാരൊക്കെ എന്നെ വിട്ടുപോയി. വട്ടാണ് എന്നറിയാവുന്ന ചിലരൊക്കെ ഇടയ്ക്കു വിളിക്കും. വരും. പിന്തിരിപ്പനാണെന്ന് ആളുകള്‍ പറഞ്ഞാലും ഗുഹയിലെ ഏകാന്തവാസം ഞാന്‍ ആസ്വദിക്കുന്നു. കാട്ടുവാസികളോട് എനിക്കെന്തോ വല്ലാത്ത അസൂയയാണ്.

Monday, July 28, 2014

ഐസ്ക്രീം കൃപ

ഒരു ഐസ്ക്രീം തിന്നണമെന്നുണ്ട്‌. അത്‌ കയ്യെത്തും ദൂരത്ത്‌ ഇരിപ്പുമുണ്ട്‌. കഴിഞ്ഞയാഴച ഒരെണ്ണം കഴിച്ചതു കൊണ്ടുണ്ടായ തൊണ്ടവേദന മറാൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു. കർത്താവിലാണു എന്റെ പ്രതീക്ഷയത്രയും!

Thursday, July 24, 2014

ഹൃദയഭേദകം

വായിച്ചാല്‍ ഹൃദയം തകര്‍ന്നു പോകുമെന്ന് ഉറപ്പുള്ള കഥ, എഴുതിക്കഴിഞ്ഞപ്പോള്‍ ഒരാളോട് അഭിപ്രായമാരാഞ്ഞു. വായിച്ഛയാള് ചിരിച്ച്ചിരിച്ച് മരിച്ചു. 
ഹൃദയംതകര്‍ന്നായാലും ചിരിച്ചായാലും ആള് മരിച്ചല്ലോ എന്നതില്‍ ആത്മസംതൃപ്തി.
ഓരോ എഴുത്തും ലക്‌ഷ്യംകാണുക ഏത് വഴിക്കാണെന്ന് ആര്‍ക്കാ അറിയുക!

Wednesday, July 23, 2014

നസ്രാണി ഭാരതീയം

മോഡിയെ കര്‍ത്താവിന്റെ വിനീതദാസന്‍ എന്നു വാഴ്ത്തി ഇടയലേഖനം കീച്ചുന്നതിനു മുന്‍പേ തന്നെ അച്ചായന്മാര്‍ക്ക്‌ ഒരു ഹിന്ദുത്വ ചായ്‌വ് ഉണ്ട്. പശുവും തൊഴുത്തും പോലെ ഇഴുകി ചേര്‍ന്നു കിടക്കുന്നതാണ് നസ്രാണിയുടെ പാരമ്പര്യവും ആചാരങ്ങളും. കല്യാണത്തിന് മിന്നു കെട്ട്, നിലവിളക്ക് കത്തിക്കല്‍ ഒക്കെ ഇന്നും മുടക്കമില്ലാതെ നടക്കുന്നു. സാദാ നിലവിളക്കിന്റെ കൂമ്പ്‌ മാറ്റി അവിടെ കുരിശ്ശ് ഫിറ്റ് ചെയ്‌താല്‍ അത് അച്ചായന്‍ വിളക്കായി. അങ്ങനെ കൂമ്പ് വാടിയവര്‍ക്കും ആശ്വാസം!

പെണ്ണുകെട്ടാന്‍ ഇറങ്ങുമ്പോഴും എഴുത്തിനിരിത്തുമ്പോഴും ഗുരുവിന് ദക്ഷിണ വെയ്ക്കും. വിജയദശമിക്ക് ഹരിശ്രീ കുറിക്കാത്ത കത്തോലിക്കാ കുഞ്ഞുങ്ങള്‍ പന്തക്കൂസ്തായ്ക്ക് എഴുതിത്തുടങ്ങും. അത് ഓരോ തന്തമാരുടെയും താത്പര്യ പ്രകാരം. എങ്കിലും പള്ളിയില്‍ വെച്ച് എഴുത്തിനിരുത്തുമ്പോള്‍ പാരമ്പര്യ മുറയായ 'വെറ്റിലയും പാക്കും' ദക്ഷിണ വെയ്ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ന്യൂ ജനറേഷന്‍ പേരന്‍ട്സിന് ഇന്നും ഡൌട്ട് ഉണ്ട്. വെറ്റിലക്കുള്ളിലെ തുട്ടിനോടല്ലാതെ മുറുക്കാന്‍ അച്ചന്മാര്‍ക്കും താത്പര്യമില്ലന്നെതുകൊണ്ട് കാലതാമസില്ലാതെ ഈ ആചാരം കൈമോശം വന്നുപോകാനുള്ള സാധ്യതയുണ്ട്. ഇനി കഥയിലേക്ക്....

കേരളീയ പാരമ്പര്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന പ്രവാസിയായ ഒരച്ചായന്റെ കൊച്ചിനെ പള്ളിയില്‍ എഴുത്തിനിരുത്തുന്നു. തന്റെ വീട്ടിലെ തൊടിയില്‍നിന്നു തന്നെ വെറ്റിലയും പാക്കും വേണമെന്ന് ഗള്‍ഫിലിരുന്നു പുള്ളി വാശിപിടിച്ചെങ്കിലും "കാര്യമറിയാതെ കലിപ്പിളക്കരുത് മനുഷ്യാ" എന്ന് പറഞ്ഞു നാട്ടിലുള്ള ഭാര്യ പുള്ളിയെ ചീത്ത വിളിച്ചു. അവരെ കുറ്റം പറയാനോക്കത്തില്ല. അങ്ങേരേ പോലെതന്നെ വീട്ടിലെ മണ്ടപോയ മൂന്ന് കവുങ്ങില്‍ മാടത്ത കൂട് വെച്ചിരിക്കുകയാണെന്ന് പുള്ളിക്ക് അറിവില്ലല്ലോ. അടയ്ക്കാക്ക് വിലയിടിഞ്ഞതുകൊണ്ട് മരുന്നിരു പോലും നാട്ടില്‍ സാധനമില്ല. പിന്നെയുള്ളത് മാടക്കടയിലാണ്. പരിശുദ്ധമായൊരു കര്‍മ്മത്തിന് പാണ്ടികളുടെ പാക്കും വെറ്റയും വേണ്ടാന്ന് പുള്ളി തറപ്പിച്ചു പറഞ്ഞു. ഒടുവില്‍ പിടിവാശിയില്‍ നിന്ന് പിന്മാറാതെ താന്‍ വസിക്കുന്ന ഒമാനില്‍ നിന്ന് എക്സ്പോര്‍ട്ട് ക്വാളിറ്റിയുള്ള വെറ്റിലയും പാക്കും പാര്‍സല്‍ അയച്ച് പുള്ളി പ്രശനം സോള്‍വ് ചെയ്തു. 'ആഹാ ഭര്‍ത്താക്കന്മാരോടാണോ കളി'!

ചടങ്ങ് നടക്കുന്ന ദിവസം കുരുന്നുകള്‍ പള്ളിയില്‍ വരിവരിയായി നിന്നു. മുഖ്യ കാര്‍മ്മി വികാരിയച്ചന്‍ കസേരയില്‍ ഇരുന്ന് പാത്രത്തില്‍ എഴുതിക്കും. അല്ലേലും ക്രൈസ്തവ പാരമ്പര്യത്തില്‍ പോപ്പുമുതല്‍ താഴോട്ട് ആരും നിലത്തിരിക്കില്ല. അങ്ങനെ കഥാനായകന്റെ മകന്റെ ഊഴമെത്തി. നാഴികക്ക് നാല്പതു വട്ടം ഫോണില്‍ വിളിച്ച് ഓര്‍മ്മിപ്പിച്ചതു കൊണ്ട് 'ഫോറിന്‍ ദക്ഷിണ' ഭാര്യ കൈയ്യില്‍ കരുതിയിരുന്നു. അത് യഥോചിതം ഗുരുവിനു നല്‍കാന്‍ മകനെ ഏല്‍പ്പിച്ചു. പൊതി അഴിച്ചപ്പോഴേ ഒടുക്കത്തെ നാറ്റം! കടല്‍ കടന്നെത്തിയ കാലതാമസം കൊണ്ടും കേടുപാടുകൂടാതെ അലമാരിയില്‍ സൂക്ഷിച്ചതുകൊണ്ടും ചീഞ്ഞ തൊണ്ടിന്റെ മണം പള്ളിയാകെ നിറഞ്ഞു.

