Thursday, September 7, 2017

ആനവാതിൽ അവറാൻ

തേക്കിന്‍തടിയില്‍ തീര്‍ത്ത കവാടത്തോടെ കൊച്ചുപള്ളി പുതുക്കിപ്പണിയും മുന്‍പ് ആനവാതിലിന്റെ സ്ഥാനത്ത് ഒരു ഇരുമ്പ് ഷട്ടറായിരുന്നു. തുറക്കുമ്പോഴും അടയ്ക്കുമ്പോഴും വലിയ ഒച്ചപ്പാടുണ്ടാക്കി പ്രാവുകളെ പറത്തിക്കളയുന്ന ഷട്ടര്‍. കയ്യെത്താത്ത പൊക്കത്തില്‍ പോകാതെ അത് കൊളുത്തിട്ടു പിടിക്കുന്നത് കാളയെ മൂക്കുകയറിട്ടു നിര്‍ത്തുന്നതു പോലെയായിരുന്നു. തുരുമ്പെടുത്ത ആ ഇരുമ്പ് പാളിയുടെ നിയന്ത്രണം പൂര്‍ണ്ണമായും കപ്യാര്‍ക്കാണ്. തന്നാല്‍ മാത്രം സാധ്യമായ, തനിക്കു മാത്രം കല്‍പ്പിച്ചുകിട്ടിയ അധികാരമായാണ് ഈ പ്രക്രിയയെ കപ്യാര്‍ അവറാന്‍ ഉപയോഗപ്പെടുത്തിയിരുന്നത്. 

ഓശാന ഞായറാഴ്ചയാണ് കപ്യാരുടെ ഗര്‍വ്വ് മൂര്‍ദ്ധന്യത്തിലെത്തുന്നത്. കുരുത്തോലപ്പെരുന്നാളിന് പ്രദിക്ഷണം പള്ളിയെ വലംവെച്ച് വന്ന്‍ വാതിലില്‍ തുറക്കുന്നത് ഒരു പ്രധാന കര്‍മ്മമാണ്‌. ജനക്കൂട്ടവും വികാരിയച്ചനും പുറത്തു നില്‍ക്കും. ഷട്ടര്‍ അടച്ചിരിക്കുകയാവും. അടഞ്ഞ പള്ളിക്കുള്ളില്‍ കപ്യാര്‍ മാത്രമാവും.

അപ്പോള്‍ മുഖ്യകാര്‍മ്മിയായ അച്ചന്‍ പറയും.

“വാതിലുകളേ ശിരസ്സുയര്‍ത്തുവിന്‍ നിത്യകവാടങ്ങളേ തുറക്കുവിന്‍ മഹത്ത്വത്തിന്റെ രാജാവ് എഴുന്നെള്ളുന്നു”.

അകത്തു നിന്ന് അധികാരത്തോടെ കപ്യാര്‍ ചോദിക്കും.
“ഈ മഹത്ത്വത്തിന്റെ രാജാവ് ആരാകുന്നു?”
അപ്പോള്‍ ജനം പറയും “യുദ്ധവീരനും ശക്തനുമായ കര്‍ത്താവ് തന്നെ.”

തുടര്‍ന്ന്‍ വലിയ മരക്കുരിശുകൊണ്ട് മൂന്നു പ്രാവശ്യം മുട്ടും. അപ്പോള്‍ ഷട്ടര്‍ താനെ തുറക്കപ്പെടും.
അന്ന്‍ വികാരിയച്ചനേക്കാള്‍ അധികാരം തനിക്കാണെന്ന തോന്നല്‍ കപ്യാര്‍ക്ക് ഉണ്ടാകും. അച്ഛനിത്തിരി വെയില് കൊള്ളട്ടെ, എനിക്ക് സൌകര്യമുള്ളപ്പോള്‍ തുറക്കും എന്ന നിഗൂഢ ആനന്ദം.
പതിവുപോലെ അത്തവണത്തെ പെരുന്നാളിനും മൂന്നു മുട്ടിനു ഷട്ടര്‍ പൊങ്ങിയില്ല. പക്ഷേ അത് നിങ്ങള്‍ കരുതും പോലെ കപ്യാരുടെ കുറ്റകരമായ അനാസ്ഥയോ മനപ്പൂര്‍വമായ വൈകിപ്പിക്കലോ മൂലമായിരുന്നില്ല. മറിച്ച് തുരുമ്പിച്ച ഷട്ടര്‍ പണിമുടക്കിയതായിരുന്നു കാരണം.

