Tuesday, January 20, 2015

അടുത്ത ബെല്ലോടു കൂടി..

ദൈവസഹായത്താല്‍ സ്കൂള്‍ യുവജനോത്സവത്തിനൊന്നും സംസ്ഥാന തലത്തില്‍ മത്സരിക്കേണ്ട ഗതികേട് ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും യന്ത്രങ്ങളുടെ പ്രവര്‍ത്തനം പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ ഗ്രേസ് മാര്‍ക്ക് കിട്ടുമെന്ന അതിമോഹത്തില്‍ ഒരു സംസ്ഥാന പൊളിടെക്നിക് കലോത്സവത്തില്‍ പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്. ഏതാണ്ട് നാലോളം വ്യക്തിഗത ഐറ്റങ്ങളില്‍ തനിയേ കോളേജിനെ പ്രതിനിധീകരിക്കേണ്ടി വന്നു എന്നതില്‍ നിന്നും കൊളേജിലെ കലാ ദാരിദ്ര്യം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.
വെറുതേ കിട്ടുന്ന ഈ മാര്‍ക്ക് പരീക്ഷ കടന്നു കിട്ടാന്‍ മുക്രയിടുന്നവര്‍ക്ക് ഒരു മോഹക്കനിയാണ്. എങ്കിലും കല ലവലേശമില്ലാത്ത ഹോസ്റല്‍ കേടികള്‍ക്ക് തലകാണിക്കാന്‍ ഒരവസരം എവിടെ? അതിനും പോംവഴിയുണ്ട്. നാടകം!
ഒരു നാടകം പരിശീലിപ്പിച്ച് രംഗത്ത് അവതരിപ്പിച്ച് സമ്മാനം വാങ്ങിച്ചു തരാന്‍ കെല്‍പ്പുള്ള ആചാര്യന്മാര്‍ ഉള്ളപ്പോള്‍ പിന്നെന്നാ നോക്കാനാ..! പിരിവിട്ടതോടെ ആശാന്‍ അവതരിച്ചു. ഉള്ളത് പറയാമല്ലോ, നല്ല തങ്കപ്പെട്ട മനുഷ്യനായിരുന്നു.
രാത്രിയും പകലും നാടകക്കളരി. അരമണിക്കൂര്‍ ഈടവിട്ട് ആശാന്‍ രണ്ടെണ്ണം അടിക്കും. തട്ടില്‍ പുള്ളിയെ നോക്കി വെള്ളമിറക്കി നില്‍ക്കുന്ന അഭിനേതാക്കളോട് പുള്ളി പറയും.
'മക്കളേ..കാലിലെ ആണി കാരണം..വേദന സഹിക്കാന്‍ മേലാഞ്ഞിട്ടാ..!, ശ്രദ്ധ പതറരുത്, നമുക്ക് തുടങ്ങാം.."
