Monday, March 31, 2014

ഡിക്കി

ചുവപ്പ് സിഗ്നലില്‍ ഞാന്‍ വണ്ടി നിര്‍ത്തി. ബാക്കി എല്ലാവരും നിര്‍ത്തി. റിയര്‍ മിററിലൂടെ നോക്കിയപ്പോള്‍ തൊട്ടു പിന്നിലുള്ള വണ്ടി ഉരുണ്ടുരുണ്ട്‌ വരുന്നു. ഇനി എന്‍റെ തോന്നലാണോ എന്ന സംശയത്താല്‍ ഒന്നൂടെ നോക്കി. പണി പാളി. ഇപ്പം പുറം പൊളിയും! എന്ത് ചെയ്യും!! 

ഡും!!!!!! അനിവാര്യമായത് സംഭവിച്ചു!

രാവിലെ തന്നെ പണികിട്ടിയ വിഷമത്തില്‍ ഞാന്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്നും റോഡില്‍ ഇറങ്ങി. മറ്റേ വണ്ടിയിലെ ആള് 'വെളിക്കിറങ്ങിയില്ല'.
അല്‍പ സമയത്തിനു ശേഷം ഒരു കയ്യില്‍ ലിപ്ടിക്കും മറുകയ്യില്‍ ചട്ടുകം പോലൊരു കണ്ണാടിയും പിടിച്ച് കൂളിംഗ് ഗ്ലാസ് വെച്ചൊരു ലേഡി പുറത്തു വന്നു വിശേഷം ചോദിച്ചു..

"ഇട്സ് ഓക്കേ..നാ..."

ങേ!! ഞാന്‍ ഞെട്ടി. ഇടിവെട്ട് ഡ്രെസ്കോഡും കടിച്ചു പൊട്ടിച്ച ഇംഗ്ലീഷും കേട്ടപ്പോഴേ ഫോര്‍വീല്‍ ഡ്രൈവ്കാരി മലയാളിയാണെന്ന് മനസിലായി.

"ഇട്സ് ഓക്കേന്നോ....നല്ലൊരു ഡിക്കിയായിരുന്നു. ഷേപ്പ് പോയി"
വിഷമം സഹിക്കവയ്യാതെ ഞാന്‍ പറഞ്ഞു.
അവര്‍ എന്നെ രൂക്ഷമായൊന്നു നോക്കി.

സിഗ്നലില്‍ നിര്‍ത്തി ഇട്ടിട്ട് ഈ കളി, അതുകൊണ്ട് നിങ്ങളോട് എനിക്ക് ഒന്നേ പറയാനോള്ളൂ...പിറകില്‍ ലേഡി ഡ്രൈവേര്‍സിന് ആണെന്ന് കണ്ടാല്‍ അധികം മസിലുപിടിക്കാതെ അങ്ങ് തൊഴുത് മാറിക്കൊടുത്തെക്കണം.

ഇല്ലേല്‍ നിങ്ങടെ ഡിക്കിയും പോക്കാ...

Thursday, March 27, 2014

അപരന്‍

2004 ലെ ലോകസഭാ ഇലക്ഷന്‍ കാലത്ത് ഞാന്‍ എറണാകുളത്ത് താമസിക്കുന്നു. റൂം‌മേറ്റ്സ് മൂന്നുപേര്‍ കാഞ്ഞിരപ്പള്ളി അച്ചായന്മാരാണ്. റബര്‍പോലെ വലിയുകയും ചുരുങ്ങുകയും ചെയ്യുന്ന നമ്മുടെ മാണിസാറിന്‍റെ പൊന്നോമനകള്‍. അന്ന് മൂവാറ്റുപുഴ മണ്ഡലത്തില്‍ കേരളാകോണ്ഗ്രസില്‍ നിന്നും പടിയിറങ്ങിപ്പോയ പി.സി തോമസാണ് ജോസ്.കെ.മാണിയുടെ എതിരാളി. 

