Thursday, July 31, 2014

ഒരു കാട്ടുവാസി

ഏതാണ്ട് മൂന്നു കൊല്ലത്തോളമായി ഗള്‍ഫിലെ പത്രങ്ങള്‍ വായിച്ചിട്ട്. വായിച്ചിട്ടും വലിയ വിശേഷമൊന്നുമില്ല. എന്നാല്‍ ഓണ്‍ലൈന്‍ മലയാള പത്രങ്ങള്‍ ഒട്ടുമിക്കതും നോക്കും. എന്നിട്ടും ഇവിടുത്തെ അവധി ദിവസം അറിയാതെ ഓഫീസില്‍ വരികയോ, റോഡില്‍ വഴി തെറ്റി പോകുകയോ ചെയ്തില്ല. ടി.വി കണ്ടിട്ടും അഞ്ചുകൊല്ലമായി. തന്മൂലം ബ്രേക്കിംഗ് ന്യൂസുകള്‍ ബ്രെയിനിനെ ആലോസരപ്പെടുത്താറില്ല. ഇടക്കിടെ എഫ്.ബി യില്‍ തല വെയ്ക്കുമ്പോള്‍ ചില പോസ്റ്റുകളുടെ അന്തവും കുന്തവുമാറിയാതെ ലൈക്കണോ വേണ്ടയോ എന്നൊരു കണ്ഫ്യൂഷന്‍ ഒഴിച്ചാല്‍ അതുകൊണ്ടും വലിയ നഷ്ടമൊന്നും ഉണ്ടായിട്ടില്ല.ഓഫീസ് ഡെസ്കില്‍ ഒരു ലാന്ഡ് ഫോണ്‍ പൊടിപിടിച്ചിരിപ്പുണ്ട്. ഞാനായിട്ട് ആരെയും വിളിക്കത്തില്ല. റൂമില്‍ കുത്തിയിരിക്കാതെ എവിടെങ്ങിലും കറങ്ങാം എന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാല്‍ എന്തെങ്കിലും ഒഴികഴിവുകള്‍ പറഞ്ഞു മുറിയില്‍ പുസ്തകവുമായി ചടഞ്ഞു കൂടും. ഇത്തരം പരട്ട സ്വഭാവങ്ങള്‍ കൊണ്ട് ഒരുമാതിരിപ്പെട്ട കൂട്ടുകാരൊക്കെ എന്നെ വിട്ടുപോയി. വട്ടാണ് എന്നറിയാവുന്ന ചിലരൊക്കെ ഇടയ്ക്കു വിളിക്കും. വരും. പിന്തിരിപ്പനാണെന്ന് ആളുകള്‍ പറഞ്ഞാലും ഗുഹയിലെ ഏകാന്തവാസം ഞാന്‍ ആസ്വദിക്കുന്നു. കാട്ടുവാസികളോട് എനിക്കെന്തോ വല്ലാത്ത അസൂയയാണ്.

Monday, July 28, 2014

ഐസ്ക്രീം കൃപ

ഒരു ഐസ്ക്രീം തിന്നണമെന്നുണ്ട്‌. അത്‌ കയ്യെത്തും ദൂരത്ത്‌ ഇരിപ്പുമുണ്ട്‌. കഴിഞ്ഞയാഴച ഒരെണ്ണം കഴിച്ചതു കൊണ്ടുണ്ടായ തൊണ്ടവേദന മറാൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു. കർത്താവിലാണു എന്റെ പ്രതീക്ഷയത്രയും!

Thursday, July 24, 2014

ഹൃദയഭേദകം

വായിച്ചാല്‍ ഹൃദയം തകര്‍ന്നു പോകുമെന്ന് ഉറപ്പുള്ള കഥ, എഴുതിക്കഴിഞ്ഞപ്പോള്‍ ഒരാളോട് അഭിപ്രായമാരാഞ്ഞു. വായിച്ഛയാള് ചിരിച്ച്ചിരിച്ച് മരിച്ചു. 
ഹൃദയംതകര്‍ന്നായാലും ചിരിച്ചായാലും ആള് മരിച്ചല്ലോ എന്നതില്‍ ആത്മസംതൃപ്തി.
ഓരോ എഴുത്തും ലക്‌ഷ്യംകാണുക ഏത് വഴിക്കാണെന്ന് ആര്‍ക്കാ അറിയുക!

