Tuesday, October 21, 2014

വിന്‍ഡോ സൈഡ്

പുതിയ മാനേജര്‍ ഓഫീസാകെ നടന്നു കണ്ടു, എല്ലാം കൊള്ളാം. തന്റെ ക്യാബിന്‍ ജനാലയ്ക്കരികിലായിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ.

ഒന്നിരുന്നു ചിന്തിച്ചപ്പോള്‍ അങ്ങേര്‍ക്ക് ഇരിക്കപ്പോറുതിയില്ലാതായി. മറ്റുരണ്ടു മാനേജര്‍മാര്‍ക്ക് വിന്‍ഡോ സൈഡ് ഉണ്ട്. എന്തേ തനിക്കുമാത്രം..?

സംഗതി ചര്‍ച്ചാവിഷയമായി. ആരെങ്കിലും അയഞ്ഞു കൊടുത്തേ തീരൂ...! പക്ഷേ ആര്?

ഒടുവില്‍ തീരുമാനമായി.

പുതിയൊരു വിന്‍ഡോ കൂടി അങ്ങനെ ബില്‍ഡിങ്ങില്‍ പ്രത്യക്ഷപ്പെട്ടു.!

Sunday, October 19, 2014

കറന്റ് അഫേഴ്സ്

അനേക വര്‍ഷത്തെ പാരമ്പര്യം, യൂസര്‍ ഫ്രെണ്ട്ലി ഒക്കെയായിട്ടും 'Nokia' എന്തുകൊണ്ട് മാര്‍ക്കെറ്റില്‍ നിന്നും ഔട്ട് ആയിപ്പോയി?
' കുഴപ്പമോന്നുമുണ്ടായിട്ടല്ല. കുറെ കാലമായില്ലേ...മടുത്തിഷ്ടാ..!'
ഇപ്പോ സാംസംഗിന്‍റെ സമയയമാ അല്ലേ..?
ആയിരുന്നു. പുതിയ മോഡല്‍ ചിലത് ഞാനും ഉപയോഗിച്ചു നോക്കി. ആദ്യത്തെ ഒരു ആവേശമോക്കെയേ ഉള്ളൂ...ഇപ്പൊ അതും മടുപ്പായി. സത്യത്തില്‍ ഓപ്പറെറ്റിഗ് സിസ്റ്റത്തിന്റെ വ്യത്യാസമേയുള്ളൂ..രണ്ടും കണക്കാ...
-***
എടോ, ഇലക്ഷന്‍ ചൂടില്‍ നില്‍ക്കുമ്പോള്‍ താന്‍ ഇതെന്തെവാ ടെലികാസ്റ്റ് ചെയ്യുന്നത്?
അയ്യോ..സാറേ..സി.ഡി മാറിപ്പോയി. 'ഐ.ടി ലോകം പരിപാടിയിലെ പഴയ ഇന്റെര്‍വ്യൂ കേറി വീണു.
ഇനിയിപ്പോ എന്തോ ചെയ്യും?
കാണിച്ചത് കാണിച്ചു സാരമില്ല. ഇതുപോലെയാണ് ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിയും എന്ന് പറഞ്ഞാല്‍ മതി.
'അപ്പോ യൂസര്‍ ഫ്രെണ്ട്ലി, ഗുണമേന്മ, ഗ്ലാമര്‍ ഇതെല്ലാം ഒത്തിണങ്ങിയ ആപ്പിള്‍ മൊബൈലിന്റെ കാര്യംകൂടി പറയേണ്ടായിരുന്നോ സര്‍?
ഡോ..അതൊന്നും മൂന്നാം ലോകരാജ്യങ്ങള്‍ക്ക് താങ്ങത്തില്ല. ഒരാപ്പിനെ നമ്മള്‍ പരീക്ഷിച്ചതല്ലേ എന്നുകൂടി കാച്ചിക്കോ..
'ഹി..ഹി..അപ്പൊ സാറ് കംമ്മ്യ്യൂണിസ്ടാ..ല്ലേ...'
തനിക്കെന്താ ഒരു ചിരി. ഡോ. താന്‍ ഈ ALCATEL അല്‍ക്കാടെല്‍...എന്ന് കേട്ടിട്ടുണ്ടോ? ആദ്യത്തെ പുലിയായിരുന്നെടോ...
'പക്ഷേ ഇപ്പൊ പട്ടിയെ എറിയാനാ ഉപയോഗിക്കുന്നേ...'
സമയം കളയാതെ. താന്‍ അവസാനം പറഞ്ഞത് ഒഴികെ ബാക്കിയൊക്കെ ടെലികാസ്റ്റ് ചെയ്തോ...
ഓകെ. സര്‍.

