Friday, August 26, 2016

അനന്തരം

"നിന്നോടുള്ള എന്റെ പ്രേമം അചഞ്ചലവും ആർത്തിയുള്ളതുമാണ്. ജീവനുള്ള കാലത്തോളം നിന്നെ ഞാൻ ഒരു പട്ടിക്കും വിട്ടുകൊടുക്കില്ല."
അനന്തരം സുലൈമാന്റെ ഇറച്ചിക്കടയിൽ നിന്നും ഒന്നരക്കിലോ ബീഫുമായി രാമേട്ടൻ ശരവേഗത്തിൽ പട്ടിക്ക്‌ മുമ്പേ വീട്ടിലേക്ക്‌ ഓടി.

Wednesday, August 24, 2016

വന്ധീകരണം

"ആ നിലവിളി ശബ്ദമിടോ...."
അയ്യോ, നമ്മുടെ അവറാച്ചനല്ലേ ആമ്പുലന്‍സില്‍! എന്ത് പറ്റി?
പട്ടിപിടുത്തത്തിനു പഞ്ചായത്ത് പാരതോഷികം പ്രഖ്യാപിച്ചത് കണ്ട് ഇറങ്ങിത്തിരിച്ചതാ.
"വന്ധീകരണമോ?"
അതെ, പക്ഷേ പട്ടിയാ ഇത്തവണ അവറാച്ചനെ വന്ധീകരിച്ചത്!

Tuesday, August 23, 2016

ചന്തിസ്ഥാന്‍

വര്‍ക്ക് സൈറ്റുകളില്‍ 'സീറോ പേര്‍സന്റ് ആക്സിഡന്റ്' എന്നത് എല്ലാവര്‍ഷവും കമ്പനി മുന്നോട്ടുവെയ്ക്കുന്ന ക്യാമ്പെയിനാണ്. ലേബര്‍സും സൂപ്പര്‍വൈസേര്‍സും ഉള്‍പടെ എല്ലാവര്‍ക്കും നിരന്തരമായ ക്ലാസ്സുകകള്‍ നല്‍കിക്കൊണ്ട് മഹത്തായ ആ ലക്ഷ്യത്തിലേക്ക് നാം അടുത്തുകൊണ്ടിരിക്കുകയാണെന്ന് റീജണല്‍ സേഫ്റ്റി മാനേജര്‍ ഫ്രേസര്‍ ഡ്രമണ്ട് ആവേശഭരിതനായി പ്രസംഗിച്ചു.
"പല അപകടങ്ങളും നമുക്ക് തടയാവുന്നതായിരുന്നു, പക്ഷേ ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം സംഭവിച്ചതില്‍ ദൈവത്തിനു പോലും ഒന്നും ചെയ്യാന്‍ പറ്റില്ല" എന്നു പറഞ്ഞ് അദ്ദേഹം ഞങ്ങളില്‍ ചിലരെ 'ഊക്ലിച്ച' ഒരു നോട്ടം നോക്കി. ഡല്‍ഹിയിലെ സ്റ്റോറില്‍ സാധനങ്ങള്‍ ലോഡ് ചെയ്യുന്നതിനിടെ പ്രകോപനം ഏതുമില്ലാതെ പാഞ്ഞുവന്ന മൂന്നാല് തെരുവ് പട്ടികള്‍ സ്റ്റോര്‍ മാനേജറുടെ 'ചന്തിസ്ഥലില്‍' പല്ലുകള്‍ ആഴ്ത്തി കടന്നുപോയത്രേ..!
പണ്ട് ഷാപ്പിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും തലയില്‍ ഇടാറുള്ള ആ തോര്‍ത്തുമുണ്ട് എവിടെയെന്ന് ആ നിമിഷം അറിയാതെ ഞാനൊന് പരതിപ്പോയി.