'ഓസിലടി' നടക്കുന്നതുകൊണ്ട് ആശാന്റെ ആണി ആ കാലത്ത് കണ്ടമാനം അങ്ങ് മൂര്‍ച്ചിച്ചു.
ഒടുവില്‍ മത്സര ദിവസമെത്തി. പച്ചപ്പരിഷ്കാരികള്‍ അവതരിപ്പിക്കുന്ന 'സാമൂഹിക പരിഷ്കരണ' നാടകം. ആളെണ്ണം കുറയാതിരിക്കാന്‍ അച്ഛനും കപ്യാരും മുക്രിയും മുസലിയാരും നായരും മേനോനും ഒക്കെയുള്ള ഒന്നൊന്നര ഐറ്റം.
സ്റ്റേജിലെ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉച്ചസ്ഥായിയില്‍ എത്തിനില്‍ക്കുമ്പോഴാണ് മണിയടിച്ചത്. അപ്പോഴാണ്‌ ഇതിനൊരു സമയവും കാലവും ഒക്കെയുണ്ടെന്ന് ആശാനും പിള്ളേര്‍ക്കും മനസിലായത്!
വാണിംഗ് ബെല്ലും ഫൈനല്‍ ബെല്ലും അടിച്ചിട്ടും നാടകം ഒരു നടക്ക് തീരുന്ന ലക്ഷണമില്ല. സംഘാടകരുടെ ക്ഷമ നശിച്ചു. അവര് പിറകില്‍ നിന്നു 'കണ്ണാകുണ്ണാ' പറയാന്‍ തുടങ്ങി. തട്ടില്‍ കേറാന്‍ ബാക്കിയുള്ളവരും തട്ടില്‍ നില്‍ക്കുന്നവരും എല്ലാം ആശാനെ ആശയോടെ നോക്കി.. അങ്ങേര് ആണി മൂര്ചിച്ച് ആട്ടമാണ്.
ആലോചനയ്ക്ക് ഒടുവില്‍ പുള്ളിയുടെ ഉള്ളില്‍ സൊലൂഷന്‍ തെളിഞ്ഞു.
ട്വിസ്റ്റ്...!! ഒടുക്കത്തെ ട്വിസ്റ്റ്...!
സ്റെജില്‍ നില്‍ക്കുന്ന പള്ളീലച്ചനോട്‌ പുള്ളി പറഞ്ഞു. "നീ മറ്റവനെ അങ്ങ് തട്ടിയേക്ക്..കഥ തീരും!!"
അതുകേട്ട് വട്ടായ അച്ഛന്‍ വട്ടം നോക്കി.
ആശാന്റെ ട്വിസ്റ്റ്‌ പൂര്‍ത്തിയാക്കും മുന്‍പേ വേറെ ആണുങ്ങള് കര്‍ട്ടന്‍ ഇട്ട് എല്ലാറ്റിനെയും ഇറക്കിവിട്ടു..
ശേഷം ഗ്രീന്‍ റൂമില്‍ ചില ഞരക്കങ്ങള്‍...
"കൈവെക്കരുത്...നിങ്ങളൊക്കെ ഭാവിയുള്ളവരാന് ഗുരുശാപം മേടിക്കരുത്.'
ആ ഗുരുത്വ ദോഷം കൊണ്ടോ എന്തോ അഭിനേതാക്കളില്‍ പലരും ഇന്ന് ഗള്‍ഫിലാണ്.

