Wednesday, July 23, 2014

നസ്രാണി ഭാരതീയം

മോഡിയെ കര്‍ത്താവിന്റെ വിനീതദാസന്‍ എന്നു വാഴ്ത്തി ഇടയലേഖനം കീച്ചുന്നതിനു മുന്‍പേ തന്നെ അച്ചായന്മാര്‍ക്ക്‌ ഒരു ഹിന്ദുത്വ ചായ്‌വ് ഉണ്ട്. പശുവും തൊഴുത്തും പോലെ ഇഴുകി ചേര്‍ന്നു കിടക്കുന്നതാണ് നസ്രാണിയുടെ പാരമ്പര്യവും ആചാരങ്ങളും. കല്യാണത്തിന് മിന്നു കെട്ട്, നിലവിളക്ക് കത്തിക്കല്‍ ഒക്കെ ഇന്നും മുടക്കമില്ലാതെ നടക്കുന്നു. സാദാ നിലവിളക്കിന്റെ കൂമ്പ്‌ മാറ്റി അവിടെ കുരിശ്ശ് ഫിറ്റ് ചെയ്‌താല്‍ അത് അച്ചായന്‍ വിളക്കായി. അങ്ങനെ കൂമ്പ് വാടിയവര്‍ക്കും ആശ്വാസം!

പെണ്ണുകെട്ടാന്‍ ഇറങ്ങുമ്പോഴും എഴുത്തിനിരിത്തുമ്പോഴും ഗുരുവിന് ദക്ഷിണ വെയ്ക്കും. വിജയദശമിക്ക് ഹരിശ്രീ കുറിക്കാത്ത കത്തോലിക്കാ കുഞ്ഞുങ്ങള്‍ പന്തക്കൂസ്തായ്ക്ക് എഴുതിത്തുടങ്ങും. അത് ഓരോ തന്തമാരുടെയും താത്പര്യ പ്രകാരം. എങ്കിലും പള്ളിയില്‍ വെച്ച് എഴുത്തിനിരുത്തുമ്പോള്‍ പാരമ്പര്യ മുറയായ 'വെറ്റിലയും പാക്കും' ദക്ഷിണ വെയ്ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ന്യൂ ജനറേഷന്‍ പേരന്‍ട്സിന് ഇന്നും ഡൌട്ട് ഉണ്ട്. വെറ്റിലക്കുള്ളിലെ തുട്ടിനോടല്ലാതെ മുറുക്കാന്‍ അച്ചന്മാര്‍ക്കും താത്പര്യമില്ലന്നെതുകൊണ്ട് കാലതാമസില്ലാതെ ഈ ആചാരം കൈമോശം വന്നുപോകാനുള്ള സാധ്യതയുണ്ട്. ഇനി കഥയിലേക്ക്....

കേരളീയ പാരമ്പര്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന പ്രവാസിയായ ഒരച്ചായന്റെ കൊച്ചിനെ പള്ളിയില്‍ എഴുത്തിനിരുത്തുന്നു. തന്റെ വീട്ടിലെ തൊടിയില്‍നിന്നു തന്നെ വെറ്റിലയും പാക്കും വേണമെന്ന് ഗള്‍ഫിലിരുന്നു പുള്ളി വാശിപിടിച്ചെങ്കിലും "കാര്യമറിയാതെ കലിപ്പിളക്കരുത് മനുഷ്യാ" എന്ന് പറഞ്ഞു നാട്ടിലുള്ള ഭാര്യ പുള്ളിയെ ചീത്ത വിളിച്ചു. അവരെ കുറ്റം പറയാനോക്കത്തില്ല. അങ്ങേരേ പോലെതന്നെ വീട്ടിലെ മണ്ടപോയ മൂന്ന് കവുങ്ങില്‍ മാടത്ത കൂട് വെച്ചിരിക്കുകയാണെന്ന് പുള്ളിക്ക് അറിവില്ലല്ലോ. അടയ്ക്കാക്ക് വിലയിടിഞ്ഞതുകൊണ്ട് മരുന്നിരു പോലും നാട്ടില്‍ സാധനമില്ല. പിന്നെയുള്ളത് മാടക്കടയിലാണ്. പരിശുദ്ധമായൊരു കര്‍മ്മത്തിന് പാണ്ടികളുടെ പാക്കും വെറ്റയും വേണ്ടാന്ന് പുള്ളി തറപ്പിച്ചു പറഞ്ഞു. ഒടുവില്‍ പിടിവാശിയില്‍ നിന്ന് പിന്മാറാതെ താന്‍ വസിക്കുന്ന ഒമാനില്‍ നിന്ന് എക്സ്പോര്‍ട്ട് ക്വാളിറ്റിയുള്ള വെറ്റിലയും പാക്കും പാര്‍സല്‍ അയച്ച് പുള്ളി പ്രശനം സോള്‍വ് ചെയ്തു. 'ആഹാ ഭര്‍ത്താക്കന്മാരോടാണോ കളി'!