ഒരുദിവസം ജോലി കഴിഞ്ഞു റൂമില്‍ എത്തിയപ്പോള്‍ ദേ.....ഇരിക്കുന്നു വേറൊരു സാധനം! എഴുത്തഞ്ചു വയസുള്ള ഒരു അപ്പച്ചന്‍!
പുള്ളിയുടെ പേരും പി.സി. തോമസ് എന്നാണ്. രണ്ടു ദിവസം കഴിഞ്ഞാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട ദിവസം. സകല പൊരുത്തങ്ങളും ഒത്തിണങ്ങിയ അപരനെ ഏതോ കാട്ടുമുക്കില്‍ നിന്നും അവര്‍ പൊക്കിയെടുത്തുകൊണ്ടുവന്നതാണ്. പത്രിക കൊടുക്കും വരെ റൂമിന് പുറത്തിറങ്ങരുത് എന്നാണ് പുള്ളിയോട് പറഞ്ഞിരിക്കുന്നത്. സംഭവം മണത്തറിഞ്ഞ് ആരെങ്കിലും തട്ടിക്കൊണ്ടുപോയാല്‍ പണി പാളുമല്ലോ...

ഓഫീസ് അടുത്തായതുകൊണ്ട് ഇടയ്ക്കിടെ വന്നു നോക്കി കൊള്ളണമെന്ന് എനിക്കും നിര്‍ദേശം.

അപ്പച്ചന്‍റെ കാര്യമാണേല്‍ ബഹു കുശാല്‍..!
എപ്പോള്‍ ഞാന്‍ വന്നു നോക്കുമ്പോഴും പുള്ളിയുടെ മുന്‍പില്‍ ഒരു കുപ്പിയും ഗ്ലാസും ചിക്കന്‍ പെരിച്ചത്, പൊറോട്ട, ബീഫ് ഫ്രൈ എന്നീ ടച്ചിങ്ങ്സും കാണും. അതുകൊണ്ട് അടിക്കടി അവന്നു നോക്കാന്‍ എനിക്കും ഒരു ഉത്സാഹമൊക്കെ ഉണ്ടായി. അങ്ങനെ പത്രിക പരിശോധന കഴിയുന്നവരെ പുള്ളി ആഘോഷമായി അവിടങ്ങു കൂടി. കൂട്ടത്തില്‍ പ്രായം കുറഞ്ഞവന്‍ ഞാനായത് കൊണ്ട് എന്നെ നിലത്താക്കി കക്ഷി കട്ടിലില്‍ കിടപ്പായി. എങ്കിലും കാര്യങ്ങള്‍ പാര്‍ട്ടി ചിലവില്‍ മുട്ടില്ലാതെ നടന്നു പോകുന്നകൊണ്ട് എനിക്കും പരാതിയില്ലായിരുന്നു.

പരിപാടിയെല്ലാം കഴിഞ്ഞപ്പോള്‍ പുള്ളിയെ കാഞ്ഞിരപ്പള്ളിക്ക് ബസ്സ്‌ കേറ്റി വിട്ട് വിദ്വാന്‍മാര്‍ എല്ലാം തിരികെപോന്നു. പുള്ളി വീട് പറ്റിയോ ഇല്ലയോ എന്ന് പിന്നീട് ചോദിച്ചപ്പോള്‍ "ആര്‍ക്കറിയാം" എന്ന് മറുപടി! ഇന്നും പുള്ളിയങ്ങു ചെന്നോന്ന് എനിക്കറിയില്ല.
എന്തായാലും സുഹൃത്തുക്കളുടെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി ആഘോഷമായി പൊട്ടി. രണ്ടില വാടിയ ഇലക്ഷന്‍ മാണിക്കാര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണെങ്കിലും അത്രയും നാള്‍ നല്ലൊരു കറവപ്പശുവായിരുന്ന ആ 'അപരന്‍ അപ്പച്ചനെ' ഒരുകാലത്തും എനിക്ക് മറക്കാനാവില്ല!.

പച്ചയായ യാഥാര്‍ഥ്യങ്ങള്‍

"സര്‍, പച്ചയായ യാഥാര്‍ഥ്യങ്ങള്‍ക്ക് നേരേ പല്ലിളിക്കുന്നതാണ് താങ്കളുടെ രചനകള്‍. സമൂഹത്തില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം താങ്കള്‍ കാണുന്നില്ലേ?"