പുറത്ത് മുറുമുറുപ്പുകളും ബഹളവും തുടങ്ങി. നേരം വൈകുന്തോറും അവറാനു വെപ്രാളമായി. കൊളുത്തിട്ടു പിടിക്കാനുള്ള ഇരുമ്പു കമ്പി വലിച്ചെറിഞ്ഞ് അങ്ങേര് ഷട്ടര്‍ ഉയര്‍ത്താന്‍ കഠിനപ്രയത്നം നടത്തി. കുരിശേന്തിയ മുട്ടാളന്‍മാര്‍ പുറത്തുനിന്നും മാരകമായ മുട്ട് വാതിലിന്‍മേല്‍ നടത്തിക്കൊണ്ടെയിരുന്നു. എന്തോ കര്‍ത്താവിന്റെ കൃപകൊണ്ട് അവറാന്റെ ശ്രമം വിജയിച്ചു. പക്ഷേ മുകളിലേക്കുള്ള ഷട്ടറിന്റെ പ്രവേഗത്തിനു കടിഞ്ഞാണിടാന്‍ സാധിച്ചില്ല. പതിനഞ്ചടിപ്പൊക്കത്തിലേക്ക് പറന്നുയരുന്ന ഷട്ടറില്‍ ഒരു വവ്വാലിനെപ്പോലെ ആദ്ദേഹം അള്ളിപ്പിടിച്ചു കിടന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ നീലക്കരയന്‍ പോളിസ്റ്റര്‍മുണ്ട് അഴിഞ്ഞു പോയിരുന്നു!
തിരുശേഷിപ്പുകള്‍ അവശേക്ഷിപ്പിച്ച് ഉയര്‍ത്തെണീറ്റ്പോകുന്ന കര്‍ത്താവിനെ അനുസ്മരിപ്പിച്ചു ഉന്നതങ്ങളിലേക്കുള്ള ആ പോക്ക്! തിരുവെഴുത്തുകള്‍ പൂര്‍ത്തിയാക്കാനെന്നവണ്ണം മരക്കുരിശുകൊണ്ടുള്ള കുത്തിലൊരെണ്ണം വിലാപ്പുറത്ത് എല്ക്കുകയും ചെയ്തു. അന്ന് മുതല്‍ അദ്ദേഹം ആനവാതില്‍ അവറാന്‍ എന്നറിയപ്പെട്ടു.

Thursday, August 24, 2017

അപ്പ് ഇന്‍ ദ എയര്‍ -2

ഫ്ലൈറ്റ് പൊങ്ങി ഒരു മണിക്കൂറിനു ശേഷമാണ് സൈഡ് സീറ്റിലിരുന്ന ചെറുപ്പക്കാരന്‍ ഓലമടല്‍ അടരും പോലെ നിലത്തേയ്ക്ക് വീണത്. ഇടനാഴിയില്‍ നിസ്സഹായനായി അയാള്‍ മലര്‍ന്നു കിടക്കവേ പൊടുന്നനെ എന്ത് ചെയ്യണം എന്നറിയാത്ത ഒരു പകപ്പ് എയര്‍ഹോസ്റ്റസിനുണ്ടായി. പിന്നെ മനോധൈര്യം വീണ്ടെടുത്ത് 'ആര്‍ യു ഓകെ സര്‍?' എന്ന്‍ അന്വേഷിച്ചു. അയാള്‍ ഒന്നും മിണ്ടാനാകാതെ മുകളിലേക്ക് തുറിച്ചു നോക്കിക്കിടന്നു.
അയാളുടെ അവസ്ഥയെക്കാള്‍ ഫ്ലൈറ്റ് തിരിച്ചുപറക്കുമോ എന്ന വേവലാതി ഒട്ടും കരുണയില്ലാത്ത എന്നെ വേട്ടയാടി. ഇത്തരം അവസരങ്ങളില്‍ തൊണ്ണൂൂറ്റൊമ്പത് ആടിനെയും ഉപേക്ഷിച്ച് കൂട്ടം തെറ്റിയപ്പോയ ഒന്നിനെ തേടി പറക്കുന്ന നല്ല ഇടയനാകും പൈലറ്റ്‌. ഇന്ത്യന്‍ ഫ്ലൈറ്റ് ആയതിനാല്‍ ഒരുമണിക്കൂര്‍ തിരിച്ചു പറക്കുന്ന ഇന്ധനം ലാഭിക്കാന്‍ കടലിലേക്ക് ക്രാഷ് ലാന്‍ഡ് ചെയ്ത് രോഗാതുരനെ രക്ഷപെടുത്താന്‍ ശ്രമിക്കുമോ എന്ന ശങ്കയും എനിക്കുണ്ടായി.

എയര്‍ ഹോസ്റ്റസ് നനഞ്ഞ തൂവാലകൊണ്ട് അയാളുടെ മുഖം തുടച്ചു. എന്തോ മഗ്ദലനമറിയത്തെ ഓര്‍മ്മവന്നു. അല്ലെങ്കിലും ക്രിട്ടിക്കല്‍ സിറ്റുവേഷനുകളില്‍ ഇത്തരം അസ്ഥാന താരതമ്യങ്ങളാല്‍ ഞാന്‍ ഹൈജാക്ക് ചെയ്യപ്പെടാറുണ്ട്. 'ആര്‍ യു ഓകെ സര്‍?' അവര്‍ വീണ്ടും തിരക്കി. അയാള്‍ മന്ദഹസിച്ചു.

അല്‍പം മുന്‍പുവരെ നിസ്സഹായനും നിര്‍ഭാഗ്യവാനുമായിരുന്ന ആ മനുഷ്യന്‍ ബിസ്സിനസ് ക്ലാസ്സിലേക്ക് ഉയര്‍ത്തപ്പെട്ടു. ഒന്നു വീണ് എണീറ്റപ്പോള്‍ വീഞ്ഞും വിശറിയും വെഞ്ചാമരവും കൊറിക്കാന്‍ കശുവണ്ടിയും കിട്ടിയവനോട് ആളുകള്‍ക്ക് അസൂയ തോന്നി. ടോയ്‌ലറ്റിലേക്ക് നടന്നു നോക്കുന്നേരം ബിസ്സിനസ് ക്ലാസ്സില്‍ മറ്റു സീറ്റൊന്നും ഒഴിവില്ലന്നും തന്മൂലം വീണ്ടും ഒരു മൈനര്‍ അറ്റാക്കിനു സ്കോപ്പില്ലന്നും അവര്‍ മനസ്സിലാക്കി.
കൊച്ചിയില്‍ ഇറങ്ങിയപ്പോള്‍ ആ ഭാഗ്യവാനോട് ‘'ആര്‍ യു ഓകെ? എന്ന് ഞാനും ചോദിച്ചു.
ശരിക്കും എന്നാ പറ്റിയത്?

‘നല്ല ഫിറ്റായിരുന്നു ഭായി. ഒന്ന് സ്ലിപ്പായതാ.’
വീഴ്ചകളെ എങ്ങനെ ഉയര്‍ച്ചകളാക്കാം എന്നതിന്റെ മകുടോദാഹരണമാണ് മലയാളി. കേരളം ഡാ. മലയാളി No.1 ഡാ..

Thursday, August 17, 2017

അപ്പ് ഇന്‍ ദ എയര്‍ -1

ഒരു വിമാനയാത്ര. തൊട്ടടുത്ത സീറ്റില്‍ സ്ത്രീയും കുട്ടിയും.
ക്യാബിന്‍ ക്രൂ കുടിക്കാന്‍ എന്ത് വേണമെന്ന് എന്നോടു ചോദിച്ചു. കൊച്ചുകുട്ടി അടുത്തിരിക്കെ ഹോട്ടടിക്കാനുള്ള അമിതമായ ആഗ്രഹം മാറ്റി വെച്ച് ഞാന്‍ വേദനയോടെ ഓറഞ്ചു ജ്യൂസ് മതിയെന്നു പറഞ്ഞു.
‘നിര്‍ണ്ണായക നിമിഷങ്ങളില്‍’ എടുക്കുന്ന ചില തീരുമാനങ്ങളാണല്ലോ നമ്മെ നാമായി നിലനിര്‍ത്തുന്നത്. എനിക്ക് എന്നോടുതന്നെ വല്ലാത്ത മതിപ്പ് തോന്നി. നിങ്ങള്‍ക്കും തോന്നിക്കാണും. ഇല്ല്യോ?
തൊട്ടടുത്ത നിമിഷത്തില്‍ ‘വോഡ്‌ക വിത്ത്‌ സോഡ’ എന്ന് ആ സ്ത്രീ ഓര്‍ഡര്‍ ചെയ്യുന്നതു കേട്ടു!
സാക്ഷാല്‍ കുമാരനാശാനുപോലും വര്‍ണ്ണിക്കാനാവുമോ എന്റെ അവസ്ഥയെ!?

