Wednesday, May 21, 2014

കാറ്റുള്ളപ്പോള്‍...

ഇരിക്കുന്നതിനു മുന്‍പേ കാല് നീട്ടരുത്."ആം ആത്മിയുടെ ഡല്‍ഹിയിലെ അവസ്ഥയെ ആലങ്കാരികമായി പലരും സൂചിപ്പിച്ചത്ത് ഇങ്ങനെയാണ്.അതുപോലെ അവരും പയറ്റിയത് "കാറ്റുള്ളപ്പോള്‍ ഷിറ്റണം" എന്ന പഴമൊഴിയാണ്. 

അധികാരത്തില്‍ കടിച്ചു തൂങ്ങുന്നവരല്ലെന്നു പൊതുജനത്തെ ബോധിപ്പിക്കാന്‍ രാജിവെച്ചോഴിഞ്ഞതില്‍ ജനങ്ങള്‍ക്ക് പരാതിയില്ലായിരുന്നെങ്കിലും കിട്ടിയ തക്കത്തിന് ഭരണത്തിലെ പരിചയക്കുറവ് വിഷയമാക്കി ആപ്പിനെതിരേ ആഞ്ഞടിക്കാന്‍ കൊണ്ഗ്രസിനും ബി.ജെ.പിക്കും കഴിഞ്ഞു.

ഒരു വര്ഷം മാത്രം പഴക്കമുള്ള പാര്‍ട്ടി നാനൂറില്‍ പരം പാര്‍ലമേന്റ്റ് സീറ്റുകളില്‍ മത്സരിക്കെണ്ടിയിരുന്നോ എന്നത് ഒരു ചോദ്യമാണ്. ഏറ്റവം അനുകൂലമായ മണ്ഡലങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് ഉചിതരായ സ്ഥാനാര്‍ഥികളെ മാത്രം(അന്‍പതില്‍ താഴെ) നിര്‍ത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ ഇതില്‍ കൂടുതല്‍ സീറ്റ് കിട്ടിയേനെ. പക്ഷേ അപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലും ഇത്ര പെട്ടന്ന് വേരോട്ടം സാധ്യമാവില്ല. ബി.ജെ.പിക്ക് ഇപ്പോഴുള്ള അനുകൂല കാലാവസ്ഥവെച്ച് നോക്കിയാല്‍ ഡല്‍ഹി ആപ്പിന്‍റെ കൈവിട്ടുപോയ ലക്ഷണമാണ്.

പൊതു തിരഞ്ഞെടുപ്പിനോടൊപ്പം ഇലക്ഷന്‍ നടത്താന്‍ അനുവദിക്കാതെ കോണ്ഗ്രസ് പണികൊടുത്തതാണ് അവരുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ചത്. ഒടുവില്‍ അത് ഇരുകൂട്ടര്‍ക്കും വിനയായി. രാഷ്ട്രീയ കുതന്ത്രത്തില്‍ വിദഗ്ധരായ ഒരുപറ്റം കോണ്ഗ്രസ് ബുജികളുടെ നീക്കങ്ങള്‍ 'പാണ്ടന്‍ നായുടെ പല്ലിന്‍ ശൌര്യം പോലെ ഫലിക്കുന്നില്ല' അതിന് മറ്റൊരുദാഹരണമാണ് തെലുങ്കാന.

അതുകൊണ്ട് ഇനിമുതല്‍ ആരായാലും ഷിറ്റുമ്പോള്‍ കാറ്റുമാത്രം നോക്കിയിട്ട് കാര്യമില്ല. ടൈമിങ്ങും ശരിയാകണം.

പാരാഗ്ലൈഡിഗ്

കേരളത്തില്‍ ജനിച്ചു എന്ന് കരുതി നമ്മുടെ സ്വപ്‌നങ്ങളെ പെട്ടിയില്‍ പൂട്ടി വെയ്ക്കേണ്ട കാര്യമുണ്ടോ? കണ്ണൂരില്‍ നിന്നൊരു കല്പനാചൌള നാളെ ഉണ്ടായി കൂടെന്നില്ല.
പ്രായം കുറഞ്ഞ പാരാഗ്ലെഡിനഗ്കാരി നിങ്ങളുടെ മകളാണ് എന്ന് പറയുന്നത് ഒരു അഭിമാനമല്ലേ? നാളെ വീഡിയോ യൂ ടൂബിലിട്ടാല്‍ ആളങ്ങ് പിടിവിട്ട് പോകില്ലേ?

ഏതായാലും എല്ലാ പഞ്ചായത്തിലും പറക്കാനുള്ള സുനാ ഇല്ലാത്തതും എല്ലാ മാതാപിതാക്കള്‍ക്കും ഇത്തരം മോഹങ്ങള്‍ ഇല്ലാത്തതും നന്നായി. ഇല്ലേല്‍ പെരുന്നാളിനും ക്രിസ്മസിനും വല്ല 'എലിവാണ'ത്തിലും കെട്ടി പിള്ളാരെ ബഹിരാകാശത്ത് വിട്ടേനെ

Tuesday, May 20, 2014

പ്രീണനം

"ഇനിയും കാത്തിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു."

ആ വാക്കിനി ഇവിടെ മിണ്ടരുത്! തൊട്ടതിനും പിടിച്ചതിനും താനൊക്കെ'ന്യൂനപക്ഷമെന്നു' പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് ഞങ്ങളെ ഒരു വഴിക്കാക്കിയത്. അതു കേട്ട് കേട്ട് കുരുപൊട്ടിയ ഭൂരിപക്ഷം എല്ലാം കൂടി ഒന്നു ചേര്‍ന്നപ്പോള്‍ പണി കേന്ദ്രത്തില്‍ കിട്ടി.

"ങേ..! താനെന്നോ..മുഖ്യന്‍ നിലമറന്നു സംസാരിക്കുന്നു."

ഓ..സോറി, പിതാവേ ഈ പാപിയോട് പൊറുക്കേണമേ..
ഇപ്പം എന്താ അങ്ങയുടെ പ്രശ്നം?

ഞങ്ങളുടെ വിഭാഗത്തിലെ പല കുടുംബങ്ങളും മുഴു പട്ടിണിയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. വേദന താങ്ങാനാവാത്ത മൂന്ന്‍ കോടീശ്വരന്മാര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നു. ഉടനടി അടച്ചിട്ട ബാറുകള്‍ തുറക്കണം.

എവിടെ എല്ലാത്തിനും കൂടെയുള്ള മറ്റേ ന്യൂനപക്ഷം?

ഹറാമായാതിനാല്‍ ഇക്കാര്യത്തിലൊഴികെ ബാക്കി എന്ത് ഹറാമ്പിറപ്പിനും കൂടെയുണ്ടാവുമെന്ന് അവര്‍ വാക്ക് തന്നിട്ടുണ്ട്.

അതെങ്ങനെ ന്യൂനപക്ഷത്തിന്‍റെ പ്രശ്നമാകും? ശരിക്കും ഈഴവരെയല്ലേ കള്ളുകച്ചവടക്കാര്‍ എന്ന് നിങ്ങള്‍ ബ്രാന്‍ഡ് ചെയ്തിട്ടുള്ളത്?

"ആക്ച്വലി ഈ ബാറും കള്ളും രണ്ടാണ്. അതില്‍ എന്‍റെ കുഞ്ഞാടുകള്‍ക്കാണ് കൂടുതല്‍ ബാറുള്ളത്. പക്ഷേ പഴി ഞങ്ങള്‍ മറ്റവരുടെ തലയില്‍ വെച്ച് കെട്ടും. പ്രാശ്ചിത്തമായി ഡേയ്ലി "എന്‍റെ പിഴ എന്‍റെ പിഴ, എന്‍റെ വലിയ പിഴ" എന്ന്‍ പ്രാര്‍ത്ഥന ചൊല്ലാറുണ്ടല്ലോ."

"ഉടന്‍ നടപടി എടുത്തില്ലേല്‍ ഞങ്ങള്‍ പ്രക്ഷോഭം തുടങ്ങും."

വിരട്ടാതെ പിതാവേ, ഇവിടുത്തെ രണ്ടു ഭൂരിപക്ഷ സാമുദായിക നേതാക്കള്‍ ചേര്‍ന്ന് എന്നെ ശക്തിപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്. ഇന്നുമുതല്‍ ഭൂരിപക്ഷ പ്രീണനമാണ് ഹൈക്കമാന്‍ഡ്നടിന്റെ അജണ്ട.

സാംസ്കാരിക സമ്മേളനം

സാഹിത്യ-സാംസ്കാരിക പ്രശ്ങ്ങള്‍ ചര്‍ച്ചിക്കാനായി കൂടുന്ന നമ്മുടെ സൌഹൃദ സമ്മേളനങ്ങള്‍ എല്ലാം തന്നെ അലമ്പ് രാഷ്ട്രീയവും മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സ്‌ ചേരിപ്പോരും കൊണ്ട് കുളമാകുകയാണ് പതിവ്. കഴിഞ്ഞ പത്തുമുപ്പത് വര്‍ഷമായി പത്തില്‍ ഒരു മലയാളി നേരിടുന്ന ഗുരുതര പ്രശ്നമായി ഈ വിഷയത്തെ കാണാനും വ്യക്തികളുടെ സാംസ്കാരിക വളര്‍ച്ചയില്‍ ഗുണപരമായ യാതൊന്നും സംഭാവന ചെയ്യാത്ത ഇത്തരം വര്‍ത്തമാനങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കാനും വേണ്ടി ഇന്ന് അടിയന്തിരയോഗം ചേരുന്നതാണ്.

എന്ന്‍, 
പ്രസിഡന്‍റ്.
(യു.എസ്.കു )

(ഗോപിച്ചേട്ടന് മാത്രമായ കുറിപ്പ്, മറ്റുള്ളവക്ക് ബാധകമല്ല. മറക്കേണ്ട ഇന്ന് ലാലേട്ടന്‍റെ ബര്‍ത്ത്ഡേയാണ്. വൈകിട്ട് നമുക്ക് കൊഴുപ്പിക്കണം.)

Monday, May 19, 2014

ജസ്റ്റിസ്

"വീ..നീഡ്‌..ജസ്റ്റിസ്." 

അതെ പുതിയ ചീഫ്ജസ്റ്റിസ് ആണ്. 

"എനിക്ക് മരണശിക്ഷ വിധിച്ച ജഡ്ജിനെ ഇന്നലെയാണ് കൈക്കൂലിക്കേസില്‍ പിടിച്ചത്. അപ്പോള്‍ അയാള്‍ ഇതുവരെ ശിക്ഷ വിധിച്ച എല്ലാ പ്രതികളുടെയും കാര്യമോ? ജസ്റ്റിസിന്‍റെയല്ല..നീതിയുടെ കാര്യമാണ് ഞാന്‍ പറയുന്നത്. അത് രണ്ടും രണ്ടാണ്."

Wednesday, May 7, 2014

ഉറങ്ങിക്കിടന്ന മൃഗം

പതിവു കലഹത്തിനിടെ ഭാര്യക്കുമുന്‍പില്‍ പിടിച്ചു നില്‍ക്കാനാവാതെ അവറാച്ചന്‍ അടവൊന്നു മാറ്റി. 

"എന്നില്‍ ഉറങ്ങിക്കിടക്കുന്ന മൃഗത്തെ നീ ഉണര്‍ത്തരുത്."

ഒരു നിമിഷം നിശബ്ദയായ ഭാര്യ തിടുക്കത്തില്‍ അടുക്കളയിലേയ്ക്ക് പോയി പാത്രത്തില്‍ ചോറും കറിയുമായി വന്നു. വിജയീഭാവത്തില്‍ നിന്ന അവാറാച്ചനെ നോക്കി ഒരു ഡയലോഗ്.

"പട്ടിക്ക് ഭക്ഷണം കൊടുക്കുന്ന കാര്യം ഇപ്പോഴാ ഓര്‍ത്തത്. താങ്ക്സ്!".

ലോലഹൃദയര്‍

കാമുകനൊപ്പം വീട്ടമ്മ പോയതില്‍ മനംനൊന്ത് അയല്‍ക്കാരന്‍ ആത്മഹത്യ ചെയ്തു.
നാടു മൊത്തം ലോലഹൃദയരാണല്ലോ കര്‍ത്താവേ..!

Tuesday, May 6, 2014

വികാര മുല്ലപെരിയാര്‍

"ചുമ്മാ ചിരിപ്പിക്കരുത്, ചിലപ്പോള്‍ ഞാന്‍ പൊട്ടിയേക്കും"
മന്ത്രിയുടെ പ്രസംഗം കേട്ട ഡാമിന്‍റെ ആത്മഗതം!

Monday, May 5, 2014

ബാറും കമ്പിയും

എന്ജിനീറെ സ്ലാബ് പൊളിഞ്ഞു വീണു!"

"ബാറ് പത്തിനു പകരം പന്ത്രണ്ട് ആക്കിയെന്ന് മേസ്തരിയോട് ഞാന്‍ വിളിച്ചു പറഞ്ഞതാണല്ലോ?" 

ഉള്ളതാണോ മേസ്തരി?

പൂട്ടിയ ബാറ് പത്തിനല്ല പന്ത്രണ്ടു മണിക്കാ ഇനി തുറക്കുകെന്നു ഞാന്‍ കരുതി മൊയലാളി..സോറി.

ഹിമാറും ഹറാമും

പണ്ട് വെള്ളാപ്പള്ളിയുടെ ഒരു ഇന്റര്‍വ്യൂ കണ്ടിരുന്നു.
"ഞാന്‍ ജീവിതത്തില്‍ ഇന്നേവരെ മദ്യം ഉപയോഗിക്കാത്ത ആളാണ്‌. ഗുരുദേവന്‍റെ തത്വങ്ങളാണ് പിന്തുടരുന്നത്. പിന്നെ മദ്യ വ്യവസായം, അത് ജീവിക്കാന്‍ വേണ്ടിയാണ്."
ഇതുപോലെ സ്വയം രൂപക്കൂട്ടില്‍ കയറിയിരുന്നിട്ട് വല്ലവനെയുംകൊണ്ട് നേര്‍ച്ചയിടീച്ചാണ് സകല പുണ്യവാന്‍മാരും ഉപജീവനം കഴിക്കുന്നത്.
ആയതിനാല്‍ ഏത് ഹിമാറും മദ്യലോബിയോട് ഒത്തുപ്രവര്‍ത്തിച്ചാലും കുടിക്കാത്തിടത്തോളം കാലം അത് 'ഹറാമാകുന്നില്ല'.

Thursday, May 1, 2014

അരിയാഹാരം

കൊളസ്ട്രോള്‍ ഷുഗര്‍ ചെക്കപ്പ് കഴിഞ്ഞതില്‍ പിന്നെ അരിയാഹാരം അവറാച്ചനു കിട്ടാക്കനിയായി. എങ്കിലും ഭാര്യ കാണാതെ പുള്ളി കിട്ടുന്നതൊക്കെ തട്ടും.
മൂന്നാല് ദിവസമായി മൂക്കുമുട്ടെ തട്ടുന്നതല്ലാതെ പുറത്തേയ്ക്ക് ഒന്നും പോകുന്നില്ലല്ലോ എന്ന്‍ ചിന്തിച്ച് കുന്തിചിരിക്കുമ്പോഴാണ് അടുക്കളയില്‍ നിന്നു കെട്ടിയോളുടെ വിളി കേട്ടത്.
" നിങ്ങളാ പുട്ടുകുറ്റിയുടെ ചില്ല് കണ്ടോ? മിനിയാന്ന് പാത്രത്തില്‍ മിച്ചമുണ്ടായിരുന്നത് പൂച്ച തിന്നു. എങ്കിലും ചില്ല് എവിടെപ്പോയി?"
അവറാച്ചന്‍റെ അടിവയറ്റിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞുപോയി!