Monday, September 25, 2017

അപ്പ് ഇൻ ദ എയർ -3 (ഡിപ്രഷൻ)

കടുത്ത മനോവ്യഥയാൽ ആളുകൾ മദ്യപാനത്തിലേക്ക് വഴുതി വീണു എന്ന് കേട്ടിട്ടില്ലേ. പക്ഷേ കഠിനവ്യഥയാൽ മദ്യപാനം ഉപേക്ഷിച്ചതിനെപ്പറ്റി കേട്ടിട്ടുണ്ടോ?
ക്രിസ്മസോ, ഈസ്റ്ററോ, ന്യൂ ഇയറോ ആട്ടെ, പാതിരാക്കുർബാന കഴിഞ്ഞയുടൻ രണ്ടെണ്ണം കീറി നോമ്പ് വീടണം എന്ന് കാട്ടിത്തന്നത് കാഞ്ഞിരപ്പള്ളിക്കാരാണ്. കീറിനൊരു ഉഷാറു വേണമെങ്കിൽ നോമ്പെടുക്കണം. ആ പോളിസി മുറുകെപ്പിടിച്ച്, ഇരുപത്തഞ്ചു നോമ്പു പിടിച്ച് കിസ്മസ്സ് കൂടാൻ നാട്ടിലേക്ക് പോകയായിരുന്നു.
ഫ്ളൈറ്റിൽ തൊട്ടടുത്ത സീറ്റിൽ എഴുപത് വയസ്സിനുമേൽ പ്രായമുള്ള ഒരു മാന്യദേവും പത്നിയും. ഇ.ശ്രീധരനാണോ അതെന്ന് ആദ്യ നോട്ടത്തിൽ ഞാൻ തെറ്റിദ്ധരിച്ചിരുന്നു. തിരക്കുള്ള ഒരു ബിസ്സിനസുകാരനായിരുന്നു അദ്ദേഹം. യാത്രക്കിടെ എന്തെങ്കിലും പുസ്തകം വായിച്ചിരിക്കാറുള്ളതിനാൽ സഹയാത്രികരുമായി കാര്യമായ വർത്തമാനം എനിക്ക് പതിവില്ല. പക്ഷെ ടിയാൻ വിടാനുള്ള മട്ടില്ലായിരുന്നു. ആ നാലുമണിക്കൂറും ഇടതടവില്ലാതെ സകല ലോക കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. ആ പ്രായത്തിൽ അത്രയും എനർജിയുള്ള ഒരുമനുഷ്യനെ ഞാൻ കണ്ടിട്ടില്ല. നിങ്ങൾ വിചാരിക്കും അങ്ങേരുടെ ഉപദേശം മൂലമാണ് ഞാൻ മാനസാന്തരപ്പെട്ടെതെന്ന്. അല്ല! മറിച്ച്, മർമ്മ പ്രധാനമായ സംഭവമുണ്ടായത് അവിടെ വെച്ചാ ണ്.
കള്ള് സപ്ലെ ചെയ്യാൻ ക്യാബിൻ ക്രൂ വന്നപ്പോൾ ഞാൻ പറഞ്ഞു. 'നോ താങ്ക്സ്'. ആ മനുഷ്യൻ എന്നെ അത്ഭുതത്തോടെ നോക്കി. ആദ്യമായിട്ടാത്രേ കള്ളടിക്കാത്ത ഒരച്ചായനെ ഫ്ളൈറ്റിൽ കാണുന്നത്!
ഇഷ്ടന് എന്നോടുള്ള ഇഷ്ടം പെരുത്തു നിൽക്കയാൽ ക്രിസ്മസിനു മുന്നോടിയായുള്ള താത്ക്കാലിക വെടി നിർത്തലിലാണെന്ന കാര്യം ഞാൻ മനഃപൂർവം മറച്ചുവെച്ചു. ആ ശ്രീധരൻ പൂർവാധികം ശക്തിയോടെ കത്തിയടിച്ചുകൊണ്ടേയിരുന്നു. കൊച്ചിയിൽ ഇറങ്ങിയപ്പോഴും പിടിവിടാതെ നിൽക്കുന്ന അങ്ങേരുടെ കണ്ണുവെട്ടിച്ച് ഡ്യൂട്ടീ ഫ്രീയിൽ നിന്ന് എങ്ങനെ കുപ്പിവാങ്ങും എന്നായി എന്റെ ആലോചന. ഒരുവിധേന കാർന്നോരെ പടിയിറക്കിയ ശേഷം പതിവുപോലെ ഞാനെൻറെ ക്വൊട്ട കൈപ്പറ്റി. പുറത്തെങ്ങാനും കക്ഷിയെ കണ്ടാലോ എന്ന് പേടിച്ച്, പ്ലാസ്റ്റിക് കവർ ഉന്തുവണ്ടിയുടെ താഴത്തെ തട്ടിൽ ഒതുക്കി വെച്ചു.
ആലുവപ്പാലത്തിന്റെ ഇറക്കത്തിൽ കാർ ഒന്നുയർന്ന് അമർന്നപ്പോൾ ഞാൻ ഡ്രൈവരോട് ചോദിച്ചു:
ഡേയ്, സാധനം പൊട്ടില്ലല്ലോ അല്ലേ?
അവജ്ഞയോടെ അവൻ പറഞ്ഞു.
'അതിന് ഒന്നും ഇല്ലായിരുന്നല്ലോ?'
എഡേയ്, ആ ട്രോളീടെ താഴെ വെച്ചിരുന്ന കവർ നീ എടുത്തില്ല?
'ഞാൻ കണ്ടില്ലാ.'
ഉണ്ണീശോയെ.... !
സ്വന്തം മണ്ണിൽ കാലുകുത്തിയ സന്തോഷത്തിൽ ലഗ്ഗേജ് അവനെ ഏൽപ്പിച്ച് , യൂറിൻ പാസ്സ് ചെയ്യാൻ പോയ നിമിഷത്തെ ഞാൻ ശപിച്ചു .
വണ്ടി തിരിച്ചു വിടട്ടെ? വേണേൽ പോയ് നോക്കാം.
കിട്ടിയതു തന്നെ! സ്പിരിറ്റ് പോയി. ഇനി പെട്രോളും കൂടി കളയണോ?
നോമ്പ് വീട്ടാൻ എന്തോ ചെയ്യും?
ഈ അവസാന മണിക്കൂറിൽ അന്വേഷിച്ചു ചെന്നാൽ ഇന്നലെ ഗൾഫിൽ നിന്നും വന്നിറങ്ങിയ ഇവൻ ഏത് ഇരപ്പാളിയാണെന്ന് വിചാരിക്കും. വിങ്ങിപ്പൊട്ടിയ ഹൃദയത്തോടെ ആ ക്രിസ്മസ് ഡ്രൈ ഡേ ആയി ആചരിക്കാൻ തീരുമാനിച്ചു.
ആ ആഘാതത്തിനിൽ നിന്ന് കരകയറാനാകാതെ പോയ നാലുകൊല്ലം! കള്ളടി കമ്പനികളിൽ കട്ടൻ ചായയുമായി ഇരിക്കാറുള്ള എന്നോടു പലരും അസൂയയോടെ ചോദിക്കുകയുണ്ടായി ധ്യാനം, കൗൺസിലിങ്ങ് തുടങ്ങിയ പീഡകൾക്ക് വിധേയനാകാതെ ഇതെങ്ങനെ സാധിച്ചു എന്ന്. ഞാനൊന്നും വിട്ടു പറഞ്ഞില്ല.
മനഃശക്തിയുണ്ടെങ്കിൽ സാധിക്കാവുന്നതൊക്കെ മനസ്സ് തകർന്നാലും സാധിക്കാമെന്ന പുതിയ ഐഡിയോളജി ഞാൻ കണ്ടെത്തുകയായിരുന്നു. മെഡിക്കൽ സയൻസിൽ ഇതിനെ റിവേഴ്‌സ് ഇഫെക്ട് ഓഫ് ഡിപ്രഷൻ ബൈ ആൾക്കഹോളിക്‌ ലോസ് എന്ന് പറയും. രണ്ടു ജാക്ക് ഡാനിയൽസും ഒരു വിൻഗാർണിഷും വഴിയിൽ ഉപേക്ഷിച്ചാൽ ഒരുപക്ഷേ നിങ്ങൾക്കും പുതിയ മനുഷ്യരാകാം.