Wednesday, July 23, 2014

നസ്രാണി ഭാരതീയം

മോഡിയെ കര്‍ത്താവിന്റെ വിനീതദാസന്‍ എന്നു വാഴ്ത്തി ഇടയലേഖനം കീച്ചുന്നതിനു മുന്‍പേ തന്നെ അച്ചായന്മാര്‍ക്ക്‌ ഒരു ഹിന്ദുത്വ ചായ്‌വ് ഉണ്ട്. പശുവും തൊഴുത്തും പോലെ ഇഴുകി ചേര്‍ന്നു കിടക്കുന്നതാണ് നസ്രാണിയുടെ പാരമ്പര്യവും ആചാരങ്ങളും. കല്യാണത്തിന് മിന്നു കെട്ട്, നിലവിളക്ക് കത്തിക്കല്‍ ഒക്കെ ഇന്നും മുടക്കമില്ലാതെ നടക്കുന്നു. സാദാ നിലവിളക്കിന്റെ കൂമ്പ്‌ മാറ്റി അവിടെ കുരിശ്ശ് ഫിറ്റ് ചെയ്‌താല്‍ അത് അച്ചായന്‍ വിളക്കായി. അങ്ങനെ കൂമ്പ് വാടിയവര്‍ക്കും ആശ്വാസം!

പെണ്ണുകെട്ടാന്‍ ഇറങ്ങുമ്പോഴും എഴുത്തിനിരിത്തുമ്പോഴും ഗുരുവിന് ദക്ഷിണ വെയ്ക്കും. വിജയദശമിക്ക് ഹരിശ്രീ കുറിക്കാത്ത കത്തോലിക്കാ കുഞ്ഞുങ്ങള്‍ പന്തക്കൂസ്തായ്ക്ക് എഴുതിത്തുടങ്ങും. അത് ഓരോ തന്തമാരുടെയും താത്പര്യ പ്രകാരം. എങ്കിലും പള്ളിയില്‍ വെച്ച് എഴുത്തിനിരുത്തുമ്പോള്‍ പാരമ്പര്യ മുറയായ 'വെറ്റിലയും പാക്കും' ദക്ഷിണ വെയ്ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ന്യൂ ജനറേഷന്‍ പേരന്‍ട്സിന് ഇന്നും ഡൌട്ട് ഉണ്ട്. വെറ്റിലക്കുള്ളിലെ തുട്ടിനോടല്ലാതെ മുറുക്കാന്‍ അച്ചന്മാര്‍ക്കും താത്പര്യമില്ലന്നെതുകൊണ്ട് കാലതാമസില്ലാതെ ഈ ആചാരം കൈമോശം വന്നുപോകാനുള്ള സാധ്യതയുണ്ട്. ഇനി കഥയിലേക്ക്....

കേരളീയ പാരമ്പര്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന പ്രവാസിയായ ഒരച്ചായന്റെ കൊച്ചിനെ പള്ളിയില്‍ എഴുത്തിനിരുത്തുന്നു. തന്റെ വീട്ടിലെ തൊടിയില്‍നിന്നു തന്നെ വെറ്റിലയും പാക്കും വേണമെന്ന് ഗള്‍ഫിലിരുന്നു പുള്ളി വാശിപിടിച്ചെങ്കിലും "കാര്യമറിയാതെ കലിപ്പിളക്കരുത് മനുഷ്യാ" എന്ന് പറഞ്ഞു നാട്ടിലുള്ള ഭാര്യ പുള്ളിയെ ചീത്ത വിളിച്ചു. അവരെ കുറ്റം പറയാനോക്കത്തില്ല. അങ്ങേരേ പോലെതന്നെ വീട്ടിലെ മണ്ടപോയ മൂന്ന് കവുങ്ങില്‍ മാടത്ത കൂട് വെച്ചിരിക്കുകയാണെന്ന് പുള്ളിക്ക് അറിവില്ലല്ലോ. അടയ്ക്കാക്ക് വിലയിടിഞ്ഞതുകൊണ്ട് മരുന്നിരു പോലും നാട്ടില്‍ സാധനമില്ല. പിന്നെയുള്ളത് മാടക്കടയിലാണ്. പരിശുദ്ധമായൊരു കര്‍മ്മത്തിന് പാണ്ടികളുടെ പാക്കും വെറ്റയും വേണ്ടാന്ന് പുള്ളി തറപ്പിച്ചു പറഞ്ഞു. ഒടുവില്‍ പിടിവാശിയില്‍ നിന്ന് പിന്മാറാതെ താന്‍ വസിക്കുന്ന ഒമാനില്‍ നിന്ന് എക്സ്പോര്‍ട്ട് ക്വാളിറ്റിയുള്ള വെറ്റിലയും പാക്കും പാര്‍സല്‍ അയച്ച് പുള്ളി പ്രശനം സോള്‍വ് ചെയ്തു. 'ആഹാ ഭര്‍ത്താക്കന്മാരോടാണോ കളി'!

ചടങ്ങ് നടക്കുന്ന ദിവസം കുരുന്നുകള്‍ പള്ളിയില്‍ വരിവരിയായി നിന്നു. മുഖ്യ കാര്‍മ്മി വികാരിയച്ചന്‍ കസേരയില്‍ ഇരുന്ന് പാത്രത്തില്‍ എഴുതിക്കും. അല്ലേലും ക്രൈസ്തവ പാരമ്പര്യത്തില്‍ പോപ്പുമുതല്‍ താഴോട്ട് ആരും നിലത്തിരിക്കില്ല. അങ്ങനെ കഥാനായകന്റെ മകന്റെ ഊഴമെത്തി. നാഴികക്ക് നാല്പതു വട്ടം ഫോണില്‍ വിളിച്ച് ഓര്‍മ്മിപ്പിച്ചതു കൊണ്ട് 'ഫോറിന്‍ ദക്ഷിണ' ഭാര്യ കൈയ്യില്‍ കരുതിയിരുന്നു. അത് യഥോചിതം ഗുരുവിനു നല്‍കാന്‍ മകനെ ഏല്‍പ്പിച്ചു. പൊതി അഴിച്ചപ്പോഴേ ഒടുക്കത്തെ നാറ്റം! കടല്‍ കടന്നെത്തിയ കാലതാമസം കൊണ്ടും കേടുപാടുകൂടാതെ അലമാരിയില്‍ സൂക്ഷിച്ചതുകൊണ്ടും ചീഞ്ഞ തൊണ്ടിന്റെ മണം പള്ളിയാകെ നിറഞ്ഞു.

തൊണ്ടുതല്ലും കയറു പിരിയും പള്ളിയിലേക്ക് മാറ്റിയോ എന്ന ഡൌട്ടില്‍ അയല്‍കൂട്ടം പെണ്ണുങ്ങള്‍ മതിലില്‍ വന്ന് എത്തിനോക്കി. മുട്ടിന്മേല്‍ കുമ്പിട്ടുനിന്നു പ്രാര്‍ഥിച്ചവര്‍ രണ്ടിലൊന്ന് അറിഞ്ഞിട്ടേ പോങ്ങുന്നുള്ളൂ എന്നു വിചാരിച്ച് നിലത്തു പറ്റികിടന്നു. അളിഞ്ഞ വെറ്റയും പാക്കും കൈകൊണ്ടു വാങ്ങിയില്ലെങ്കില്‍ കുരുന്നിന്റെ ഭാവി കുരുടടച്ചു പോകുമോ ഇന്ന ആധിയില്‍ വികാരിയച്ചന്‍. ഫോട്ടോ എടുത്ത് അയച്ചു കൊടുത്തില്ലെങ്കില്‍ കൂമ്പിനിടി കിട്ടും എന്ന ഭീതിയില്‍ കൊച്ചിന്റെ തള്ള.!

തീര്‍ച്ചയായും ഇനി വരാനുള്ള ഏതെങ്കിലും ഇടയ ലേഖനത്തില്‍ വെറ്റയുടെയും പാക്കിന്റെയും കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകും.

Monday, July 21, 2014

തട്ടുകടയിലെ തട്ട്

കളമശ്ശേരി ജീവിതവാസത്തിനിടെ ശാപ്പാട് മിക്കവാറും ഹോട്ടലില്‍ നിന്നായിരുന്നു. പുലരുംവരെ തട്ടുകടകളുള്ളതിനാല്‍ അത്താഴത്തെ ഓര്‍ത്ത് വലിയ ആവലാതിയില്ല. നിശ്ചിത സമയക്രമമൊന്നും പാലിക്കാത്ത വൈകിട്ടത്തെ ശാപ്പടിന് നിശ്ചയമായും സുഹൃത്തുക്കള്‍ മൂന്നു പേരുണ്ടാവും. 'പുട്ടും ബീഫ് ഫ്രൈയും' ആണ് ഇഷ്ടഭക്ഷണം. 

റൂമില്‍ പാചകം തുടങ്ങണമെന്നും പുറത്തെ ഭക്ഷണം കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും കൊളസ്ട്രോള്‍ കൂട്ടുന്ന ബീഫ് പോലുള്ളസാധനങ്ങള്‍ വര്‍ജ്ജിക്കണമെന്നുമൊക്കെ ചര്‍ച്ച ചെയ്താണ് ദിവസവും തട്ടുകടയില്‍ എത്തുക. ഓഡര്‍ എടുക്കാന്‍ വരുമ്പോള്‍ മൂവരും അല്‍പ നേരം മൌനമായി ഇരിക്കുകയും പിന്നെ ഏതോ ഉള്‍വിളിയാലെന്നപോലെ 'പുട്ടും ബീഫ് ഫ്രൈയും' എന്ന്‍ പറയുകയും ചെയ്യും.ഏതാണ്ട് രണ്ടുകൊല്ലത്തോളം ഈ കണ്ഫ്യൂഷന്‍ ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ 'മനുഷ്യന്റെ ഈ നെട്ടോട്ടമെല്ലാം ആഹാരത്തിനു വേണ്ടിയാണെന്നും അതുകൊണ്ട് തിരിഞ്ഞു കടിക്കാത്ത എന്തും കഴിക്കുന്നതില്‍ തെറ്റില്ലെ'ന്നുമുള്ള കണ്ക്ലൂഷനിലെത്തി.

അങ്ങനെ എല്ലാ ദിവസത്തെയും പോലെ തട്ടുകടയിലെ ഒരു രാത്രി. ഖദര്‍ വസ്ത്രധാരിയായ ഒരു ചേട്ടന്‍ തൊട്ടടുത്ത ടേബിളില്‍ ഇരുന്നു തട്ടുന്നുണ്ട്. ആള്‍ നല്ല പിമ്പിരിയാണ്‌.'കറിയൊന്നും വായ് വെക്കാന്‍ കൊള്ളത്തില്ലെല്ലെന്നും നീയൊക്കെ ഏത് മറ്റേടത്തെ ഒണ്ടാക്കുകാരാണെന്നു'മൊക്കെ പറഞ്ഞ് തെറിവിളി തുടങ്ങി. ഫാമിലിയൊന്നും കടയില്‍ ഇല്ലാത്തകൊണ്ട് ആരും ആദ്യം അതത്ര കാര്യമാക്കിയില്ലെങ്കിലും സമയം കഴിയുന്തോറും തെറിയുടെ ഇന്റെന്സിറ്റി കൂടി കൂടി വന്നു. രാഷ്ട്രീയ നേതാവാവിന്റെ കെട്ടും മട്ടും ഉള്ളതുകൊണ്ടോ കസ്റ്റമര്‍സിനെ പിണക്കേണ്ടന്നുമുള്ള കടക്കാരുടെ മനോഭാവം കൊണ്ടോ എറണാകുളമല്ലേ വെറുതെ വയ്യാവേലി തലയിലെറ്റണ്ട എന്ന ആളുകളുടെ ഭയം കൊണ്ടോ ചേട്ടന്‍ ഫുള്‍ ഫോമില്‍ ആറാടുന്നു.

