Thursday, February 27, 2014

ചില നാണയങ്ങള്‍

'കോണ്ഗ്രസും ബി.ജെ.പി യും ഒരു നാണയത്തിന്‍റെ ഇരുവശങ്ങലാണ്'
എന്ന് പ്രകാശ് കാരാട്ട്. 
നമ്മളാകട്ടെ മാര്‍ക്കെറ്റില്‍ ഇല്ലാത്ത ഇരുപത്തഞ്ചു പൈസയും!

Wednesday, February 26, 2014

ട്രിവാണ്ട്രം ട്രാവല്‍

വീട്ടുകാര്‍ക്കൊപ്പം ഒരു കാര്‍ യാത്ര. 
കസിന് പെണ്ണുകാണാന്‍ തിരുവനന്തപുരത്തുപോയി തിരികെ വരുന്നു. ഏതാണ്ട് കൊല്ലം എത്തും മുന്‍പേ പിന്നില്‍ 'പഡേയ്' എന്ന് ഒരു ശമണ്ട്!! 
വണ്ടിയുടെ പിന്നില്‍ ഒരു ബൈക്ക്കാരന്‍ 'ഉമ്മച്ചനടിച്ചു!!'

ഈ ദുഫായിലൊക്കെ സൌഹൃദ പോലീസിനെ കണ്ടു ശീലിച്ചു പോയതിനാല്‍ വണ്ടി ഇടിച്ചു കഴിഞ്ഞാല്‍ പുറത്തിറങ്ങി മറ്റേ വണ്ടിക്കാരന് കൈകൊടുത്ത് ലൈറ്റര്‍ വാങ്ങി ഒരു സിഗരറ്റും കത്തിച്ച് പോലീസ് വരുന്നവരെവാചകം അടിച്ചു നില്‍ക്കുന്ന ഓര്‍മ്മയില്‍ പുറത്തിറങ്ങി. ഒരു പുക എടുക്കാന്‍ ചെന്നപ്പോള്‍ ബൈക്കിന്റെ പുഹ മാത്രമേയുള്ളൂ...ആളില്ല!!

സിഗരറ്റ് നിലത്ത് എറിഞ്ഞു ഷൂവിട്ടു ചവുട്ടി ഞെരുക്കി ലാലേട്ടന്‍ സ്റ്റൈലില്‍ വണ്ടിയിലേക്ക് ചാടിക്കയറി ഒരു ഡയലോഗ്.
"വണ്ടിയെടെടാ.........."

ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന അളിയന്‍ ഒരു നോട്ടം!
'സോറി..അളിയാ...പ്ലീസ് വണ്ടിയെട്...അവരെ വിടരുത് പിടിക്കണം.'

ബൈക്കിനെ ഫോളോ ചെയ്തു പിന്തുടര്‍ന്നു. ബൈക്ക് ഓടിക്കുന്നത് ഒരു മധ്യവയസ്കന്‍, പിന്നില്‍ പുള്ളീടെ ഭാര്യ. ഒപ്പം എത്തി ഹോണ്‍ അടിച്ചിട്ടും പുള്ളി വശത്തോട്ട് പിടലി തിരിക്കാതെ വലിച്ചു വിട്ടു പോകുകയാണ്.

നിര്‍ത്തെടോ....$%^#
കലിപ്പ് കേറി സ്നേഹത്തിന്റെ ഭാഷയില്‍ ചിലതൊക്കെ ഞാന്‍ വിളിച്ചു പറഞ്ഞു. അപ്പാപ്പന്‍ കൂടെയുള്ളത് അപ്പോഴാണ്‌ ഓര്‍ത്തത് പുള്ളീടെ മുഖത്തേയ്ക്ക് ഏറുകണ്ണിട്ടു നോക്കിയപ്പോള്‍ പുള്ളി പുറത്തേയ്ക്ക് നോക്കിയിരിക്കുകയാണ്. 