Thursday, September 7, 2017

ആനവാതിൽ അവറാൻ

തേക്കിന്‍തടിയില്‍ തീര്‍ത്ത കവാടത്തോടെ കൊച്ചുപള്ളി പുതുക്കിപ്പണിയും മുന്‍പ് ആനവാതിലിന്റെ സ്ഥാനത്ത് ഒരു ഇരുമ്പ് ഷട്ടറായിരുന്നു. തുറക്കുമ്പോഴും അടയ്ക്കുമ്പോഴും വലിയ ഒച്ചപ്പാടുണ്ടാക്കി പ്രാവുകളെ പറത്തിക്കളയുന്ന ഷട്ടര്‍. കയ്യെത്താത്ത പൊക്കത്തില്‍ പോകാതെ അത് കൊളുത്തിട്ടു പിടിക്കുന്നത് കാളയെ മൂക്കുകയറിട്ടു നിര്‍ത്തുന്നതു പോലെയായിരുന്നു. തുരുമ്പെടുത്ത ആ ഇരുമ്പ് പാളിയുടെ നിയന്ത്രണം പൂര്‍ണ്ണമായും കപ്യാര്‍ക്കാണ്. തന്നാല്‍ മാത്രം സാധ്യമായ, തനിക്കു മാത്രം കല്‍പ്പിച്ചുകിട്ടിയ അധികാരമായാണ് ഈ പ്രക്രിയയെ കപ്യാര്‍ അവറാന്‍ ഉപയോഗപ്പെടുത്തിയിരുന്നത്. 