തൊണ്ടുതല്ലും കയറു പിരിയും പള്ളിയിലേക്ക് മാറ്റിയോ എന്ന ഡൌട്ടില്‍ അയല്‍കൂട്ടം പെണ്ണുങ്ങള്‍ മതിലില്‍ വന്ന് എത്തിനോക്കി. മുട്ടിന്മേല്‍ കുമ്പിട്ടുനിന്നു പ്രാര്‍ഥിച്ചവര്‍ രണ്ടിലൊന്ന് അറിഞ്ഞിട്ടേ പോങ്ങുന്നുള്ളൂ എന്നു വിചാരിച്ച് നിലത്തു പറ്റികിടന്നു. അളിഞ്ഞ വെറ്റയും പാക്കും കൈകൊണ്ടു വാങ്ങിയില്ലെങ്കില്‍ കുരുന്നിന്റെ ഭാവി കുരുടടച്ചു പോകുമോ ഇന്ന ആധിയില്‍ വികാരിയച്ചന്‍. ഫോട്ടോ എടുത്ത് അയച്ചു കൊടുത്തില്ലെങ്കില്‍ കൂമ്പിനിടി കിട്ടും എന്ന ഭീതിയില്‍ കൊച്ചിന്റെ തള്ള.!

തീര്‍ച്ചയായും ഇനി വരാനുള്ള ഏതെങ്കിലും ഇടയ ലേഖനത്തില്‍ വെറ്റയുടെയും പാക്കിന്റെയും കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകും.

Monday, July 21, 2014

തട്ടുകടയിലെ തട്ട്

കളമശ്ശേരി ജീവിതവാസത്തിനിടെ ശാപ്പാട് മിക്കവാറും ഹോട്ടലില്‍ നിന്നായിരുന്നു. പുലരുംവരെ തട്ടുകടകളുള്ളതിനാല്‍ അത്താഴത്തെ ഓര്‍ത്ത് വലിയ ആവലാതിയില്ല. നിശ്ചിത സമയക്രമമൊന്നും പാലിക്കാത്ത വൈകിട്ടത്തെ ശാപ്പടിന് നിശ്ചയമായും സുഹൃത്തുക്കള്‍ മൂന്നു പേരുണ്ടാവും. 'പുട്ടും ബീഫ് ഫ്രൈയും' ആണ് ഇഷ്ടഭക്ഷണം. 

റൂമില്‍ പാചകം തുടങ്ങണമെന്നും പുറത്തെ ഭക്ഷണം കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും കൊളസ്ട്രോള്‍ കൂട്ടുന്ന ബീഫ് പോലുള്ളസാധനങ്ങള്‍ വര്‍ജ്ജിക്കണമെന്നുമൊക്കെ ചര്‍ച്ച ചെയ്താണ് ദിവസവും തട്ടുകടയില്‍ എത്തുക. ഓഡര്‍ എടുക്കാന്‍ വരുമ്പോള്‍ മൂവരും അല്‍പ നേരം മൌനമായി ഇരിക്കുകയും പിന്നെ ഏതോ ഉള്‍വിളിയാലെന്നപോലെ 'പുട്ടും ബീഫ് ഫ്രൈയും' എന്ന്‍ പറയുകയും ചെയ്യും.ഏതാണ്ട് രണ്ടുകൊല്ലത്തോളം ഈ കണ്ഫ്യൂഷന്‍ ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ 'മനുഷ്യന്റെ ഈ നെട്ടോട്ടമെല്ലാം ആഹാരത്തിനു വേണ്ടിയാണെന്നും അതുകൊണ്ട് തിരിഞ്ഞു കടിക്കാത്ത എന്തും കഴിക്കുന്നതില്‍ തെറ്റില്ലെ'ന്നുമുള്ള കണ്ക്ലൂഷനിലെത്തി.

അങ്ങനെ എല്ലാ ദിവസത്തെയും പോലെ തട്ടുകടയിലെ ഒരു രാത്രി. ഖദര്‍ വസ്ത്രധാരിയായ ഒരു ചേട്ടന്‍ തൊട്ടടുത്ത ടേബിളില്‍ ഇരുന്നു തട്ടുന്നുണ്ട്. ആള്‍ നല്ല പിമ്പിരിയാണ്‌.'കറിയൊന്നും വായ് വെക്കാന്‍ കൊള്ളത്തില്ലെല്ലെന്നും നീയൊക്കെ ഏത് മറ്റേടത്തെ ഒണ്ടാക്കുകാരാണെന്നു'മൊക്കെ പറഞ്ഞ് തെറിവിളി തുടങ്ങി. ഫാമിലിയൊന്നും കടയില്‍ ഇല്ലാത്തകൊണ്ട് ആരും ആദ്യം അതത്ര കാര്യമാക്കിയില്ലെങ്കിലും സമയം കഴിയുന്തോറും തെറിയുടെ ഇന്റെന്സിറ്റി കൂടി കൂടി വന്നു. രാഷ്ട്രീയ നേതാവാവിന്റെ കെട്ടും മട്ടും ഉള്ളതുകൊണ്ടോ കസ്റ്റമര്‍സിനെ പിണക്കേണ്ടന്നുമുള്ള കടക്കാരുടെ മനോഭാവം കൊണ്ടോ എറണാകുളമല്ലേ വെറുതെ വയ്യാവേലി തലയിലെറ്റണ്ട എന്ന ആളുകളുടെ ഭയം കൊണ്ടോ ചേട്ടന്‍ ഫുള്‍ ഫോമില്‍ ആറാടുന്നു.

അങ്ങനെ കുറച്ചു നേരമായി. എങ്ങനെങ്കിലും എണീറ്റ്‌ പോയാല്‍ മതിയെന്നായി ഓരോരുത്തര്‍ക്കും. മുമ്മൂന്ന്‍ ഒന്‍പതു കുറ്റി പുട്ടടിക്കുന്ന ഞങ്ങള്‍ അത് മൂന്നില്‍ നിര്‍ത്തി എണീറ്റു. ഇതൊന്നും കേള്‍ക്കുന്നേയില്ലെന്ന മട്ടില്‍ കാര്യമായി ശാപ്പാട് ആസ്വദിക്കുന്നുണ്ട് അടുത്ത ടേബിളിലെ മറ്റൊരു ചേട്ടന്‍. ദോശയും ചമ്മന്തിയുമാണ് പുള്ളിക്ക് പ്രിയം. ആറോ ഏഴോ ദോശയും ഒരു ഡബിള്‍ ഓംലെറ്റും അടിച്ച് ഏമ്പക്കം വിട്ട് ഒടുവില്‍ പുള്ളി എണീറ്റു. വാഷ്‌ബേസിനിലേക്ക് പോകുന്നതിനു മുന്പ് ഒന്ന് നിന്ന് കൈതീര്‍ത്തൊരെണ്ണം മറ്റേ മാന്യന്റെ കവിളത്ത് പൊട്ടിച്ചു! ആ അടിയോടെ ആള് നിലത്തു വീണു. പിന്നെ അവിടെ കൂടി നിന്നവര്‍ക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. ഒരു വിടവ് കിട്ടാത്തതിന്റെ വിഷമം ഞങ്ങള്‍ക്കും.

വെടിക്കെട്ടിന് തിരി കൊളുത്തിയശേഷം ഇടം കയ്യനായ ആ ചേട്ടന്‍ ഒന്നും അറിയാത്ത ഭാവത്തില്‍ റോഡിന്റെ ഓരം ചേര്‍ത്ത് നടന്നു പോയി. എല്ലായിടത്തും സ്ടാര്‍ട്ടിംഗ് ട്രബിളാണ് പ്രശ്നം!!.

Sunday, July 20, 2014

റെന്റ് എ കാര്‍

ഒരവധിക്ക് നാട്ടിലെത്തിയപ്പോള്‍ 'റെന്റ് എ കാര്‍ എടുത്തു'. രെജിസ്ടര്‍ ചെയ്ത് നമ്പര്‍ പ്ലേറ്റ് പോലും വെയ്ക്കാത്ത പുതിയ കാറായാതുകൊണ്ട് കയ്യില്‍ കിട്ടിയപ്പോഴേ വളരെ സന്തോഷം തോന്നി. പിറ്റേന്ന് രാവിലെ ഒരു യാത്ര പോകാനായി വണ്ടി വൃത്തിയാക്കി മുറ്റത്ത് പാര്‍ക്കുചെയ്തശേഷം താക്കോല്‍ മേശപ്പുറത്ത് വെച്ചു. എനാല്‍ പോകാനിറങ്ങിയപ്പോള്‍ താക്കോല്‍ കണ്ടില്ല. 