Monday, August 22, 2016

ഫെമിനിസ്റ്റ് ട്രാക്ക്

പ്രിയ വനിതാ കായിക താരങ്ങളോട്,
കളിക്കളത്തോട് വിടചൊല്ലി സമ്മര്‍ദങ്ങളില്ലാതെ സ്വസ്ഥമായിരിക്കുന്ന കാലത്ത് നിങ്ങള്‍ക്ക് ചെയ്യാവുന്ന ഒന്നുണ്ട്. ദയവായി എഴുതുക.
ഷോര്‍ട്ട്സ് അണിഞ്ഞ് ആദ്യമായി ഇറങ്ങിയപ്പോള്‍ നാട്ടുകാരില്‍നിന്നു കേട്ട പരിഹാസം മുതല്‍, കേന്ദമന്ത്രിയുടെ ലൈംഗിക ചുവയുള്ള ഭാഷണങ്ങള്‍വരെ.... ഈകാലത്തിനിടയില്‍ ട്രാക്കിന് അകത്തും പുറത്തും എത്രയെത്ര പീഡനശ്രമങ്ങളെ നിങ്ങള്‍ അതിജീവിച്ചിട്ടുണ്ടാവാം. ഹോസ്റ്റല്‍ മുറിയില്‍, ട്രെയിനിലെ യാത്രയില്‍, ഫിസിയോയുടെ 'തടവലില്‍'.. .അങ്ങനെ ഒരു പാട് പറയാനുണ്ടാകുമല്ലോ നിങ്ങള്‍ക്ക്.
എഴുത്തെന്ന് കേള്‍ക്കുമ്പോള്‍ അത് സാഹിത്യമാണെന്ന് തെറ്റിദ്ധരിച്ച് ഉള്‍വലിഞ്ഞു കളയരുത്. ആണുങ്ങളെ ലക്ഷ്യം വെച്ച് ഇക്കിളിപ്പെടുത്തുന്ന ഭാവനകള്‍ അനുഭമെന്ന വ്യാജേന എഴുതിപ്പൊലിപ്പിച്ച് ഫെമിനിസം ഘോഷിക്കുന്ന പെണ്ണെഴുത്തുകാരെക്കാള്‍ നിങ്ങളെ ജനം ഇരുകയ്യും നീട്ടി സ്വീകരിക്കും. കിട്ടാത്ത മുന്തിരിപോലെയാണ് ആണെഴുത്തുകാരുടെ വിവരണവും. ഇങ്ങനെ എഴുത്തിലെ കപടത തിരിച്ചറിഞ്ഞ വായനക്കാര്‍ ഇന്ന് സത്യസന്ധമായതെന്തന്ന അന്വേഷണത്തിലാണ്.
ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ നിങ്ങള്‍ നടത്തുന്ന കായിക പരിശ്രമത്തെക്കാള്‍ ശ്രമകരമായ സ്വാഭിമാന സംരക്ഷണം നിങ്ങള്‍ക്ക് പിന്നാലെ വരുന്നവര്‍ അറിയേണ്ടതുണ്ട്. പ്രതിരോധിക്കേണ്ടതുണ്ട്. ഒരുപക്ഷേ എഴുത്തിലൂടെ നിങ്ങള്‍ നടത്തുക ഇന്നലെവരെ ചെയ്തതിനേക്കാള്‍ വലിയ രാജ്യസേവനമാകാം. അതൊരു സാമൂഹിക പ്രവര്‍ത്തനമാണ്, അഴുക്കുകളുടെ വെടിപ്പാക്കലാണ്. ഒരിക്കലും ഓര്‍ക്കെരുതെന്നു കരുതി എങ്ങോ ഒളിപ്പിച്ച പല നിസ്സഹായ അവസ്ഥകളോടും പേനയെടുക്കുമ്പോള്‍ നിങ്ങള്‍ നന്ദി പറഞ്ഞേക്കാം.
ചട്ടയും മുണ്ടും, പര്‍ദ്ദയും സെറ്റ്സാരിയും ഒക്കെ ധരിച്ച് ട്രാക്കിളിലിറങ്ങി ഗോള്‍ഡ്‌ മെഡല്‍ അടിക്കാന്‍ പ്രാപ്തിയുള്ള കൊച്ചമ്മമാര്‍ ഇവിടുണ്ട്. അതവര്‍ വേണ്ടന്ന് വെയ്ക്കുന്നത് കുലീനത്തം ഉള്ളതുകൊണ്ടാണ്. അവരെ അടിച്ചുതെളിച്ചുകൊണ്ട്‌ സാംസ്കാരിക കൊച്ചേട്ടന്‍മാരുമുണ്ട്. തീര്‍ച്ചയായും വിവാദങ്ങള്‍ക്ക് സ്കോപ്പുണ്ട്. അതുകൊണ്ട് നിങ്ങള്‍ എഴുതിയാല്‍ മാത്രം മതി. കായികമന്ത്രാലയത്തിന്റെ പെന്‍ഷന്‍ ഇല്ലെങ്കിലും ജീവിക്കാനുള്ള വക അതുകൊണ്ട് കിട്ടിയേക്കാം.