Wednesday, October 15, 2014

ഒരു ഡ്രൈവറുടെ രോദനം

പറയുമ്പോള്‍ എല്ലാം പറയണമല്ലോ.
മുന്‍പ് ഡ്രൈവറുടെ ഉറക്കത്തെ പഴിച്ച് എഴുതിയപ്പോള്‍ അതിന്റെ മറ്റൊരു വശം കൂടി നിങ്ങളെ അറിയിക്കാതിരിക്കുന്നത് മോശമല്ലേ..

ഇത്തവണ ടാക്സിയല്ല, നമ്മുടെ സ്വന്തം കാറില്‍ റിട്ടേണ്‍ ഫ്ലൈറ്റ് പിടിക്കാന്‍ എയര്‍ പോര്‍ട്ടിലേക്ക്.

"വീട്ടിലെ പഴയ ഏണി അവിടിരിപ്പുണ്ടോ'?

ഓട്ടത്തിനിടെ കൂട്ടുകാരന്‍ ഡ്രൈവര്‍ ഇടക്കിടെ ചോദിക്കുന്നുണ്ട്.  ഇവനിനി ഓട്ടം നിര്‍ത്തിയിട്ട് സ്കോപ്പുള്ള തെങ്ങു കയറ്റത്തിനു വല്ലോം പോകാനുള്ള പ്ലാനാണോന്ന്‍ ഓര്‍ത്ത് ഞാനത് കേട്ടില്ലന്ന മട്ടിലിരുന്നു.

ട്രോളി ഉന്തി ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലേക്ക് പോകുംമുന്പ്‌ പോക്കറ്റില്‍ കൈയ്യിട്ടപ്പോഴേ കക്ഷി ചാടി വീണു പറഞ്ഞു,

"ഒന്നും വേണ്ടടാ എനിക്കാ ഏണി ഇങ്ങു തന്നാല്‍ മതി."
ശെടാ..ഇതെന്തു കളിയന്നോര്‍ത്ത് ഞാന്‍ ചിരിച്ചപ്പോള്‍ അവനെന്നെ തുണി പൊക്കി കാണിച്ചു.

ഛെ! നിങ്ങള്‍ ഉദ്ദേശിക്കും പോലല്ല. എന്നിട്ട് പറഞ്ഞു.

"ദേ..ഇതുകണ്ടോ രണ്ടു കാലിലെയും തൊലി മുഴുവന്‍ പോയി."
ങേ!. ഇതെന്താ സംഭവം?

ഡാ, പാതിരായ്ക്ക് ഓട്ടം പോകും മുന്‍പ് രണ്ടു മണിക്കൂറെങ്കിലും  ഉറങ്ങണ്ടേ? നീ പറ.

പിന്നെ...തീര്‍ച്ചയായും! ഡ്രൈവറുടെ ആരോഗ്യം നമ്മുടെ ആരോഗ്യം. എനിക്കും അതില്‍ തര്‍ക്കമില്ല.

" പക്ഷേ...അത് എന്റെ വീട്ടില്‍ പറ്റത്തില്ല. വൈകുന്നേരം ആറര മുതല്‍ ടി.വി ഓണ്‍ ചെയ്ത് ഈ പണ്ടാരങ്ങള് സീരിയല്‍ കാണാന്‍ തുടങ്ങിയാല്‍ ബാക്കിയുള്ളവന്  ഉറങ്ങാല്‍ പറ്റുമോ. അമ്മക്കാണേല്‍ ചെവി കേള്‍ക്കാനും മേല. പെണ്ണുമ്പിള്ളക്ക് അതുള്ളതും ഇല്ലാത്തതും കണക്കാ..! പിറ്റേന്നു പകല് ഈ കോപ്പു തന്നെ വീണ്ടും കാണിക്കുന്നുണ്ട് ഇട്ടിട്ടും മൈ#കള്‍ക്ക് ഇത് തന്നെ കാണണം. " ലവന്‍ വൈലന്റായി.

"ഡാ...അതില്‍ മനം നൊന്ത് നീ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണോ...ഇത്?"

"പോടാ..അവിടുന്ന് ആരെങ്കിലും കാലിലെ ഞരമ്പ് മുറിച്ചാണോ ആത്മഹത്യ ചെയ്യുന്നത്. ഞാന്‍ തെങ്ങില്‍ കയറിയതാ.."

ശരിയാ..നല്ല ശുദ്ധമായ തെങ്ങിന്‍കള്ളില്‍ ഫ്രൂഡാന്‍ ചേര്‍ത്ത് അടിച്ച് മരിക്കുന്നതിന്റെ സുഖം ഒന്നു വേറെയാ...രാവിലെ ഹാങ്ങോവര്‍ ഉണ്ടാവില്ലല്ലോ..!

നീ അധികം തമാശിക്കരുത്. ഒരു ഡ്രൈവറുടെ വേദന...അത് പറഞ്ഞാന്‍ ഒരു പട്ടിക്കും മനസിലാവില്ല". ആളു സെന്റിയായി.

നീ കരയാതെ. ഏണി ഞാന്‍ തരാം.......വേണേല്‍ മണിയും പിടിച്ചോ എന്ന് പറഞ്ഞു പോക്കറ്റില്‍ കൈയ്യിട്ടു.

അവന്‍ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം തുടര്‍ന്നു.

ഡാ...ആ കേബിള്‍ ടി .വി കാര്‍ ഞങ്ങളുടെ കണക്ഷന്‍ ബോക്സ് വെച്ചിരിക്കുന്നത് അപ്പുറത്തുകാരുടെ തെങ്ങിലാ. രാത്രി ഓട്ടം ഉള്ള ദിവസം ഞാന്‍ ഞങ്ങളുടേതും അടുത്ത മൂന്നു വീട്ടിലെയും കേബിള്‍ ഊരി വിടും. ആര്‍ക്കും ഇല്ലേല്‍ പ്രശ്നമില്ലല്ലോ..എന്നിട്ട് സമാധാനമായി കിടന്നുറങ്ങും.

നീയൊരു പുതിയ ഏണി തന്നെ വാങ്ങിച്ചോ...ഇതാ മണി!

Monday, October 13, 2014

വെല്‍കം ഹോം..

ആദ്യ അവധിക്ക് നാട്ടിലെത്തുമ്പോള്‍ ഒന്നരകൊല്ലം മുന്‍പ് എയര്‍ പോര്‍ട്ടില്‍ കൊണ്ടെവിട്ട സുഹൃത്തിന്റെ അതേ ടാക്സിയില്‍ തന്നെ വരണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചു. എന്തൊക്കെയായാലും വന്ന വഴി മറക്കാന്‍ പാടില്ലല്ലോ.

എന്നാല്‍ ആ വാക്കിനു പുല്ലുവില കല്പിച്ച്  വേറെതോ വണ്ടിയില്‍ വന്ന വീട്ടുകാരേ കണ്ടപ്പോഴേ നൊസ്റ്റാള്‍ജിയയുടെ കിക്കില്‍ നിന്ന എന്റെ  കെട്ടുവിട്ടുപോയി. കലിപ്പിച്ചുള്ള നോട്ടത്തിന്റെ അര്‍ത്ഥം മനസിലായ അവര്‍ പറഞ്ഞു. നിന്റെ കൂട്ടുകാരന്‍ തന്നെ പറഞ്ഞുവിട്ട വണ്ടിയാണ്. അവനു വേറെ ഓട്ടം ഉണ്ടത്രേ...!

ആഹാ..ഉറ്റ സുഹൃത്തിനെ ഒഴിവാക്കി ഏത് ഓട്ടം എന്നറിഞ്ഞിട്ടുതന്നെ ബാക്കി കാര്യം.  മൊബൈലില്‍ ഞെക്കി.

"സോറി അളിയാ...ഹണിമൂണ്‍ ഓട്ടത്തിലാ."

ങേ..! കല്യാണം പോലും എന്നെ അറിയിചില്ലല്ലോ...?

അതല്ല. ഓട്ടം...ഹണിമൂണ്‍ കപ്പിള്‍സ്.  രണ്ടു ദിവസത്തേക്ക് എന്നുപറഞ്ഞു വിളിച്ചതാ ഇപ്പോ നാലായി. നമ്മളായിട്ട് ഇക്കാര്യത്തില്‍ ഒരു മുടക്ക് വരാന്‍ പാടില്ലല്ലോ. നീയായതുകൊണ്ട് മാത്രമാ ഞാന്‍ വേറെ വണ്ടി വിട്ടത്.

ങേ..!

"വിഷമിക്കേണ്ട...എനിക്കു കൊണ്ടുവന്ന കുപ്പി ഞാന്‍ തന്നെ അടിച്ചു തീര്‍ത്തോളം."

അവനു വല്ലതും തടയുന്നേല്‍ തടയട്ടെ എന്ന് കരുതി ഞാന്‍ കോപമടക്കി.

എയര്‍ പോര്‍ട്ടിന്റെ കവാടം കടന്നിട്ടും ഞാന്‍ പോകുന്ന മയില്‍ വാഹനമെന്താ നീങ്ങാത്തതെന്ന് ആലോചിച്ച് നോക്കിയപ്പോഴാ .....

"ലേശം കൂടി സ്പീഡില്‍ പോട്ടെ..ചേട്ടാ....'ഇരുപത്തഞ്ചില്‍ ഒക്കെ പോകുന്നത് വണ്ടിക്കു തന്നെ കേടാ.. "

നോട്ടം കനത്തപ്പോള്‍ ഡ്രൈവര്‍ വരുന്നത് വരട്ടെ എന്ന് കരുതി കാലുകൊടുക്കും.

'എന്നെക്കൊണ്ട് ഇത്രേ പറ്റൂ മോനെ... നിന്നെക്കാള്‍ മൂത്തതല്ലേ ഞാന്‍ എന്ന് ചുമച്ചുകൊണ്ടു   വണ്ടി. ഒരുപാട് ആസനം താങ്ങിയ അറുപത്താറു മോഡല്‍ അമ്ബാസിഡറാണേയ്‌..

ഓട്ടം കൂട്ടുകാരനു കൊടുക്കണമെന്ന മഹാമനസ്കത. അതുകൊണ്ട് മുണ്ടാണ്ടിരിക്കുക തന്നെ ബുദ്ധി.  അടുത്തിരിക്കുന്ന ഡ്രൈവറുടെ മോന്തായം കാണുമ്പോള്‍ ഇടക്കിടെ വരുന്ന ചൊറിച്ചില്‍ ഒഴിവാക്കാന്‍ കണ്ണടച്ചു. ഉറങ്ങിപ്പോയി.

അപ്പോള്‍ യാത്ര ഒരു കുതിരപ്പുറത്ത്..... ഇടക്ക് ചിനച്ചുകൊണ്ട്‌ കുതിര കുതിച്ചു ചാടുന്നു,
ഗുജുഗുജാ..ഗുജാ ശബ്ദം. കണ്ണുതുറന്നു. സ്വപ്നമല്ല.

നട്ടപ്പാതിരാക്ക് വണ്ടി നടുറോഡില്‍ നിന്നുകിടക്കുന്നു. ഡ്രൈവര്‍ മാന്യമായി ഉറങ്ങുന്നു. ഗിയര്‍ ഡൌന്‍ ചെയ്യാത്തതില്‍ വണ്ടിയുടെ പ്രതിഷേധമാണ് മുന്‍പ് കേട്ട ഗുജുഗുജാ..! " ഭാഗ്യത്തിന് പിറകില്‍ പാണ്ടിലോറി ഇല്ല.

'എന്തവാടോ ഇത്"? ഞാന്‍ ഒച്ചപ്പാടുണ്ടാക്കിയപ്പോള്‍ എല്ലാവരും ഉണര്‍ന്നു വായ്ക്കൊട്ട വിട്ടു. നല്ലോരുറക്കം കളഞ്ഞതില്‍ ഡ്രൈവര്‍ പോലും അതിരൂക്ഷമായി എന്നെ നോക്കി.

"മോനേ..ഒന്നും വിചാരിക്കരുത്. മിനിയാന്ന് ശബരിമല. ഇന്നലെ വേളാങ്കണ്ണി, ഇന്ന് എയര്‍പോര്‍ട്ട്..കണ്ണടച്ചിട്ടു മൂന്നു ദിവസമായി."

'ഇങ്ങനാനെങ്കില്‍ എല്ലാരുടെയും കണ്ണടയുവല്ലോഡേയ്...മ#%$%^&... ഇങ്ങോട്ട് മാറ് ഞാനോടിക്കാം'

കിടിലന്‍ രണ്ടു ഡയലോഗ് ഇട്ട ശേഷം ഡ്രൈവറെ സൈഡാക്കി ഞാന്‍ സ്ടിയറിംഗ് ഏറ്റെടുത്തു.

മര്യാദക്ക് ഒരു സൈക്കളു പോലും ഓടിക്കാത്ത ഇവന്‍ ദുഫായീന്ന് വന്നപ്പോള്‍ വളയം പിടിക്കുന്നത് വീട്ടുകാരെ ഒന്നു കാണിക്കാം എന്ന ഉദ്ദേശം കൂടി ഉണ്ടെന്നു വെച്ചോ...

ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് കാലിട്ട് തപ്പി നോക്കിയിട്ട് ഒന്നും തടയുന്നില്ല.
ക്ലച്ചും ബ്രേക്കും കിദര്‍ ?
സംഗതി മുഷ്കില്‍ ഹേ..

പണ്ട് കുളം കലക്കി മീന്‍ പിടിക്കുന്ന ഓര്‍മ്മയില്‍ ഒന്നൂടെ ഇളക്കി നോക്കിയപ്പോള്‍ വരാല് പോലെന്തോ കാലില്‍ തടഞ്ഞു.  കിട്ടിപ്പോയി.!
ഗിയറ് ഇടാന്‍ നോക്കിയിട്ട്  അതങ്ങോട്ട് വഴങ്ങിത്തരുന്നില്ല.

മാരണംവെച്ചുമാറിയ സന്തോഷത്തില്‍ ഡ്രൈവര്‍ ടെന്‍ഷനേതുമില്ലാതെ ഉറങ്ങുന്നു.
ഞാന്‍ ചുറ്റുപാടും നോക്കി. ഓടിയൊളിക്കാന്‍ ഇടമില്ല. രക്ഷിക്കാന്‍ ഒരുപ്പോക്കിന് ആളുമില്ല.
ഒടുക്കം നിവൃത്തിയില്ലാതെ അങ്ങേരെ തന്നെ വിളിച്ചെണീപ്പിച്ചു.

"ചേട്ടാ എന്നെകൊണ്ട്‌ താങ്ങത്തില്ല. ദുഫായിലേത് ഇങ്ങനല്ല. ദയവായി ഈ പാന പാത്രം എന്നില്‍ നിന്ന് എടുത്തു മാറ്റൂ.."

പുള്ളി വീണ്ടും പയറ്റു തുടങ്ങി, കുറെ കഴിഞ്ഞപ്പോള്‍ വീണ്ടും പഴയ 'ഗുജുഗുജാ..!

ഇതിനും മാത്രം എന്ത് ദ്രോഹമാടെയ് ഞാന്‍ ചെയ്തത്? കടല്‍ കടന്ന് ഇവിടെ വരാന്‍ നാല് മണിക്കൂറെ എടുത്തുള്ളൂ...ഇനി നാല് മണിക്കൂര്‍ കൂടി ഓടിയാല്‍ വീട്ടില്‍ ചെല്ലുവോ...ആദ്യത്തെ വരവ് ഇങ്ങനായല്ലോ എന്നോര്‍ത്തപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു.

ഈ ശകടത്തില്‍  ശബരിമലയും വെളാങ്കണ്ണിയും പോയെന്നു കള്ളം പറഞ്ഞാല്‍ സാക്ഷാല്‍ ശാസ്താവും  മാതാവും ചേര്‍ന്നു തന്നെ തല്ലുമെന്നു പറഞ്ഞപ്പോള്‍ അങ്ങേരു സത്യം പറഞ്ഞു. അതൊക്കെ വീട്ടുകാരുടെ വണ്ടിയിലുള്ള ഓട്ടം ആയിരുന്നത്രേ!.