Monday, January 19, 2015

നോ ഫ്ലൈ സോണ്‍

രാവിലെ ആറിനും ആറരയ്ക്കും ഇടക്കാണ് പഞ്ചായത്ത് പ്രസിഡന്റ്റ് ഔസേപ്പച്ചന്‍ വെളിക്കിറങ്ങാന്‍ പോകുന്നത്. 
മക്കളൊക്കെ വല്യ നിലയില്‍ ആയെങ്കിലും ചെറുപ്പം തൊട്ടുള്ള ശീലമായതു കൊണ്ട് ഓപ്പന്‍ എയറില്‍ പുല്ല് മുട്ടാതെ പുള്ളിക്ക് പോകില്ല.
ആറിനും ആറരയ്ക്കും മധ്യേ കുന്നിന്‍ മുകളിലൂടെ പോകുന്ന വിമാനങ്ങള്‍ തന്റെ കോണ്‍സന്ട്രേഷന്‍ കളയുന്നതിനാല്‍ അത് തടയണമെന്ന് ആവശ്യപ്പെട്ട് പുള്ളി വ്യോമയാന മന്ത്രിക്ക് കത്തെഴുതി. ഉത്തരം കിട്ടാത്തതിനാല്‍ പഞ്ചായത്ത് സ്ടാന്റിംഗ്കമ്മറ്റി വിളിച്ചു ചേര്‍ത്ത് 'നോ ഫ്ലൈ സോണ്‍' പ്രമേയം പാസാക്കി.
പിറ്റേന്ന് മോശം കാലാവസ്ഥ കൊണ്ടോ, ദുഫായില്‍ നിന്നുള്ള എയര്‍ ഇന്ത്യ പൊങ്ങാഞ്ഞത് കൊണ്ടോ എന്തോ കുത്തിയിരിക്കുമ്പോള്‍ ഔസേപ്പച്ചന്‍ ഇരമ്പല്‍ കേട്ടില്ല. തന്റെ പ്രമേയത്തിന്റെ പവര്‍ കൊണ്ട് ഏവിയേഷന്‍ വകുപ്പ് ആവിയായിപ്പോയത്തില്‍ അഭിമാനം തോന്നിയെങ്കിലും ഔസേപ്പച്ചന്റെ 'അന്നത്തെ പരിപാടി' സക്സസ് ആയില്ല!.
എയര്‍ ഗട്ടര്‍ മൂലം പുതിയ വ്യോമ പാത കണ്ടുപിടിച്ചതിനാല്‍ പിന്നീടൊരിക്കലും കുന്നിന്‍ മുകളിലൂടെ വിമാനം പറന്നില്ല. ഔസേപ്പച്ചന്‍ വിഷമ വൃത്തത്തിലായി. അന്ന് തുടങ്ങിയ പ്രശ്നം പിന്നീടങ്ങോട്ട് സോള്‍വ് ആയില്ല. മരുന്ന് കഴിച്ചു. എനിമ വെച്ചു. ലൊക്കേഷന്‍ മാറി ഇരുന്നു. നോ..രക്ഷ!
അങ്ങനെ ഒരു ദിവസം, ചന്ദ്രേട്ടന്റെ ചായക്കടയില്‍ ഇരിക്കുമ്പോള്‍, ഒരു റേഡിയോ പരസ്യത്തില്‍ വിമാനത്തിന്റെ ഇരമ്പല്‍ കേട്ടപ്പോള്‍ പ്രസിഡന്റിന്റെ വയറ്റില്‍ തിരയിളക്കം അനുഭവപ്പെട്ടു. പുള്ളി കുന്നില്‍ പുറത്തേക്ക് ഓടി..!
യുറീക്ക...!!
അന്ന് മുതല്‍, വിമാനത്തിന്റെ ഇരമ്പല്‍ റിക്കോര്‍ഡ്‌ ചെയ്ത ഒരു ടേപ്പ് റിക്കാര്‍ഡറുമായേ പുള്ളി വെളുപ്പിനേ ഇറങ്ങൂ...!

