Sunday, January 26, 2014

എക്സ് മിലിറ്റിറി റിപബ്ലിക്ആഘോഷങ്ങള്‍

നാട്ടിലെ എക്സ് മിലിട്രിക്കാരുടെ റിപ്പബ്ലിക് ദിന പരിപാടികളോട് അനുബന്ധിച്ചുള്ള സദ്യയിലേക്ക് ഒരിക്കല്‍ ക്ഷണം ലഭിച്ചു. തീറ്റിക്കാര്യമായകൊണ്ട് നേരത്തെ തന്നെ സംഭവ സ്ഥലത്ത് ഹാജര്‍ വെച്ചു. 

രാവിലെ ഒന്‍പതു മണിക്ക് ദേശീയ പതാക ഉയര്‍ത്തുന്നതിനു മുന്പായി ഹിന്ദിയില്‍ ചില മിലിട്രി കമാന്റുകളും ചെറിയ പരേഡും. നാല് സ്റെപ്പ് വെച്ചാല്‍ തോട്ടില്‍ വീഴും എന്നതിനാല്‍ കുട്ടനാട്ടില്‍ അത് പെട്ടന്ന് തീരും. പതാക ഉയര്‍ത്തിക്കഴിഞ്ഞാല്‍ റിക്കോര്ഡ് പാട്ടിടും. വെടി പൊട്ടിക്കുന്നതിനു പകരം ഗ്ലാസ് മുട്ടിക്കും. ചിയേര്‍സ്!! പിന്നെ ഗുലാന്‍ പരിശ്, റമ്മി തുടങ്ങിയ കായിക ഇനങ്ങള്‍. ഭരതനാട്യം കുച്ചിപ്പുടി തുടങ്ങിയ കലാരൂപങ്ങള്‍ ഇടവിട്ട് അരങ്ങേറും. ഊണിനു ശേഷം ഇരുന്നും കിടന്നുമുള്ള ചില നിശ്ചല ദൃശ്യങ്ങള്‍ ചുവന്നു മാറ്റപ്പെടും.

എ.കെ 47നും മറ്റ് അഡ്വാന്‍സ്ട് വെപ്പന്‍സ് കൈകാര്യം ചെയ്തെങ്കിലും വാളിനോടാണ് പലര്‍ക്കും പ്രിയം. മൂന്നു മണിക്കു ശേഷം തറ കഴുകി വൃത്തിയാക്കും. പ്രത്യേകം ക്ഷണിച്ചതിന്റെ ഗുട്ടന്‍സ് അപ്പോഴാ പിടികിട്ടിയത്.

ഉത്തരം കിട്ടാത്ത ചോദ്യം

പൊതു വിജ്ഞാന പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ പേര്‍ 'മൈനസ് മാര്‍ക്ക്' ഭയന്ന്‍ ഉത്തരം എഴുതാതെ വിട്ടത് ഗൌരിയമ്മയുടെ പാര്‍ട്ടി 'ജെ. എസ്. എസ്.' ന്‍റെ ചിഹ്നമേത് എന്ന ചോദ്യമാണ്.

അതിന്‍റെ ഭാവി എന്ത്? എന്ന ചോദ്യത്തിനുള്ള ഉത്തരവും അതുതന്നെയാണ് !

Friday, January 24, 2014

ഉദ്ദിഷ്ടകാര്യത്തിന്

എത്രയും പെട്ടന്ന് എന്റെ കാര്യത്തിൽ ഒരു തീരുമാനമാക്കുകയും ഒരു പുതുജീവിതം സമ്മാനിക്കുകയും ചെയ്തതിൽ അതിയായ നന്ദിയും കടപ്പാടും രെഖപ്പെടുത്താൻ ഓപ്പണായി
പറ്റുകയില്ലെങ്കിലും സ്മരണയുണ്ട്‌.

ഒത്തിരി

സ്നേഹത്തൊടെ 
പിസി. ജോർജ്ജിനു
പ്രിയ അനിയൻ ഗണേഷൻ.

Wednesday, January 22, 2014

എന്റര്‍ടെയിനര്‍

സുഹൃത്തിന്‍റെ അപ്പന്‍ മരിച്ചു. കൂട്ടുകാര്‍ മരണ വീട്ടില്‍ ചെല്ലുമ്പോള്‍ രാത്രി ഫ്ലൈറ്റില്‍ ഗള്‍ഫില്‍ നിന്നും എത്തിയ സുഹൃത്ത് യാത്രാ ക്ഷീണത്താലും ദുഃഖ ഭാരത്താലും വലഞ്ഞ് ശവശരീരത്തിന്റെ തലയ്ക്കല്‍ തല കുനിച്ച് നില്‍ക്കുകയായിരുന്നു. അയാളുടെ ഓരോ വരവും ആഘോഷമാക്കിയിരുന്നു അവര്‍. പക്ഷേ ഇന്ന്.....
ഉറ്റസുഹൃത്തുക്കളെ അയാള്‍ തലയുയര്‍ത്തി നോക്കി. വീണ്ടും ശിരസ് കുനിഞ്ഞു. അടുത്ത തവണ നിവര്‍ന്നപ്പോള്‍ കൂട്ടുകാരെ നോക്കി ഇന്നസെന്റ് സ്റ്റൈലില്‍ മുഖം ഇടത്തോട്ട് രണ്ടുതവണ വെട്ടിച്ചു. അതികഠിനമായ മനോവേദനയാല്‍ വെട്ടുവാതം ബാധിച്ചതാണോ എന്നാദ്യം അവര്‍ സംശയിച്ചെങ്കിലും സ്റെയര്‍കെസിലേക്കാണ് വഴികാട്ടുന്നത് എന്ന കോഡ് പൊടുന്നനെ വായിച്ചെടുത്തു.
മുകളിലത്തെ മുറിയില്‍ ആവശ്യത്തിനുള്ള സാധനവും വെള്ളവും ഗ്ലാസും സോഡയും ടച്ചിങ്ങ്സും വെച്ചിരുന്നു. 'വാട്ട് എ സെറ്റപ്പ്!' സുഹൃത്തുക്കള്‍ക്ക് എന്നും അയാളൊരു എന്റര്‍ടെയ്നര്‍ തന്നെയായിരുന്നു. 'എ റിയല്‍ എന്റര്‍ടെയ്നര്‍! 'വീണ്ടും അയാളത് അരക്കിട്ടുറപ്പിക്കുന്നു.
എട്ടുവയസുകാരന്‍ അപ്പന്‍റെ കുപ്പിയെടുത്ത് അടിച്ച് മരിച്ചത് അറിഞ്ഞപ്പോള്‍ ഞാനിത് വീണ്ടും ഓര്‍ത്തു. മകന്‍റെ ശവശരീരത്തിന്റെ തലയ്ക്കല്‍ നില്‍ക്കുമ്പോഴും നമുക്ക് അതേ എന്റര്‍ടെയ്നര്‍ ആകാന്‍ കഴിയുമോ? എങ്കില്‍ വീണ്ടും വീണ്ടും നമ്മള്‍ റിയല്‍ എന്റര്‍ടെയ്നെര്സ് ആണെന്ന് പ്രൂവ് ചെയ്തുകൊണ്ടേയിരിക്കും. മറിച്ച് പറ്റുന്നില്ലെങ്കില്‍...........? ഒരേ ചോരയാണെങ്കിലും മകനോടാണ് നമുക്ക് മമത. "പുതിയ തലമുറ പുതിയ ഉത്പന്നങ്ങളെ മാത്രം സ്നേഹിക്കുന്നു."

മാലിന്യ സംസ്കരണം

എടുക്കാ ചരക്കുകളെ കൊണ്ട് മലയാള സിനിമയും നിറഞ്ഞു.
മാലിന്യ സംസ്കരണമാണ് എല്ലായിടത്തും പ്രശനം! 

Sunday, January 19, 2014

പിന്‍തിരിപ്പന്‍

ഉയരമുള്ള കെട്ടിടങ്ങളുടെ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോഴാണ് പറക്കാനുള്ള ആഗ്രഹത്തിനു പ്രവേഗം വര്‍ദ്ധിക്കുക. പ്രലോഭനം പെരുവിരലിനടിയില്‍ ഒരു തരിപ്പായി അനുഭവപ്പെടുമ്പോള്‍ പിന്‍വാങ്ങുകയാണ് പതിവ്. അപ്പോള്‍ ആളുകള്‍ പിന്‍തിരിപ്പന്‍ എന്നുവിളിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു.