Monday, October 13, 2014

വെല്‍കം ഹോം..

ആദ്യ അവധിക്ക് നാട്ടിലെത്തുമ്പോള്‍ ഒന്നരകൊല്ലം മുന്‍പ് എയര്‍ പോര്‍ട്ടില്‍ കൊണ്ടെവിട്ട സുഹൃത്തിന്റെ അതേ ടാക്സിയില്‍ തന്നെ വരണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചു. എന്തൊക്കെയായാലും വന്ന വഴി മറക്കാന്‍ പാടില്ലല്ലോ.

എന്നാല്‍ ആ വാക്കിനു പുല്ലുവില കല്പിച്ച്  വേറെതോ വണ്ടിയില്‍ വന്ന വീട്ടുകാരേ കണ്ടപ്പോഴേ നൊസ്റ്റാള്‍ജിയയുടെ കിക്കില്‍ നിന്ന എന്റെ  കെട്ടുവിട്ടുപോയി. കലിപ്പിച്ചുള്ള നോട്ടത്തിന്റെ അര്‍ത്ഥം മനസിലായ അവര്‍ പറഞ്ഞു. നിന്റെ കൂട്ടുകാരന്‍ തന്നെ പറഞ്ഞുവിട്ട വണ്ടിയാണ്. അവനു വേറെ ഓട്ടം ഉണ്ടത്രേ...!

ആഹാ..ഉറ്റ സുഹൃത്തിനെ ഒഴിവാക്കി ഏത് ഓട്ടം എന്നറിഞ്ഞിട്ടുതന്നെ ബാക്കി കാര്യം.  മൊബൈലില്‍ ഞെക്കി.

"സോറി അളിയാ...ഹണിമൂണ്‍ ഓട്ടത്തിലാ."

ങേ..! കല്യാണം പോലും എന്നെ അറിയിചില്ലല്ലോ...?

അതല്ല. ഓട്ടം...ഹണിമൂണ്‍ കപ്പിള്‍സ്.  രണ്ടു ദിവസത്തേക്ക് എന്നുപറഞ്ഞു വിളിച്ചതാ ഇപ്പോ നാലായി. നമ്മളായിട്ട് ഇക്കാര്യത്തില്‍ ഒരു മുടക്ക് വരാന്‍ പാടില്ലല്ലോ. നീയായതുകൊണ്ട് മാത്രമാ ഞാന്‍ വേറെ വണ്ടി വിട്ടത്.

ങേ..!

"വിഷമിക്കേണ്ട...എനിക്കു കൊണ്ടുവന്ന കുപ്പി ഞാന്‍ തന്നെ അടിച്ചു തീര്‍ത്തോളം."

അവനു വല്ലതും തടയുന്നേല്‍ തടയട്ടെ എന്ന് കരുതി ഞാന്‍ കോപമടക്കി.

എയര്‍ പോര്‍ട്ടിന്റെ കവാടം കടന്നിട്ടും ഞാന്‍ പോകുന്ന മയില്‍ വാഹനമെന്താ നീങ്ങാത്തതെന്ന് ആലോചിച്ച് നോക്കിയപ്പോഴാ .....

"ലേശം കൂടി സ്പീഡില്‍ പോട്ടെ..ചേട്ടാ....'ഇരുപത്തഞ്ചില്‍ ഒക്കെ പോകുന്നത് വണ്ടിക്കു തന്നെ കേടാ.. "

നോട്ടം കനത്തപ്പോള്‍ ഡ്രൈവര്‍ വരുന്നത് വരട്ടെ എന്ന് കരുതി കാലുകൊടുക്കും.

'എന്നെക്കൊണ്ട് ഇത്രേ പറ്റൂ മോനെ... നിന്നെക്കാള്‍ മൂത്തതല്ലേ ഞാന്‍ എന്ന് ചുമച്ചുകൊണ്ടു   വണ്ടി. ഒരുപാട് ആസനം താങ്ങിയ അറുപത്താറു മോഡല്‍ അമ്ബാസിഡറാണേയ്‌..