Wednesday, January 14, 2015

പെട്രോള്‍ പണി

പത്തുകൊല്ലം മുന്‍പ് ഒരു ബന്ദ് ദിവസം. ഏറണാകുളത്തു നിന്നും വീട്ടിലേക്ക് അത്യാവശ്യം വരേണ്ടതുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ബന്ദ്‌ ടൈം. അത് കണക്കുകൂട്ടി ബൈക്കില്‍ വെളുപ്പിനെ പുറപ്പെട്ടു. വീടിനോട് ഏതാണ്ട് നാല് കിലോമീറ്റര്‍ അകലെവെച്ച്, ആറുമണിയോടടുത്ത് ബന്ദ് അനുകൂലികള്‍ വണ്ടി തടഞ്ഞു.
"എടോ ഇന്ന് വണ്ടി ഓടിക്കരുത് എന്ന് അറിയാന്‍ മേലേ? തനിക്കൊക്കെ വേണ്ടിയാടോ ഞങ്ങള്‍ ഈ കഷ്ടപ്പെടുന്നത്. (പെട്രോളിന് രണ്ടു രൂപ കൂട്ടിതാണ് ഭാരത് ബന്ദിന് വിഷയം.)
യാത്രയുടെ ഉദ്ദേശം വിശദീകരിച്ചു കൊണ്ടിരിക്കെ ഒരാള്‍ ബൈക്കിന്റെ കീ എടുത്ത് വലിച്ചെറിഞ്ഞു.
ഞാന്‍ ദയനീയമായി ആ മുഖങ്ങളോരോന്നും പരതി. പരിചയമെന്നു തോന്നിയ ഒന്ന് എനിക്ക് ദൃഷ്ടി തരാതെ വെട്ടിച്ചു പിടിച്ചു പറഞ്ഞു.
'ആ തത്കാലം വിട്ടേക്കടാ '
അതിനെ ചൊല്ലി അവിടെ ഒരു ചെറിയ തര്‍ക്കം ഉടലെടുത്തു. ഒടുവില്‍ തീരുമാനം വന്നു.
'...വേറാരെങ്കിലും തടഞ്ഞാല്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല. വേണേല്‍ കീ പോയി എടുത്ത് വണ്ടി വിട്ടോ...'
താക്കോല്‍ എടുക്കാന്‍ വണ്ടിയില്‍ നിന്നിറങ്ങവേ പ്രീഡിഗ്രിക്ക് കൂടെപ്പഠിച്ച സുഹൃത്ത് ചാവി നീട്ടി.
2004ല്‍ ക്രൂഡോയില്‍ വില 80 ഉം പെട്രോള്‍ വില 45 ഉം ഉള്ള കാലത്ത് രണ്ടു രൂപ കൂട്ടിയതില്‍ പ്രതിഷേധിച്ച സുഹൃത്തിന്റെ പാര്‍ട്ടി ഇന്ന് കേന്ദ്രം ഭരിക്കുമ്പോള്‍ അതേ വിലകള്‍ ഏതാണ്ട് റിവേര്‍സ് ഗിയറിലാണ് എന്നത് മറന്നു പോയോ?
രാഷ്ട്രീയ നേട്ടമില്ലാത്ത ഒന്നിനോടും പ്രതികരിക്കില്ല എന്ന വിധത്തിലേക്ക് എല്ലാ പാര്‍ട്ടികളും തരം താണിരിക്കുന്നു. ഇടതു പക്ഷക്കാരേ സമരം ചെയ്തു പൊളിയുക എന്ന ഭയം പിടികൂടിക്കാണും കോര്‍പ്പറേറ്റുകളെ പൂജിച്ച കൊണ്ഗ്രസുകാര്‍ മിണ്ടാതിരിക്കുന്നത് ഈ സര്‍ക്കാര്‍ പഴയ പദ്ധതികളുടെ പേര് മാറ്റി കളിക്കുന്നതല്ലാതെ ഇതുവരെ പുതുതായി ഒന്നും ചെയ്തിട്ടില്ല. എന്നതുകൊണ്ടാവാം. ഈ സര്‍ക്കാരിനെ മൂന്നാം യു.പി,എ എന്ന് വിളിക്കുന്നതില്‍ തെറ്റില്ല.
എങ്കിലും ഒന്ന് പറയാതെ വയ്യ. മുന്‍പ് ഒരു കാലത്തും വാഗ്ദാനങ്ങളിലും വാര്‍ത്തകള്‍ വഴിയും ജനങ്ങള്‍ ഇത്രയധികം വഞ്ചിക്കപ്പെട്ടിട്ടില്ല. എന്നിട്ടും ആര്‍ക്കും നാവ് പൊന്താത്തതിലെ ദണ്ണം ഞാന്‍ ഇവിടെ എഴുതി തീര്‍ക്കുന്നു.
ഇന്ന് ആദ്യമായി പെട്രോള്‍ വിലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഏതെങ്കിലും പാര്‍ട്ടി ഒരു ബന്ദ്‌ സംഘടിപ്പിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.

Sunday, January 11, 2015

ഫോണ്‍ ബാങ്കിംഗ് - ഒരു കൈ സഹായം

എട്ടുകൊല്ലത്തെ നിരന്തരമായ അധ്വാനത്തിനൊടുവില്‍ ATM കാര്‍ഡ് പറഞ്ഞു. 'സോറി..ഇനി എനിക്ക് വയ്യ!' 
നീയുണ്ടെന്ന ധൈര്യത്തില്‍ പേര്സിന്റെ ഘനം നോക്കാതെ നടക്കുന്ന എന്നോട് നീ ചുമ്മാ തമാശിക്കരുത്. നേരേ അടുത്ത മഷീനില്‍ ഇട്ടു നോക്കി. നോ..രക്ഷ! 
വിധി! വേറെ ഗതിയില്ലാതെ ബാങ്കിലേക്ക്... 
"സാര്‍, ഇത്തരം കേസുകള്‍ ഇവിടെ എടുക്കില്ല. ഞങ്ങളുടെ ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കൂ...."
ഓ... . 
'വെല്‍ക്കം ടു ദി..ബാങ്ക്..നിങ്ങള്‍ ഇവിടുത്തെ കസ്ടമര്‍ ആണെകില്‍ അവിടെ ഞെക്കൂ..അവിടുത്തെ ആളാണെങ്കില്‍ ഇവിടെ ഞെക്കൂ..
ആധാരവും അടിയാധാരവും എടുക്കൂ... ജനനം..മരണം.. സെന്‍സസ്.
പ്ലീസ് ഹോള്‍ഡ്‌...
ഓ... .
'ഓഹോ..അതായിരുന്നല്ലേ കാര്യം. നിങ്ങളുടെ കോള്‍ ഇവിടെയല്ല. മറ്റേടത്തേക്ക് ട്രാസ്നഫാര്‍ ചെയ്യുന്നു....
ങേ...
'ഞങ്ങളുടെ സര്‍വീസ് എജെന്റ്സ് എല്ലാം മുടിഞ്ഞ തിരക്കിലാണ് പ്ലീസ് ഹോള്‍ഡ്‌....
ഓ... .
അഞ്ചു മിനിട്ട് കഴിഞ്ഞിട്ടും അനക്കമില്ല. ദൈവസഹായത്താല്‍ ആ കോള്‍ കട്ടായി!
വീണ്ടും ചടങ്ങ് ആദ്യം മുതല്‍.
ഒടുക്കം ഒരു കസ്ടമര്‍ സര്‍വീലെ ഒരു ആവേശ കമ്മറ്റിക്കാരന്‍ ഫോണ്‍ എടുത്തു..
'സര്‍, എന്ത് സഹായമാണ് വേണ്ടത്?'
എന്റെ ATM കാര്‍ഡ് നടക്കുന്നില്ല. നയാ പൈസ എടുക്കാനില്ല.
പെട്ടന്ന്‍ അങ്ങനെ സംഭവിക്കാന്‍ കാരണം?
പെട്ടന്നല്ല. എട്ടു വര്ഷം കൊണ്ട് ആ കാര്‍ഡിന്റെ പരിപ്പ് എടുത്തതാ..വര്‍ഷാ വര്‍ഷം ചോദിക്കാതെ പുതിയ ക്രെഡിറ്റ്കാര്‍ഡ് അയച്ചു തരുന്ന നിങ്ങള്‍ പാവം ഡെബിറ്റ് കാര്‍ഡിനെ മറന്നത് ശരിയല്ല.
ചിരി..
ഡോണ്ട് വറി സര്‍..വീ വില്‍ പ്രോസസ് യുവര്‍ റിക്വസ്റ്റ്. താങ്കള്‍ ഞങ്ങളുടെ 'ഏക്സലന്റ് ആന്‍ഡ്‌ വെടിച്ചില്ല്' കസ്ടമര്‍ ആയതുകൊണ്ട് ഈ സേവനം 'അബ്സല്യൂട്ട്ളി ഫ്രീ' യായി നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പുതിയ കാര്‍ഡിന് ഫീസ്‌ ഈടാക്കുന്നില്ല.
ആഹാ....ടാങ്ക്യൂ..ടാങ്ക്യൂ..
അല്ല.ശരിക്കും പുതിയ കാര്‍ഡിന് എത്രയാ ചാര്‍ജ്ജ്?
'പത്തു ദിര്‍ഹംസ്'
ങേ..!
'വിത്തിന്‍ ഫോര്‍ ടു ഫൈവ് വര്‍ക്കിംഗ് ഡെയ്സ്..സാധനം സാറിന്റെ കയ്യില്‍ കിട്ടും'
'അയ്യോ..അപ്പൊ ഇപ്പോള്‍ ഞാനെങ്ങനെ കാശ് എടുക്കും?'
'അത് ബാങ്കില്‍ പോയാല്‍ മതി.'
ങേ..!

Wednesday, January 7, 2015

ആം ഐ ആം ഡ്രൈവിംഗ് സേഫ്ലി?