Sunday, August 21, 2016

വാറ്റിസ്ഥാന്‍

കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യവിപണന നിരോധനം നടപ്പാക്കി എല്ലാവര്‍ക്കും സ്വന്തമായി വാറ്റിക്കുടിക്കാനുള്ള പൌരാവകാശ ബില്‍ പാസാക്കുകയാണ് വേണ്ടത്. തന്മൂലം ഇടത്‌ വലത്‌ പാർട്ടികൾക്ക്‌ നയങ്ങളിൽനിന്ന് പിന്നോക്കം പോയെന്ന് പേരുദോഷം ഉണ്ടാവില്ലെന്ന് മാത്രമല്ല പ്രഷര്‍ കുക്കര്‍, ഗ്യാസ് സ്റ്റവ്‌ പോലുള്ള വ്യവസായങ്ങള്‍ വളര്‍ച്ച നേടുകയും നെല്ല്, പൈനാപ്പിള്‍, പൂവമ്പഴം തുടങ്ങിയ കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനം വര്‍ദ്ധിക്കുകയും ചെയ്യും. സൈഡായി ക്ഷുദ്ര ജീവികളായ എലി, പല്ലി, പാറ്റ, പാമ്പ്‌ തുടങ്ങിയവ ഉന്മൂലനം ചെയ്യപ്പെടും. സമകാലിക പരിസ്തിതിയിൽ തെരുവ്‌ പട്ടികളെക്കൂടി കോട കലക്കിയ മിശ്രിതത്തിൽ ഉൾപ്പെടുത്താവുന്നതാണ്. 
"പ്രവര്‍ത്തന നിരതരായ യുവത്വം" എന്നതാവട്ടെ നമ്മുടെ മോട്ടോ.

