Thursday, February 9, 2017

പ്രണഘട്ടം

രമണന്‍ ദേവദാസ് തുടങ്ങിയ ക്ലാസിക്‌ ശ്രേണിയുടെ അവസാന ഘട്ടമായി ഈ കാലത്തെ വിലയിരുത്താം. ഇന്ന്‍ നഷ്ടപ്രണയത്തിനു തിരുശേഷിപ്പുകളില്ല ആസിഡ്, പെട്രോള്‍, കൊടുവാള്‍ തുടങ്ങിയ അവശേഷിപ്പുകള്‍ മാത്രം.
ആത്മഹത്യ പാപമാണെന്നൊരു തോന്നല്‍ ഇടയ്ക്കുണ്ടായിരുന്നു; തെറ്റിപ്പോയി. നിങ്ങള്‍ തൂങ്ങിച്ചാകുകയോ ട്രെയ്നിനു തലവെക്കുകയോ വിഷം കഴിക്കുകയോ ചെയ്തോളൂ. പക്ഷേ ഒറ്റക്ക്. കൂടെ മറ്റെയാള്‍ വേണമെന്ന് ശഠിക്കുന്നതാണ് പാപം.

Saturday, February 4, 2017

കവിയുടെ വക്ക്

"മരണത്തിന്റെ വക്കിൽ ചവുട്ടിയാണു ഞാൻ നടക്കുന്നത്‌."
ബക്കറ്റ്‌ ചവിട്ടിപ്പൊട്ടിച്ചതും ചേർത്ത്‌ ടോട്ടൽ ബില്ലിൽ 300 അഡീഷണൽ എഴുതി ഷാപ്പുകാരൻ പറഞ്ഞു;
"കവിക്ക്‌ ലേശം മോരുംവെള്ളം കൊടുത്താൽ മതി. "

Wednesday, February 1, 2017

സ്വയംബാങ്കിംഗ് സമ്പത്ത് വ്യവസ്ഥ

ജനങ്ങളുടെ ബുദ്ധിമുട്ട് മാനിച്ച് എല്ലാ വീടുകള്‍ക്കും കേന്ദ്രം ഓരോ ATM വെച്ച് നല്‍കും.
'അപ്പൊ കാശോ?'
അത് നിങ്ങള് തന്നെ നിറച്ചോണം, വലിച്ചോണം.
'അത് മറ്റേടത്തെ ഇടപാടല്ലേ'.
അല്ല. പണം ഇടപാടു തന്നെ. നോക്കൂ വര്‍ഷം നൂറ് തൊഴില്‍ ദിനങ്ങള്‍ ഉറപ്പ്. രൂപ 35000 കയില്‍ വന്നില്ലേ? വീട്ടിലെ മിഷീന്‍ പാല്‍ ചുരത്തുന്ന പശൂനെപ്പോലെയാ. എപ്പോള്‍ വേണേല്‍ വലിക്കാം.
'അപ്പൊ ചില്ലറ കുടുക്കയിലും നോട്ട് മിഷീനിലും ഇടാം അല്ലേ സാറേ.'
യെസ്! ഇതാണ്‌ ഞങ്ങള്‍ വിഭാവനം ചെയ്യുന്ന സ്വയംബാങ്കിംഗ് സമ്പത്ത് വ്യവസ്ഥ. സര്‍ചാര്‍ജ് ഇല്ല.
'മിഷീന്റെ കറന്റ്‌ ചാര്‍ജ്ജ്?'
ടോട്ടല്‍ ബില്ലില്‍ 50% ശതമാനം വര്‍ദ്ധനയുണ്ടാവുമെന്നു മാത്രം.
'ഓഹോ,
എന്നാല്‍ ഒരു മിഷീനെടുക്കട്ടെ?
'വീട്ടിലൊരു ഫ്രിഡ്ജുണ്ട്. നോട്ടു ഞാന്‍ അതില്‍ വെച്ചോളാം സാറേ..'

Friday, August 26, 2016

അനന്തരം

"നിന്നോടുള്ള എന്റെ പ്രേമം അചഞ്ചലവും ആർത്തിയുള്ളതുമാണ്. ജീവനുള്ള കാലത്തോളം നിന്നെ ഞാൻ ഒരു പട്ടിക്കും വിട്ടുകൊടുക്കില്ല."
അനന്തരം സുലൈമാന്റെ ഇറച്ചിക്കടയിൽ നിന്നും ഒന്നരക്കിലോ ബീഫുമായി രാമേട്ടൻ ശരവേഗത്തിൽ പട്ടിക്ക്‌ മുമ്പേ വീട്ടിലേക്ക്‌ ഓടി.

Wednesday, August 24, 2016

വന്ധീകരണം

"ആ നിലവിളി ശബ്ദമിടോ...."
അയ്യോ, നമ്മുടെ അവറാച്ചനല്ലേ ആമ്പുലന്‍സില്‍! എന്ത് പറ്റി?
പട്ടിപിടുത്തത്തിനു പഞ്ചായത്ത് പാരതോഷികം പ്രഖ്യാപിച്ചത് കണ്ട് ഇറങ്ങിത്തിരിച്ചതാ.
"വന്ധീകരണമോ?"
അതെ, പക്ഷേ പട്ടിയാ ഇത്തവണ അവറാച്ചനെ വന്ധീകരിച്ചത്!

Tuesday, August 23, 2016

ചന്തിസ്ഥാന്‍

വര്‍ക്ക് സൈറ്റുകളില്‍ 'സീറോ പേര്‍സന്റ് ആക്സിഡന്റ്' എന്നത് എല്ലാവര്‍ഷവും കമ്പനി മുന്നോട്ടുവെയ്ക്കുന്ന ക്യാമ്പെയിനാണ്. ലേബര്‍സും സൂപ്പര്‍വൈസേര്‍സും ഉള്‍പടെ എല്ലാവര്‍ക്കും നിരന്തരമായ ക്ലാസ്സുകകള്‍ നല്‍കിക്കൊണ്ട് മഹത്തായ ആ ലക്ഷ്യത്തിലേക്ക് നാം അടുത്തുകൊണ്ടിരിക്കുകയാണെന്ന് റീജണല്‍ സേഫ്റ്റി മാനേജര്‍ ഫ്രേസര്‍ ഡ്രമണ്ട് ആവേശഭരിതനായി പ്രസംഗിച്ചു.
"പല അപകടങ്ങളും നമുക്ക് തടയാവുന്നതായിരുന്നു, പക്ഷേ ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം സംഭവിച്ചതില്‍ ദൈവത്തിനു പോലും ഒന്നും ചെയ്യാന്‍ പറ്റില്ല" എന്നു പറഞ്ഞ് അദ്ദേഹം ഞങ്ങളില്‍ ചിലരെ 'ഊക്ലിച്ച' ഒരു നോട്ടം നോക്കി. ഡല്‍ഹിയിലെ സ്റ്റോറില്‍ സാധനങ്ങള്‍ ലോഡ് ചെയ്യുന്നതിനിടെ പ്രകോപനം ഏതുമില്ലാതെ പാഞ്ഞുവന്ന മൂന്നാല് തെരുവ് പട്ടികള്‍ സ്റ്റോര്‍ മാനേജറുടെ 'ചന്തിസ്ഥലില്‍' പല്ലുകള്‍ ആഴ്ത്തി കടന്നുപോയത്രേ..!
പണ്ട് ഷാപ്പിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും തലയില്‍ ഇടാറുള്ള ആ തോര്‍ത്തുമുണ്ട് എവിടെയെന്ന് ആ നിമിഷം അറിയാതെ ഞാനൊന് പരതിപ്പോയി.