ചടങ്ങ് നടക്കുന്ന ദിവസം കുരുന്നുകള്‍ പള്ളിയില്‍ വരിവരിയായി നിന്നു. മുഖ്യ കാര്‍മ്മി വികാരിയച്ചന്‍ കസേരയില്‍ ഇരുന്ന് പാത്രത്തില്‍ എഴുതിക്കും. അല്ലേലും ക്രൈസ്തവ പാരമ്പര്യത്തില്‍ പോപ്പുമുതല്‍ താഴോട്ട് ആരും നിലത്തിരിക്കില്ല. അങ്ങനെ കഥാനായകന്റെ മകന്റെ ഊഴമെത്തി. നാഴികക്ക് നാല്പതു വട്ടം ഫോണില്‍ വിളിച്ച് ഓര്‍മ്മിപ്പിച്ചതു കൊണ്ട് 'ഫോറിന്‍ ദക്ഷിണ' ഭാര്യ കൈയ്യില്‍ കരുതിയിരുന്നു. അത് യഥോചിതം ഗുരുവിനു നല്‍കാന്‍ മകനെ ഏല്‍പ്പിച്ചു. പൊതി അഴിച്ചപ്പോഴേ ഒടുക്കത്തെ നാറ്റം! കടല്‍ കടന്നെത്തിയ കാലതാമസം കൊണ്ടും കേടുപാടുകൂടാതെ അലമാരിയില്‍ സൂക്ഷിച്ചതുകൊണ്ടും ചീഞ്ഞ തൊണ്ടിന്റെ മണം പള്ളിയാകെ നിറഞ്ഞു.

തൊണ്ടുതല്ലും കയറു പിരിയും പള്ളിയിലേക്ക് മാറ്റിയോ എന്ന ഡൌട്ടില്‍ അയല്‍കൂട്ടം പെണ്ണുങ്ങള്‍ മതിലില്‍ വന്ന് എത്തിനോക്കി. മുട്ടിന്മേല്‍ കുമ്പിട്ടുനിന്നു പ്രാര്‍ഥിച്ചവര്‍ രണ്ടിലൊന്ന് അറിഞ്ഞിട്ടേ പോങ്ങുന്നുള്ളൂ എന്നു വിചാരിച്ച് നിലത്തു പറ്റികിടന്നു. അളിഞ്ഞ വെറ്റയും പാക്കും കൈകൊണ്ടു വാങ്ങിയില്ലെങ്കില്‍ കുരുന്നിന്റെ ഭാവി കുരുടടച്ചു പോകുമോ ഇന്ന ആധിയില്‍ വികാരിയച്ചന്‍. ഫോട്ടോ എടുത്ത് അയച്ചു കൊടുത്തില്ലെങ്കില്‍ കൂമ്പിനിടി കിട്ടും എന്ന ഭീതിയില്‍ കൊച്ചിന്റെ തള്ള.!

തീര്‍ച്ചയായും ഇനി വരാനുള്ള ഏതെങ്കിലും ഇടയ ലേഖനത്തില്‍ വെറ്റയുടെയും പാക്കിന്റെയും കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകും.

No comments:

Post a Comment