Thursday, February 9, 2017

പ്രണയനഷ്ടം

രമണന്‍ ദേവദാസ് തുടങ്ങിയ ക്ലാസിക്‌ ശ്രേണിയുടെ അവസാന ഘട്ടമായി ഈ കാലത്തെ വിലയിരുത്താം. ഇന്ന്‍ നഷ്ടപ്രണയത്തിനു തിരുശേഷിപ്പുകളില്ല ആസിഡ്, പെട്രോള്‍, കൊടുവാള്‍ തുടങ്ങിയ അവശേഷിപ്പുകള്‍ മാത്രം.
ആത്മഹത്യ പാപമാണെന്നൊരു തോന്നല്‍ ഇടയ്ക്കുണ്ടായിരുന്നു; തെറ്റിപ്പോയി. നിങ്ങള്‍ തൂങ്ങിച്ചാകുകയോ ട്രെയ്നിനു തലവെക്കുകയോ വിഷം കഴിക്കുകയോ ചെയ്തോളൂ. പക്ഷേ ഒറ്റക്ക്. കൂടെ മറ്റെയാള്‍ വേണമെന്ന് ശഠിക്കുന്നതാണ് പാപം.

Saturday, February 4, 2017

കവിയുടെ വക്ക്

"മരണത്തിന്റെ വക്കിൽ ചവുട്ടിയാണു ഞാൻ നടക്കുന്നത്‌."
ബക്കറ്റ്‌ ചവിട്ടിപ്പൊട്ടിച്ചതും ചേർത്ത്‌ ടോട്ടൽ ബില്ലിൽ 300 അഡീഷണൽ എഴുതി ഷാപ്പുകാരൻ പറഞ്ഞു;
"കവിക്ക്‌ ലേശം മോരുംവെള്ളം കൊടുത്താൽ മതി. "

Wednesday, February 1, 2017

സ്വയംബാങ്കിംഗ് സമ്പത്ത് വ്യവസ്ഥ

ജനങ്ങളുടെ ബുദ്ധിമുട്ട് മാനിച്ച് എല്ലാ വീടുകള്‍ക്കും കേന്ദ്രം ഓരോ ATM വെച്ച് നല്‍കും.
'അപ്പൊ കാശോ?'
അത് നിങ്ങള് തന്നെ നിറച്ചോണം, വലിച്ചോണം.
'അത് മറ്റേടത്തെ ഇടപാടല്ലേ'.
അല്ല. പണം ഇടപാടു തന്നെ. നോക്കൂ വര്‍ഷം നൂറ് തൊഴില്‍ ദിനങ്ങള്‍ ഉറപ്പ്. രൂപ 35000 കയില്‍ വന്നില്ലേ? വീട്ടിലെ മിഷീന്‍ പാല്‍ ചുരത്തുന്ന പശൂനെപ്പോലെയാ. എപ്പോള്‍ വേണേല്‍ വലിക്കാം.
'അപ്പൊ ചില്ലറ കുടുക്കയിലും നോട്ട് മിഷീനിലും ഇടാം അല്ലേ സാറേ.'
യെസ്! ഇതാണ്‌ ഞങ്ങള്‍ വിഭാവനം ചെയ്യുന്ന സ്വയംബാങ്കിംഗ് സമ്പത്ത് വ്യവസ്ഥ. സര്‍ചാര്‍ജ് ഇല്ല.
'മിഷീന്റെ കറന്റ്‌ ചാര്‍ജ്ജ്?'
ടോട്ടല്‍ ബില്ലില്‍ 50% ശതമാനം വര്‍ദ്ധനയുണ്ടാവുമെന്നു മാത്രം.
'ഓഹോ,
എന്നാല്‍ ഒരു മിഷീനെടുക്കട്ടെ?
'വീട്ടിലൊരു ഫ്രിഡ്ജുണ്ട്. നോട്ടു ഞാന്‍ അതില്‍ വെച്ചോളാം സാറേ..'