ഓട്ടം കൂട്ടുകാരനു കൊടുക്കണമെന്ന മഹാമനസ്കത. അതുകൊണ്ട് മുണ്ടാണ്ടിരിക്കുക തന്നെ ബുദ്ധി.  അടുത്തിരിക്കുന്ന ഡ്രൈവറുടെ മോന്തായം കാണുമ്പോള്‍ ഇടക്കിടെ വരുന്ന ചൊറിച്ചില്‍ ഒഴിവാക്കാന്‍ കണ്ണടച്ചു. ഉറങ്ങിപ്പോയി.

അപ്പോള്‍ യാത്ര ഒരു കുതിരപ്പുറത്ത്..... ഇടക്ക് ചിനച്ചുകൊണ്ട്‌ കുതിര കുതിച്ചു ചാടുന്നു,
ഗുജുഗുജാ..ഗുജാ ശബ്ദം. കണ്ണുതുറന്നു. സ്വപ്നമല്ല.

നട്ടപ്പാതിരാക്ക് വണ്ടി നടുറോഡില്‍ നിന്നുകിടക്കുന്നു. ഡ്രൈവര്‍ മാന്യമായി ഉറങ്ങുന്നു. ഗിയര്‍ ഡൌന്‍ ചെയ്യാത്തതില്‍ വണ്ടിയുടെ പ്രതിഷേധമാണ് മുന്‍പ് കേട്ട ഗുജുഗുജാ..! " ഭാഗ്യത്തിന് പിറകില്‍ പാണ്ടിലോറി ഇല്ല.

'എന്തവാടോ ഇത്"? ഞാന്‍ ഒച്ചപ്പാടുണ്ടാക്കിയപ്പോള്‍ എല്ലാവരും ഉണര്‍ന്നു വായ്ക്കൊട്ട വിട്ടു. നല്ലോരുറക്കം കളഞ്ഞതില്‍ ഡ്രൈവര്‍ പോലും അതിരൂക്ഷമായി എന്നെ നോക്കി.

"മോനേ..ഒന്നും വിചാരിക്കരുത്. മിനിയാന്ന് ശബരിമല. ഇന്നലെ വേളാങ്കണ്ണി, ഇന്ന് എയര്‍പോര്‍ട്ട്..കണ്ണടച്ചിട്ടു മൂന്നു ദിവസമായി."

'ഇങ്ങനാനെങ്കില്‍ എല്ലാരുടെയും കണ്ണടയുവല്ലോഡേയ്...മ#%$%^&... ഇങ്ങോട്ട് മാറ് ഞാനോടിക്കാം'

കിടിലന്‍ രണ്ടു ഡയലോഗ് ഇട്ട ശേഷം ഡ്രൈവറെ സൈഡാക്കി ഞാന്‍ സ്ടിയറിംഗ് ഏറ്റെടുത്തു.

മര്യാദക്ക് ഒരു സൈക്കളു പോലും ഓടിക്കാത്ത ഇവന്‍ ദുഫായീന്ന് വന്നപ്പോള്‍ വളയം പിടിക്കുന്നത് വീട്ടുകാരെ ഒന്നു കാണിക്കാം എന്ന ഉദ്ദേശം കൂടി ഉണ്ടെന്നു വെച്ചോ...

ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് കാലിട്ട് തപ്പി നോക്കിയിട്ട് ഒന്നും തടയുന്നില്ല.
ക്ലച്ചും ബ്രേക്കും കിദര്‍ ?
സംഗതി മുഷ്കില്‍ ഹേ..

