Wednesday, June 29, 2016

ന്യൂജെന്‍.കോം

ഒരു ചങ്ങാതി ഇടക്കിടെ ചാറ്റില്‍ വന്ന്‍, ലവന്‍ തുടങ്ങാന്‍ പോകുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഇടാന്‍ പറ്റിയ പേര് അന്വേഷിക്കും. ഒരു നിര്‍ബന്ധമേയുള്ളൂ... സംഗതി ഇടിവെട്ട് ആയിരിക്കണം.
എന്നാല്‍ പിന്നെ 'ഇടിവെട്ടെന്നോ' 'കൊള്ളിയാന്‍' എന്നോ ഇട്ടൊന്ന് പറഞ്ഞാല്‍ കേള്‍ക്കത്തില്ല. ശകുന്തള, കൈപ്പവല്ലരി, ഒതളങ്ങ, തെങ്ങുംപൊറ്റ, വാസവദത്ത തുടങ്ങിയ കാവ്യാത്മകമായ പലപേരുകളും ഞാന്‍ നിര്‍ദേശിക്കാറുണ്ട്. 
'ങാ.. ങ്ങൂ...' എന്ന്‍ മൂളി അങ്ങേര് പോകും. ഒന്നോരണ്ടോ മാസങ്ങള്‍ക്ക് ശേഷം അതെ ആവശ്യവുമായി വീണ്ടും വരും. അങ്ങനെഇരിക്കേ, ഒരുദിവസം
'പരിപ്പുവട.കോം' എങ്ങനെണ്ട്.. എങ്ങനുണ്ട്..? എന്ന്‍ ചോദിച്ച് ഇന്നച്ചന്‍ സ്റ്റൈലില്‍ ചാടി വീണു.
കിടിലന്‍, കിക്കിടിലന്‍ എന്ന്ഞാന്‍.
അപ്പൊ ദാണ്ടെ കിടക്കുന്നു. 'ചുമ്മാ ഒഴിവാക്കാന്‍ പറയുകാ അല്ലേ...'ന്ന്
'ഉണ്ട'
ദേഷ്യപ്പെട്ട് ഞാന്‍ സൈന്‍ ഔട്ട് അടിച്ചു. ചങ്ക് തുറന്നു കാണിച്ചാലും ചിലര് പറയും ചെമ്പരത്തീന്ന്. പക്ഷേ ലവന്‍ അങ്ങനല്ല കേട്ടോ. കഴിഞ്ഞ ദിവസം കാണിച്ച സൈന്‍ ബോര്‍ഡ് കണ്ട് കണ്ണു നിറഞ്ഞു പോയി.
'ഉണ്ട.കോം'

Saturday, June 25, 2016

എല്ലും പല്ലും

ജീവിതം യൗവന തീഷണവും രുചിദായകവുമായ ഈ നിമിഷത്തിൽ ഞാൻ ചോദിക്കുകയാണു.. പ്രിയ പല്ലു വേദനേ.. ഒന്ന് ഒഴിഞ്ഞു തരാമോ?
പുല്ല്! എന്നിട്ടു വേണം നാല് എല്ല് കടിച്ചു പറിക്കാൻ

'ആന്റി'ബയോട്ടിക്‌

ആന്റിബയോട്ടിക്‌ കഴിക്കുമ്പോൾ ചൊറിച്ചിലുണ്ടെങ്കിൽ വിളിച്ചറിയിക്കണമെന്ന് പറഞ്ഞ ഡോക്ടർ മറിയാമ്മ ഇന്ന് പറയുന്നു; 'അല്ലേലും തനിക്കിച്ചിരി ചോറിച്ചിലു കൂടുതലാ വെക്കടോ ഫോൺ'ന്ന്!
എന്തൊരു വൈരുധ്യാത്മക ലോകമാണിത്‌!!

Friday, June 24, 2016

അള്‍സര്‍ സാഹിത്യം

അന്യായ സാഹിത്യപ്രേമിയായ ഒരു കക്ഷി എല്ലാ ദിവസവും ഉച്ചനേരത്ത്‌ തൊട്ടടുത്ത ഓഫീസിലുള്ള പരിചയക്കാരനെ സന്ദർശ്ശിക്കുകയും കവിതകൾ ചൊല്ലികേൾപ്പിക്കുകയും പതിവായിരുന്നു. പാത്രത്തിൽ കൈ ഇടുന്നതിനു മുൻപേ ആളെത്തുന്നതിനാൽ ഉച്ചഭക്ഷണം ഇങ്ങേരു പോയിക്കഴിഞ്ഞ്‌ ആകമെന്ന് കരുതി മാറ്റിവെച്ച്‌, 'ആറിയ കഞ്ഞി പഴങ്കഞ്ഞിയായി' ഉപേക്ഷിച്ച്‌ ഒടുവിൽ അൾസർ പിടിച്ച്‌ പാവം ആശുപത്രിയിലായി.
ഇതുപോലെ വിളിക്കാതെ കയറി വരുന്ന ചില അതിഥികളുണ്ട്‌. ചിലർ സർപ്പ്രൈസ്‌ സമ്മാനിക്കുമെങ്കിലും മറ്റേത്‌ അൾസർ പോലെ മാരകമായിരിക്കും

Thursday, June 23, 2016

സാമുദായിക യോഗ

ആചാര്യ ജോസ്ഗുരു യോഗേടെ കാര്യത്തില്‍ ഒന്നുംപറഞ്ഞില്ല.?
എല്ലാസമുദായത്തിലെയും വിവാഹിതര്‍ 'പുഷപ്പ്' എടുത്താല്‍ മതിയെന്നും അവിവാഹിതര്‍ക്ക് താത്പര്യമെങ്കില്‍ യോഗ ആവാം എന്നുമാണ് എന്റെ ഒരിത്.
പോക്രിത്തരം പറയരുത്. ഇത് പത്രത്തില്‍ കൊടുക്കനുള്ളതാ... സാമുദായികം സന്തുലനം, പൊതുജന താത്പര്യം, രാജ്യസ്നേഹം ഇവ മുന്‍നിര്‍ത്തിയാവണം. യുവതലമുറയെ വഴിതെറ്റിക്കരുത്.
ഇതൊക്കെ താന്‍തന്നെ തീരുമാനിക്കുവാണേല്‍ ഞാനെന്നാ പറയാനാ.. എങ്കിലും തനിക്കെന്താണ് അറിയേണ്ടതെന്ന്‍ എനിക്കറിയാം.
ശരി, നസ്രാണിക്ക് വേണ്ടി ഒരു ഇടയലേഖനം എഴുതാന്‍ മേത്രാനോടു പറഞ്ഞിട്ടുണ്ട്.
സാധാരണ കുര്‍ബാന മുക്കാല്‍ മണിക്കൂര്‍ കഷ്ടി, പാട്ട് കുര്‍ബാന ഒരുമണിക്കൂര്‍ ചില്വാനം, റാസായാണെങ്കില്‍ രണ്ടുമണിക്കൂര്‍ മീതി. ഇതിലൊക്കെ ദിവസവും പങ്കെടുത്ത് ഇരുന്നും എണീറ്റും മുട്ടിന്‍മേല്‍ നിന്നും കുമ്പിട്ടും കട്ടേം പടോം മടങ്ങുന്ന വിശ്വാസി യോഗചെയ്തില്ലെങ്കിലും കുഴപ്പമില്ല. ഇല്ലാത്തവര്‍ യോഗയ്ക്ക് പോട്ടെ.
അഞ്ചുനേരം വജ്രാസനത്തില്‍ ഇരുന്ന് നേരെചൊവ്വേ നിസ്കരിക്കുന്ന മുസ്ലീങ്ങള്‍ സകല ദുര്‍മേദസും ഇറക്കിവിട്ട് മട്ടന്‍ ബിരിയാണി തട്ടാന്‍ പ്രാപ്തരാണെന്ന് മുസലിയാരും ഇണ്ടാസ് വിടും. അല്ലാത്തവര്‍ യോഗയ്ക്ക് പോട്ടെ.

പറ്റ്‌

ആഗോള തലത്തിൽ മദ്യപാനികൾ പൊതുവേ മനുഷ്യ'പറ്റ്‌' ഉള്ളവരായാണു കണ്ടുവരുന്നത്‌. മനുഷ്യപറ്റ്‌ ഇല്ലാത്തവർ ആരുടെയെങ്കിലും കൈപാങ്ങിനു പറ്റുന്നവരോ, കടം പറ്റുന്നവരോ, നിലം പറ്റുന്നവരോ, ഓടയിൽ പറ്റുന്നവരോ ആയിരിക്കും. 
ഏതായാലും പറ്റിയത്‌ പറ്റി!

Sunday, June 19, 2016

പൊളിച്ചെഴുത്ത്

"സാമ്പ്രദായിക വഴികളിൽ നിന്നുള്ള മാറി നടപ്പാണു എനിക്ക്‌ എഴുത്ത്‌."
അപ്പൊ ഇങ്ങേരു തന്നെ ഇന്നലെ സരസൂന്റെ വേലി പൊളിച്ചത്‌... പിടിയെടാ..

Saturday, June 18, 2016

ഒരു മുത്തശ്ശൻ കഥ

കുട്ടിയുടെ തലത്തിലേക്ക് ഇറങ്ങിവന്നപ്പോഴാണ് മുത്തശ്ശന് അവന്റെ പ്രവര്‍ത്തികളില്‍ കൌതുകം തോന്നിയത്. അതിനു മുന്‍പേ ആ വികൃതികള്‍ അയാളെ ആലോസരപ്പെടുത്തുകയും കാണുന്നതെന്തിനും കോപിക്കുകയും ചെയ്തിരുന്നു. ഉച്ചത്തിലുള്ള ശബ്ദം വഴക്കുപറച്ചിലാണ് എന്നറിയാതെ കുട്ടി ഉറക്കെ ചിരിക്കുകയും സന്തോഷിക്കുകയും ചെയ്തു. ആക്രോശങ്ങള്‍ കണ്ടുചിരിക്കുന്ന കുട്ടിയെ ക്രമേണ മുത്തശ്ശനും ഇഷ്ടമായി. അവര്‍ കൂട്ടുകാരായി. എങ്കിലും മുത്തശ്ശന്റെ മഹത്വം കുട്ടിക്ക് മനസ്സിലായത് അവന്‍ വളര്‍ന്നപ്പോഴാണ്.
പരസ്പര സ്നേഹബഹുമാനങ്ങളിലൂടെ തലമുറകള്‍ കടന്നുപോയി. കുട്ടിയെ മനസ്സിലാക്കാത്ത മുത്തശ്ശന്‍മാര്‍ അടുത്ത തലമുറയോടെ വിസ്മൃതരായി. അപ്പൂപ്പന്റെതായ ഒരു കഥയും ഒരു കുട്ടിയും അവരുടെ മക്കൾക്ക്‌ പറഞ്ഞുകൊടുത്തില്ല.

Friday, June 17, 2016

മീഠാ പാൻ


മുറുക്കാൻ പൊതിഞ്ഞു കൊടുക്കവേ അയാൾ ചെമ്പകത്തിന്റെ കയ്യിൽ കടന്നു പിടിച്ചു. കുപ്പിവളകൾ പൊട്ടി. കരണം പുകഞ്ഞ അടിയേറ്റ്‌ അയാൾക്ക്‌ നിലതെറ്റി.
പിറ്റേന്ന് പൂക്കൂടയുമായ്‌ ബസ്സ്‌ സ്റ്റോപ്പിൽ നിൽക്കുമ്പോൾ മുറുക്കാൻ കടക്കാരൻ യാചനാപൂർവ്വം ഒരു മീഠാപാൻ അവൾക്കു വെച്ചുനീട്ടി. രൂക്ഷമായി ഒന്നു നോക്കിയെങ്കിലും അവൾ വാങ്ങി.
ഒരു കടിയിൽ നാവു കഴഞ്ഞു. കാലിടറി. വീണു.
തമിഴ്‌ യുവതി സയനൈഡ്‌ കഴിച്ച്‌ ജീവനൊടുക്കി. ഇനിയും അവശേഷിക്കുന്ന എൽ.ടി.ടി വേരുകൾ തേടി പോലീസ്‌... എന്ന് പത്രം.

