Friday, October 27, 2017

അവസ്ഥകളിലെ ഇഷ്ടാനിഷ്ടങ്ങൾ



എനിക്ക്‌ ബുള്ളറ്റിന്റെ പടപട ശബ്ദം ഭയങ്കര ഇഷ്ടമായിരുന്നു.
അപ്പൻ മരണാസന്നനായ്‌ ആശുപത്രിയിൽ കിടക്കുമ്പോൾ മരുന്നു ടേബിളിൾ ഓഫീസ്‌ മേശയാക്കി ഒരുമാസക്കാലം ഞാൻ രാത്രിയും പകലും കൂട്ടിരുന്നിരുന്നു. നല്ല വായൂസഞ്ചാരമുള്ള ഒരു മുറി മുകളിലത്തെ നിലയിൽ ഞങ്ങൾ ചോദിച്ചു വാങ്ങുകയായിരുന്നു. എന്നും വൈകിട്ട്‌ കൃത്യം അഞ്ചര മണിനേരത്ത് എനിക്കിഷ്ടമുണ്ടായിരുന്ന ആ പടപട ശബ്ദം ജനാലയിലൂടെ കേൾക്കും‌. ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന ആശുപത്രി ജീവനക്കാരാരോ ആവാം. 
അപ്പോൾ ഇടവപ്പാതിക്ക്‌ ഇടികുടുങ്ങുപ്പോൾ കൊയ്ത്തുപാകമായ നെല്ലിനെ ഓർത്തിട്ടെന്നവണ്ണം അപ്പന്റെ മുഖം വിവർണ്ണമാകുന്നതും കണ്ണുകളിൽ ഭീതി നിറയുന്നതും ഞാൻ ശ്രദ്ധിക്കും. ഏറെ ആഗ്രഹിക്കുന്ന ഒരന്തരീക്ഷത്തിന്റെ ശാന്തതയെ ഭഞ്‌ജിച്ചുകൊണ്ട്‌ കൊള്ളിയാനു തുടർച്ചയാകുന്ന മുഴക്കം പോലെ കേൾക്കുന്ന ആ ശബ്ദത്തെ ഞാനും വെറുത്തുതുടങ്ങി. അപ്പോൾ ഞാനോർത്തു; അവസ്ഥകളാണു നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെ നിർവചിക്കുന്നത്‌. ആർക്കും അലോസരമാകാത്ത എന്തെങ്കിലും ശബ്ദം ഈ പ്രകൃതിയിലുണ്ടോ? പാട്ടുകൾ പോലും? എന്തിനു പ്രാർത്ഥന പോലും?

ഗെയ്‌ല്‌ പൈപ്പ്‌ ലൈൻ പ്രതിഷേധത്തിനിടെ പ്രാർത്ഥന ആയുധമാക്കി പോലീസിനെ നിഷ്ക്രിയരാക്കുന്ന ഒരു ഫോട്ടോ എഫ്‌.ബിയിൽ കണ്ടു. ദുബായിൽ വഴിയ‌രികിൽ വാഹനം നിർത്തിയിട്ട്‌ നിസ്കരിക്കുന്നതിനു വിലക്കും പിഴയുമുണ്ട്‌. ഗതാഗത തടസം ആരുണ്ടാക്കിയാലും അവർക്ക്‌ ശിക്ഷയുണ്ട്‌. എന്റെ വിശ്വാസം, എന്റെ ടെറിട്ടറി, അവിടെ ഞങ്ങൾക്കുള്ള അപ്രമാദിത്തം. ഇതൊക്കെ എടുത്തുകാട്ടി മറ്റുള്ളവർക്ക്‌ അലോസരം ഉണ്ടാക്കുന്നതിലെ ശരികേട്‌ നാം സ്വയം തീരുമാനിക്കേണ്ടതാണു.

ഈ ടെറിട്ടറിയുടെ കാര്യത്തിലേക്ക്, ആശുപത്രിയിലേക്ക്‌‌ തന്നെ വരാം. ഒരു ദിവസം കടയിൽനിന്ന്‌ ഫ്ലാസ്സ്കിൽ ചായയും വാങ്ങി വരുമ്പോൽ അപ്പൻ കിടക്കുന്ന മുറിയിൽ നിന്നും ഭയങ്കര ഒച്ചയും ബഹളവും കേട്ട്‌ പടികൾ ചവിട്ടിക്കയറി ഞാൻ കിതച്ചുകൊണ്ട്‌ മുകളിലെത്തി. മുറിക്ക്‌ പുറത്തേക്കും നീളുന്ന ആൾക്കൂട്ടം. എല്ലാം കഴിഞ്ഞിരിക്കുന്നു; ഞാൻ ഓർത്തു. പക്ഷേ കയ്യുയർത്തി ഉച്ചത്തിൽ അലറിക്കൊണ്ടുള്ള ഒരു കരിസ്മാറ്റിക്‌ പ്രാർത്ഥനയായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്‌. ഒരു ബന്ധുവിന്റെ വക ഡെഡിക്കേഷനായിരുന്നു. ഞാൻ സ്വയം ലജ്ജിതനായ്‌ പടിയിറങ്ങി താഴേക്ക്‌ പോയി.

1 comment:

  1. പരിസരബോധമില്ലാത്ത പ്രാർത്ഥനായജ്ഞങ്ങൾ ഇന്നും തുടരുന്നു..

    ReplyDelete