Tuesday, November 26, 2013

പ്ലീനം

പാര്‍ട്ടി പ്ലീനത്തിന്‍ പതാക പൊങ്ങി.
കൊടിമരച്ചോട്ടില്‍ ഒരു കോണകം അഴിഞ്ഞു കിടന്നു.

Monday, November 25, 2013

വ്യവസ്ഥിതിയുടെ അടിമകള്‍

"ഇന്നത്തെ തലമുറയോട് എനിക്ക് ലജ്ജ തോന്നുന്നു. അവര്‍ വ്യവസ്ഥിതിയുടെ അടിമകളാണ്. എന്നെപ്പോലെയുള്ളവര്‍ വ്യവസ്ഥിതികളെ വെല്ലു വിളിച്ചതുകൊണ്ട് മാത്രം പിന്‍തള്ളപ്പെട്ടു പോയതാണ്. പ്രവേശന പരീക്ഷ, ഇന്റര്‍വ്യൂ,, വിജയം,റാങ്ക് ഇമ്മാതിരി സമ്പ്രദായങ്ങളൊക്കെ പോളിച്ചെഴുതപ്പെടണം."

ആ പത്രം വായിക്കുന്ന സാറിന് അപാര നോളജ് ആണെന്ന് തോന്നുന്നല്ലോ. ചേട്ടാ...പാര്‍ട്ടി പ്രവര്‍ത്തകനാണോ?

ഏയ്. ആയകാലത്ത് പള്ളിക്കൂടത്തില്‍ പോകാത്തതിന്റെ കുത്തലാ...

Sunday, November 24, 2013

അംബാസിഡറും കോഴിയും.


"തുര്‍ക്കിയും ഈജിപ്റ്റും തമ്മിലുള്ള ബന്ധം വഷളായി. ഇരു രാജ്യങ്ങളും അംബാസിഡര്‍മാരെ പുറത്താക്കി".
കല്യാണം വന്നാലും പെരുന്നാള് വന്നാലും പാവം കോഴിക്കാ കിടക്കാന്‍മേലാത്തത്.

Saturday, November 23, 2013

എണ്ണ പരിവേഷണം

പണ്ട് ഉസ്കൂളില്, ഭൂഗോളം ചൂണ്ടിക്കാട്ടി മാഷ്‌ പഠിപ്പിച്ചത് ശരിയാണെങ്കില്‍ അമേരിക്ക ഇന്ത്യയുടെ എതിര്‍ ഭാഗത്തായി വരും. അതായത് ഓപ്പസിറ്റ് സൈഡ്. 
അങ്ങനെയാണെന്നുണ്ടെന്നുണ്ടെന്നുണ്ടെങ്കില്‍ അമേരിക്കയിലുള്ള ആരുടെയെങ്കിലും നെഞ്ചത്ത് ഒരു ഡ്രില്ലിംഗ് മിഷീന്‍ തുളച്ച് കേറാനുള്ള സാധ്യത കാണുന്നുണ്ട്. കൊച്ചിയില്‍ എണ്ണ പരിവേഷണം വീണ്ടും തുടങ്ങി.! 

Wednesday, November 20, 2013

സൂപ്പര്‍സ്റ്റാര്‍

സര്‍, ഏജ് ഓവറായി അടുപ്പിച്ച് പന്ത്രണ്ടാമത്തെ പടവും പൊളിഞ്ഞു. ഇനിയെങ്കിലും ആത്മഹത്യയെക്കുറിച്ച്....സോറി അഭിനയം നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ച്ചുകൂടെ?
നോ,..നെവര്‍.! എന്‍റെ ആരാധകര്‍ വേണേല്‍ ആത്മഹത്യ ചെയ്തോട്ടെ.
തീരുമാനം അറിഞ്ഞിട്ടുവേണം ഭാരതരത്നക്ക് അങ്ങയുടെ പേര് അയച്ചുകൊടുക്കാന്‍...
തൊണ്ണൂറ്റൊമ്പതാം പിറന്നാളിന്റെ അന്ന് അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞുവീണ് ചാകുക എന്‍റെ സ്വപ്നമാണ്...
അതിനു മുന്‍പ് ചിലപ്പോള്‍ നാട്ടുകാര് തല്ലിക്കൊല്ലും. (ആത്മഗതം)