Monday, August 22, 2016

ഫെമിനിസ്റ്റ് ട്രാക്ക്

പ്രിയ വനിതാ കായിക താരങ്ങളോട്,
കളിക്കളത്തോട് വിടചൊല്ലി സമ്മര്‍ദങ്ങളില്ലാതെ സ്വസ്ഥമായിരിക്കുന്ന കാലത്ത് നിങ്ങള്‍ക്ക് ചെയ്യാവുന്ന ഒന്നുണ്ട്. ദയവായി എഴുതുക.
ഷോര്‍ട്ട്സ് അണിഞ്ഞ് ആദ്യമായി ഇറങ്ങിയപ്പോള്‍ നാട്ടുകാരില്‍നിന്നു കേട്ട പരിഹാസം മുതല്‍, കേന്ദമന്ത്രിയുടെ ലൈംഗിക ചുവയുള്ള ഭാഷണങ്ങള്‍വരെ.... ഈകാലത്തിനിടയില്‍ ട്രാക്കിന് അകത്തും പുറത്തും എത്രയെത്ര പീഡനശ്രമങ്ങളെ നിങ്ങള്‍ അതിജീവിച്ചിട്ടുണ്ടാവാം. ഹോസ്റ്റല്‍ മുറിയില്‍, ട്രെയിനിലെ യാത്രയില്‍, ഫിസിയോയുടെ 'തടവലില്‍'.. .അങ്ങനെ ഒരു പാട് പറയാനുണ്ടാകുമല്ലോ നിങ്ങള്‍ക്ക്.
എഴുത്തെന്ന് കേള്‍ക്കുമ്പോള്‍ അത് സാഹിത്യമാണെന്ന് തെറ്റിദ്ധരിച്ച് ഉള്‍വലിഞ്ഞു കളയരുത്. ആണുങ്ങളെ ലക്ഷ്യം വെച്ച് ഇക്കിളിപ്പെടുത്തുന്ന ഭാവനകള്‍ അനുഭമെന്ന വ്യാജേന എഴുതിപ്പൊലിപ്പിച്ച് ഫെമിനിസം ഘോഷിക്കുന്ന പെണ്ണെഴുത്തുകാരെക്കാള്‍ നിങ്ങളെ ജനം ഇരുകയ്യും നീട്ടി സ്വീകരിക്കും. കിട്ടാത്ത മുന്തിരിപോലെയാണ് ആണെഴുത്തുകാരുടെ വിവരണവും. ഇങ്ങനെ എഴുത്തിലെ കപടത തിരിച്ചറിഞ്ഞ വായനക്കാര്‍ ഇന്ന് സത്യസന്ധമായതെന്തന്ന അന്വേഷണത്തിലാണ്.
ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ നിങ്ങള്‍ നടത്തുന്ന കായിക പരിശ്രമത്തെക്കാള്‍ ശ്രമകരമായ സ്വാഭിമാന സംരക്ഷണം നിങ്ങള്‍ക്ക് പിന്നാലെ വരുന്നവര്‍ അറിയേണ്ടതുണ്ട്. പ്രതിരോധിക്കേണ്ടതുണ്ട്. ഒരുപക്ഷേ എഴുത്തിലൂടെ നിങ്ങള്‍ നടത്തുക ഇന്നലെവരെ ചെയ്തതിനേക്കാള്‍ വലിയ രാജ്യസേവനമാകാം. അതൊരു സാമൂഹിക പ്രവര്‍ത്തനമാണ്, അഴുക്കുകളുടെ വെടിപ്പാക്കലാണ്. ഒരിക്കലും ഓര്‍ക്കെരുതെന്നു കരുതി എങ്ങോ ഒളിപ്പിച്ച പല നിസ്സഹായ അവസ്ഥകളോടും പേനയെടുക്കുമ്പോള്‍ നിങ്ങള്‍ നന്ദി പറഞ്ഞേക്കാം.
ചട്ടയും മുണ്ടും, പര്‍ദ്ദയും സെറ്റ്സാരിയും ഒക്കെ ധരിച്ച് ട്രാക്കിളിലിറങ്ങി ഗോള്‍ഡ്‌ മെഡല്‍ അടിക്കാന്‍ പ്രാപ്തിയുള്ള കൊച്ചമ്മമാര്‍ ഇവിടുണ്ട്. അതവര്‍ വേണ്ടന്ന് വെയ്ക്കുന്നത് കുലീനത്തം ഉള്ളതുകൊണ്ടാണ്. അവരെ അടിച്ചുതെളിച്ചുകൊണ്ട്‌ സാംസ്കാരിക കൊച്ചേട്ടന്‍മാരുമുണ്ട്. തീര്‍ച്ചയായും വിവാദങ്ങള്‍ക്ക് സ്കോപ്പുണ്ട്. അതുകൊണ്ട് നിങ്ങള്‍ എഴുതിയാല്‍ മാത്രം മതി. കായികമന്ത്രാലയത്തിന്റെ പെന്‍ഷന്‍ ഇല്ലെങ്കിലും ജീവിക്കാനുള്ള വക അതുകൊണ്ട് കിട്ടിയേക്കാം.