ഒരുപാട് തപ്പി. വീട്ടിലുള്ള എല്ലാവരും തിരക്കിട്ടു തിരഞ്ഞു. അയല്‍ക്കാര് വന്നു, പെങ്ങന്മാരും പിള്ളേരും വന്നു. രണ്ടു ദിവസം വീടാകെ അടിച്ചുവാരി നോക്കി. സംഗതി കിട്ടിയില്ല. അഞ്ചുകൊല്ലമായിട്ടും അത് ഇതുവരെ കിട്ടിയിട്ടില്ല.!!

കാറ് ഉപയോഗിക്കാനാകാതെ വന്നപ്പോള്‍ ഓണറോട് ഡ്യൂപ്ലിക്കേറ്റ് കീ വാങ്ങി വണ്ടിയോടിച്ചു. തിരികെ കൊടുക്കേണ്ട അന്ന് വൈകിട്ട് ഞാന്‍ ഓടിച്ചുകൊണ്ടിരിക്കെ വണ്ടിയിടിച്ചു. സ്ഥലം എസ് ഐ സംഭവം ലൈവായി കണ്ടു നിന്നതുകൊണ്ട് കാറ് സ്റ്റേഷനിലേക്ക് കയറ്റി ഇടാന്‍ പറഞ്ഞു.
"നീ മനപ്പൂര്‍വം കൊല്ലാന്‍ വേണ്ടി ഇടിച്ചതാണ്" അതിനു മുന്‍പേ അങ്ങേര് പറഞ്ഞത് എഴുതാന്‍ കൊള്ളത്തില്ല. കൊന്‍സ്ടബില്‍ അടുത്തുവന്നു മണപ്പിച്ചു നോക്കി. "വെള്ളമല്ല സാര്‍" എന്ന് റിപ്പോര്‍ട്ട് കൊടുത്തു. നമ്മുടെ പോലീസിന് ബ്രെത്ത് അനലൈസ‍റിന്റെയൊന്നും ഒരാവശ്യവുമില്ല!
യാദൃചികമെന്നോണം ഞാനും കസിനും കറുത്ത ജീന്‍സും ടീ ഷര്‍ട്ടുമാണ് ഇട്ടിരുന്നത്.
കാറിന്റെ ഡിക്കിയില്‍ ഏത് വഴിക്ക് പോകുമ്പോഴും സ്ഥിരമായി സൂക്ഷിക്കാറുള്ള വീശു വലയും മീന്‍ ഇടാന്‍ പുട്ട് കുടവും തോര്‍ത്തില്‍ പൊതിഞ്ഞു വെച്ചിരുന്നു. സാഹചര്യ തെളിവുകള്‍ കണ്ട് 'കെട്ടുമുറുക്കാണെന്ന്' കരുതി അങ്ങേരു ചോദിച്ചു.

"എന്താടാ ശബരിമലക്ക് പോകുവാണോ? ഈ പോക്കണേല്‍ പമ്പ വരെ ചെല്ലില്ലോ?"
അന്നേരം മുട്ടിടിച്ചു നില്‍ക്കുവായിരുന്നതുകൊണ്ട് ചിരിക്കാന്‍ പറ്റിയില്ല. പക്ഷെ പിന്നീട് ആ സീന്‍ ഓര്‍മ്മയില്‍ ഞാന്‍ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്.

എങ്കിലും ആ താക്കോല്‍ എവിടെപ്പോയി?

Wednesday, July 16, 2014

ജൂതരും ബംഗാളികളും

ഇസ്രായേൽ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ജനമായതുകൊണ്ടാണു അവർക്ക്‌ ബുദ്ധിയും ശക്തിയും കൂടുതൽ എന്ന് അദേഹം എന്നോട്‌ അരുൾചെയ്തു.

അതു മീൻ കൂടുതൽ കഴിക്കുന്നതുകൊണ്ടല്ലേ എന്നൊരു സംശയം ഞാൻ ചോദിച്ചു.

'ബ്ലഡി ഫൂൾ എന്നിട്ട്‌ ബംഗാളികൾക്ക്‌ എന്താ വിവരമില്ലാത്തതെന്ന് അതിരൂക്ഷമായി അങ്ങേരു പ്രതിവചിച്ചു.

അപ്പോൾ എനിക്ക്‌ ആ സത്യം മനസിലായി

' ബംഗാളികളാണു' കൂടുതൽ മീൻ കഴിക്കുന്നത്‌.! '

Tuesday, July 15, 2014

ചറപറാ യുദ്ധം

യുദ്ധങ്ങള്‍ക്ക് പഴയ 'ഗുമ്മി'ല്ല.
എല്ലായിടത്തും യുദ്ധം. ചുമ്മാ ചറ പറ.
ആരായാലും വെറുത്തുപോകും.
ബോറടിക്കുമ്പോള്‍ വെറുതെ ഓര്‍ത്തുപോകും
ആരെങ്കിലും വിളിച്ചിരുന്നെങ്കില്‍ 
ഒരു യുദ്ധത്തിന്!

ഗാസാ വിലാപം

അടുത്തിരിക്കുന്ന പാലസ്തീനിയുടെ അലവലാതിത്തരങ്ങള്‍കൊണ്ട് ഗാസയ്ക് വേണ്ടി എഴുതിയ കവിത ഞാന്‍ വിഴുങ്ങി.

Monday, July 14, 2014

ഒരു ലോകക്കപ്പ് രോദനം

പടക്കളത്തില്‍ പോരാടി വീഴുമ്പോളാണ് യുദ്ധവീരന്മാര്‍ ജനിക്കുന്നത്. പ്രേമം പോലിയുമ്പോഴാണ് കാമുകന്മാര്‍ അനശ്വരരാകുന്നത്.
നോക്കൂ.......നമ്രശിരസ്കനായി നില്‍ക്കുന്ന മെസ്സിയെ! എന്തൊരു വിനയം. എളിമ!
'മിശിഹാമാര്‍' കുരിശില്‍ തറയ്ക്കപ്പെടുമ്പോള്‍ ഇടം പിടിക്കുന്നത് ജനമനസുകളിലാണ്.
86 ല്‍ കപ്പുയര്‍ത്തിയ ദൈവകരങ്ങളെക്കാള്‍ ഇറ്റാലിയ 90ല്‍ നിലവിളിച്ചു കരയുന്ന മാറഡോണയുടെ മുഖമാണ് ഞങ്ങളില്‍ അര്‍ജന്റീനയെന്ന വികാരം വളര്‍ത്തിയത്. 
പാവപ്പെട്ടവനെ ചവിട്ടിമെതിച്ച് അട്ടഹസിച്ച ഹിറ്റ്‌ലര്‍മാരെയും ലോതര്‍ മത്തേവൂസുമാരെയും ഫിലിപ്പ് ലാമ്പുമാരെയും ലോകം വെറുക്കുന്നു.
അല്ലെങ്കിലും ആയിരങ്ങള്‍ യുദ്ധത്തിലും പട്ടിണിയിലും മരിക്കുമ്പോള്‍ 'ലോകപ്പ്' എന്നു വിളിച്ചുകൂവാന്‍ ലജ്ജയില്ലേ നിങ്ങള്‍ക്ക്?
മനുഷ്യന്റെ വിശപ്പിനേക്കാള്‍ വലുതായി എന്താണുള്ളത്? നിങ്ങള്‍ നേടിയ കപ്പിനേക്കാള്‍ 'പുട്ടുകുറ്റി' യെ ഞങ്ങള്‍ വിലമതിക്കുന്നു!

Saturday, July 12, 2014

ലൂസേര്‍സ് ഫൈനലുകള്‍

ആണിയടിച്ച ശവപ്പെട്ടിയില്‍ സെല്ലോടേപ്പ് ഒട്ടിക്കുന്ന പോലെ പരിഹാസ്യവും അര്‍ത്ഥശൂന്യവുമായ ലൂസേര്‍സ് ഫൈനലുകള്‍...!
ഒരു ഉപചാരം പോലെ ഇരു ടീമുകള്‍ക്കും താത്പര്യമില്ലാത്ത ഈ കളികള്‍ ഞാന്‍ പണ്ടേ ബഹിഷ്കരിച്ചുകഴിഞ്ഞു.

Tuesday, June 24, 2014

വൃണപ്പെടുന്ന മറ്റേത്

"വീണ്ടും മതവികാരം വൃണപ്പെട്ടു!"
എവിടുന്നു വരുന്നെന്നറിയില്ല ഇന്ത്യാക്കാര്‍ക്ക് ഇതിനുംമാത്രം! നൂറ്റി മുപ്പതു കോടിയുടെ വൃണപ്പെട്ട് വേസ്റ്റ് ആയിപ്പോകുന്ന ഈ സാധനത്തില്‍ നിന്ന് വല്ല വൈദ്യുതിയോ മറ്റോ ഉത്പാദിപ്പിച്ചിരുന്നെങ്കില്‍ ഇന്ധനക്ഷാമത്തിനു ശാശ്വത പരിഹാരമായേനെ.!