അനിയാ, ഏത് പേസ്റ്റ് ഇട്ടാണ് ഞാന്‍ പല്ലു തേയ്ക്കേണ്ടത്ണ്ടത്? വായ്‌ നാറ്റത്തിന്‍റെ കാര്യം പലരും പറയുന്നുണ്ട്

Tuesday, March 25, 2014

മലേഷ്യന്‍ വിമാനം

മലേഷ്യന്‍ വിമാനത്തെ പറ്റി പല പോസ്റ്റുകളും പോസ്റ്ററുകളും കണ്ടിരുന്നെങ്കിലും എന്തോ അതിലൊരു തമാശ കാണാന്‍ എനിക്ക് സാധിച്ചില്ല. എത്ര തവണ യാത്ര ചെയ്താലും ഓരോ ഫ്ലൈറ്റ് യാത്രയുടെയും പിരിമുറുക്കം ഈ മുഖത്തുനിന്ന് വായിച്ചെടുക്കാം.
ആകാശത്ത് നിശ്ചലമായി നില്‍ക്കുന്ന നേരങ്ങളില്‍ ചിറക് തളര്‍ന്നുപോകുന്ന പക്ഷിയെ ഞാന്‍ ഓര്‍ക്കാറുണ്ട്. അതുവരെ യാത്ര ആഘോഷമാക്കിമാറ്റിയ പലരും ലാന്ടിഗ് സമയത്ത് നടുനിവര്‍ത്തി, മുഖമുയര്‍ത്തി തുറിച്ചു കണ്ണുകളോടെ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നത് ശ്രദ്ധിക്കാറുണ്ട്. ആ സമയത്ത് എന്തായിരിക്കും അവരുടെ മനസിലൂടെ കടന്നുപോകുക? ചക്രങ്ങള്‍ ഭൂമിയില്‍ തൊടുന്നത് പ്രതീക്ഷയുടെ നിമിഷങ്ങളാണ്. അത് ആസ്വദിച്ചശേഷം മറഞ്ഞു പോയവരാണ് മഗലാപുരത്തെ നമ്മുടെ യാത്രക്കാര്‍.
ഒരു പുതിയ ഹോളീവുഡ് ചിത്രത്തിനു കൂടി തിരക്കഥ സമ്മാനിച്ചുകൊണ്ട്, കടലിന്‍റെ അഗാധതയില്‍ ശംഖിനെ പോലെ ശാന്തമായി വിശ്രമം കൊള്ളുന്ന മലേഷ്യന്‍ വിമാനത്തിലെ യാത്രക്കാര്‍ ഭാഗ്യം ചെയ്തവരാണ്. ഓരോ സഞ്ചാരിയുടെയും കൊച്ചു നൊമ്പരമായി നിങ്ങള്‍ ഈ ലോകത്തിന്‍റെ വലിയ നെഞ്ചില്‍ എന്നുമുണ്ടാവും.

Thursday, March 20, 2014

വൈക്ലബ്യം അവാര്‍ഡ്

ക്ലബ്ബ് പുതുതായി ഏര്‍പ്പെടുത്തിയ, സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള "വൈക്ലബ്യം" അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം യുവ കഥാകൃത്ത് സദസിനെ അഭിസംബോധന ചെയ്തു. 

"നവ സാഹിത്യത്തില്‍ നല്ലതേത്, ചീത്തയേത്, എന്ന തിരിച്ചറിവില്ലായ്മയായാണ് പുതു തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം."

നിലയ്ക്കാത്ത കയ്യടി മുഴങ്ങി!