ഓശാന ഞായറാഴ്ചയാണ് കപ്യാരുടെ ഗര്‍വ്വ് മൂര്‍ദ്ധന്യത്തിലെത്തുന്നത്. കുരുത്തോലപ്പെരുന്നാളിന് പ്രദിക്ഷണം പള്ളിയെ വലംവെച്ച് വന്ന്‍ വാതിലില്‍ തുറക്കുന്നത് ഒരു പ്രധാന കര്‍മ്മമാണ്‌. ജനക്കൂട്ടവും വികാരിയച്ചനും പുറത്തു നില്‍ക്കും. ഷട്ടര്‍ അടച്ചിരിക്കുകയാവും. അടഞ്ഞ പള്ളിക്കുള്ളില്‍ കപ്യാര്‍ മാത്രമാവും.

അപ്പോള്‍ മുഖ്യകാര്‍മ്മിയായ അച്ചന്‍ പറയും.

“വാതിലുകളേ ശിരസ്സുയര്‍ത്തുവിന്‍ നിത്യകവാടങ്ങളേ തുറക്കുവിന്‍ മഹത്ത്വത്തിന്റെ രാജാവ് എഴുന്നെള്ളുന്നു”.

അകത്തു നിന്ന് അധികാരത്തോടെ കപ്യാര്‍ ചോദിക്കും.
“ഈ മഹത്ത്വത്തിന്റെ രാജാവ് ആരാകുന്നു?”
അപ്പോള്‍ ജനം പറയും “യുദ്ധവീരനും ശക്തനുമായ കര്‍ത്താവ് തന്നെ.”

തുടര്‍ന്ന്‍ വലിയ മരക്കുരിശുകൊണ്ട് മൂന്നു പ്രാവശ്യം മുട്ടും. അപ്പോള്‍ ഷട്ടര്‍ താനെ തുറക്കപ്പെടും.
അന്ന്‍ വികാരിയച്ചനേക്കാള്‍ അധികാരം തനിക്കാണെന്ന തോന്നല്‍ കപ്യാര്‍ക്ക് ഉണ്ടാകും. അച്ഛനിത്തിരി വെയില് കൊള്ളട്ടെ, എനിക്ക് സൌകര്യമുള്ളപ്പോള്‍ തുറക്കും എന്ന നിഗൂഢ ആനന്ദം.
പതിവുപോലെ അത്തവണത്തെ പെരുന്നാളിനും മൂന്നു മുട്ടിനു ഷട്ടര്‍ പൊങ്ങിയില്ല. പക്ഷേ അത് നിങ്ങള്‍ കരുതും പോലെ കപ്യാരുടെ കുറ്റകരമായ അനാസ്ഥയോ മനപ്പൂര്‍വമായ വൈകിപ്പിക്കലോ മൂലമായിരുന്നില്ല. മറിച്ച് തുരുമ്പിച്ച ഷട്ടര്‍ പണിമുടക്കിയതായിരുന്നു കാരണം.

പുറത്ത് മുറുമുറുപ്പുകളും ബഹളവും തുടങ്ങി. നേരം വൈകുന്തോറും അവറാനു വെപ്രാളമായി. കൊളുത്തിട്ടു പിടിക്കാനുള്ള ഇരുമ്പു കമ്പി വലിച്ചെറിഞ്ഞ് അങ്ങേര് ഷട്ടര്‍ ഉയര്‍ത്താന്‍ കഠിനപ്രയത്നം നടത്തി. കുരിശേന്തിയ മുട്ടാളന്‍മാര്‍ പുറത്തുനിന്നും മാരകമായ മുട്ട് വാതിലിന്‍മേല്‍ നടത്തിക്കൊണ്ടെയിരുന്നു. എന്തോ കര്‍ത്താവിന്റെ കൃപകൊണ്ട് അവറാന്റെ ശ്രമം വിജയിച്ചു. പക്ഷേ മുകളിലേക്കുള്ള ഷട്ടറിന്റെ പ്രവേഗത്തിനു കടിഞ്ഞാണിടാന്‍ സാധിച്ചില്ല. പതിനഞ്ചടിപ്പൊക്കത്തിലേക്ക് പറന്നുയരുന്ന ഷട്ടറില്‍ ഒരു വവ്വാലിനെപ്പോലെ ആദ്ദേഹം അള്ളിപ്പിടിച്ചു കിടന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ നീലക്കരയന്‍ പോളിസ്റ്റര്‍മുണ്ട് അഴിഞ്ഞു പോയിരുന്നു!
തിരുശേഷിപ്പുകള്‍ അവശേക്ഷിപ്പിച്ച് ഉയര്‍ത്തെണീറ്റ്പോകുന്ന കര്‍ത്താവിനെ അനുസ്മരിപ്പിച്ചു ഉന്നതങ്ങളിലേക്കുള്ള ആ പോക്ക്! തിരുവെഴുത്തുകള്‍ പൂര്‍ത്തിയാക്കാനെന്നവണ്ണം മരക്കുരിശുകൊണ്ടുള്ള കുത്തിലൊരെണ്ണം വിലാപ്പുറത്ത് എല്ക്കുകയും ചെയ്തു. അന്ന് മുതല്‍ അദ്ദേഹം ആനവാതില്‍ അവറാന്‍ എന്നറിയപ്പെട്ടു.