Monday, June 23, 2014

വെറുപ്പ്

റൂമില്‍ നിന്ന് ഓഫീസിലേക്ക് വരുന്ന വഴിക്ക് സൌകര്യമായി മൂന്നാല് കടകളുണ്ട്. എങ്കിലും മെട്രോ സ്റ്റേഷന് പുറത്തുള്ള മലയാളിയുടെ കടയില്‍ നിന്നാണ് എന്തെങ്കിലും ചെറു പര്‍ച്ചേസുകള്‍ നടത്തുക. പത്തു രൂപയെങ്കിലും കിട്ടുന്നത് കൂട്ടത്തിലുള്ള ഒരുത്തനാകട്ടെ എന്ന വിചാരം. അവനാകട്ടെ ആ വിചാരമൊട്ടില്ലതാനും. ചേഞ്ച് ഇല്ലെങ്കില്‍ ദേഷ്യം, തിരക്ക് കൂടിയാല്‍ കസ്റ്റമേര്‍സ് എന്തോ തെറ്റു ചെയ്ത പോലെയുള്ള നോട്ടം. 
മൊത്തത്തില്‍ വെറുപ്പ് ആ മുഖത്തുനിന്ന്ഒപ്പിയെടുക്കാം!
അല്ല നമ്മളെന്താ ഇങ്ങനെ? നമുക്കെന്താ ഒന്ന് ചിരിച്ചാല്‍..........?

Saturday, June 21, 2014

ഭരണചക്രം

സർക്കാറുകൾ മാറിയാലും ലക്ഷ്യം ഒന്നു മാത്രമായിരിക്കണം, രാജ്യപുരോഗതി. 
ഭരണചക്രം ഉരുളണം, റോഡുറോളർ പോലേ. ഉറച്ച അടിത്തറ ജനങ്ങളായിരിക്കണം. 
ഞങ്ങളുടെ നെഞ്ചത്തൂടെ എന്നും നിങ്ങളത്‌ ഉരുട്ടി ഉറപ്പിക്കുന്നു.!

Thursday, June 19, 2014

കപൂറാക്കുന്ന കാര്‍ഡുകള്‍

ആധാറിനു പകരം പുതിയ കാര്‍ഡ്! 
മനുഷ്യമ്മാരുടെ വയറു കീറിയോ തല പിളര്‍ന്നോ ഓരോ 'ചിപ്പ്' അങ്ങു വെച്ചു വിട്ടേക്കാമെങ്കില്‍ സൌകര്യമായിരുന്നു. സര്‍ക്കാര്‍ മാറുന്നതിന് അനുസരിച്ച് കാര്‍ഡ്എടുക്കാന്‍ നെട്ടോട്ടം ഓടെണ്ടല്ലോ..ആവശ്യമുള്ളത് ബ്രെയിന്‍മാപ്പ് ചെയ്ത് നിങ്ങളെടുത്തോളീന്‍ !

Tuesday, June 17, 2014

സമാഹാരം

മദ്യപാനം പുകവലി, ലഹരി എന്നിവയ്ക്കെതിരെ അവബോധം വളര്‍ത്തുന്ന കഥകള്‍ സമാഹരിച്ച് പുസ്തകം ഇറക്കുന്നു. ഉണ്ടെങ്കില്‍ അയച്ചു കൊടുക്കുക എന്നൊരു പരസ്യം മുന്‍പ് കണ്ടിരുന്നു. ഞാനെഴുതിയതാകെ നോക്കിയിട്ട് മരുന്നിനു പോലും ഒരെണ്ണം കണ്ടെത്താനായില്ല. 

അതെല്ലാം കൂടി "കുപ്പി" എന്നപേരില്‍ സമാഹരിചാലോ എന്നാ ഇപ്പൊ എന്റെ ആലോചന! 

Monday, June 16, 2014

ഫുട്ബോള്‍ മന്ത്രാലയം

സാര്‍..താങ്കള്‍ കായികമന്ത്രിയായതോടെ ഇന്ത്യന്‍ ഫുട്ബോളിന് പുതിയൊരു ഉണര്‍വ് പ്രതീക്ഷിക്കാമോ? നമുക്ക്എന്ന്‍ ലോകക്കപ്പ് കളിക്കാനാവും?

"തീര്‍ച്ചയായും. സ്പെയിന്‍ പോലുള്ള ടീമുകള്‍ വിജയകരമായി ആവിഷ്കരിച്ചു നടപ്പാക്കിയ 'ടിക്കി-ടാക്ക' പോലൊന്ന് ഗവര്‍മെന്റ് തയ്യാറാക്കി വരികയാണ്."

എന്താണത്?

"ഞൊട്ടി-ഞൊട്ടി"

Thursday, June 12, 2014

ഫുട്ബോള്‍ ഫാന്‍

വെളിയില്‍ കളികണ്ടുനിന്നപ്പോള്‍ അവരാണെന്നോട് "കളിക്കുന്നോ?" എന്ന് ചോദിച്ചത്. 
എങ്കിലും കളിക്കാനിറങ്ങിയപ്പോള്‍ കൊതിക്കുപോലും അവരെനിക്ക് പന്തുതന്നില്ല. 
ഒന്നും പിടിച്ചുവാങ്ങുന്ന ശീലമില്ലാത്തതിനാല്‍ ഞാനൊട്ടു ചോദിക്കാനും പോയില്ല. പിന്നെ
ഗോളി നിര്‍ത്തിയപ്പോള്‍ എതിര്‍ കളിക്കാര്‍ക്ക് എന്നോട് സഹതാപം തോന്നിയിട്ടോ എന്തോ മനസുപോലെ പന്തടിച്ചുതന്നു. ഒടുവില്‍ ഗോള്‍വല കീറിയതിനും അവരെന്നെ തെറിപറഞ്ഞു.
സത്യത്തില്‍ മനസാവാചാ ഞാനൊന്നും ചെയ്തിട്ടില്ല. പാവങ്ങള്‍ക്കും ജീവിക്കണ്ടേ ഇവിടെ!

Tuesday, June 10, 2014

ബുജി സാഹിത്യം

"ഏറെക്കാലമായി മനസിനെ മഥിച്ചുകൊണ്ടിരുന്ന സ്വപ്നങ്ങള്‍ കയ്യെത്തിപ്പിടിക്കാന്‍, തന്നെ പിന്നോട്ടു വലിച്ചിരുന്ന സദാചാരത്തിന്റെ ആവരണം ഉപേക്ഷിച്ച് അയാള്‍ എണീറ്റു."

"നിര്‍ത്തടോ നിന്റെ സാഹിത്യം. മനുഷ്യന് മനസിലാകുന്ന ഭാഷയില്‍ പറ." 

"ഉറക്കച്ചടവില്‍ മൂത്രമൊഴിക്കാന്‍ എണീറ്റ് ലൈറ്റിട്ടപ്പോഴാണ് ഉടുതുണിയില്ലെന്ന് അറിഞ്ഞത്".

മതിയോ?

Monday, June 9, 2014

പെസ്റ്റ്കണ്ട്രോള്‍

എന്നും വൈകുന്നേരം റൂമില്‍ തിരികെചെല്ലുമ്പോള്‍ കുറെ അഡ്വവര്‍ടൈസ്‌മെന്‍റ്റ് സ്ലിപ്പുകള്‍ വാതിലില്‍ കാണാം. എ.സി റിപ്പയറിംഗ്. കുക്കിംഗ്ഗ്യാസ്, റൂം ഷിഫ്റ്റിന്ഗ്, പെസ്റ്റ്കണ്ട്രോള്‍, ഗ്രോസറി എന്നുവേണ്ട ചവറുപോലെ സാധനം. ഇവരെയാരെയും വിളിച്ചു ശല്യപ്പെടുത്താതെ ഒക്കെ പെറുക്കി ചവറ്റുകുട്ടയില്‍ ഇട്ടശേഷം അകത്തുകയറം. കുറെദിവസം കഴിഞ്ഞപ്പോള്‍ ഒരുകാര്യം ശ്രദ്ധിച്ചു. പെസ്റ്റ്കണ്ട്രോളുകാരന്റെ സ്ലിപ്പുണ്ടെങ്കില്‍ അന്ന്‍ എവിടെങ്കിലും പാറ്റയെ കാണും. ശെടാ! ഇവനെ വിളിക്കാതെ രക്ഷയില്ല. വന്നുവന്ന് ഇപ്പോള്‍ കാര്യം മനസിലായി. 

പെസ്റ്റ്കണ്ട്രോള്‍ കമ്പനിയില്‍ ജോലിയുള്ളവര്‍ സിഗരറ്റ് ലൈറ്ററിനു പകരം തീപ്പെട്ടിയാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. പാറ്റയ്ക്ക്‌ മരുന്നടിക്കാന്‍ വരുന്നവന്റെ പോക്കറ്റില്‍ തന്നെയാണ് പാറ്റ!

Saturday, June 7, 2014

കൂറകള്‍

മുറിയില്‍ നിറയെ കൂറകളാണ്. മരുന്നടിക്കാന്‍ മനസുവരുന്നില്ല. കാരണം അതിലേറ്റം വലിയ കൂറ ഞാനായതുകൊണ്ട് ചെയ്യുന്നത് ആത്മഹത്യയായിരിക്കും.

Thursday, June 5, 2014

ഓട്ടം

ഓട്ടമെന്ന് കേള്‍ക്കുമ്പോള്‍ പെട്ടന്ന്‍ ഓര്‍മ്മവരിക ട്രാക്കും കളികളുമാണെങ്കിലും ആലോചിച്ചുനോക്കിയാല്‍ ഓട്ടം ജീവിതത്തിന്‍റെ ഒരു ഭാഗംതന്നെയാണ്. "ജീവിക്കാനുള്ള നെട്ടോട്ടം", "ജീവനുംകൊണ്ടോടി..!" എന്നീ വ്യത്യസ്ത പ്രയോഗത്തില്‍തന്നെ സംഭവം ട്രാജഡിയോ കോമഡിയോ എന്ന്‍ ഊഹിക്കാം. 
കോമഡിയില്‍ ഓട്ടം ഒരവിഭാജ്യ ഘടകമാണെന്ന് പല കഥകളും മറിച്ചുനോക്കിയപ്പോള്‍ ഓര്‍ത്തുപോയി. നര്‍മ്മത്തിന്‍റെ നിലവാരം നോക്കുന്നതില്‍ ഇന്നും എന്‍റെ തോത് 'ടോംസ് കോമിക്സ്' തന്നെയാണ്. ടോംസിന്‍റെ വരിയിലും വരയിലും നിറഞ്ഞുനില്‍ക്കുന്ന ഓട്ടങ്ങളുടെ ഘോഷയാത്രയാവാം ഒരുപക്ഷേ കാരണം. സിനിമയിലും സ്ഥിതി വ്യത്യസ്തമല്ല. ഒരാള്‍ നല്ല നടനാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അയാളെ ഒന്നോടിച്ചു നോക്കിയാല്‍ മനസിലാകുമെന്ന്. സംശയമുണ്ടെങ്കില്‍ 'ചിത്ര'ത്തിലെയും താളവട്ടത്തിലെയും ലാലേട്ടന്‍റെ ഓട്ടം ഒന്നോര്‍ത്തുനോക്കിയാല്‍ മതി

Wednesday, June 4, 2014

പെരന്റിഗ് ട്രയ്നിംഗ്

കൊച്ചു കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ എങ്ങനെ തിരിച്ചറിയാം എന്ന വിഷയത്തെ കുറിച്ച് ഗഹനമായി ആലോചിച്ചത് പാരാഗ്ലൈഡിംഗ് വിവാദത്തിനു ശേഷമാണ്. അപ്പോഴാണ്‌ പഴയൊരു കാര്യം ഓര്‍മ്മയില്‍ വന്നത്.

പ്രീഡിഗ്രീ കാലം. വീട്ടില്‍ കുട്ടികള്‍ക്ക് മുട്ടില്ല. ചിലപ്പോള്‍ കൊച്ചുങ്ങളെ നമ്മളെ ഏല്‍പ്പിച്ച് സ്ത്രീജനങ്ങള്‍ മറ്റുപണിക്ക് പോകും. ആ പ്രായത്തില്‍ പിള്ളാരേ നോട്ടം ചൊറിയുന്ന ഏര്‍പ്പാടാണ്. കുഞ്ഞുങ്ങള് നിര്‍ത്താതെ നിലവിളിച്ചുകൊണ്ടിരിക്കും. അങ്ങനെ ഒരു വേനല്‍ക്കാലം.മുടിഞ്ഞ ചൂട്. കൊച്ചാണേല്‍ വായ് പൂട്ടുന്നുമില്ല. .എടുത്തുകൊണ്ടു നടന്നിട്ടും രക്ഷയില്ല.കൈമാറാന്‍ ആരുമില്ല. അപ്പോഴാണ്‌ ഒരു ഐഡിയ തോന്നിയത്. അത് ഫലിച്ചു. കൊച്ചു കരച്ചില്‍ നിര്‍ത്തി. എങ്ങനെ?

ഇന്ന്‍ കുട്ടി വളര്‍ന്നു മുട്ടനായി.കക്ഷിക്ക് ഐസ്ക്രീം ഇഷ്ടമാണ്. മഴയോ തണുപ്പോ ടിയാനെ ഏശുന്നില്ല. അതൊക്കെ ആ ഇഷ്ടാനിഷ്ടങ്ങള്‍ ചെറുപ്പത്തിലേ കണ്ടെത്തിയതിന്‍റെ ഫലമാണ്. "ഐ ആം പ്രൌഡ് ഓഫ് ദാറ്റ്‌! എങ്ങനെ?
'അനന്തിരവര്‍ കൂടുതലുള്ള അമ്മാവന്മാര്‍ വെള്ളമിറങ്ങി ചാകില്ല' എന്നൊരു ചൊല്ലുണ്ട്. അതുകൊണ്ട് ആളുടെ പേര് ചോദിക്കരുത്.

കരയുന്ന കുട്ടികളെ ഫ്രിഡ്ജ് തുറന്ന്‍ അല്‍പനേരം അതിനുള്ളില്‍ ഇരുത്തി നോക്കൂ...!.
പക്ഷേ.. വെച്ചേച്ച് എങ്ങും പോയ്ക്കളയരുത്

Tuesday, June 3, 2014

മനുഷ്യക്കടത്ത്

ആറിനക്കരെയുള്ള കള്ളുഷാപ്പ് ലക്ഷ്യമാക്കി കടവില്‍ എത്തിയപ്പോള്‍ അവിടെ തോണിയുമില്ല കടത്തുകാരനുമില്ല. പുള്ളി രണ്ടുനാളായി ഒളിവിലാണത്രേ.. കാലങ്ങളായുള്ള 'മനുഷ്യക്കടത്തിന്'' പിടിക്കപ്പെടുമോ എന്നാണ് ഭയം!

Wednesday, May 21, 2014

കാറ്റുള്ളപ്പോള്‍...

ഇരിക്കുന്നതിനു മുന്‍പേ കാല് നീട്ടരുത്."ആം ആത്മിയുടെ ഡല്‍ഹിയിലെ അവസ്ഥയെ ആലങ്കാരികമായി പലരും സൂചിപ്പിച്ചത്ത് ഇങ്ങനെയാണ്.അതുപോലെ അവരും പയറ്റിയത് "കാറ്റുള്ളപ്പോള്‍ ഷിറ്റണം" എന്ന പഴമൊഴിയാണ്. 

അധികാരത്തില്‍ കടിച്ചു തൂങ്ങുന്നവരല്ലെന്നു പൊതുജനത്തെ ബോധിപ്പിക്കാന്‍ രാജിവെച്ചോഴിഞ്ഞതില്‍ ജനങ്ങള്‍ക്ക് പരാതിയില്ലായിരുന്നെങ്കിലും കിട്ടിയ തക്കത്തിന് ഭരണത്തിലെ പരിചയക്കുറവ് വിഷയമാക്കി ആപ്പിനെതിരേ ആഞ്ഞടിക്കാന്‍ കൊണ്ഗ്രസിനും ബി.ജെ.പിക്കും കഴിഞ്ഞു.

ഒരു വര്ഷം മാത്രം പഴക്കമുള്ള പാര്‍ട്ടി നാനൂറില്‍ പരം പാര്‍ലമേന്റ്റ് സീറ്റുകളില്‍ മത്സരിക്കെണ്ടിയിരുന്നോ എന്നത് ഒരു ചോദ്യമാണ്. ഏറ്റവം അനുകൂലമായ മണ്ഡലങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് ഉചിതരായ സ്ഥാനാര്‍ഥികളെ മാത്രം(അന്‍പതില്‍ താഴെ) നിര്‍ത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ ഇതില്‍ കൂടുതല്‍ സീറ്റ് കിട്ടിയേനെ. പക്ഷേ അപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലും ഇത്ര പെട്ടന്ന് വേരോട്ടം സാധ്യമാവില്ല. ബി.ജെ.പിക്ക് ഇപ്പോഴുള്ള അനുകൂല കാലാവസ്ഥവെച്ച് നോക്കിയാല്‍ ഡല്‍ഹി ആപ്പിന്‍റെ കൈവിട്ടുപോയ ലക്ഷണമാണ്.

പൊതു തിരഞ്ഞെടുപ്പിനോടൊപ്പം ഇലക്ഷന്‍ നടത്താന്‍ അനുവദിക്കാതെ കോണ്ഗ്രസ് പണികൊടുത്തതാണ് അവരുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ചത്. ഒടുവില്‍ അത് ഇരുകൂട്ടര്‍ക്കും വിനയായി. രാഷ്ട്രീയ കുതന്ത്രത്തില്‍ വിദഗ്ധരായ ഒരുപറ്റം കോണ്ഗ്രസ് ബുജികളുടെ നീക്കങ്ങള്‍ 'പാണ്ടന്‍ നായുടെ പല്ലിന്‍ ശൌര്യം പോലെ ഫലിക്കുന്നില്ല' അതിന് മറ്റൊരുദാഹരണമാണ് തെലുങ്കാന.

അതുകൊണ്ട് ഇനിമുതല്‍ ആരായാലും ഷിറ്റുമ്പോള്‍ കാറ്റുമാത്രം നോക്കിയിട്ട് കാര്യമില്ല. ടൈമിങ്ങും ശരിയാകണം.

പാരാഗ്ലൈഡിഗ്

കേരളത്തില്‍ ജനിച്ചു എന്ന് കരുതി നമ്മുടെ സ്വപ്‌നങ്ങളെ പെട്ടിയില്‍ പൂട്ടി വെയ്ക്കേണ്ട കാര്യമുണ്ടോ? കണ്ണൂരില്‍ നിന്നൊരു കല്പനാചൌള നാളെ ഉണ്ടായി കൂടെന്നില്ല.
പ്രായം കുറഞ്ഞ പാരാഗ്ലെഡിനഗ്കാരി നിങ്ങളുടെ മകളാണ് എന്ന് പറയുന്നത് ഒരു അഭിമാനമല്ലേ? നാളെ വീഡിയോ യൂ ടൂബിലിട്ടാല്‍ ആളങ്ങ് പിടിവിട്ട് പോകില്ലേ?

ഏതായാലും എല്ലാ പഞ്ചായത്തിലും പറക്കാനുള്ള സുനാ ഇല്ലാത്തതും എല്ലാ മാതാപിതാക്കള്‍ക്കും ഇത്തരം മോഹങ്ങള്‍ ഇല്ലാത്തതും നന്നായി. ഇല്ലേല്‍ പെരുന്നാളിനും ക്രിസ്മസിനും വല്ല 'എലിവാണ'ത്തിലും കെട്ടി പിള്ളാരെ ബഹിരാകാശത്ത് വിട്ടേനെ

Tuesday, May 20, 2014

പ്രീണനം

"ഇനിയും കാത്തിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു."

ആ വാക്കിനി ഇവിടെ മിണ്ടരുത്! തൊട്ടതിനും പിടിച്ചതിനും താനൊക്കെ'ന്യൂനപക്ഷമെന്നു' പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് ഞങ്ങളെ ഒരു വഴിക്കാക്കിയത്. അതു കേട്ട് കേട്ട് കുരുപൊട്ടിയ ഭൂരിപക്ഷം എല്ലാം കൂടി ഒന്നു ചേര്‍ന്നപ്പോള്‍ പണി കേന്ദ്രത്തില്‍ കിട്ടി.

"ങേ..! താനെന്നോ..മുഖ്യന്‍ നിലമറന്നു സംസാരിക്കുന്നു."

ഓ..സോറി, പിതാവേ ഈ പാപിയോട് പൊറുക്കേണമേ..
ഇപ്പം എന്താ അങ്ങയുടെ പ്രശ്നം?

ഞങ്ങളുടെ വിഭാഗത്തിലെ പല കുടുംബങ്ങളും മുഴു പട്ടിണിയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. വേദന താങ്ങാനാവാത്ത മൂന്ന്‍ കോടീശ്വരന്മാര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നു. ഉടനടി അടച്ചിട്ട ബാറുകള്‍ തുറക്കണം.

എവിടെ എല്ലാത്തിനും കൂടെയുള്ള മറ്റേ ന്യൂനപക്ഷം?

ഹറാമായാതിനാല്‍ ഇക്കാര്യത്തിലൊഴികെ ബാക്കി എന്ത് ഹറാമ്പിറപ്പിനും കൂടെയുണ്ടാവുമെന്ന് അവര്‍ വാക്ക് തന്നിട്ടുണ്ട്.

അതെങ്ങനെ ന്യൂനപക്ഷത്തിന്‍റെ പ്രശ്നമാകും? ശരിക്കും ഈഴവരെയല്ലേ കള്ളുകച്ചവടക്കാര്‍ എന്ന് നിങ്ങള്‍ ബ്രാന്‍ഡ് ചെയ്തിട്ടുള്ളത്?

"ആക്ച്വലി ഈ ബാറും കള്ളും രണ്ടാണ്. അതില്‍ എന്‍റെ കുഞ്ഞാടുകള്‍ക്കാണ് കൂടുതല്‍ ബാറുള്ളത്. പക്ഷേ പഴി ഞങ്ങള്‍ മറ്റവരുടെ തലയില്‍ വെച്ച് കെട്ടും. പ്രാശ്ചിത്തമായി ഡേയ്ലി "എന്‍റെ പിഴ എന്‍റെ പിഴ, എന്‍റെ വലിയ പിഴ" എന്ന്‍ പ്രാര്‍ത്ഥന ചൊല്ലാറുണ്ടല്ലോ."

"ഉടന്‍ നടപടി എടുത്തില്ലേല്‍ ഞങ്ങള്‍ പ്രക്ഷോഭം തുടങ്ങും."

വിരട്ടാതെ പിതാവേ, ഇവിടുത്തെ രണ്ടു ഭൂരിപക്ഷ സാമുദായിക നേതാക്കള്‍ ചേര്‍ന്ന് എന്നെ ശക്തിപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്. ഇന്നുമുതല്‍ ഭൂരിപക്ഷ പ്രീണനമാണ് ഹൈക്കമാന്‍ഡ്നടിന്റെ അജണ്ട.

സാംസ്കാരിക സമ്മേളനം

സാഹിത്യ-സാംസ്കാരിക പ്രശ്ങ്ങള്‍ ചര്‍ച്ചിക്കാനായി കൂടുന്ന നമ്മുടെ സൌഹൃദ സമ്മേളനങ്ങള്‍ എല്ലാം തന്നെ അലമ്പ് രാഷ്ട്രീയവും മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സ്‌ ചേരിപ്പോരും കൊണ്ട് കുളമാകുകയാണ് പതിവ്. കഴിഞ്ഞ പത്തുമുപ്പത് വര്‍ഷമായി പത്തില്‍ ഒരു മലയാളി നേരിടുന്ന ഗുരുതര പ്രശ്നമായി ഈ വിഷയത്തെ കാണാനും വ്യക്തികളുടെ സാംസ്കാരിക വളര്‍ച്ചയില്‍ ഗുണപരമായ യാതൊന്നും സംഭാവന ചെയ്യാത്ത ഇത്തരം വര്‍ത്തമാനങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കാനും വേണ്ടി ഇന്ന് അടിയന്തിരയോഗം ചേരുന്നതാണ്.

എന്ന്‍, 
പ്രസിഡന്‍റ്.
(യു.എസ്.കു )

(ഗോപിച്ചേട്ടന് മാത്രമായ കുറിപ്പ്, മറ്റുള്ളവക്ക് ബാധകമല്ല. മറക്കേണ്ട ഇന്ന് ലാലേട്ടന്‍റെ ബര്‍ത്ത്ഡേയാണ്. വൈകിട്ട് നമുക്ക് കൊഴുപ്പിക്കണം.)

Monday, May 19, 2014

ജസ്റ്റിസ്

"വീ..നീഡ്‌..ജസ്റ്റിസ്." 

അതെ പുതിയ ചീഫ്ജസ്റ്റിസ് ആണ്. 

"എനിക്ക് മരണശിക്ഷ വിധിച്ച ജഡ്ജിനെ ഇന്നലെയാണ് കൈക്കൂലിക്കേസില്‍ പിടിച്ചത്. അപ്പോള്‍ അയാള്‍ ഇതുവരെ ശിക്ഷ വിധിച്ച എല്ലാ പ്രതികളുടെയും കാര്യമോ? ജസ്റ്റിസിന്‍റെയല്ല..നീതിയുടെ കാര്യമാണ് ഞാന്‍ പറയുന്നത്. അത് രണ്ടും രണ്ടാണ്."

Wednesday, May 7, 2014

ഉറങ്ങിക്കിടന്ന മൃഗം

പതിവു കലഹത്തിനിടെ ഭാര്യക്കുമുന്‍പില്‍ പിടിച്ചു നില്‍ക്കാനാവാതെ അവറാച്ചന്‍ അടവൊന്നു മാറ്റി. 

"എന്നില്‍ ഉറങ്ങിക്കിടക്കുന്ന മൃഗത്തെ നീ ഉണര്‍ത്തരുത്."

ഒരു നിമിഷം നിശബ്ദയായ ഭാര്യ തിടുക്കത്തില്‍ അടുക്കളയിലേയ്ക്ക് പോയി പാത്രത്തില്‍ ചോറും കറിയുമായി വന്നു. വിജയീഭാവത്തില്‍ നിന്ന അവാറാച്ചനെ നോക്കി ഒരു ഡയലോഗ്.

"പട്ടിക്ക് ഭക്ഷണം കൊടുക്കുന്ന കാര്യം ഇപ്പോഴാ ഓര്‍ത്തത്. താങ്ക്സ്!".

ലോലഹൃദയര്‍

കാമുകനൊപ്പം വീട്ടമ്മ പോയതില്‍ മനംനൊന്ത് അയല്‍ക്കാരന്‍ ആത്മഹത്യ ചെയ്തു.
നാടു മൊത്തം ലോലഹൃദയരാണല്ലോ കര്‍ത്താവേ..!

Tuesday, May 6, 2014

വികാര മുല്ലപെരിയാര്‍

"ചുമ്മാ ചിരിപ്പിക്കരുത്, ചിലപ്പോള്‍ ഞാന്‍ പൊട്ടിയേക്കും"
മന്ത്രിയുടെ പ്രസംഗം കേട്ട ഡാമിന്‍റെ ആത്മഗതം!

Monday, May 5, 2014

ബാറും കമ്പിയും

എന്ജിനീറെ സ്ലാബ് പൊളിഞ്ഞു വീണു!"

"ബാറ് പത്തിനു പകരം പന്ത്രണ്ട് ആക്കിയെന്ന് മേസ്തരിയോട് ഞാന്‍ വിളിച്ചു പറഞ്ഞതാണല്ലോ?" 

ഉള്ളതാണോ മേസ്തരി?

പൂട്ടിയ ബാറ് പത്തിനല്ല പന്ത്രണ്ടു മണിക്കാ ഇനി തുറക്കുകെന്നു ഞാന്‍ കരുതി മൊയലാളി..സോറി.

ഹിമാറും ഹറാമും

പണ്ട് വെള്ളാപ്പള്ളിയുടെ ഒരു ഇന്റര്‍വ്യൂ കണ്ടിരുന്നു.
"ഞാന്‍ ജീവിതത്തില്‍ ഇന്നേവരെ മദ്യം ഉപയോഗിക്കാത്ത ആളാണ്‌. ഗുരുദേവന്‍റെ തത്വങ്ങളാണ് പിന്തുടരുന്നത്. പിന്നെ മദ്യ വ്യവസായം, അത് ജീവിക്കാന്‍ വേണ്ടിയാണ്."
ഇതുപോലെ സ്വയം രൂപക്കൂട്ടില്‍ കയറിയിരുന്നിട്ട് വല്ലവനെയുംകൊണ്ട് നേര്‍ച്ചയിടീച്ചാണ് സകല പുണ്യവാന്‍മാരും ഉപജീവനം കഴിക്കുന്നത്.
ആയതിനാല്‍ ഏത് ഹിമാറും മദ്യലോബിയോട് ഒത്തുപ്രവര്‍ത്തിച്ചാലും കുടിക്കാത്തിടത്തോളം കാലം അത് 'ഹറാമാകുന്നില്ല'.

Thursday, May 1, 2014

അരിയാഹാരം

കൊളസ്ട്രോള്‍ ഷുഗര്‍ ചെക്കപ്പ് കഴിഞ്ഞതില്‍ പിന്നെ അരിയാഹാരം അവറാച്ചനു കിട്ടാക്കനിയായി. എങ്കിലും ഭാര്യ കാണാതെ പുള്ളി കിട്ടുന്നതൊക്കെ തട്ടും.
മൂന്നാല് ദിവസമായി മൂക്കുമുട്ടെ തട്ടുന്നതല്ലാതെ പുറത്തേയ്ക്ക് ഒന്നും പോകുന്നില്ലല്ലോ എന്ന്‍ ചിന്തിച്ച് കുന്തിചിരിക്കുമ്പോഴാണ് അടുക്കളയില്‍ നിന്നു കെട്ടിയോളുടെ വിളി കേട്ടത്.
" നിങ്ങളാ പുട്ടുകുറ്റിയുടെ ചില്ല് കണ്ടോ? മിനിയാന്ന് പാത്രത്തില്‍ മിച്ചമുണ്ടായിരുന്നത് പൂച്ച തിന്നു. എങ്കിലും ചില്ല് എവിടെപ്പോയി?"
അവറാച്ചന്‍റെ അടിവയറ്റിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞുപോയി!

Wednesday, April 30, 2014

ലിക്വര്‍ പാക്കേജ്

സര്‍ക്കാരിനു വരുമാനവും കുടിയന്മാര്‍ക്ക് മേന്മയുള്ള കള്ളും കിട്ടണം, ഘട്ടം ഘട്ടമായി മദ്യമാനാസക്തി സമൂഹത്തില്‍ കുറച്ചു കൊണ്ട് വരികയും വേണം! 
ഇതെല്ലാം കൂടി എങ്ങനെ ഒരുപോലെ നടപ്പാക്കും? 

കടും കൈ പയറ്റിയാല്‍ ആന്റണി ചാരായം നിരോധിച്ചതാണ് ഏറ്റവും വലിയ പാതകം എന്ന് ആഗോള കുടിയന്മാര്‍ പറഞ്ഞുകളയും.കള്ളുഷാപ്പുകള്‍ പൂട്ടാതിരിക്കാന്‍ സഹകരണ സംഘങ്ങള്‍ ഉണ്ടാക്കിയിട്ടും എന്താ ഗതി? 
തെങ്ങ് സംരക്ഷിക്കപ്പെട്ടോ? ഷാപ്പ് ലാഭകരമായോ? ഏതെങ്കിലും ഷാപ്പില്‍ നല്ല കള്ളുകിട്ടുമോ? ചെത്തുന്ന തെങ്ങിന്‍റെ എണ്ണം നോക്കിയാല്‍ കാസര്‍കോട് മുതല്‍ ട്രിവാണ്ട്രം വരെയുള്ള ഷാപ്പില്‍ കൊടുക്കാനും മാത്രം കള്ള്‍ എവിടുന്നു വരുന്നു?

ആട്ടെ, പോട്ടെ, ഒക്കെ മായമാമാണെന്നും സ്പിരിറ്റ് ഒഴുകുന്നെന്നും എല്ലാര്ക്കും അറിയാം. അതൊക്കെ എങ്ങനെയുമാട്ടെ. ഇടക്കാലത്ത് വിദേശമദ്യം ഷാപ്പില്‍ കൊണ്ട് വെച്ച് അടിക്കാമായിരുന്നു. ഷാപ്പ്‌ ഉടമയക്ക് ഫുഡ് ഇനത്തില്‍ ലേശം ചില്ലറയും സ്നേഹത്തിന്‍റെ പേരില്‍ രണ്ടു ലാര്‍ജും കിട്ടുമായിരുന്നു. എക്സൈസ് റെയ്ഡ് തുടങ്ങിയതോടെ ആ പരിപാടിയും നിന്നു.

സര്‍ക്കാരിനെയും കുടിയന്മാരെയും സാമൂഹിക പരിഷ്കര്‍ത്താക്കളെയും ഒരുപോലെ തൃപ്തിപ്പെടുത്തുമോ എന്നറിയില്ല, എങ്കിലും ചില ടിപ്സ്.

1. കുപ്പിക്ക് നൂറു രൂപയുള്ള വീര്യം കുറഞ്ഞ നിറമില്ലാത്ത മദ്യം വിപണിയില്‍ വ്യാപകമാക്കുക. അതായത് ആം ആത്മിക്ക് വേണ്ടി ചാരായം റീലോഡട്.
2. വിദേശ മദ്യത്തിന് വില ഇരട്ടിയാക്കുക. ബാറില്‍ ഇരുന്നു അടിക്കുന്നതിനു മുടിഞ്ഞ ടാക്സ് ഏര്‍പ്പെടുത്തുക.
3. ശുദ്ധീകരിച്ച, ശീതീകരിച്ച തെങ്ങിന്‍ കള്ള്‍ ബിയര്‍ പോലെ ടിന്നില്‍ അവതരിപ്പിക്കുക. അത് സൂപ്പര്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കുക. കേരകര്‍ഷകരും ചെത്തുകാരും രക്ഷപെടുന്നേല്‍ പെടട്ടെ, ജനത്തിന്‍റെ ദാഹവും തീരട്ടെ.
4. വീടുകളില്‍ വാറ്റിയെടുക്കാന്‍ വ്യക്തികള്‍ക്ക് അനുവാദം നല്‍കുക. സ്വന്തം ആവശ്യത്തിനു മാത്രം. വില്‍ക്കുന്നത് ക്രിമിനല്‍ കുറ്റം.
5. വ്യാജമദ്യം, കുട്ടികള്‍ക്ക് ലഹരി വില്‍ക്കുക, ഇവമൂലമുള്ള ദുരന്തങ്ങള്‍ എന്നിവയ്ക്ക് കാരണക്കരായവര്‍ക്ക് ജീവിതകാലം മുഴുവന്‍ തടവ്.
6. ഡ്രൈവിംഗ് ലൈസന്‍സ് കട്ട് ചെയ്യുമ്പോലെ ഓഫീസുകളില്‍ മദ്യപിച്ച് എത്തുന്ന സകലരെയും (ഉദ്യോഗസ്ഥരെയും കസ്റ്റമേര്സിനെയും) പൊക്കാന്‍ ബീപ്..ബീപ്...സംവിധാനം. ആയിരം രൂപ പിഴയും കേസും ആകാം. വേണേല്‍ പണിയും തെറിപ്പിക്കാം.
7. മദ്യപാനികള്‍ അല്ലാത്ത സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഗവര്‍മെന്റ് ആശുപത്രികളിലും മറ്റു സര്‍ക്കാര്‍ സേവനങ്ങളിലും ഡിസ്കൌന്റ്റ് അനുവദിക്കുക.
8. മിലിട്രികാര്‍ക്കുള്ള ലിക്വര്‍ കോട്ട നീക്കുക. പക്ലരം തത്തുല്യമായ തുക പെന്‍ഷന്‍ ഇനത്തില്‍ കൂട്ടാം..
9. ബിവറേജസ് കോര്‍പ്പരേഷന്‍ ഔട്ട് ലെറ്റില്‍ നിന്നും കുപ്പി വാങ്ങിക്കുക അത്ര സിമ്പിള്‍ പണി അല്ലാതാക്കുക. ഐ.ഡിയും അടിയാധാരവും അവിടെ കാണിക്കാന്‍ നിയമം വേണം.
10. യൂണിഫോമില്‍ ക്യൂ നില്‍ക്കുന്നതോ ബാറില്‍ പോകുന്നവരോ ആയ സ്കൂള്‍ കുട്ടികള്‍ , ഉദ്യോഗസ്ഥര്‍, ഓട്ടോ, ലോറി, ബസ് ഡ്രൈവര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍ ഇവര്‍ ആര്‍ക്കും മദ്യം വില്‍ക്കാന്‍ പാടില്ല. പിടികൂടിയാല്‍ ഇരുകൂട്ടര്‍ക്കും പണിഷ്മെന്‍റ്.

Monday, April 28, 2014

വര്‍ഗീയം

"കര്‍ത്താവേ...ഇതെന്നാ പറ്റി അന്തോനിച്ചാ...?"

വെള്ളമടിച്ച് മൂക്കുകുത്തി വീണ്, മുന്‍ നിരയിലെ പല്ലും പോയി നടന്നു വരുന്ന കപ്യാര്‍ അന്തോണിയോട് എതിരേ വന്ന മത്തായി ചോദിച്ചു.

" ഓ...ഹിന്ദു ഐക്യവേദിക്കാര്‍ പഞ്ഞിക്കിട്ടതാ..."

ലോജിസ്ടിക് മാനേജേര്‍സ്


"നീയെവിടാ?"
വീട്ടിലുണ്ട്.
മുന്‍പ് വിളിച്ചിട്ട് ഫോണ്‍ എടുത്തില്ലല്ലോ?
പച്ചമുളക് മേടിക്കാന്‍ പീടികയില്‍ പോയതാ..അവിടില്ല.
"ഉം. തിരക്ക് കൂടും മുന്‍പേ വേഗം ബാങ്കില്‍ പൊയ്ക്കോണം."
"ഹലോ...പിള്ള ചേട്ടനല്ലേ, ഞാന്‍ ദുബായീന്ന് സുരേഷാ..വീട്ടിലേയ്ക്ക് കാക്കിലോ പച്ചമുളക് കൊടുത്തു വിട്ടേക്കണേ.. ചന്ദ്രേട്ടന്റെ കടേല്‍ സാധനം ഇല്ല."
"ഹലോ...ഡാ മനോജേ.. ഞാന്‍ സുരേഷാ. 11.30ന് ഒരോട്ടം പോണം. ബാങ്കിലേക്കാ..
നീ ഓട്ടത്തിലാണേല്‍ വേറൊരു ഓട്ടോ വീട്ടിലോട്ട് പറഞ്ഞു വിട്ടാല്‍ മതി.
അപ്പം ശരി."
-----------------
(വീട്ടിലെ ഭാര്യ, ഗള്‍ഫിലെ ഭര്‍ത്താവ്. :))

Wednesday, April 16, 2014

ചില വേദനകള്‍

കടുത്ത ടെന്‍ഷന്‍, മനോവേദന തുടങ്ങിയവ അനുഭവിക്കുമ്പോള്‍ ആളുകള്‍ സ്വയം പീഡിപ്പിച്ച് നിര്‍വൃതി അടയാറുണ്ട്‌. പുകവലി ഒരുദാഹരണം മാത്രം. ആത്മവേദന തോന്നുമ്പോള്‍ ഞാന്‍ മുഖം 'ഷേവ്' ചെയ്യാറാണ് പതിവ്. ഒരു പണിയും തീരും കാര്യമായി വേദനിക്കുകയും ഇല്ല. 

ജോലി കിട്ടിയതില്‍ പിന്നെ ഓഫീസില്‍ പോകുക എന്നതാണ് എന്‍റെ ഏറ്റം വലിയ വേദന

അള്‍ത്താരപ്പിശാശ്

പണ്ടൊരു പെസഹാതിരുന്നാള്‍ ദിവസം. പള്ളിയില്‍ കാലുകഴുകല്‍ ശിശ്രൂഷ നടക്കുന്നു. 
ഞങ്ങള്‍ 'അള്‍ത്താര പിശാശുക്കള്‍' വെള്ളം സോപ്പ്, ടവല്‍ തുടങ്ങിയ സാധന സാമഗ്രികളുമായി അച്ഛന്റെ ഹെല്‍പറായി നില്‍ക്കുന്നു. ഓരോരുത്തരുടെയും കാലുകഴുകി മാറുമ്പോള്‍ ഈ ആ പന്ത്രണ്ടു പേരില്‍ ആരാണ് യൂദാസ് എന്നാണ് ഞങ്ങള്‍ പിശാശുക്കളുടെ നിരീക്ഷണം. ഇടവകയിലെ ഏറ്റവും പ്രായം ചെന്ന അപ്പച്ചന്മാരെയാണ് ശിഷ്യന്മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. ഞങ്ങളുടെ സംഘത്തില്‍ ഉള്ള ചിലരുടെ വല്യപ്പന്മാരും ശിഷ്യഗണത്തില്‍ ഉണ്ട്. അവരെ ചൂണ്ടിയാല്‍ മിക്കവാറും അവിടെ 'കൊല' നടക്കും. ഒരു തവണത്തെ പെസഹായ്ക്ക് വികാരിയച്ചന്‍ ഒരു വെറൈറ്റിക്ക് കിളവന്മാരേ ഒഴിവാക്കി ഞങ്ങളെ ഇരുത്തി. അന്ന് പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അവിടെ പീഡാസഹനവും കുരിശു മരണവും നടന്നു.