Saturday, July 23, 2016

വെളിപാട്

ചില നേരങ്ങളിൽ ഉള്ളിൽ ശൂന്യതയുടെ കറുപ്പ്‌. കണ്ണടച്ച്‌ ധ്യാന നിമഗ്നനാകുമ്പോൾ വീണ്ടുമൊരു വെളുത്ത പ്രതലം തെളിയുന്നു.
മനസ്സ്‌ ഏകാഗ്രമാക്കൂ... ഒരു ബിന്ദുവിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ.
അപ്പോൾ അതാ പീത നിറമാർന്ന പ്രകാശ രേണുക്കൾ ചേർന്നൊരു വൃത്തം മധ്യത്തിൽ രൂപപ്പെടുന്നു.
"ശ്‌ .!!. "
ആദ്യത്തെ കറുത്ത പ്രതലം, അതിനുള്ളിൽ വീണ്ടും വെളുപ്പ്‌, അപ്പോൾ ആ മഞ്ഞ നിറമുള്ള കേന്ദ്ര ബിന്ദു..?
ഒന്ന് വ്യാഖ്യാനിക്കൂ; ഗുരോ..?
അതേ വത്സാ... വിശക്കുന്നു.
നീ ഉൾക്കണ്ണിൽ കാണുന്നത്‌ ഫ്രൈ പാനും ബുൾസൈയും തന്നെ.!

Wednesday, July 20, 2016

കളിക്കളം

സ്കൂള്‍വിട്ടാലും വീട്ടില്‍പോകാതെ മൈതാനത്ത് ചുറ്റിപ്പറ്റി നിന്നിരുന്ന കാലമുണ്ടായിരുന്നു. നാലുമണിക്ക്ശേഷം മുതിര്‍ന്നവരുടെ കളിയിലെ വീറും വാശിയും കണ്ടുനില്‍ക്കുക തന്നെ രസകരമാണ്. ഓരോ കളിക്കളത്തിനും ഒരു ഊര്‍ജ്ജമുണ്ട്. പുറത്ത്ആവേശക്കമ്മറ്റിക്കാരുടെ തമാശയുണ്ട്. ചിരിയുണര്‍ത്തുന്ന പ്രകടനങ്ങളുണ്ട്.
കാലം മാറി. കളിമൈതാനങ്ങള്‍ ഒട്ടുമിക്കതും കാണാതാകുകയോ കെട്ടിയടയ്ക്കപ്പെടുകയോ ചെയ്തു. നിലവിലുള്ളവയുടെ സ്വഭാവം മാറി. ഉത്സവം, പെരുന്നാള്‍, കണ്‍വെന്ഷന്‍ പാര്‍ക്കിംഗ് എന്നിവക്ക് കൂടുതല്‍ സ്ഥലം വേണ്ടിവന്നപ്പോള്‍ കളി വിലക്കുക എന്നതായിരുന്നു സൌകര്യം. അല്ലെങ്കില്‍ത്തന്നെ ഇന്റലക്ച്വലായ ഇന്നത്തെ കുട്ടികള്‍ എങ്ങുംതങ്ങാതെ ഉള്ളനേരത്ത് വീട് പറ്റും. പഴയ വായ്‌ നോക്കികളുടെ കാര്യമാ കഷ്ടം. കണ്ടുനില്‍ക്കാന്‍ കളിയില്ല. ചുമ്മാ വട്ടം ചവുട്ടി നിന്നാല്‍ ആഭാസന്മാരെന്ന പേര് മിച്ചം.
പട്ടണത്തിനും ഒരുപാടകലെ ഞങ്ങളുടെ കൊച്ചുഗ്രാമത്തിലും സ്ഥിതി മറ്റൊന്നായില്ല. ആരവമൊടുങ്ങിയ കളിക്കളങ്ങള്‍........പൊതു ഇടം നഷ്ടപ്പെട്ട കുട്ടികള്‍.....
പണ്ട്, അത്യാവശ്യത്തിന് പത്ത് ആളെ വേണമെങ്കില്‍ വോളിബോള്‍ കോര്‍ട്ടില്‍ എത്തിയാല്‍ മതിയായിരുന്നു. കല്യാണം, മരണം, ആശുപത്രി കേസ്, വള്ളമിറക്ക്,കയറ്റ്. ആള്റെഡി. ഇന്ന് നാലാളെ കണ്ടുകിട്ടാന്‍ പാടാ.ഒത്തുകിട്ടിയാല്‍ ഞങ്ങള്‍ ഒരു ഫുള്ളിനെ പറ്റിയേ ആലോചിക്കൂ...
ആയിരം ലഹരിവിരുദ്ധ ക്യാംപെയിനേക്കാള്‍ ഫലപ്രദം ഒരു കളിക്കളമാണെന്ന് ഞാന്‍പറയും.

Friday, July 15, 2016

നിസ്സാര ജീവികൾ

ഒരു പല്ലിയെയോ പാറ്റയേയോ കണ്ടാൽ കാറിനിലവിളിച്ച്‌ നിലംതൊടാതെ കട്ടിലിൽ കയറി നിൽക്കുന്ന അവൾ ഘടാഘടിയനായ ഭർത്താവിന്റെ കലിപൂണ്ട ആക്രോശത്തെ വെറുമൊരു നോട്ടംകൊണ്ട്‌ ഇല്ലാതാക്കിക്കളയും.
ഹോ! എത്ര വൈരുധ്യാതമകമാണു നിസ്സാര ജീവികൾ തിങ്ങിനിറഞ്ഞ ഈ ലോകം!

Thursday, July 14, 2016

രാജ്യസ്നേഹവും ദേശസ്നേഹവും

രാജ്യസ്നേഹവും ദേശസ്നേഹവും രണ്ടാണോ?
പിറന്ന വീടിനോടും ചുറ്റുപാടിനോടും അവിടുത്തെ മനുഷ്യരോടുമുള്ള സ്നേഹമാണു ദേശ സ്നേഹത്തിന്റെ ഉറവിടം. പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന രാജ്യസ്നേഹത്തേക്കാൾ
തമിഴന്റെ പ്രാദേശിക സ്നേഹമാണു ഞാൻ വിലമതിക്കുന്നത്‌. കുറഞ്ഞപക്ഷം അവനു തന്റെ ചുറ്റുപാടുകളോടെങ്കിലും സ്നേഹമുണ്ട്‌. ഒപ്പം പുറത്തു നിന്ന് വരുന്നവരെ ഉൾക്കൊള്ളാനുള്ള തുറവിയുണ്ട്‌.
സിനിമ തന്നെ ഉദാഹരണമായി എടുത്താൽ അന്യദേശകാരായ എത്ര പ്രതിഭകളെയാണു സ്വന്തമെന്നപോലെ അവർ കൊണ്ടാടുന്നത്‌. മലയാളി കർണ്ണാടകത്തിലും മറ്റും മന്ത്രിസ്ഥാനം ഉൾപടെയുള്ള പദവികൾ അലങ്കരിക്കുമ്പോള്‍ കേരള നിയമസഭയിൽ ഒരു ബംഗാളിയോ തമിഴനോ എം.എല്‍.എ ആകുന്നതിനെപ്പറ്റി നമുക്ക് ചിന്തിക്കാനാവുമോ?
അതിരു തർക്കത്തിൽ അയൽവാസിയെ കുത്തിക്കൊന്നു എന്നൊരു വാർത്ത കേട്ടിട്ട്‌ ഒരുപാടു കാലമായി. അത്‌ പ്രബുദ്ധതകൊണ്ടൊന്നുമല്ല. ഇന്ന്‍ നമുക്ക്‌ അയൽവാസിയില്ല. തുറന്ന അതിരില്ല. അത്രതന്നേ. അതുകൊണ്ട്‌ നമ്മൾ പ്രത്യേയ ശാസ്ത്രം നിഷ്ക്കർഷിക്കുന്ന അതിരുകൾക്കുള്ളിൽ നിന്നുകൊണ്ട്‌ നോക്കുന്നു. വെട്ടിക്കൊലപ്പെടുത്തുന്നു. ആദ്യം അച്ഛനെ, അനുജനെ, അയല്‍പക്കത്തുള്ളവനെ ഒക്കെ സ്നേഹിച്ചിട്ടു പോരെ ഗാന്ധിയും ചെ'യും ഭഗത് സിങ്ങും വിവേകാനന്ദനും?

Wednesday, July 13, 2016

ഭ്രാന്താലായസ്വാമി

സത്യത്തില്‍ കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ച സ്വാമി വിവേകാനന്ദനോളം നട്ടപ്പിരാന്തുള്ള മറ്റാരെങ്കിലുമുണ്ടോ?
നട്ടുച്ചക്ക് കടല് നീന്തിക്കേറി പോയി പാറപ്പുറത്തിരുന്നാല്‍ ചന്തി പൊള്ളിപ്പോവില്ലേ മാഷേ...?

Tuesday, July 12, 2016

മാര്‍തോമാപാരമ്പര്യം

"അച്ചായോ.. മോളുടെ ഫോട്ടോ ചെക്കനു നന്നേ ബോധിച്ചു. "
അതെയോ..!
"പക്ഷേ... നല്ല ക്രിസ്ത്യാനിയും തോമാശ്ലീഹായുടെ പാരമ്പര്യം മുറുകെപ്പിടിക്കുന്നവനും ആയതുകൊണ്ട്‌ ഒന്ന് തൊട്ടു നോക്കിയേ വിശ്വസിക്കൂ.."
ഫ.. $&്‌&!!

Sunday, July 3, 2016

ഒരു മുല്ലപ്പൂവിപ്ലവം

നിക്കറിനു പകരം നേവീബ്ലൂ പാന്റസ് തൈയ്പ്പിച്ചു കിട്ടിയതോടെയാണ് ഒരുകാലത്ത് മാന്യമായി യൂണിഫോം അണിഞ്ഞ് സ്കൂളില്‍ പോകാമെന്നായത്. പച്ചപ്പരിഷ്ക്കാരിയായതുകൊണ്ടല്ല തുടയില്‍ പഴംപൊരി പോലെ തിണിര്‍ത്ത് പൊങ്ങിയ ചൂരലടി പാടുകള്‍ നാട്ടുകാര് കാണില്ലല്ലോ എന്ന ആശ്വാസം കൊണ്ട്.
തൊട്ടതിനും പിടിച്ചതിനും ഒക്കെ എന്നെ എടുത്തിട്ടു വീക്കുക വീട്ടിലെ മാതൃകാദ്ധ്യാപകര്ക്ക് ഒരു ഹോബിയായിരുന്നു.
ഫോര്‍ എക്സാമ്പിള്‍, അമ്മച്ചിയെന്നെ മൂന്നാം ക്ലാസ്സില്‍ പഠിപ്പിക്കുന്നു. അടുത്തിരിക്കുന്നവന്‍ എന്തു കുരുത്തക്കേട് കാട്ടിയാലും എനിക്കൊന്ന്, അവനൊന്ന് എന്ന രീതിയിലാണ് അടിയുടെ ഇക്വേഷന്‍. മറ്റൊരു കുട്ടിയോ മാതാപിതക്കാളോ ടീച്ചര്‍ ഒരിക്കലും മകനോട് വേര്‍തിരിവ് കാണിച്ചെന്ന് പറയരുത്. ആയതിനാല്‍ അര്‍ഹിക്കാത്ത വിഹിതങ്ങളാല്‍ എന്റെ അക്കൌണ്ട് എന്നും നിറഞ്ഞു കവിഞ്ഞിരുന്നു. മഞ്ഞളിട്ട് കാച്ചിയ ചൂരവടി ഇറയില്‍ റെഡിയായിരിക്കുന്നത് അറിയാവുന്ന കൂട്ടുകാരും പരിസരവാസികളും ഞാന്‍ പിള്ളേരെ തല്ലി, പിച്ചി, മാന്തി തുടങ്ങിയ ബാലിശമായ ആരോപണങ്ങളാല്‍ കൃത്യമായി ഇടവേളകളില്‍ സ്കോര്‍ ചെയ്തുകൊണ്ടേയിരുന്നു. ഉള്ളത്‌ പറയാമല്ലോ എന്നോളം തല്ലു കൊണ്ടിട്ടുള്ള ഒരു കുട്ടിയും കുട്ടനാട്ടിലുണ്ടാകില്ല. (നാട്ടുകാരുടെ തല്ലല്ല)
അങ്ങനെ കാര്യങ്ങള്ക്കൊന്നും മുട്ടില്ലാതെ പോകുമ്പോഴാണ് വഴിത്തിരിവായ സംഭവമുണ്ടായത്.
അന്തിനേരത്ത് അയല്പക്കത്ത് വട്ടം കൂടി സൊറപറഞ്ഞിരിക്കുമ്പോള്‍ കൂട്ടത്തിലാരോ കാവ്യാത്മകമായി മൊഴിഞ്ഞു; “ഹായ്! നല്ല മുല്ലപ്പൂവിന്റെ മണം”.
“പിന്നേ... നല്ല പട്ട ചാരായത്തിന്റെ മണമാ.” ഞാന്‍ തിരുത്തി.
ഉള്ളതുപറഞ്ഞാല്‍ എന്റെ മൂക്കിലടിച്ചത് ആ മണമായിരുന്നു. വഴിയിലൂടെ വച്ച് വേച്ച് നടന്നു പോയ അപ്പാപ്പന്‍ ഒന്ന് നിന്നു.
“ഡാ കൊച്ചുകഴുവേറി...നീ തന്നെയാ അല്ലേയോടാ.....?”എന്നിട്ട്, ഇപ്പ ശരിയാക്കിത്തരാം എന്ന മട്ടില്‍ വടക്കോട്ട്‌ നടന്നു.
കൂട്ടുകാരു പറഞ്ഞു; “അപ്പാപ്പന്‍ നേരേ നിന്റെ വീട്ടിലോട്ടു പോയിട്ടുണ്ട്. മോനേ...ചെല്ല്, ഇന്നത്തെ കാര്യവും കുശാലായി...”
ഒട്ടും വ്യത്യാസമില്ലാതെ ‘ഡാ..!!’ എന്ന് ഇടിവെട്ടുന്ന വിളി വീട്ടില്‍ നിന്ന് മുഴങ്ങി. ഫാദര്‍ജി കൈക്കിണങ്ങിയ ടൂള്സുമായി റെഡിയായി നില്ക്കുന്നു. ഇനി ഞാന്‍ റെഡിയായാല്‍ മാത്രം മതി. നേരെ ചെല്ലുക. ഉള്ളത് വാങ്ങുക....മോങ്ങുക. ഇത്ര മാത്രമേ യാന്ത്രികമായി നമ്മള്‍ ചെയ്യേണ്ടതുള്ളൂ.
പതിവുപോലെ വേലിക്ക് ചുറ്റും കാണികള്‍ കൂടിയിട്ടുണ്ട്. “ചെറിയ വായില്‍ വലിയ വർത്തമാനം പറയുന്നോടോ...” എരിവ് കേറ്റി അപ്പാപ്പനും മുറ്റത്തുണ്ട്.
പക്ഷേ അന്നെനിക്കൊരു ഉൾവിളി ഉണ്ടായി. ‘ഇവിടെ വാടാ....’ എന്ന അലര്ച്ചക്ക് ഞാന്‍ ചെവികൊടുത്തില്ല. ആറാം ക്ലാസ്സുകാരനായ ഞാന്‍ ആദ്യമായി അനുസരണക്കേട്‌ കാട്ടി. ഞാന്‍ ഓടി! ആളുകളുടെ മുന്പില്‍ ഫാദര്ജി നാണംകെട്ടു. പിന്നീടൊരിക്കലും എന്നെ തല്ലാന്‍ പുള്ളി വടി എടുത്തിട്ടില്ല. അന്ന് മുതല്‍ ഞങ്ങള്‍ തമ്മില്‍ ഒരു ‘ആടുതോമാ-ചാക്കോ മാഷ്‌’ ബന്ധം ഉടലെടുത്തു.
ഇത്രയും പറഞ്ഞത് എന്തിനാച്ചാല്‍....
അപ്പാപ്പന്‍മാര്‍ എന്നും പറയുക ‘പിള്ളേര് ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയരുത് എന്നാണ്.’ കൊച്ചുപിള്ളേര് വളരുന്നതും കളക്ടര്‍ ആകുന്നതും ഒന്നും അവരു കാര്യമാക്കില്ല. നാറ്റത്തിനും മുല്ലപ്പൂവിന്റെ സ്മെല്ലാണെന്ന് പറയുന്നതാ അവർ ക്കിഷ്ടം.
അതുകൊണ്ട് ബ്രോ...നമ്മള്‍ ഒരു സ്റ്റാന്റ് എടുക്കുന്നത് ഓടാന്‍ തയ്യാറായികൊണ്ടു തന്നെയാവണം.