Sunday, June 21, 2015

അസതോമാ..

ക്രിസ്തു ശിഷ്യനായ തോമാശ്ലീഹക്ക് ഇന്ത്യയിലെ തന്റെ ബിസ്സി ഷെഡ്യൂളിനിടെ ഏഴര പള്ളികളുടെ 'സ്വിച്ച്ഓണ്‍' കര്‍മ്മം നിര്‍വഹിക്കേണ്ടതുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ തദവസരത്തില്‍ കറന്റ് ഇല്ലാതെ വരികയും ഉത്ഘാടനകര്‍മ്മം നിര്‍വഹിക്കാന്‍ മറുവഴി കണ്ടെത്തേണ്ടി വരികയും ചെയ്തു. 
അന്നേരം പെട്ടന്ന് അവൈലബിളായ നിലവിളക്കിനു മുന്‍പില്‍ നില്‍ക്കവേ 'റാംജി റാവൂ സ്പീക്കിങ്ങിറില്‍ ഒപ്പിടാന്‍ നേരം സായ്കുമാര്‍ കേട്ട പോലെ 'അവനവന്‍ കുഴിക്കുന്ന കുഴികളില്‍ കുടുങ്ങുമ്പോള്‍ ഗുലുമാല്‍..." എന്ന ഈണത്തില്‍ രണ്ടു ശ്ലോകം കേട്ടു.
ഒന്ന്‍, 'വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം'. നെക്സ്റ്റ് വണ്‍ 'അസ'തോമാ സത്ഗമയ തമസോമാ ജ്യോതിര്‍ഗമയ'. 


എന്തുകൊണ്ടോ രണ്ടാമത്തെ പാട്ടിലെ 'അസതോമാ' എന്ന വാക്കിലെ 'തോമാ' വിളി അദ്ദേഹത്തിന് 'ക്ഷ' പിടിക്കുകയും അങ്ങേര് സംശയലേശമന്യേ വിളക്ക് കൊളുത്തുകയും ചെയ്തു. 


അന്ന് മുതല്‍ ക്രിസ്ത്യാനികള്‍ക്ക് മീന്‍ പിടിക്കുമ്പോള്‍ റാന്തല്‍ തെളിക്കുന്നതിനോ ബീഡി വലിക്കാന്‍ ലൈറ്റര്‍ ഉപയോഗിക്കുന്നതിനോ പടക്കത്തിനു തീ കൊളുത്തുന്നതിനോ വിലക്കില്ല.

Tuesday, June 16, 2015

അച്ഛന്റെ ദുഃഖം

"ഇവിടെ നിര്‍ത്തടാ മോനേ..ഒരു മിനിട്ട്"
അല്‍റിഗ്ഗാ റോഡിലൂടെ അര്‍ദ്ധരാത്രിയില്‍ വണ്ടിയോടിച്ചു പോകവേ ആന്റണിച്ചേട്ടന്‍ പതിവുപോലെ സെന്റി'മെന്റ'ലായി.

തുടങ്ങി അങ്ങേരുടെ സൂക്കേട്, മെണ്ടമടിച്ചാല്‍ പിന്നെ ബാക്കിയുള്ളോര്‍ക്കാ പണി. പോയിക്കിടന്ന് ഉറങ്ങ്, നാളെ പണിക്ക് പോകേണ്ടതാ..

"ഡാ നിനോക്കൊന്നും പറഞ്ഞാല്‍ മനസിലാവില്ല. ഒരച്ഛന്റെ ദുഃഖം. കെട്ടിച്ചു വിട്ട മോളേപ്പോലെയാ എനിക്കിവള്‍. കഷ്ടപ്പെട്ട് അധ്വാനിച്ച പണംകൊണ്ട് ഞാന്‍ തന്നെ മുന്‍കൈ എടുത്ത് കെട്ടിച്ചതാ.."

"എന്തുവാടെയ് ഇത്? വലിച്ച് അകത്തിട് ഇല്ലേല്‍ വേറെ വല്ല വണ്ടിയും കേറി ചാകും."