Sunday, March 16, 2014

മെത്രാനും സ്ഥാനാര്‍ഥിയും


"മകനേ പാവപ്പെട്ടവന്‍റെ ഉപജീവനം തടയരുത്. ആവശ്യക്കാരനെ കാത്തിരുത്തി വിഷമിപ്പിക്കരുത്. വിശക്കുന്നവനെ ദുഖിപ്പിക്കരുത്. ഇല്ലാത്തവനെ ക്ഷോഭിപ്പിക്കരുത്. കോപാകുലമായ മനസിന്‍റെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കരുത്. യാചകന് ദാനം താമസിപ്പിക്കുകയുമരുത്. കഷ്ടതയനുഭവിക്കുന്ന ശരണാര്‍ത്ഥിയെ നിരാകരിക്കുകയോ ദരിദ്രനില്‍ നിന്ന് മുഖം തിരിക്കുകയോ ചെയ്യരുത്. ആവശ്യക്കാരനില്‍നിന്ന് കണ്ണ് തിരിക്കരുത്. നിന്നെ ശപിക്കാന്‍ ആര്‍ക്കും ഇട നല്‍കുകയും അരുത്. എന്തെന്നാല്‍ മനം നൊന്ത് ശപിച്ചാല്‍ സൃഷ്ടാവ് അത് കൈക്കൊള്ളും. സമൂഹത്തില്‍ സമ്മതനാകുക നായകനെ നമിക്കുക. പാവപ്പെട്ടവന്‍റെ വാക്ക് ശ്രദ്ധിച്ച് കേട്ട് സമാധാനത്തോടും സൌമ്യതയോടും കൂടി മറുപടി പറയുക............... "

(ബൈബിള്‍, പ്രഭാഷകന്‍റെ പുസ്തകം : അദ്ധ്യായം നാല്)
---------------------

ഓരോ വരി കഴിയുന്തോറും മനസ്സില്‍ "മെത്രാനും സ്ഥാനാര്‍ഥി"യുമാണ്‌ മാറിയും കേറിയും വരിക. ചിലപ്പോള്‍ ദരിദ്രന്‍റെയും യാചകന്‍റെയും മുഖം അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകും.
ഇനിയും തുടര്‍ന്നാല്‍ പോപ്പിനെ കുര്‍ബാന പഠിപ്പിക്കേണ്ടി വരുമെന്ന ഭയത്താല്‍ വായന ഇവിടെ നിര്‍ത്തി.

Thursday, March 13, 2014

മരുഭൂമിയിലെ പരീക്ഷ

അനന്തരം പിശാച് അവന്റെയടുത്തെത്തി പറഞ്ഞു:
''നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമായിത്തീരാന്‍ കല്‍പിക്കുക'' യേശു മറുപടി പറഞ്ഞു: ''മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത്. അധരങ്ങളില്‍ നിന്നു പുറപ്പെടുന്ന ഒരോ വചനം കൊണ്ടുമാണ്''
----------------------
അനന്തരം അയാള്‍ സുക്കര്‍ബര്‍ഗിനോട് ചോദിച്ചു; നീ വല്യ പുള്ളിയാണെങ്കില്‍ കാലിയായ ഈ പോസ്റ്റുകള്‍ ഒക്കെ ലൈക്കുകള്‍ കൊണ്ട് നിറയ്ക്കുക.
അപ്പോള്‍ സുക്കന്‍ മറുപടി പറഞ്ഞു: 
"ചില ഇരപ്പാളികള്‍ ലൈക്ക് കൊണ്ട് മാത്രമാണ് ജീവിക്കുന്നത്".

Wednesday, March 5, 2014

ഇലക്ഷന്‍ ഓര്‍മ്മകള്‍


വീടിനടുത്ത് 'മതിലുകള്‍ ഉള്ള വീടുകള്‍' അന്ന്‍ വളരെ കുറവായിരുന്നു. പീടികയുടെ സൈഡ്‌ ഭിത്തിയും നെല്ല് കുത്തുന്ന മില്ലിന്റെ പുറം ചുവരും മാത്രമാണ് പാര്‍ട്ടിക്കാര്‍ക്ക് ഏക ആശ്വാസം. ചായം കൊണ്ടുള്ള എഴുത്തും ചിത്രങ്ങളും ഇഷ്ടമായത് കൊണ്ടുതന്നെ എഴുതുന്നത് കണ്ടു നില്‍ക്കാനും എനിക്ക് വലിയ കൊതിയാണ്. ഇലക്ഷന്‍ പ്രഖ്യാപനം വന്നാല്‍ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കെ സ്ഥലം കിട്ടൂ.. രാത്രിക്ക് രാത്രി, യു.ഡി.എഫ് ബുക്ക്ഡ്, എല്‍.ഡി.എഫ് ബുക്ക്ഡ് എന്ന്‍ സ്ഥലം പിടിച്ചിരിക്കും.