തട്ടുകട കാണുന്നിടത്തൊക്കെ നിര്‍ത്തി കട്ടന്‍ കാപ്പി വാങ്ങിക്കൊടുത്തും ഉറക്കം തൂങ്ങുമ്പോള്‍ നല്ല തട്ടു കൊടുത്തും ഒരുവിധം വീടണഞ്ഞ ആശ്വാസത്തില്‍ ഞാന്‍ പറഞ്ഞു.

"ചേട്ടാ വണ്ടിയില്‍ കിടന്ന് ലേശം മയങ്ങിയിട്ടു പോയാല്‍ മതി"

"ഇല്ല മോനെ..പോകണം, വെളുപ്പിനെ ഒരോട്ടമുണ്ട്."  

ഈശ്വരാ..!

അന്നാ ഓട്ടം വിളിച്ച ഹതഭാഗ്യന്റെ ഗതി എന്തായോ...എന്തോ..?

Wednesday, October 8, 2014

ക്രിക്കറ്റ് കേരള

പണ്ടുപണ്ട്, ഈ ഐ.പി എലും സെലിബ്രെറ്റി ക്രിക്കറ്റ് ലീഗും ഒക്കെ വരുന്നതിനു മുന്‍പ് നീലക്കുറിഞ്ഞി പൂക്കുംപോലെ വല്ലപ്പോഴുമൊക്കെ കൊച്ചിക്ക് വീണു കിട്ടുന്ന കളികള്‍ ഉണ്ടായിരുന്നു. മുജ്ജന്മ സുകൃതം കൊണ്ട് മൂന്നുകൊല്ലം ഞാന്‍ കൊച്ചിയില്‍ താമസിക്കുന്നതിനിടെ ഒന്ന് രണ്ടു കളികള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ വന്നുപോയിട്ടുണ്ട്.

ടിക്കറ്റ് കിട്ടാനുള്ള പെടാപ്പാടും ക്യൂവും ഓര്‍ത്ത്  സുഹൃത്തുക്കളായ ക്രിക്കറ്റ് പ്രേമികള്‍ അടിയാന്‍ ഒരിടം ഉണ്ടല്ലോ എന്ന ആശ്വാസത്തില്‍ കുട്ടനാട്ടില്‍ നിന്നും കോട്ടയത്തു നിന്നും പാലായില്‍ നിന്നും വണ്ടിയോടിച്ചോ വണ്ടി പിടിച്ചോ തലേന്ന് വൈകുന്നേരം തന്നെ റൂമിലെത്തും.

മത്സരത്തെക്കുറിച്ചുള്ള കലുങ്കഷമായ അവലോകനങ്ങള്‍ക്കവസാനം 'തരിപ്പ് കേറുമ്പോള്‍' എത്തിപ്പെടുന്ന ഒരു പോയിന്റ് ഉണ്ട്. ആലോചിച്ചാല്‍ ആഗോള മലയാളിയുടെ തന്നെ കണ്ക്ലൂഷന്‍ ആയി അത് വിലയിരുത്തപ്പെടണം.

ഒരാവേശത്തിന്റെ പുറത്ത് കളികാണാന്‍ കൊച്ചിയില്‍ എത്തി എന്നത് നേര്. വൈകിട്ട് 'ഒന്നിരുത്തി ചിന്തിക്കുമ്പോള്‍...........
ടിക്കറ്റിന് ആയിരമോ രണ്ടായിരമോ കൊടുക്കണം. എന്നിട്ടും ഗാലറി. കളി കാണുന്നത് സ്ക്രീനില്‍. ആ കാശുണ്ടെങ്കില്‍ രണ്ടെണ്ണം വീശി ടി.വി യില്‍ കളി കാണാം...സ്വസ്ഥം, സമാധാനം. കൊച്ചിയില്‍ പോയി കളികണ്ടൂന്ന്‍ നാട്ടില്‍ പറയുകയും ചെയ്യാം...!!

ഇത്രക്ക് കുരുട്ടുബുദ്ധി ദൈവം കൊടുത്തില്ലായിരുന്നെങ്കില്‍ മലയാളിയുടെ ഒരു കാലിബര്‍ വെച്ച് മിനിമം ആറുപേരെങ്കിലും സ്ഥിരമായിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചേനെ.....!!