അങ്ങനെ കുറച്ചു നേരമായി. എങ്ങനെങ്കിലും എണീറ്റ്‌ പോയാല്‍ മതിയെന്നായി ഓരോരുത്തര്‍ക്കും. മുമ്മൂന്ന്‍ ഒന്‍പതു കുറ്റി പുട്ടടിക്കുന്ന ഞങ്ങള്‍ അത് മൂന്നില്‍ നിര്‍ത്തി എണീറ്റു. ഇതൊന്നും കേള്‍ക്കുന്നേയില്ലെന്ന മട്ടില്‍ കാര്യമായി ശാപ്പാട് ആസ്വദിക്കുന്നുണ്ട് അടുത്ത ടേബിളിലെ മറ്റൊരു ചേട്ടന്‍. ദോശയും ചമ്മന്തിയുമാണ് പുള്ളിക്ക് പ്രിയം. ആറോ ഏഴോ ദോശയും ഒരു ഡബിള്‍ ഓംലെറ്റും അടിച്ച് ഏമ്പക്കം വിട്ട് ഒടുവില്‍ പുള്ളി എണീറ്റു. വാഷ്‌ബേസിനിലേക്ക് പോകുന്നതിനു മുന്പ് ഒന്ന് നിന്ന് കൈതീര്‍ത്തൊരെണ്ണം മറ്റേ മാന്യന്റെ കവിളത്ത് പൊട്ടിച്ചു! ആ അടിയോടെ ആള് നിലത്തു വീണു. പിന്നെ അവിടെ കൂടി നിന്നവര്‍ക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. ഒരു വിടവ് കിട്ടാത്തതിന്റെ വിഷമം ഞങ്ങള്‍ക്കും.

വെടിക്കെട്ടിന് തിരി കൊളുത്തിയശേഷം ഇടം കയ്യനായ ആ ചേട്ടന്‍ ഒന്നും അറിയാത്ത ഭാവത്തില്‍ റോഡിന്റെ ഓരം ചേര്‍ത്ത് നടന്നു പോയി. എല്ലായിടത്തും സ്ടാര്‍ട്ടിംഗ് ട്രബിളാണ് പ്രശ്നം!!.

Sunday, July 20, 2014

റെന്റ് എ കാര്‍

ഒരവധിക്ക് നാട്ടിലെത്തിയപ്പോള്‍ 'റെന്റ് എ കാര്‍ എടുത്തു'. രെജിസ്ടര്‍ ചെയ്ത് നമ്പര്‍ പ്ലേറ്റ് പോലും വെയ്ക്കാത്ത പുതിയ കാറായാതുകൊണ്ട് കയ്യില്‍ കിട്ടിയപ്പോഴേ വളരെ സന്തോഷം തോന്നി. പിറ്റേന്ന് രാവിലെ ഒരു യാത്ര പോകാനായി വണ്ടി വൃത്തിയാക്കി മുറ്റത്ത് പാര്‍ക്കുചെയ്തശേഷം താക്കോല്‍ മേശപ്പുറത്ത് വെച്ചു. എനാല്‍ പോകാനിറങ്ങിയപ്പോള്‍ താക്കോല്‍ കണ്ടില്ല. 

ഒരുപാട് തപ്പി. വീട്ടിലുള്ള എല്ലാവരും തിരക്കിട്ടു തിരഞ്ഞു. അയല്‍ക്കാര് വന്നു, പെങ്ങന്മാരും പിള്ളേരും വന്നു. രണ്ടു ദിവസം വീടാകെ അടിച്ചുവാരി നോക്കി. സംഗതി കിട്ടിയില്ല. അഞ്ചുകൊല്ലമായിട്ടും അത് ഇതുവരെ കിട്ടിയിട്ടില്ല.!!

കാറ് ഉപയോഗിക്കാനാകാതെ വന്നപ്പോള്‍ ഓണറോട് ഡ്യൂപ്ലിക്കേറ്റ് കീ വാങ്ങി വണ്ടിയോടിച്ചു. തിരികെ കൊടുക്കേണ്ട അന്ന് വൈകിട്ട് ഞാന്‍ ഓടിച്ചുകൊണ്ടിരിക്കെ വണ്ടിയിടിച്ചു. സ്ഥലം എസ് ഐ സംഭവം ലൈവായി കണ്ടു നിന്നതുകൊണ്ട് കാറ് സ്റ്റേഷനിലേക്ക് കയറ്റി ഇടാന്‍ പറഞ്ഞു.
"നീ മനപ്പൂര്‍വം കൊല്ലാന്‍ വേണ്ടി ഇടിച്ചതാണ്" അതിനു മുന്‍പേ അങ്ങേര് പറഞ്ഞത് എഴുതാന്‍ കൊള്ളത്തില്ല. കൊന്‍സ്ടബില്‍ അടുത്തുവന്നു മണപ്പിച്ചു നോക്കി. "വെള്ളമല്ല സാര്‍" എന്ന് റിപ്പോര്‍ട്ട് കൊടുത്തു. നമ്മുടെ പോലീസിന് ബ്രെത്ത് അനലൈസ‍റിന്റെയൊന്നും ഒരാവശ്യവുമില്ല!
യാദൃചികമെന്നോണം ഞാനും കസിനും കറുത്ത ജീന്‍സും ടീ ഷര്‍ട്ടുമാണ് ഇട്ടിരുന്നത്.
കാറിന്റെ ഡിക്കിയില്‍ ഏത് വഴിക്ക് പോകുമ്പോഴും സ്ഥിരമായി സൂക്ഷിക്കാറുള്ള വീശു വലയും മീന്‍ ഇടാന്‍ പുട്ട് കുടവും തോര്‍ത്തില്‍ പൊതിഞ്ഞു വെച്ചിരുന്നു. സാഹചര്യ തെളിവുകള്‍ കണ്ട് 'കെട്ടുമുറുക്കാണെന്ന്' കരുതി അങ്ങേരു ചോദിച്ചു.

"എന്താടാ ശബരിമലക്ക് പോകുവാണോ? ഈ പോക്കണേല്‍ പമ്പ വരെ ചെല്ലില്ലോ?"
അന്നേരം മുട്ടിടിച്ചു നില്‍ക്കുവായിരുന്നതുകൊണ്ട് ചിരിക്കാന്‍ പറ്റിയില്ല. പക്ഷെ പിന്നീട് ആ സീന്‍ ഓര്‍മ്മയില്‍ ഞാന്‍ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്.

എങ്കിലും ആ താക്കോല്‍ എവിടെപ്പോയി?

Wednesday, July 16, 2014

ജൂതരും ബംഗാളികളും

ഇസ്രായേൽ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ജനമായതുകൊണ്ടാണു അവർക്ക്‌ ബുദ്ധിയും ശക്തിയും കൂടുതൽ എന്ന് അദേഹം എന്നോട്‌ അരുൾചെയ്തു.

അതു മീൻ കൂടുതൽ കഴിക്കുന്നതുകൊണ്ടല്ലേ എന്നൊരു സംശയം ഞാൻ ചോദിച്ചു.

'ബ്ലഡി ഫൂൾ എന്നിട്ട്‌ ബംഗാളികൾക്ക്‌ എന്താ വിവരമില്ലാത്തതെന്ന് അതിരൂക്ഷമായി അങ്ങേരു പ്രതിവചിച്ചു.

അപ്പോൾ എനിക്ക്‌ ആ സത്യം മനസിലായി

' ബംഗാളികളാണു' കൂടുതൽ മീൻ കഴിക്കുന്നത്‌.! '

Tuesday, July 15, 2014

ചറപറാ യുദ്ധം

യുദ്ധങ്ങള്‍ക്ക് പഴയ 'ഗുമ്മി'ല്ല.
എല്ലായിടത്തും യുദ്ധം. ചുമ്മാ ചറ പറ.
ആരായാലും വെറുത്തുപോകും.
ബോറടിക്കുമ്പോള്‍ വെറുതെ ഓര്‍ത്തുപോകും
ആരെങ്കിലും വിളിച്ചിരുന്നെങ്കില്‍ 
ഒരു യുദ്ധത്തിന്!

ഗാസാ വിലാപം

അടുത്തിരിക്കുന്ന പാലസ്തീനിയുടെ അലവലാതിത്തരങ്ങള്‍കൊണ്ട് ഗാസയ്ക് വേണ്ടി എഴുതിയ കവിത ഞാന്‍ വിഴുങ്ങി.

Monday, July 14, 2014

ഒരു ലോകക്കപ്പ് രോദനം

പടക്കളത്തില്‍ പോരാടി വീഴുമ്പോളാണ് യുദ്ധവീരന്മാര്‍ ജനിക്കുന്നത്. പ്രേമം പോലിയുമ്പോഴാണ് കാമുകന്മാര്‍ അനശ്വരരാകുന്നത്.
നോക്കൂ.......നമ്രശിരസ്കനായി നില്‍ക്കുന്ന മെസ്സിയെ! എന്തൊരു വിനയം. എളിമ!
'മിശിഹാമാര്‍' കുരിശില്‍ തറയ്ക്കപ്പെടുമ്പോള്‍ ഇടം പിടിക്കുന്നത് ജനമനസുകളിലാണ്.
86 ല്‍ കപ്പുയര്‍ത്തിയ ദൈവകരങ്ങളെക്കാള്‍ ഇറ്റാലിയ 90ല്‍ നിലവിളിച്ചു കരയുന്ന മാറഡോണയുടെ മുഖമാണ് ഞങ്ങളില്‍ അര്‍ജന്റീനയെന്ന വികാരം വളര്‍ത്തിയത്. 
പാവപ്പെട്ടവനെ ചവിട്ടിമെതിച്ച് അട്ടഹസിച്ച ഹിറ്റ്‌ലര്‍മാരെയും ലോതര്‍ മത്തേവൂസുമാരെയും ഫിലിപ്പ് ലാമ്പുമാരെയും ലോകം വെറുക്കുന്നു.
അല്ലെങ്കിലും ആയിരങ്ങള്‍ യുദ്ധത്തിലും പട്ടിണിയിലും മരിക്കുമ്പോള്‍ 'ലോകപ്പ്' എന്നു വിളിച്ചുകൂവാന്‍ ലജ്ജയില്ലേ നിങ്ങള്‍ക്ക്?
മനുഷ്യന്റെ വിശപ്പിനേക്കാള്‍ വലുതായി എന്താണുള്ളത്? നിങ്ങള്‍ നേടിയ കപ്പിനേക്കാള്‍ 'പുട്ടുകുറ്റി' യെ ഞങ്ങള്‍ വിലമതിക്കുന്നു!

Saturday, July 12, 2014

ലൂസേര്‍സ് ഫൈനലുകള്‍

ആണിയടിച്ച ശവപ്പെട്ടിയില്‍ സെല്ലോടേപ്പ് ഒട്ടിക്കുന്ന പോലെ പരിഹാസ്യവും അര്‍ത്ഥശൂന്യവുമായ ലൂസേര്‍സ് ഫൈനലുകള്‍...!
ഒരു ഉപചാരം പോലെ ഇരു ടീമുകള്‍ക്കും താത്പര്യമില്ലാത്ത ഈ കളികള്‍ ഞാന്‍ പണ്ടേ ബഹിഷ്കരിച്ചുകഴിഞ്ഞു.