Thursday, August 18, 2016

മെഡല്‍ മരം

ഒരുപാട് തെറിവിളി കിട്ടിയ അഭിപ്രായമാണ്. എങ്കിലും വീണ്ടും ഞാന്‍ ആവര്‍ത്തിക്കുന്നു. മെഡല്‍ നേടുന്ന കായിക താരത്തിനു ജോലി നല്‍കരുത്.
'നല്ല പ്രായം കഴിഞ്ഞാല്‍ അവരെങ്ങനെ ജീവിക്കും സുഹൃത്തേ' എന്ന പതിവ് ചോദ്യത്തെ മുഖവിലക്ക് എടുക്കുന്നില്ല. മറിച്ച് വിജയികള്‍ക്ക് ആരെയും മോഹിപ്പിക്കുന്ന സമ്മാനം നല്‍ക്കൂ.. രണ്ടുകോടി, മൂന്നുകോടി...അഞ്ചുകോടി... എത്രയെങ്കിലും! പക്ഷേ ജോലി വാഗദാനം വേണ്ട. സ്കൂള്‍ അത്ലറ്റിക്സ് മുതല്‍ ഇങ്ങോട്ട് നോക്കൂ.. എത്രെയെത്ര താരങ്ങള്‍ സ്പോര്‍ട്ട് ക്വോട്ടായിലൂടെ ഉദ്യോഗവൃത്തി നേടി സ്വസ്ഥമായിരിക്കുന്നു. അവരുടെ ലക്‌ഷ്യം എന്തായിരുന്നു?
നമ്മുടെ രാജ്യത്ത് സ്വകാര്യവത്കരണം ആദ്യം വേണ്ടത് കായിക മേഖലയിലാണ്. വിദേശ ക്ലബ്ബുകളും സ്പോണ്സര്‍മാരും വരട്ടെ. താരങ്ങള്‍ക്ക് മികച്ച കരാറും താരമൂല്യവും ലഭിക്കട്ടെ. ക്രിക്കറ്റില്‍ ബി.സി.സി.ഐ ചെയ്യുന്ന്പോലെ. എങ്കിലേ അഴിമതിയും അധികാര ഗര്‍വ്വും നിറഞ്ഞ നമ്മുടെ കായികരംഗം രക്ഷപെടൂ. അഴിമതിയുടെ ചപ്പുകള്‍ അരിപ്പയില്‍ അവശേഷിച്ചാലും ചായ ഊറിവരും പോലെ രുചിയോടെ, നിറമോടെ, ഓരോ കായികതാരവും രക്ഷപെട്ടക്കാം.
ഏറ്റം അന്തസോടെ, മുപ്പത്തിനാലോ മുപ്പത്തഞ്ചോ വയസ്സില്‍ വിരമിച്ച്, പുതുതലമുറക്ക് പ്രോത്സാഹനവും മാതൃകയുമായി മാറാന്‍ ഒരു നല്ല കായിക താരത്തിനാകില്ലേ?സച്ചിനെപ്പോലെ, കാള്‍ലൂയിസിനെപ്പോലെ, പി.ടി ഉഷയെപ്പോലെ...
അന്‍പതാം വയസ്സില്‍ റെയില്‍വേയില്‍ സ്റ്റേഷന്‍ മാസ്റ്ററായി കൊടി വീശുന്ന സച്ചിന്‍ തെണ്ടുല്‍ക്കറെ ഒന്ന്‍ സങ്കല്‍പ്പിച്ചു നോക്കൂ.. കണ്ണടവെച്ച് ബാങ്ക്ഫയലുകള്‍ക്കിടയില്‍ തലപൂഴ്ത്തി കിടക്കുന്ന ഉസൈന്‍ ബോട്ടിനെയും. എത്ര വൃത്തികേടായിരുക്കും ആ ചിത്രം!
കല്‍ക്കട്ടയിലോ കൊച്ചിയിലോ ബാര്‍സലോണയുടെയോ റിയല്‍മാഡ്രിഡിന്റെയോ സ്കൂളില്‍ പരിശീലിക്കുന്ന നമ്മുടെ കുട്ടികള്‍, മൈക്കിള്‍ ജോര്‍ദാന്‍ പരിശീലിപ്പിക്കുന്ന നമ്മുടെ ബാസ്കറ്റ് ബോള്‍ ടീം. മൈക്കില്‍ ഫെലിപ്സ് മുങ്ങിപ്പൊങ്ങുന്ന കുട്ടനാട്ടിലെ ഇടത്തോടുകള്‍...ഹായ്.ഹായ്... എത്ര സുന്ദരമായ ചിത്രമാകും അത്! സ്വകാര്യനിക്ഷേപം സാധ്യമായാല്‍ ഗുണമുണ്ടാകും, ഫലമുണ്ടാകും. എങ്കില്‍ മെഡലുകള്‍ ഉണക്കത്തേങ്ങ കൊഴിയും പോലെ നമ്മുടെ മുറ്റത്തു വീഴും.