Tuesday, November 19, 2013

പരിസ്ഥിതി സ്നേഹി

ആറമ്മുളയിലും ഇടുക്കിയിലും ഞാന്‍ കൊടിപിടിച്ചു.
മുല്ലപ്പെരിയാരിനെയും കൂടംകുളത്തെയും ഓര്‍ത്ത് കരഞ്ഞു. കവിത എഴുതി. 

അറിയുമോ ഈ ഭയങ്കര പരിസ്ഥിതി -കം- കര്‍ഷക സ്നേഹിയെ.....

ഇതൊക്കെയാണെങ്കിലും മുറ്റത്തെ കിണര്‍ മാറ്റി ആണവ നിലയം സ്ഥാപിക്കാനും വീടിന്‍റെ വാട്ടര്‍ ടാങ്കിന്റെ മുകളില്‍ വിമാനത്താവളം നിര്‍മ്മിക്കാനും എനിക്ക് സന്തോഷമേയുള്ളൂ. 

ഇപ്പൊ മനസിലായില്ലേ ഞാന്‍ ആരാണെന്ന്......?

Sunday, November 17, 2013

റിയര്‍ എസ്റെറ്റ്

സെന്റിന് 250 ഉം 300ഉം രൂപ മാത്രം വിലയുണ്ടായിരുന്ന കാലത്തും എന്‍റെ നാട്ടില്‍ മുതലാളിമാര്‍ ഉണ്ടായിരുന്നു. ഒരു വാര്‍ഡ്‌ മുഴുവന്‍ വിലയ്ക്ക് വാങ്ങാന്‍ ആസ്തിയുള്ളവര്‍. പക്ഷേ ആര്‍ത്തിയില്ലാത്തവര്‍! അതുകൊണ്ട് എല്ലാവര്ക്കും ഒരുതുണ്ട് ഭൂമിയും അതിലൊരു വീടുമുണ്ടായി. 

കൈനിറയെ കാശുണ്ടെങ്കില്‍ ആര്‍ക്കും ദാനം കൊടുത്തില്ലെങ്കിലും അടുത്തു കിടക്കുന്നവനെ ഉപദ്രവിക്കരുത്. അവരുടെ സ്വപ്‌നങ്ങള്‍ വിലയ്ക്ക് വാങ്ങരുത്.

Wednesday, November 13, 2013

ഓള്‍ഡ്‌ ബട്ട് ന്യൂ

കൊള്ളക്കാരെല്ലാവരും രാവിലെ ഒരു മീറ്റിംഗ് പോയിന്‍റില്‍ എത്തി ഹാജര്‍ വെയ്ക്കും. സംഘത്തലവന്‍ അവരെ പല സ്ഥലത്തേക്ക് പറഞ്ഞുവിടും. വൈകുന്നേരം മുതല്‍ പങ്കുവെയ്ക്കാന്‍ വീണ്ടു ഒത്തുകൂടും.
സംഗതി ഓള്‍ഡ്‌ സ്ടോറിയാണെങ്കിലും തൊഴിലുറപ്പ് പെണ്ണുങ്ങളെയും വാര്‍ഡ്‌ മേമ്പറെയും കണ്ടപ്പോള്‍ ഇത് വീണ്ടു ഓര്‍ത്തു.

കൈസേ ഹേ ഭായ്

നാട്ടിലെ എ.ടി.എം. കൌണ്ടറിനു മുന്‍പിലിരിക്കുന്ന സെക്യൂരിറ്റി, ഇവിടെ കമ്പനികളുടെയും കടകളുടെയും വാതില്‍ കാവല്‍ക്കാര്‍.....അവര്‍ക്ക് മൊബൈല്‍ ഫോണ്‍ ഒരനുഗ്രഹമാണ്‌.