പണ്ട് കുളം കലക്കി മീന്‍ പിടിക്കുന്ന ഓര്‍മ്മയില്‍ ഒന്നൂടെ ഇളക്കി നോക്കിയപ്പോള്‍ വരാല് പോലെന്തോ കാലില്‍ തടഞ്ഞു.  കിട്ടിപ്പോയി.!
ഗിയറ് ഇടാന്‍ നോക്കിയിട്ട്  അതങ്ങോട്ട് വഴങ്ങിത്തരുന്നില്ല.

മാരണംവെച്ചുമാറിയ സന്തോഷത്തില്‍ ഡ്രൈവര്‍ ടെന്‍ഷനേതുമില്ലാതെ ഉറങ്ങുന്നു.
ഞാന്‍ ചുറ്റുപാടും നോക്കി. ഓടിയൊളിക്കാന്‍ ഇടമില്ല. രക്ഷിക്കാന്‍ ഒരുപ്പോക്കിന് ആളുമില്ല.
ഒടുക്കം നിവൃത്തിയില്ലാതെ അങ്ങേരെ തന്നെ വിളിച്ചെണീപ്പിച്ചു.

"ചേട്ടാ എന്നെകൊണ്ട്‌ താങ്ങത്തില്ല. ദുഫായിലേത് ഇങ്ങനല്ല. ദയവായി ഈ പാന പാത്രം എന്നില്‍ നിന്ന് എടുത്തു മാറ്റൂ.."

പുള്ളി വീണ്ടും പയറ്റു തുടങ്ങി, കുറെ കഴിഞ്ഞപ്പോള്‍ വീണ്ടും പഴയ 'ഗുജുഗുജാ..!

ഇതിനും മാത്രം എന്ത് ദ്രോഹമാടെയ് ഞാന്‍ ചെയ്തത്? കടല്‍ കടന്ന് ഇവിടെ വരാന്‍ നാല് മണിക്കൂറെ എടുത്തുള്ളൂ...ഇനി നാല് മണിക്കൂര്‍ കൂടി ഓടിയാല്‍ വീട്ടില്‍ ചെല്ലുവോ...ആദ്യത്തെ വരവ് ഇങ്ങനായല്ലോ എന്നോര്‍ത്തപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു.

ഈ ശകടത്തില്‍  ശബരിമലയും വെളാങ്കണ്ണിയും പോയെന്നു കള്ളം പറഞ്ഞാല്‍ സാക്ഷാല്‍ ശാസ്താവും  മാതാവും ചേര്‍ന്നു തന്നെ തല്ലുമെന്നു പറഞ്ഞപ്പോള്‍ അങ്ങേരു സത്യം പറഞ്ഞു. അതൊക്കെ വീട്ടുകാരുടെ വണ്ടിയിലുള്ള ഓട്ടം ആയിരുന്നത്രേ!.

തട്ടുകട കാണുന്നിടത്തൊക്കെ നിര്‍ത്തി കട്ടന്‍ കാപ്പി വാങ്ങിക്കൊടുത്തും ഉറക്കം തൂങ്ങുമ്പോള്‍ നല്ല തട്ടു കൊടുത്തും ഒരുവിധം വീടണഞ്ഞ ആശ്വാസത്തില്‍ ഞാന്‍ പറഞ്ഞു.

"ചേട്ടാ വണ്ടിയില്‍ കിടന്ന് ലേശം മയങ്ങിയിട്ടു പോയാല്‍ മതി"

"ഇല്ല മോനെ..പോകണം, വെളുപ്പിനെ ഒരോട്ടമുണ്ട്."  

ഈശ്വരാ..!

അന്നാ ഓട്ടം വിളിച്ച ഹതഭാഗ്യന്റെ ഗതി എന്തായോ...എന്തോ..?

2 comments:

  1. വെളുപ്പിനെ ഉള്ള അടുത്ത ഓട്ടം. അതാണ്‌ ഭയങ്കരം.

    ReplyDelete
  2. അന്നാ ഓട്ടം വിളിച്ച ഹതഭാഗ്യന്റെ ഗതി എന്തായോ...എന്തോ..?

    ReplyDelete