Wednesday, August 17, 2016

നയതന്ത്രം

കുറുപ്പുമാഷിന്റെ മകളുടെ കല്യാണം. തികഞ്ഞ മദ്യപാനിയും അശ്ലീല ഭാഷിയും സ്ത്രീകളെ വഴി നടത്താത്തവനുമായ അലവലാതി ഷാജി കര്‍മ്മോന്മുഖനായി പന്തിയില്‍ സദ്യ വിളമ്പുന്നത് കണ്ട്‌ അവറാച്ചന് മുതലാളി ക്ഷോഭിച്ച് ഊണു കഴിക്കാതെ മടങ്ങി. വീട്ടില്‍ കേറ്റാന്‍ കൊള്ളാത്ത ഇവനെയൊക്കെ മാന്യന്മാര്‍ക്കൊപ്പം ക്ഷണിച്ച മാഷിനോട് അവജ്ഞ തോന്നി. ഒരു കാര്യം തീര്‍ച്ചപ്പെടുത്തി, തന്റെ വീട്ടില്‍ ഒരു ചടങ്ങുണ്ടെല്‍ ഇമ്മാതിരി അലമ്പിനെയൊന്നും ആ പരിസരത്ത് അടുപ്പിക്കില്ല.
അവറാച്ചന്റെ മകന്റെ കല്യാണം നിശ്ചയം. തീരുമാനിച്ചുറച്ചപോലെ ഷാജിെ ഒഴികെ സകല മാന്യന്മായും ക്ഷണിച്ചു. കെങ്കേമ സദ്യ. അപ്പോള്‍ ഉച്ചനേരത്ത് അപ്പുറത്തു നിന്ന് മുട്ടന്‍ തെറിവിളി.
"നായീന്റെ മോളേ, നിനക്ക് മറ്റവനോടുള്ള ഇടപാട് ഇതുവരെ തീര്‍ന്നില്ലേടീ.. ചെല്ലടി, ചെന്ന് വിഴുങ്ങടി.. മ**$@*%".."
നൈസായി ശാപ്പാട് തട്ടിക്കൊണ്ടിരിക്കുന്ന ബന്ധുക്കാര്‍ക്ക് കല്ലുകടിച്ചു. ഏത് ഇടപാട്...? അവര് അവറാച്ചനെയും മകനെയും മാറിമാറി നോക്കി. ചില അഭ്യുദയകാംക്ഷികള്‍ ഷാജിയെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തി.
"ദേ.. അപ്പുറത്ത് ഒരു ചടങ്ങ് നടക്കുവല്ലേ.. ഇവിടെക്കിടന്ന് ഇങ്ങനെബഹളം വെച്ചാലോ..."
'പോടാ...മൈ#$ എന്റെവീട്, എന്റെ ഭാര്യ, ഞാന്‍ കാശുമുടക്കി കുടിച്ച കള്ള്...."
നിന്ന് നാറേണ്ടന്ന്‍ കരുതി അവര് സ്കൂട്ടി. താമസിയാതെ ബന്ധുക്കാരും സ്കൂട്ടി.
രണ്ടുവീട് അപ്പുറമുള്ള കുറുപ്പുമാഷ്‌ എന്തിനാണ് അലവലാതി ഷാജിയെ കാര്യക്കാരനാക്കിയത് എന്നതിന്റെ ഗുട്ടന്‍സ് അപ്പോഴാണ്‌ അവറാച്ചനു പിടികിട്ടിയത്.
ഇന്ത്യാ-പാക്ക് നയതന്ത്ര ചര്‍ച്ചകള്‍ കാലാകാലങ്ങളായി പഴയ കുറുപ്പന്‍മാര്‍ തുടര്‍ന്നിരുന്നത് ഗുണമുണ്ടായിട്ടല്ല ബുദ്ധിയുള്ളതുകൊണ്ടാണ്.

Saturday, August 13, 2016

നെഹ്രുട്രോഫിയും റേഡിയോ കമെന്ററിയും

ഇന്ന്‍ നെഹ്രു ട്രോഫി വള്ളംകളിയാണ്. കുട്ടനാട്ടിലെ ഒളിമ്പിക്സ് എന്നൊക്കെ കമന്ട്രിക്കാരും കളിപ്രേമികളും ഒരോളത്തിനു പറയുമെങ്കിലും ജലമാമാങ്കമെന്നോ ജലമേളയെന്നോ മലയാളിത്തമുള്ള വിളിയാണ് കേള്‍ക്കാനിഷ്ടം.
ചുണ്ടന്‍ വള്ളത്തിനുള്ളിലെ അനുഭവ പരിചയമൊന്നുിമില്ല, അധികം വള്ളംകളികളും കണ്ടിട്ടില്ല. എങ്കിലും സീസണാകുമ്പോള്‍ ഒരു കിടുകിടുപ്പ്, തരിപ്പ്. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ പ്രത്യേകിച്ച് ഉത്തരമില്ല, രക്തത്തിലുള്ളതാവാം. അച്ചായന്‍ ചുണ്ടന്‍വള്ളത്തില്‍ താളക്കാരനായിരുന്നെന്ന്‍ കേട്ടിട്ടുണ്ട്. ഞാന്‍ ജനിക്കുന്നതിനു മുന്‍പാണത്. കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല. ഞങ്ങളുടെ നാട്ടുകാരുടെ സെന്റ്‌.ജോര്‍ജ്ജ് ചുണ്ടന്‍ എന്റെ ഓര്‍മ്മയില്‍ കപ്പടിച്ചിട്ടില്ല. എങ്കിലും ഓരോ വള്ളംകളിക്കും ആ ശുഭവാര്‍ത്ത കേള്‍ക്കുമെന്ന പ്രതീക്ഷയിലായിരുന്നു അച്ചായന്‍ കാത്തിരുന്നത്.
കക്ഷി റേഡിയോയില്‍ നെഹ്രുട്രോഫിയുടെ കമന്ററി കേള്‍ക്കാന്‍ ഇരിക്കുന്നതു തന്നെ വലിയ തയ്യാറെടുപ്പോടെയാണ്. ടെലിവിഷനില്‍ തത്സമയ സംപ്രേഷണമൊക്കെ പിന്നീട് വന്നെങ്കിലും ആകാശവാണിയില്‍ വി.വി ഗ്രിഗറിയും പി.ഡി ലൂക്കുമൊക്കെ വാക്കുകളുടെ പെരുക്കത്തില്‍ കോരിത്തരുപ്പിക്കുന്നതില്‍ ലയിച്ചിരിക്കാനായിരുന്നു താത്പര്യം. അന്ന്‍ ഓണസദ്യക്കെന്ന പോലെ നേരത്തെ കുളിച്ചൊരുങ്ങി വാഴയിലയില്‍ ശാപ്പാടും തട്ടി, റേഡിയോ വെച്ചിരിക്കുന്ന മേശക്കരികില്‍ കസേര വലിച്ചിട്ട് ഒരിരിപ്പാണ്. മേശപ്പുറത്ത് നാലഞ്ചു പുത്തന്‍ ബോണ്ട് പേപ്പറുകള്‍, റൂള്‍ തടി, ഹീറോ പേന. വള്ളങ്ങളുടെ പേര് ഹീറ്റ്സ് അനുസരിച്ച് കോളം തിരിച്ച് എഴുതി വെക്കും. ഫിനിഷ് ചെയ്ത സമയമൊക്കെ പച്ചയും ചുവപ്പും നിറങ്ങളില്‍ മാര്ക്ക് ചെയ്ത് സൂക്ഷിക്കും. ആ ഡയറികള്‍ ഇന്നെവിടെയാണോ..? ആദ്യ ഹീറ്റ്സില്‍ തന്നെ ഞങ്ങളുടെ കരക്കാരുടെ വള്ളത്തിന്റെ കാര്യം തീരുമാനമാകും. അപ്പോള്‍ ആവേശം അഞ്ചു ശതമാനം കുറയും. ‘ആ പൊട്ടവള്ളം വിറകിനേ കൊള്ളൂ’ എന്ന്‍ ഞാനും പെങ്ങന്മാരും കളിയാക്കും. അമ്മച്ചിക്ക് കൂറ് ചമ്പക്കുളത്തെ നടുഭാഗം വള്ളത്തോടാ. അന്നാട്ടുകാരിയായതുകൊണ്ടും നെഹ്രു കയറിയ വള്ളമായതുകൊണ്ടും ഞങ്ങളതങ്ങു ക്ഷമിക്കും.
രണ്ടു കൊല്ലം മുന്‍പ് കരക്കാര്‍ പുതിയ സെന്റ്‌.ജോര്ജ്ജ് വള്ളം പണിത് നീറ്റിലിറക്കി. അതൊന്ന് ജയിച്ചു കാണണമെന്ന് വലിയ ആശയായിരുന്നു അച്ചായന്. 2014 ലെ നീരേറ്റുപുറം വള്ളം കളിക്ക് എന്റെ കൈപിടിച്ചാണ് കളി കാണാന്‍ ഇറങ്ങിയത്. നല്ല ജനത്തിരക്ക്, നില്ക്കാനും ബുദ്ധിമുട്ട്. പെന്ഷന്‍ വാങ്ങാന്‍ പോകുമ്പോള്‍ കണ്ടു പരിചയമുള്ള ട്രെഷറി ആഫീസിലെ ജീവനക്കാരി വീട്ടില്‍ നിന്നൊരു കസേരകൊണ്ടുവന്ന്‍ ഇട്ടുകൊടുത്തു, ആറ്റിറമ്പില്‍ കളികാണാന്‍ പാകത്തിന്. നല്ല മത്സരമായിരുന്നു പക്ഷേ വള്ളം തോറ്റു. കഴിഞ്ഞ വര്‍ഷത്തെ നെഹ്രുട്രോഫിയുടെ ട്രയലുകള്‍ കാണാന്‍ പോയത് എന്റെ മകന്റെ കൈപിടിച്ചാണ്. ഇനിയൊരു വള്ളംകളിക്ക് അച്ചായന്‍ ഇല്ലെങ്കിലും തലമുറയില്‍ ആ ആവേശം അവശേഷിപ്പിച്ചാണ് പോയതെന്ന് തോന്നുന്നു.
ഓളങ്ങള്‍ ഇല്ലാത്ത ദേശത്തിരിക്കുമ്പോഴും ഒരുമയുടെ തുഴതാളവും ആഴത്തിലുള്ള കുത്തിയേറുകളും അകലെ നിന്നു കേള്‍ക്കാനാവുന്നുണ്ട്. എങ്കിലും സ്വപ്നങ്ങളില്‍ വള്ളത്തിന്റെ കുതിപ്പില്‍ തെറിച്ചുപോയ അമരത്തെ ഒരു പങ്കായക്കാരനും ഫിനിഷിങ്ങിനു മുന്‍പ് തുഴയൊടിഞ്ഞു പോയ ഒന്നാം തുഴക്കാരനുമാണെന്നു മാത്രം.

Wednesday, August 3, 2016

പ്രകാശം പാര്‍ത്തുന്ന എഴുത്തുകാര്‍

ഇതെന്തു പറ്റി അവറാച്ചാ..? 
'കറന്റ് അടിച്ചു.'
അയ്യോ! എങ്ങനെ?
എഴുത്തുകാര്‍ സ്വയം പ്രകാശിതരാവണം എന്ന് പ്രസംഗത്തില്‍ കേട്ടതാ. പ്ലഗ്ഗില്‍ ഒന്നു വിരലിട്ടു നോക്കി.