സെക്യൂരിറ്റിയുടെ സ്ഥായിയായ ഭാവം വെറുപ്പാണ്. ആ ദേഷ്യത്തിനുള്ളിലെ മനസ്സ് നമ്മുടെ ഒരു ചിരിയിലാണ് തിരികെ വരിക. അഞ്ചുമിനിറ്റിനുശേഷം അതയാളില്‍ നിന്നും വീണ്ടും കൈവിട്ടു പോകുന്നു. 

ഒരു ചിരി, "കൈസേ ഹേ ഭായ്" എന്ന വെറുമൊരു കുശലം പറച്ചില്‍ ഒക്കെ വിരസതയാല്‍ മരിച്ചുപോയ അവരിലെ വാക്കുകള്‍ക്ക് ഒരു പുനര്‍ജ്ജന്മമാണ്.

Monday, November 11, 2013

ഫേസ്ബുക്ക് ലഹള

ന്യൂജനറേഷന്‍ കുടുംബ കലഹങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫേസ്ബുക്കില്‍ സ്റ്റാറ്റസ് എഴുതുന്ന ഭാര്യമാരാണ്. 

എന്തുകൊണ്ടെന്നാല്‍ പെട്ടെന്നുള്ള കോപത്താലും തോല്‍ക്കരുത് എന്ന ആഗ്രഹാത്താലും വായില്‍ തോന്നുന്നതെല്ലാം അവര്‍ നാട്ടുകാരെ വിളിച്ചറിയിക്കുന്നു.

ദൌത്യ വിജയം

ശ്രമം പാളി!

അതെന്താടോ?

നിലവിലേതില്‍ നിന്നും ഇനിയും ഉയര്‍ത്തണം. എന്നാലേ ദൌത്യം വിജയിക്കൂ.

ഐ.എസ്.ആര്‍.ഒ. ഭ്രമണപഥം ഇന്ന് രാവിലെ ശരിയാക്കി എന്നാണല്ലോ പറഞ്ഞത്.

താനേത് കോത്താഴാത്തു കാരനോടോ....അവര് എന്ത് വേണേല്‍ കാണിക്കട്ടെ, വാസന്തി മറപ്പുര ഉയര്‍ത്തി കെട്ടിയതിനാല്‍ നമ്മള്‍ വെച്ച കല്ല്‌ നാലിഞ്ച് എങ്കിലും പൊക്കിയാലെ സംഗതി നടക്കൂ എന്നാ ഞാന്‍ പറഞ്ഞത്.

Sunday, November 10, 2013

ഇമ്പോര്‍ട്ട് ടാക്സ്

പോന്നപ്പനെന്നും തങ്കപ്പനെന്നും പേരുള്ളവര്‍ക്ക് നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ 20% നികുതി.

Friday, November 8, 2013

ന്യൂ ജനറേഷന്‍ ബാലസാഹിത്യം

സ്കൂളില്‍ പഠിക്കുന്ന കാലത്ത് തെറി മാത്രം പറഞ്ഞിരുന്ന നീ ഇന്നു ബാലസാഹിത്യം എഴുതുന്നതാ അത്ഭുതം!

മാഷേ, അര്‍ഹതപ്പെട്ടത് എന്നായാലും നമ്മളെ തേടി വരും. ഇന്നത്തെ ന്യൂജനറേഷന്‍ പിള്ളാരാ എനിക്കൊരു ബ്രേക്ക് തന്നത്

Wednesday, November 6, 2013

ഹൌസ് ഡിസൈനര്‍ ടിപ്സ്

നാലുകെട്ടും നടുമുറ്റവും ഔട്ട്‌ ഡേറ്റഡ് ആയി. ഇപ്പോള്‍ വീട് നിര്‍മ്മാണത്തിലെ പുതിയ ട്രെന്‍ഡ് ഓപ്പന്‍ ബാത്ത് റൂം ആണ്. അതായത് ആകാശം കാണുന്ന, മഴ നനഞ്ഞു കുളിക്കാന്‍ പറ്റുന്ന അറ്റാച്ച്ഡ് ബാത്ത് റൂമുകള്‍...!
കേരളത്തിലെ തെങ്ങു കയറ്റക്കാരുടെ ക്ഷാമവും ഇതുവഴി പരിഹരിക്കാനാവും എന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. 

ശാസന

"പി.സി ജോര്‍ജിനെ ശാസിക്കും"

എന്നാത്തിനാ?

പെറ്റ തള്ള വിചാരിച്ചിട്ടു നന്നായില്ല പിന്നാ......:)

നല്ലത് നായ്ക്ക്

മോഡിക്ക് മുന്നേ പട്ടികള്‍ മണംപിടിച്ച്‌ നടക്കുന്നെന്ന്.!

പോക്രിത്തരം പറയരുത് അവറാച്ചാ!! 

ചൂടാകാതെ നായരേ...സംഗതി ഉള്ളതാ, സുരക്ഷാപരിശോധന നടത്തുന്ന ഡോഗ് സ്ക്വാഡാ..

....അല്ലേലും നല്ലത് നായ്ക്ക് പറഞ്ഞിട്ടില്ല!

Monday, November 4, 2013

വരികള്‍ക്കിടെയില്‍

" നല്ല വായനക്കാര്‍ ഒക്കെയും കോഴികളാണ്‌" എന്ന സാറിന്‍റെ പരാമര്‍ശം. വിവാദമായിരിക്കുകയാണല്ലോ?

വായിക്കുന്ന ഓരോ വരികള്‍ക്കിടയിലും ചികയുന്നവനാവണം നല്ല വായനക്കാരന്‍ എന്നാണ് "കോഴി പ്രയോഗം" കൊണ്ട് ഞാന്‍ ഉദേശിച്ചത്. 
ബ്ലഡി ഫൂള്‍..!!

വകതിരിവ്

സര്‍ കോടതി വിധിയെ എങ്ങനെ നോക്കി കാണുന്നു?

രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് എനിക്ക് അങ്ങേയറ്റം ബഹുമാനമാണ്.

അപ്പോള്‍ ജഡ്ജിമാര്‍ ആഭാസന്മാരും കൈക്കൂലിക്കാരുമാണ് എന്ന് പണ്ട് സാറ് തന്നെയല്ലേ പറഞ്ഞത്?

അത് അന്ന്, ഇത് ഇന്ന്, 
പ്രായമാകുമ്പോള്‍ ആളുകള്‍ക്ക് വകതിരിവാകുമെടോ...അന്നു ജഡ്ജ് ചെറുപ്പമായിരുന്നു.

Sunday, November 3, 2013

അനുഭവങ്ങളുടെ തീച്ചൂള

ഒരു ചോദ്യം കൂടി.
താങ്കള്‍ക്ക് എഴുതുവാനുള്ള പ്രചോദനം, പ്രോത്സാഹനം ഇതൊക്കെ എവിടെ നിന്നാണ്?
എന്‍റെ ഏറ്റവും വലിയ പ്രചോദനവും വിമര്‍ശകയും ഭാര്യ തന്നെയാണ്. അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നാണ് പല സൃഷ്ടികളും പിറവിയെടുക്കുന്നത്. അതായത്.......
അടുക്കളയില്‍ പാത്രങ്ങള്‍ ഇളകി. 
സുഹൃത്തേ..മടുത്തെങ്കില്‍ നമുക്ക്ഒരു സിഗരറ്റ് കത്തിക്കാം.. 
ജനാല വഴി ഒരു വിറകു കൊള്ളി മുന്‍പിലെ മുറ്റത്തേക്ക് പറന്നു വീണു!
ദേ തീ...അല്ല തീച്ചൂള.....
പ്രിയ ലേഖകാ പോകരുത്........