അന്ന് കേരളാ കോണ്ഗ്രസിന്റെ ചിഹ്നം "കുതിര" ആയിരുന്നു. കൈപ്പത്തിയും അരിവാളും ചുറ്റികയും വരയ്ക്കുന്നവരേക്കാള്‍ ആരാധനയോടെ പലവിധ പൊസിഷനില്‍ നില്‍ക്കുന്ന കുതിരയെ വരയ്ക്കുന്നവരെ ഞാന്‍ നോക്കി നിന്നു. മറ്റു ശല്യം കൊണ്ടും എതിര്‍ പാര്‍ട്ടിക്കാരോടുള്ള പേടികൊണ്ടും ഇലക്ഷന്‍ ചുവരെഴുത്തുകള്‍ രാത്രിയിലാണ് നടക്കുക. അടുത്തറിയാവുന്ന രണ്ടു ചേട്ടന്‍മാരാണ് ആരിട്ടിസ്റ്റുകള്‍ എന്നതിനാല്‍ രാത്രി വീട്ടില്‍ അറിയാതെ അവര്‍ക്ക് റാന്തല്‍ വിളക്ക് പിടിച്ചു കൊടുക്കാന്‍ ഞാന്‍ പോകുമായിരുന്നു. വരയുടെ ആദ്യ പാഠങ്ങള്‍ അവിടെ നിന്നാണ് പഠിക്കുന്നത്. വി.എം.സുധീരനും, സുശീലാഗോപാലനും, വക്കം പുരുഷോത്തമനും, ഡോ: കെ.സി ജോസഫും ഒക്കെ മാറിമാറി ആ ചുവരുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും ഇഷ്ടം എന്നും ചിഹ്നങ്ങളോട് മാത്രമായിരുന്നു. കേരളാകോണ്ഗ്രസിന്റെ കുതിര ചിഹ്നം 'സൈക്കിള്‍' ചിഹ്നമായി മാറിപ്പോള്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ദുഖിച്ചത് ഞാനായിരിക്കും.

വര്‍ഷങ്ങള്‍ക്കുശേഷം സുഹൃത്തിന്റെ അമ്മ പഞ്ചായത്ത് ഇലക്ഷനില്‍ മത്സരിച്ചപ്പോള്‍ ഞാനും ജീവിതത്തില്‍ ആദ്യമായി ചുവരും ബാനറും എഴുതി. എന്‍റെ ഐശ്വ്യര്യം കൊണ്ട് സ്ഥാനാര്‍ഥി പന്ത്രണ്ട് വോട്ടിനു തോറ്റു. ഇന്ന് ചുവരെഴുത്ത് പ്രചാരണങ്ങള്‍ ഒക്കെയും ഫ്ലെക്സുകള്‍ക്കും എഫ്. ബി പോസ്ടറുകള്‍ക്കും വഴിമാറി. അന്ന് ആദ്യമായും അവസാനമായും ഇലക്ഷന്‍ എഴുത്ത് നടത്തിയപ്പോള്‍ മനസിലായ ഒരു കാര്യം അയല്‍ക്കാരന്‍ എന്ന പരിഗണനയ്ക്കോ, പ്രായത്തിണോ വ്യക്തി ബന്ധങ്ങള്‍ക്കോ സ്നേഹത്തിനോ തടയിടാന്‍ ആകാത്തതാണ് നമ്മുടെ രാഷ്ട്രീയ വികാരം എന്നതാണ്. കന്നി അങ്കം തോറ്റത് ഒരുപക്ഷേ നല്ലതിനായിരുന്നിരിക്കാം...വീട്ടില്‍ കയറി വെട്ടും എന്ന് പറഞ്ഞവര്‍ ഒക്കെ ഇന്നും നല്ല സുഹൃത്തുക്കള്‍ തന്നെയാണ്...

ഇനിയുള്ള നാളുകളില്‍ വരാനിരിക്കുന്ന എഫ്. ബി യിലെ പോര്‍വിളികള്‍ കാണുമ്പോള്‍ പഴയതൊക്കെ ഞാന്‍ തീര്‍ച്ചയായും ഓര്‍ക്കും. നമുക്കെല്ലാം വ്യക്തമായ രാഷ്ട്രീയ ചായ്വുകളുണ്ട് പക്ഷേ...ഇലക്ഷന്‍ റിസള്‍ട്ട് എന്തായാലും ഒന്നിനും കീഴ്പ്പെടുത്താന്‍ ആകാത്ത നമ്മുടെ ആത്മാഭിമാനവും വ്യക്തിത്വവും സൌഹൃദവും നിലനില്‍ക്കുമെങ്കില്‍ വിജയി എന്നും നമ്മള്‍ തന്നെയായിരിക്കും.