ഇതൊന്നും കണ്ടു ശീലമില്ലാത്ത കൂടുകാരന്‍ അമ്പരന്നു. സ്ട്രീറ്റ് ലൈറ്റ് പോസ്റ്റില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന അച്ചായനെ പാടുപെട്ട് പറിച്ചെടുത്ത് വണ്ടിയിലിട്ടു.

ആന്റണിചായന്റെ ദുഃഖം അവനും അറിയണം.

'ഡാ നാലഞ്ചു കൊല്ലം മുന്‍പ് ഇതുപോലൊരു പാതിരാത്രിയില്‍ അടിച്ചു പിമ്പിരിയായി ആ കണ്ട പോസ്റ്റും ലൈറ്റും അത് നിന്നിരുന്ന ഡിവൈഡറും വണ്ടിയിടിച്ച് തകര്‍ത്ത് ഈ പിഞ്ചു ഹൃദയമുള്ള മനുഷ്യനാണ്. ദുബായ് മുനിസിപ്പാലിറ്റി അങ്ങേരെക്കൊണ്ടു തന്നെ അത് മൊത്തം പണിയിപ്പിച്ചു.

"പണിയിപ്പിച്ചു എന്ന് പറഞ്ഞാല്‍..?"
എന്ന് പറഞ്ഞാല്‍, പണിയെടുക്കേണ്ട. കണ്ടു നിന്നാല്‍ മതി. കാശ് മൊത്തം അങ്ങേരുടെ. ഫൈന്‍ വേറെ. ലൈസന്‍സ്  കണ്ടുകെട്ടി.എല്ലാം കൂടി ഒരു പെണ്ണിനെ കേട്ടിക്കേണ്ട തുക ചിലവായിട്ടുണ്ട്. അതാണ്‌ ഈ അച്ഛന്റെ ദുഃഖം.!

Wednesday, June 10, 2015

അവശ്യസാധനം

'എന്തവായെടോ?'
ഒക്കെ റെഡിയാണ് സര്‍. പക്ഷേ ഒരു കുഴപ്പം. മറ്റേ സാധനം കിട്ടിയിട്ടില്ല.
അക്ഷമനായ മന്ത്രിയോട് പ്രൈവറ്റ് സെക്രട്ടറി അടക്കംപറഞ്ഞു.
ലക്ഷ്യസ്ഥാനത്തേക്ക് പോകവേ ചെറു കവലയില്‍ വണ്ടിയൊതുക്കി മടങ്ങിവന്ന പി.എ നിരാശനായിരുന്നു.
സാറേ...ഇവിടെയുമില്ല.
'ഏത് പട്ടിക്കാടാടോ ഇത്.'?
കലിപ്പടക്കാനാവാതെ പുറത്തിറങ്ങി, ഡോര്‍ വലിച്ചടച്ച്, മനശാന്തിക്കായി യോഗമുറ വശമില്ലാത്തതിനാല്‍ ഒന്നു മൂത്രമൊഴിക്കാമെന്നു വെച്ച്  പൊന്തകാടിനോട് ചേര്‍ന്ന്‍ മന്ത്രി മുണ്ടുപൊക്കി.
'ദാ നമ്മുടെ നേതാവ്'
ഏതോ പ്രതിഷേധ ജാഥക്കാര്‍ അവിചാരിതമായി മന്ത്രിയെക്കണ്ട് ആവേശംപൂണ്ടു. ഉടനേ കഴുത്തില്‍ പ്ലാസ്റ്റിക് പൂമാല വീണു. മുണ്ട്‌ താഴ്ത്തി മന്ത്രി അത് ഏറ്റുവാങ്ങി. ജയ്‌ വിളികളോടെ അങ്ങേരെ ചുമന്ന്‍ സമരപ്പന്തലില്‍ എത്തിച്ചു.
'നമ്മുടെ പ്രതിഷേധത്തിന് ശക്തി പകരുവാന്‍, യാതൊരു അറിയിപ്പുമില്ലാതെ യാത്രാമധ്യേ എത്തിച്ചേര്‍ന്ന പ്രിയ നേതാവിനായി ഞാന്‍ മൈക്ക് കൈമാറുന്നു. '
'നില്‍ക്കണോ അതോ പോകണോ?' തടിയൂരാനാകാതെ വെട്ടിലകപ്പെട്ട മന്ത്രി വാക്കുകള്‍ക്കായി പരതി.
'കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ജീവിതം തന്നെ ദുസ്സഹമാക്കിയിരിക്കുന്നു. എന്ത് മൈ..മൈ...(അതുവേണ്ട) മ്ലേച്ചമായ ... വികസനമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്? അവശ്യസാധനങ്ങളായ പാല്, പച്ചക്കറി, പോത്തിറച്ചി എന്നിവ സാധാരണക്കാരന് കിട്ടാക്കനിയായിരിക്കുന്നു. എന്തിന്, ഒരു 'ഉറ' പോലും ഈ അങ്ങാടിയില്‍ ലഭ്യമാണോ?

പുരുഷാരം സംശയഭാവേ മുഖാമുഖം നോക്കി. പാല്‍ക്കാരി ജാനു ആരാധനയോടെയും.

'ധീരാ വീരാ നേതാവേ..."
ഉറച്ച മുദ്രാവാക്യം വിളിയോടെ പി. എ തന്നെ ആ കണ്ഫ്യൂഷാന്തരീക്ഷത്തിന്  അറുതിവരുത്തി.
ഒരു സമൂഹത്തിന്റെ ഏറ്റവും ചെറിയ പ്രശ്നങ്ങളില്‍ പോലും ബദ്ധശ്രദ്ധനായ നേതാവിനെ തോളിലേറ്റി അവര്‍ കാറിലേക്ക് ആനയിച്ചു.

Tuesday, June 2, 2015

ബീരാങ്കുട്ടിയുടെ ദാര്‍ശനികത

'ഇതിനു ഗ്യാരന്റിയുണ്ടോ?'

കസ്റ്റമറുടെ ചോദ്യം.

സെയില്‍സ്മാന്‍ ബീരാന്‍കുട്ടി ഒരു പരിണാമത്തിന്റെ പാതയിലായിരുന്നു.
നിരന്തരമായ എഫ്.ബി ചര്‍ച്ചകളുടെയും പോസ്റ്റുകളുടെയും സ്വാധീനത്തില്‍ അഗാധമായ ചിന്തയുടെ ആഴത്തില്‍ ഇറങ്ങി നടന്ന അദ്ദേഹം അനുദിനം 'ഒരു ഇന്റലക്ച്വലാകാനുള്ള ശ്രമത്തിലായിരുന്നു.


"ഇതിനോ...? ഗ്യാരന്റിയോ..? ഹ...ഹ..ഹ..ഹ..!"
വിജനതയിലേക്ക് ദൃഷ്ടിയൂന്നി ബീരാന്‍കുട്ടി പൊട്ടിച്ചിരിച്ചു.
അന്തംവിട്ടു നിന്ന കസ്റ്റമറെ അമച്ച്വര്‍ നാടക നടന്റെ വഴക്കത്തോടെ വെട്ടിത്തിരിഞ്ഞുനോക്കി അദ്ദേഹം ചോദിച്ചു.

'ഈ ലൈഫിന് എന്ത് ഗ്യാരന്റി മിസ്ടര്‍, അപ്പോഴാണോ ചൈനയുടെ ചട്ടുകത്തിന്?!

കണ്ണു തള്ളി നില്‍ക്കുന്ന കസ്റ്റമറില്‍ ജിജ്ഞാസാലുവായ ഒരു ശ്രോതാവിനെ ബീരാന്‍കുട്ടി കണ്ടു.

" ഉദാഹരണത്തിന് സ്കൂട്ടര്‍ ഓടിച്ചു വന്ന താങ്കള്‍ വന്നപോലെ തിരികെ വീട്ടില്‍ എത്തുമെന്നതിന് എന്ത് ഗ്യാരന്റി?"

ചെകിടടയ്ക്കുന്ന ഒരു ശബ്ദം! കണ്ണിലൂടെ പൊന്നീച്ച..!
കാറ്റത്ത് വാഴ മറിയുംപോലെ ബീരാങ്കുട്ടി നിലത്തേക്ക് പെടന്നു.