Sunday, April 17, 2016

ഉയര്‍പ്പിക്കല്‍ കല

കത്താവിന്റെ ഉയിര്‍പ്പ് ഏറ്റവും ഡ്രമാറ്റിക്കായി അവതരിപ്പിക്കുക പാതിരാകുര്‍ബാനയുടെ പഞ്ച് ഐറ്റമാണ്. അപ്പോള്‍ പള്ളിയിലെ ലൈറ്റുകള്‍ കെടും. കൊടുങ്കാറ്റടിക്കും. അകത്ത് പുക. പുറത്ത് കതിനാവെടി. കല്ലറയുടെ കവാടം നീങ്ങുമ്പോള്‍ ഉയര്‍ത്തെണീറ്റ യേശു ജനങ്ങള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടും. ആബാലവൃദ്ധം അത്ഭുതത്തോടെ അത് നോക്കി നില്‍ക്കും.
രംഗപടം, കലാസംവിധാനം, എഫക്ട്സ്. എല്ലാം ആര്‍ട്ടിസ്റ്റ് ലോനപ്പന്റെ നേതൃത്തത്തില്‍ ചില്ലറ വെറൈറ്റികളോടെ വര്‍ഷാവര്‍ഷം നടത്തിപ്പോന്നിരുന്നു. തെര്‍മ്മോക്കോളും ന്യൂസ് പേപ്പറും കാപ്പിപ്പൊടി നിറത്തിലെ സ്നോസവും കൊണ്ട് മലയും ഗുഹയും ഉരുണ്ടുനീങ്ങുന്ന കല്ലും ഉള്‍പെടുന്ന സെറ്റ് പാതിരായ്ക്ക്‌ മുന്‍പ് അള്‍ത്താരയുടെ ഇടത്തേ മൂലയില്‍ റെഡിയാകും. കല്ലറക്കുള്ളില്‍ പതുങ്ങിയിരുന്ന് കൃത്യം മുഹൂര്‍ത്തത്തിന് രൂപം ഉയര്‍ത്തി പീഠത്തില്‍ പ്രതിഷ്ടിച്ചു കഴിഞ്ഞേ ലോനപ്പനു വിശ്രമമുള്ളൂ. ഗുഹാ കവാടമല്ലാതെ പുറത്തേക്കിറങ്ങാന്‍ മറ്റു വഴികള്‍ ഇല്ലാത്തതിനാല്‍ കര്‍ത്താവിനെ ഉയര്‍പ്പിച്ചു കഴിഞ്ഞ് പുള്ളി കല്ലറയുടെ ഉള്ളില്‍ കിടന്ന് ഉറങ്ങുകയാണ് പതിവ്. ഈ മഹാത്ഭുതം പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റ് ലോനപ്പനോടുള്ള കടുത്ത ആരാധനയാല്‍ ഞങ്ങള്‍ ശിഷ്യന്മാര്‍ പെയിന്റ് പാട്ടയും ബ്രഷും മുട്ടുസൂചിയും അനുസാരികളുമായി പണിസമയത്ത് ചുറ്റും നില്‍ക്കും.
ആ ഈസ്റ്ററിന് പുതിയ കൊച്ചച്ചന്‍ പുതിയൊരു ആശയം മുന്നോട്ടു വെച്ചു. ഇത്തവണ കല്ലറ നീങ്ങുമ്പോള്‍ കര്‍ത്താവിന്റെ തിരുസ്വരൂപത്തിനു പകരം ഒരു മെഴുകുതിരി മാത്രം കത്തി നിന്നാല്‍ മതി. ‘ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു, എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല.’ അത് സിമ്പോളിക്കായി അവതരിപ്പിക്കുക. അച്ചന്‍ ആധുനികതയുടെ വ്യക്താവാണെന്ന് ബോധ്യമായതോടെ ഒ.വി. വിജയന്‍ സ്റ്റൈലിലുള്ള തന്റെ ഊശാംതാടി തലോടി, വെള്ളം കാണാത്ത തലമുടി ചൊറിഞ്ഞ് ആര്‍ട്ടിസ്റ്റ് സമ്മതം രേഖപ്പെടുത്തി. നസ്രാണികളുടെ ഇടയില്‍ കലാബോധമുള്ള ഒരു പുരോഹിതനെങ്കിലും ഉണ്ടായല്ലോ എന്നതില്‍ ഉള്ളാല്‍ ആഹ്ലാദിച്ചു. ഊളകളായ തന്റെ നാട്ടുകാര്‍ അന്തവും കുന്തവും തിരിയാതെ മിഴിച്ചു നോക്കണം.
ഞങ്ങള്‍ക്ക് വിഷമമായി. ഉയിര്‍പ്പ് സംഭവ ബഹുലമായി കാണാനാണ് ഉറക്കമൊഴിച്ച് പള്ളിയില്‍ വരുന്നത് തന്നെ. എന്തെങ്കിലുമാട്ടെ, കണ്ടു നോക്കാം.
പാതിരാത്രി കല്ലറയ്ക്കുള്ളില്‍ സര്‍വ്വം സുസജ്ജം. ആര്‍ട്ടിസ്റ്റ് മെഴുകുതിരി പീഠത്തില്‍ ഉറപ്പിച്ചു. ചട്ടിയില്‍ ചിരട്ടക്കനല്‍ ആളിച്ച് കുന്തിരിക്കം പുകച്ചു. ലൈറ്റ് ഓഫ്‌. കൊടുങ്കാറ്റിന്റെ ബാഗ്രൌണ്ട് മ്യൂസിക്കിന് കാതോര്‍ത്തിരിക്കുമ്പോള്‍ ടൈമിംഗ് തെറ്റി കതിനാ വെടി മുഴങ്ങി! അപ്രതീക്ഷിത ആഘാതത്തില്‍ കത്തുന്ന കനല്‍ പാത്രം കയ്യില്‍നിന്നും വഴുതി ലോനപ്പന്റെ മടിയില്‍ വീണു. കല്ലറയുടെ വാതില്‍ ചവുട്ടിത്തുറന്നുകൊണ്ടൊരു രൂപം പുറത്തേക്ക് പായുന്നത് കണ്ട് ഭക്തിയുടെ പാരമ്യത്തില്‍ നിന്ന വിശ്വാസികള്‍ കോരിത്തരിച്ചു. കനല്‍ വീണു കരിഞ്ഞ ഡബിള്‍ മുണ്ട് അന്തരീക്ഷത്തിലേക്ക് പറിച്ചെറിഞ്ഞത് ഉയര്‍ത്തെണീറ്റ കര്‍ത്താവിന്റെ തിരുശേഷിപ്പാണെന്നു കരുതി അത് കൈക്കലാക്കാന്‍ അമ്മച്ചിമാര്‍ പിടിവലി നടത്തി.
പിന്നീടുള്ള ഓരോ നോമ്പ് വീടല്‍ കമ്പനിയിലും കൊച്ചച്ചന്റെ ഉയര്‍പ്പിക്കല്‍ കലയെ ‘മാജിക്കല്‍ റിയലിസമെന്നൊക്കെ’ ഞങ്ങള്‍ വാഴ്ത്തുമ്പോള്‍, ഉടുമുണ്ട് ഉയര്‍ത്തി വലത്തേ തുടയിലെ ‘പൊള്ളല്‍ കല’ കാട്ടി ആര്‍ട്ടിസ്റ്റ് ലോനപ്പന്‍ പറയും ഇത് തിരുമുറിവ് ആണെടാ $^%%കളെ,,, തിരുമുറിവ്.

പൊട്ടിത്തെറിക്കുന്ന ഒരു രചന

എടോ, ലോക മനസാക്ഷിയെ 'പിടിച്ചു കുലുക്കുന്ന' ഒരു രചന മലയാളത്തില്‍ നിന്ന് ഉണ്ടാകാത്തതെന്തന്ന്‍ അറിയുമോ?
'നെല്ലിമരമൊന്നുലര്‍ത്തുവാന്‍...മോഹം.' ഒരു 'നല്ല കുലുക്കല്‍' അല്ലേ സാര്‍.
മരം കുലുക്കുന്നതല്ലഡോ.. മരണമുണ്ടാവണം. യുദ്ധം.... കലാപം.. ഭൂകമ്പം. ഇതൊക്കെ അനുഭവിക്കണം.. എന്നാലേ സാഹിത്യത്തിനു കരുത്തുണ്ടാവൂ...
സര്‍, സാഹിത്യമില്ലേലും നാട്ടില്‍ സമാധാനമുള്ളതല്ലേ നല്ലത്?
അല്ലടോ.. പൊട്ടണം. എവിടെങ്കിലും ഒക്കെ പൊട്ടണം. അത്തരമൊരു തീഷ്ണമായ വേദനക്കുവേണ്ടി ഞാന്‍ എത്രനാളായി കാത്തിരിക്കുകയാണ്! മരിക്കുന്നത്തിനു മുന്‍പ് അത് നടക്കുമോ ആവോ?
ഞാന്‍ സഹായിക്കാം. സര്‍.
ഓഹ് ബ്രില്ല്യന്റ്! താന്‍ ബോംബു വെക്കുമോ?
പൂരത്തിന്റെ പടക്കശാലക്കുള്ളില്‍ സാറിരിക്കുന്നു,എഴുതുന്നു. ഞാന്‍ പുറത്തുനിന്ന് തീ വെയ്ക്കുന്നു.ഓടുന്നു..

വീര ജവാൻ

വീര ജവാന്റെ മൃതദേഹം കുളിപ്പിച്ചൊരുക്കിയത്‌ ഞാനായിരുന്നു. മൂക്കറ്റം കുടിക്കാതെ ശവം കഴുകാൻ എനിക്കാവില്ല. അയാൾക്ക്‌ വെടിയേറ്റത്‌ പിന്നിൽ നിന്നായിരുന്നു. കുടിയനായതുകൊണ്ട്‌ ഞാൻ പറഞ്ഞത്‌ ആരും വിശ്വസിച്ചില്ല.