രാവിലെ ബംബര്‍ ടു ബംബര്‍ ട്രാഫിക്. ഡ്രൈവിംഗിന്റെ ടെന്‍ഷന്‍ ഏതുമില്ലാതെ ലോനപ്പന്‍ സൈഡ് സീറ്റില്‍ ഇരുന്ന് ഉറങ്ങുന്നു. പെട്ടന്നൊരു പിക്കപ്പ് വാന്‍ മുന്‍പിലേക്ക് കുത്തിക്കയറ്റി. സുഹൃത്ത് വണ്ടി ചവുട്ടി! മൂക്കത്ത് ശുണ്ഠിയുള്ള ലോനപ്പന്റെ മൂക്ക് ഡാഷ്‌ബോര്‍ഡില്‍ മുട്ടി. ഞെട്ടി എണീറ്റ് ഒരുമിനിറ്റ് നേരത്തേക്ക് പൂരത്തെറി. നോക്കിയപ്പോള്‍ ഡിസിപ്ലിന്‍ ഇല്ലാതെ പോകുന്ന മുന്‍പിലെ പിക്കപ്പ് വാനിന്റെ പിറകില്‍ 'Am I Driving Safely? if not please call' എന്ന് നമ്പര്‍! പിന്നെന്നാ നോക്കാനാ..
'അല്ലേലും ഈ 'പച്ച' &^*%മോന്‍ മാര്‍ക്ക് ഇത്തിരി കൂടുതലാ..അവന്റെ ഓഫീസില്‍ വിളിച്ച് കമ്പ്ലെയിന്റ് ചെയ്തിട്ട് തന്നെ കാര്യം. വിളിക്കെടാ...നമ്പറില്‍..'
ലോനപ്പന്‍ കലിപ്പില്‍ തന്നെ.
ഞാന്‍ വണ്ടിയോടിക്കുവല്ലേ...നിങ്ങള് തന്നെ വിളി. സ്പീക്കറില്‍ ഇട്ടാല്‍ മതി.
"ഹലോ,...യുവര്‍ ഡ്രൈവര്‍ ഈസ്‌ ക്രേസി...ഹി..ഈസ്‌ ഡെഞ്ചറ...സ്......ഡ്രൈ....."
' വെച്ചിട്ട് പോടാ..തെണ്ടി. ഞാന്‍ തന്നെയാ വണ്ടി ഓടിക്കുന്നത്'!!

Monday, January 5, 2015

മേസ്തരി വക എക്സൈസ് തീരുവ.

ഇന്നലെ വരെ 750 രൂപ തച്ചിനു പണിത മേസ്തരി ഇന്ന് കൂലി 800 ആക്കിയതിന്റെ കാരണം അന്വേഷിച്ചപ്പോഴാ......
ദൈവത്തെ ഓര്‍ത്ത്'കള്ളിന്റെ വില കൂട്ടിയുള്ള മദ്യനിരോധനം 'ഘട്ടം ഘട്ടമായി' നടപ്പാക്കി ഞങ്ങളെ സഹായിക്കരുത്. ഒരുപ്പോക്ക് ഇത് നിര്‍ത്തുകയോ വാറ്റി കുടിക്കാനുള്ള അനുമതി കൊടുക്കകയോ ചെയ്യണം. പുല്ല്! എല്ലാര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്‌.!

Sunday, January 4, 2015

അത് മുംബൈ മോഡല്‍ തന്നെ !

സംശയാസ്പദമായ സാഹചര്യത്തില്‍ കുണ്ടറയില്‍ കണ്ട ബോട്ടില്‍ നിന്നും ഉയര്‍ന്ന പുകയും മണവും ആണവായുധത്തിന്റെതാണെന്ന് കോസ്റ്റ്ഗാര്‍ഡ്. 
തണുപ്പത്ത് മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ പതിവായി കശുവണ്ടി ചുട്ട് തിന്നാറുള്ളതാണെന്നും, ആണവായുധത്തിന്റെ മണം ഇതാണെന്ന് അമ്മച്ചിയാണേല്‍ തനിക്ക് അറിയില്ലെന്നും അരയന്‍ രാരിച്ചന്‍!