'മതം മാത്രമല്ല മനുഷ്യനെ മയക്കുന്ന കറുപ്പ്!'

Tuesday, March 4, 2014

വംശ ഹത്യയുടെ വ്യാഴവട്ടം

"ഗുജറാത്ത് വംശ ഹത്യയുടെ വ്യാഴവട്ടം" എന്ന സാഹിത്യം തുളുമ്പുന്ന ക്യാപ്ഷനും നല്‍കി കുത്തബ്ദീന്‍ അന്‍സാരിയെയും അശോക്‌ മോച്ചിയെയും വെച്ച് സി.പി.എം ഒരുക്കിയ പരിപാടിയെപ്പറ്റി വായിച്ചപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത രോമാന്ജം ഉണ്ടായി. എത്രയോ വ്യാഴവട്ടങ്ങളായി വെട്ടി നിരത്തുകയും രക്തം വീഴ്ത്തി പുഷ്ടിപ്പെടുകയും ചെയ്ത ഒരു സംഘമാണ് അഹിംസയുടെ പ്രവാചകന്മാരാകാന്‍ പാടുപെടുന്നത് എന്ന് ഓര്‍ത്തപ്പോള്‍ ചൊറിച്ചിലും! 
പഴയ സിനിമകളില്‍ ഇരയെയും വേട്ടക്കാരനെയും ഒരുമിച്ചിരുത്തി കൊള്ളസങ്കേതത്തില്‍ കാബറേ ആസ്വദിക്കുന്ന ജോസ്പ്രകാശിനെ ഓര്‍ത്തുപോയി ഞാന്‍ ഒരു നിമിഷം!

Monday, March 3, 2014

എഴുത്ത് ഭയം

ഒരു എഴുത്തുകാരനെ ഏറ്റവും ഭയപ്പെടുന്നത് അയാളുടെ വീട്ടുകാരും ബന്ധുക്കളുമാണ്. 
മരിച്ചു പറഞ്ഞാലും തെറ്റില്ല!

സ്വയംപര്യാപ്തത കോഴികള്‍

കേരളം 'കോഴി' വളര്‍ത്തലില്‍ സ്വയംപര്യാപ്തത നേടണമെന്ന് മന്ത്രി മാണി.

മോനെ ജയിപ്പിക്കാന്‍ യുവാക്കളെ പ്രീണിപ്പിക്കാന്‍ വേണ്ടി ഓരോ പ്രഖ്യാപനങ്ങളെ...അല്ലാണ്ട് തന്നെ പെണ്ണുങ്ങള്‍ക്ക് വഴി നടക്കാന്‍ മേല

Sunday, March 2, 2014

സമര്‍പ്പണം

പുതുമുഖ എഴുത്തുകാരുടെ പുസ്തകത്തില്‍ കാണുന്നപോലെ ആദ്യപേജില്‍ ഒരു കടപ്പാട്/ഡെഡിക്കേഷന്‍ സാറിന്‍റെ പുസ്തകത്തില്‍ കണ്ടില്ല ? അതെന്താണ്"

തുറന്നു പറഞ്ഞാല്‍...........സുഹൃത്തുക്കള്‍ക്കോ, അമ്മയ്ക്കോ, ഹരിശ്രീ എഴുതിച്ച സാറിനോ സമര്‍പ്പിച്ചാല്‍ അതൊരു ആത്മവഞ്ചനയാകും. 
ഏറ്റവും കടപ്പാട് എഴുതാനുള്ള സ്ഥല സൌകര്യങ്ങള്‍ ഒരുക്കിത്തന്ന കമ്പനിയോടാണ്.....ഡെഡിക്കേറ്റ് ചെയ്‌താല്‍ ഉള്ള പണി പോകും. അതോടെ എഴുത്തും നില്‍ക്കും. പുറത്ത് പറയരുത്