Wednesday, June 15, 2016

ബര്‍ത്ത്ഡേ ഗിഫ്റ്റ്

രണ്ടും മൂന്നും വര്‍ഷത്തെ കൃത്യമായ ഇടവേളകളില്‍ ഏഴു പെണ്‍മക്കളെ പ്രസവിച്ചതിന് ഒടുവിലാണ് തന്റെ നാല്പത്തി രണ്ടാം വയസ്സില്‍ അമ്മച്ചി ഈയുള്ളവനെ ഡെലിവറി ചെയ്ത് ആ പരിപാടിക്ക് ഫുള്‍ സ്റ്റോപ്പ്‌ ഇടുന്നത്.
എട്ടാമന്‍ കൃഷ്ണന്‍ എന്ന ദുഷ്പേരുള്ളതിനാല്‍ അന്നുമിന്നും കരുതലോടെയാണ് ഞാന്‍ അടികള്‍ വെയ്കുന്നത്. അവതാര പുരുഷന്റെ പേര് ചേര്‍ത്ത് പൊലിപ്പിച്ചവര്‍ക്കൊക്കെ അധികം താമസിയാതെ ഇതൊരു അവരാതം തന്നെയാണെന്ന് മനസ്സിലായി.
മാതൃകാഅദ്ധ്യാപകരായ തങ്ങള്‍ക്ക് പേരുദോഷം ഉണ്ടാകാതിരിക്കാനോ എന്തോ പിറന്നാള്‍ ദിവസം അയല്‍ക്കാര്‍ക്കൊക്കെ സദ്യകൊടുത്ത് താത്ക്കാലികമായെങ്കിലും വായടപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചു. ഏഴെട്ടു വയസ്സായപ്പോള്‍ ഈ സദ്യയുടെ ഏര്‍പ്പാടില്‍ എനിക്ക് തന്നെ നാണം തോന്നി. എങ്കിലും അന്നത്തെ സദ്യക്ക് അതിന്റേതായ ഒരു വിലയുണ്ടായിരുന്നു. ഇന്നാണെങ്കില്‍ ഗിഫ്റ്റ് കിട്ടാന്‍ മാത്രമുള്ള ഒരു ദിവസമായേ ബര്‍ത്ത്ഡേ ബോയി പോലും ഈ ദിവസത്തെ കാണുന്നുള്ളൂ.
എല്ലാ പിറന്നാളിലും വീട്ടിലോട്ട് വിളിച്ച് അച്ചായന്റെയും അമ്മച്ചിയുടെയും ശബ്ദം ആദ്യം കേള്‍ക്കുക പതിവായിരുന്നു. കാരണം ഗിഫ്റ്റ് കൊടുക്കേണ്ടത്, നന്ദി പറയേണ്ടത് അവര്‍ക്കാണല്ലോ. ഇത്തവണ അതിലൊരു ശബ്ദം കേട്ടില്ല. ഇനി കേള്‍ക്കുകയുമില്ല. അച്ചായനില്ലാത്ത ആദ്യത്തെ പിറന്നാളാണ്.
നിറവയറുമായി നാട് നീളെ നടക്കുമ്പോള്‍ ഏല്‍ക്കുന്ന പരിഹാസമാണ് പ്രസവ വേദനെയെക്കാള്‍ അസഹനീയം എന്ന് ഒരിക്കല്‍ അമ്മച്ചി അറിയാതെ പറഞ്ഞുപോയത് ഞാന്‍ കേട്ടിട്ടുണ്ട്. “ഇതും പെണ്ണായിരിക്കുമെടോ അതങ്ങ് കളഞ്ഞേക്ക്..” എന്ന് അച്ചായനെ ഉപദേശിച്ച അഭ്യുദയകാംക്ഷികള്‍ എന്റെ പിറന്നാള്‍ ദിനത്തില്‍ മിലിട്ടറി കുപ്പിക്ക് ഇരുപുറവും ഇരുന്ന് ആഹ്ലാദിക്കുന്നതും പിന്നീട് ഞാന്‍ കണ്ടിട്ടുണ്ട്.
പറഞ്ഞു വന്നത് സദ്യയെക്കുറിച്ചാണ്. അത് സ്നേഹം പങ്കു വെയ്ക്കലാണ്. മക്കളുടെ പിറന്നാളിനു വിളികുമ്പോള്‍ ആരും ഗിഫ്റ്റ് ഒന്നും കൊണ്ടുവരരുത് എന്ന് പ്രത്യേകം പറയും. നിങ്ങളും പറയണം. കാരണം അല്ലെങ്കില്‍ അത് വെറുമൊരു കൊടുക്കല്‍ വാങ്ങല്‍ ചടങ്ങ് മാത്രമായി പോകും.
അത്താഴം എല്ലാരും ഒന്നിച്ചിരുന്നു കഴിക്കണം എന്നത് വീട്ടില്‍ പണ്ടുമുതലേ നിര്‍ബന്ധമുള്ള സംഗതിയായിരുന്നു. പത്തുപേര്‍ക്കും തുല്യമായി വീതം വെച്ച് അമ്മച്ചിയും ഒപ്പം കഴിക്കും. ഇന്ന്‍ മക്കള്‍ ഓരോരുത്തര്‍ക്കും സ്വന്തം വീടും കുടുംബവും ആയെങ്കിലും തറവാട്ടു വീട്ടിലെ തീന്‍ മേശ ഇന്നും പത്തു പേര്‍ക്ക് ഇരിക്കാന്‍ പാകത്തിലുള്ളതാണ്. നമ്മുടെ അടുപ്പവും അകല്‍ച്ചയും ഊണുമുറിയില്‍ നിന്നാണ് തുടങ്ങുന്നത്. ദമ്പതിമാര്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാത്ത മേശപ്പുറങ്ങളില്‍ അരുചിയുടെ ചവര്‍പ്പ് ക്രമേണ ഉണ്ടാകും. ഇല്ലെങ്കില്‍ ഒന്ന് ശ്രദ്ധിച്ചോ...
നോമ്പു തുറയും ഒടുവിലത്തെ അത്താഴവും ഒക്കെ ഒന്നിച്ചുള്ള ഈ പങ്കുവെയ്ക്കലിനെയാണ് ഓര്‍മ്മപ്പെടുത്തുന്നത്.