(അതുകഴിഞ്ഞാണ് അവര്‍ എനിക്കും വിവാഹോലോചനകള്‍ തുടങ്ങിയത്)
ബൈക്കിനു മുന്‍പില്‍ കാറ് വട്ടം ചവുട്ടി! നിര്‍ത്തിയതും ബൈക്കുകാരന്റെ പെണ്ണുമ്പിള്ളയുടെ ഡയലോഗ്. 

"ഞങ്ങളുടെ മോന്‍റെ പ്രായോല്ലേയുള്ളൂ....മുതിര്‍ന്നവരോട് ഇങ്ങനെയാണോ...മാന്യതയില്ലാതെ സംസാരിക്കുന്നത്..." 

പ്രതിയോഗികളെ മാനസികമായി തളര്‍ത്താനുള്ള സൈക്കോളജിക്കല്‍ അപ്രോച്ച് കണ്ട് ഞാനൊന് കിടുങ്ങി.

വാക്കുതര്‍ക്കം മുറുകിയപ്പോള്‍ ആളുകൂടി. അവര്‍ കാര്യം അന്വേഷിച്ചു. വണ്ടി നിര്‍ത്താനുള്ള മാനേര്‍സ് എങ്കിലും മിനിമം കാണിക്കണം എന്ന് ഞാന്‍... 

"ഡോ...തന്‍റെ വണ്ടിയില്‍ ഇടിച്ച് ഇവര്‍ റോഡില്‍ തെറിച്ചു വീണ് വല്ലോം പറ്റിയിരുന്നേല്‍...? ഓ.. ഭാഗ്യം! കാറിന്‍റെ പുറക് പൊളിഞ്ഞത് പോട്ടെ...രണ്ടു ജീവന്‍ പൊലിഞ്ഞില്ലല്ലോ...നാട്ടുകാരുടെ വക!!
(അവര് ഒരു നാട്ടുകാരാണ്. ഞമ്മള്‍ള് വരത്തനും.)

നിന്നിട്ട് കാരമില്ല എന്ന് മനസിലായപ്പോള്‍ വണ്ടിയില്‍ കയറി ഞാന്‍ പറഞ്ഞു 
'അളിയാ.......പ്ലീസ്........വണ്ടി ...ഏട്...."
-------------------
വല്ല നാട്ടിലും ചെന്ന് പണിയെടുക്കുമ്പോള്‍ ആളുകള്‍ കന്നംതിരിവ് കാട്ടിയെന്നും വര്‍ണ്ണ വെറി കാണിച്ചെന്നും, ന്യായം എന്‍റെ ഭാഗത്താണ് എന്നും കട്ടിയുള്ള ഡയലോഗ് വിടുന്നതില്‍ അര്‍ത്ഥമില്ല, തട്ടുകിട്ടാതെ നോക്കുക എന്നതാണ് ബുദ്ധി എന്ന് അന്ന് മനസിലായി. :)

വ്രതം

ഭര്‍ത്താക്കന്മാരുടെ ആയുരാരോഗ്യത്തിനായി ഭാര്യമാര്‍ വ്രതം നോക്കുന്ന ദിവസം. 'ശിവരാത്രി'. 
കടപ്പാടിന്റെ ഒരായിരം സ്മരണകളുമായി അയാള്‍ തനിക്കു വേണ്ടി നോമ്പ് നോക്കുന്ന പ്രിയ പത്നിയെ ഓര്‍ത്തു. ഉച്ചയ്ക്ക് സ്നേഹപൂര്‍വം ഫോണില്‍ വിളിച്ചു. 

"പട്ടിണിയായിരിക്കും അല്ലേ.....?"
ഏയ്‌..! ഫ്രൈഡ് റൈസും ചിക്കനും. പിള്ളാര് സ്കൂളീന്നു വരും മുന്‍പേ ഞാനങ്ങു കഴിച്ചു! 

കാളകൂട വിഷം കുടിച്ചപ്പോള്‍ ശിവന്‍റെ തൊണ്ടയ്ക്ക് ഞെക്കിപ്പിടിച്ച പാര്‍വതി! കഴിഞ്ഞ അവധിക്ക് തനിക്ക് കിട്ടിയ പണി കഴുത്തില്‍ നിന്നും മാഞ്ഞിട്ടില്ല എന്ന് പിടലി തടവിക്കൊണ്ട് അയാളോര്‍ത്തു.

Tuesday, February 25, 2014

ചിരിച്ചു മരിച്ചവര്‍

വായനക്കാര്‍ക്ക് 'ചിരിച്ച് മരിക്കാന്‍' വേണ്ടിയാണ്' അയാള്‍ ആ പുസ്തകമെഴുതിയത്. ആദ്യവായനക്കാരന്‍റെ കൈകൊണ്ടുതന്നെ അയാള്‍ മരിച്ചു.

Monday, February 24, 2014

അച്ചായന്‍സ് കോണ്ഗ്രസ്

പി.ജെ ജോസഫ് എല്‍.ഡി.എഫിലും മാണിസാര്‍ യു.ഡി എഫ് ലും നില്‍ക്കുന്നതാണ് 'അച്ചന്മാര്‍ക്കും അച്ചായന്‍മാര്‍ക്കും' നല്ലത്.

രണ്ടിലയായാലും പ്ലാവിലയായാലും 'ഇടത്തുനിന്നും വലത്തു നിന്നും' ഓരോന്ന് കടിക്കാനാണ് കുഞ്ഞാടുകള്‍ക്കിഷ്ടം. 

സോഷ്യല്‍ ബാറ്റന്‍

പോയകാലത്തിന്‍റെ ഉല്ലാസമായ, വേലിക്കരികില്‍ നിന്നുള്ള കുശുകുശുപ്പുകള്‍ക്ക് വിടചൊല്ലി സ്ത്രീകള്‍ സീരിയലുകള്‍ക്ക് കീഴടങ്ങി.പിന്നെ അതും മടുത്തു. പുതിയകാലത്തിന്റെ പരദൂഷണങ്ങള്‍ക്കായി ആണ്‍പെണ് ഭേദമില്ലാതെ നമുക്ക് ഫേസ്ബുക്ക് ഗ്രൂപ്പുകളുണ്ട്‌. 
ഭൂഷണമല്ലാത്ത ദൂഷണങ്ങള്‍ ഒരിക്കലും അവസാനിക്കുനില്ല. 
അത് കാലത്തിനൊപ്പം കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ബാറ്റന്‍ മാത്രം.

Saturday, February 22, 2014

ആള്‍ദൈവ വിലാപം

അര്‍ജുനന്‍ ശിഖണ്ഡിയെ എന്നപോലെ എന്നെ മുന്‍നിര്‍ത്തി അവരാണ് എല്ലാം നേടിയത്. അവരെന്നെ "ബ്രാന്‍ഡ്‌" ചെയ്തു കൊടിശ്വരരായി. ദൈവത്തോളം വളര്‍ന്നത്‌കൊണ്ട്‌ ഞാന്‍ എന്ത് നേടി? 
ഒരു കുട്ടിയുടെ കയ്യാല്‍ നിയന്ത്രിക്കപ്പെട്ട പട്ടം പോലയോ ഇന്ത്യന്‍ രാഷ്‌ട്രപതി പോലെയോ ആണ് ഇന്ന് ഞാന്‍. അവര്‍ എഴുതിത്തരുന്നതേ ഞാന്‍ പറയാറുള്ളൂ, അവര്‍ പറയുന്നതെ ഞാന്‍ ചെയ്യാറുള്ളൂ. എന്നിലെ എന്നെ പുറത്തു കാട്ടാനാവാത്തവിധം അവരെന്നെ ലോകത്തിനു മുന്‍പില്‍ തുറന്നുവച്ചിരിക്കുന്നു.

Thursday, February 20, 2014

മത്തായിയുടെ ജീവിത വിജയം

പത്താംക്ലാസ് കടമ്പയില്‍ തട്ടി നില്‍ക്കുമ്പോഴാണ് ഇനി മുന്നോട്ട് എന്ത് എന്ന ചോദ്യം മത്തായിയെ അലട്ടിയത്.

വെറുതെ വീട്ടിലിരുന്നപ്പോള്‍ അയല്‍പക്കകാര്‍ കറന്റ് ചാര്‍ജ്, ടെലിഫോണ്‍ ബില്‍, ഗ്യാസ് സിലിണ്ടര്‍ തുടങ്ങിയവ നൂലാമാലകള്‍ അയാളെകൊണ്ട് സാധിച്ചു. ആളുകള്‍ സ്നേഹത്തോടെ കൊടുക്കുന്ന പോക്കറ്റ് മണി മാത്രംവാങ്ങി ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ മത്തായി ചെയ്യുമായിരുന്നു. വിദേശത്തുള്ള മക്കള്‍ മാതാപിതാക്കളെ ആശുപത്രിയില്‍ എത്തിക്കാനും മറ്റും അയാളുടെ സേവന സന്നദ്ധത ഉപയോഗപ്പെടുത്തി.
അങ്ങനെ നാട്ടിലും ടൌണിലും മത്തായി പോപ്പുലറായി.

വാര്‍ഡ്‌ മെമ്പറായി അയാളെ നിര്‍ത്തിയാല്‍ പുഷ്പം പോലെ ജയിക്കുമെന്ന് പുതുതായി ഉദയം ചെയ്ത 'മാങ്ങാ' പാര്‍ട്ടിക്ക് മനസിലായി. അയാള്‍ സ്ഥാനര്‍ത്തിയായി.

കാണിക്കാന്‍ പരിപാടി ഒന്നുമില്ലാതെ വലയുന്ന സ്ഥലത്തെ 'ലോക്കല്‍ ചാനല്‍' എല്ലാ സ്ഥാനര്‍ത്തികളെയും ഒപ്പം മത്തായിയെയും ഇന്റെര്‍വ്യൂ നടത്തി. അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം ഇതിനെക്കുറിച്ചൊക്കെ തീപ്പൊരി പ്രസംഗം നടത്തുന്ന'മാങ്ങ"യുടെ ദേശീയ നേതാവിന്‍റെ കാഴ്ചപ്പാടുകള്‍ അതന്നെയാണോ ഇദ്ദേഹത്തിനും എന്നറിയാന്‍ ഒരു ചോദ്യം.

" നമ്മുടെ രാജ്യത്തിന്‍റെ ഭാവി? പെട്രോളിന്‍റെ വില ഇതിനെ പറ്റി..?

വിദ്യാഭ്യാസമോ സാംസ്കാരിക പ്രവര്‍ത്തനമോ ഇല്ലാത്ത യുവനേതാവിന്റെ ഉത്തരം കേട്ട് അവതാരികയെ പോലും പുളകിതയായി.
"ഇന്ത്യയുടെ ഭാവി നിങ്ങളുടെ കയ്യിലാണ്. ഓരോ തുള്ളിയും വിലപ്പെട്ടതാണ്‌."

ആ ഉത്തരത്തോടെ മത്തായി ജനമനസുകളില്‍ ടാറ്റൂ അടിച്ചപോലെ പ്രതിഷ്ഠ നേടി. നാട്ടുകാര്‍ക്കും രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. മത്തായി ജയിച്ചു.

പള്ളിക്കൂടത്തിന്റെ മൂത്രപ്പുരയുടെ ചുവരുകളില്‍ ആ വാക്യങ്ങള്‍ എഴുതിയവനെ കര്‍ത്താവ് അനുഗ്രഹിക്കട്ടെ എന്ന് മത്തായി എന്നും പ്രാര്‍ഥിക്കും!

Wednesday, February 19, 2014

പണി വരുന്ന വഴി

വീടിന്‍റെ ടെറസില്‍ അല്പം പച്ചക്കറി കൃഷിയൊക്കെ ചെയ്ത് അതിലെ കുലകള്‍ ഫേസ്ബുക്കില്‍ ഫോട്ടോയായി ഞാത്തിയിട്ട് 'ലൈക്സ്' മേടിച്ച് സംതൃപ്ത റിട്ടയര്‍ഡ് ജീവിതം നയിച്ച ഒരു പാവം മനുഷ്യനെ എക്സൈസ് അറസ്റ്റ് ചെയ്ത് പതിനാലു ദിവസത്തേയ്ക്ക് റിമാണ്ട് ചെയ്തു!!

കഷ്ടകാലത്തിന് അതിലൊന്ന് 'കഞ്ചാവ് തൈ' ആയിരുന്നു എന്ന തെറ്റേ പുള്ളി ചെയ്തുള്ളൂ... 

ഫോട്ടോ പോസ്റ്റുമ്പോള്‍ ഇട്ടിരിക്കുന്ന ജെട്ടി അന്വേഷിച്ച് ഉടമസ്ഥന്‍ എത്തുന്ന കാലവും വിദൂരമല്ല. ബാച്ചിലര്‍ റൂം മേറ്റ്സ് ജാഗ്രതൈ!!

ഗള്‍ഫ് വിഷന്‍ അവാര്‍ഡ്

ഹലോ.., മെഗാസ്റ്റാര്‍ ലാലല്ലേ... സാര്‍ ഈ വരുന്ന 26നു ഫ്രീയാണോ?
അല്ല. ഞാന്‍ ലാസ് വെഗാസില്‍ ആയിരിക്കും. നിങ്ങളാരാ....?
ഗള്‍ഫ് വിഷനില്‍ നിന്നാ.. ഒന്നിമില്ല. സാര്‍.. 26നു സുഖമായിരിക്കുമോ എന്നറിയാന്‍ഇപ്പോഴേ വിളിച്ചതാ..
ങേ...!!
------------------
ഹലോ.., മെഗാസ്റ്റാര്‍ ഇക്കയല്ലേ... സാര്‍ ഈ വരുന്ന 26നു ഫ്രീയാണോ?
സോറി, അന്ന് ഞാന്‍ ദുബായിലായിരിക്കും. അന്ത്രൂക്കന്റെ മീന്‍കട ഉത്ഘാടനം.
സാറ് അന്ന് ദുബായില്‍ ഉണ്ടോ.....!!
"കണ്ഗ്രാജുലെഷന്‍..സര്‍, ഇത്തവണത്തെ ഗള്‍ഫ് വിഷന്‍ അവാര്‍ഡ് സാറിനാ..."മികച്ച നടന്‍"
ഓ..താങ്ക്യൂ...താങ്ക്യൂ...കഴിഞ്ഞ വര്‍ഷവും എനിക്കു തന്നെ ആയിരുന്നല്ലോ...
അതെ..കഴിഞ്ഞ കൊല്ലവും ഏതോ പച്ചക്കറിക്കട ഉത്ഘാടനത്തിനു സാറ് ദുബായില്‍ ഉണ്ടായിരുന്നു.
ങേ...!!

Monday, February 17, 2014

അനുഭവ സാക്ഷ്യം

ഉപദേശിയുടെ നിര്‍ദേശപ്രകാരം ആ ചെറിയ മുറിയില്‍ കൂടിയിരുന്നവര്‍ ഓരോരുത്തരായി എണീറ്റ് അനുഭവ സാക്ഷ്യം പറയാന്‍ ആരംഭിച്ചു. 

പലവിധ അപകടങ്ങളില്‍ ദൈവം അത്ഭുതകരമായി തങ്ങളെ രക്ഷിച്ചത് അവര്‍ വെളിപ്പെടുത്തി. ഒരാളുടെതിനേക്കാള്‍ വലിയ അപകടങ്ങളാണ് അടുത്തയാള്‍ പറഞ്ഞത്. അവസാനം വൃദ്ധന്റെ ഊഴമെത്തി. അയാള്‍ക്ക് പറയാന്‍ അത്ഭുതങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 

ദൈവാനുഗ്രഹം ഒട്ടും ഇല്ലാത്തവനായ ഈ മഹാപാപിക്കു വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം എന്ന് ഉപദേശി ഉറക്കെ വിളിച്ചു പറഞ്ഞു.

"വേണ്ട മക്കളെ...യാതൊരു അപകടവും ഇല്ലാതെ ഇതുവരെ ജീവിച്ചതു തന്നെയല്ലേ ഏറ്റവും വലിയ അത്ഭുതവും ദൈവാനുഗ്രഹവും" 
അതു പറഞ്ഞ് അയാള്‍ മുറിവിട്ട്‌ എണീറ്റ്‌ പോയി"!

പണത്തിനു മീതെ മഴ

"ഗള്‍ഫില്‍ ഒടുക്കത്തെ മഴ, നാട്ടില്‍ മുടിഞ്ഞ ചൂട്" 
ദൈവത്തിന്റെ സ്വന്തം നാടിന്‍റെ സ്പോണ്‍സര്‍ഷിപ്പ് ദൈവവും കയ്യൊഴിഞ്ഞു എന്ന്‍ വിലപിക്കുന്നവരോട്........ 

ഹെലികോപ്ടറില്‍ മേഘത്തില്‍ ഉപ്പ്‌ വിതറി (ക്ലൌഡ് സീഡിന്ഗ്) കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന മഴയാണ് യു. എ ഇ യില്‍ പെയ്തുകൊണ്ടിരുന്നത്!
പണത്തിനു മീതെ മഴയും പെയ്യും!! 

ബജറ്റില്‍ വകയിരുത്തി പഞ്ചായത്തില്‍ ഒരപേക്ഷ കൊടുത്താല്‍ ചിലപ്പോള്‍ നമ്മുടെ വാര്‍ഡിലും പെയ്യും. ഇപ്പോഴത്തെ അവസ്ഥയില്‍ യു.പി എ. അതും ചെയ്തു തരും! :)

Thursday, February 13, 2014

വാലന്‍ന്റൈന്‍സ് ഡേ

അകലെ കാത്തുനില്‍ക്കുന്ന അവനെ ലജ്ജയോടെ അവള്‍ ഒളികണ്ണിട്ടുനോക്കി.
പ്രേമ സുരഭിലമായൊരു വാക്ക്, ഒരു ചെറു സ്പര്‍ശനം ഒക്കെ സ്വമനസാലെ അവള്‍ അംഗീകരിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ പ്രതീക്ഷകളെയാകെ അസ്ഥാനത്താക്കി അവന്‍ വല്ലാത്തൊരാവേശത്തോടെ അവളുടെ മേല്‍ ചാടി വീണു! ഒക്കെ സംഭവിച്ചത് വളരെ പെട്ടന്നായിരുന്നു.!!

വീട്ടുകാരന്‍ ഒരു കുട്ട പുല്ല് അവള്‍ക്ക് ഇട്ടുകൊടുത്തു. കാളക്കാരന്‍ പീതാംബരന് കാശുകൊടുക്കുമ്പോള്‍ അയാള്‍ വെറുതെ ലോഹ്യം പറഞ്ഞു.

"ഹാപ്പി വാലന്‍ന്റൈന്‍സ് ഡേ".

വിത്തുകാളയ്ക്ക് എന്ത് വാലന്‍ന്റൈന്‍സ് ഡേ എന്ന് മനസില്‍ പറഞ്ഞ് അയാള്‍ നടന്നു പോയി...
----------------------------------------------------------
"തൊണ്ണൂറു ശതമാനം ഇന്ത്യന്‍ വിവാഹ ബന്ധങ്ങളിലും നടക്കുന്നത് ബലാത്സംഗമാണ്" എന്നൊരു ആര്‍ട്ടിക്കിളില്‍ ഈ അടുത്ത് വായിച്ചിരുന്നു.

Tuesday, February 11, 2014

എസ്കേപ്പ് സൊലൂഷന്‍ -1

വെള്ളമടിക്കാത്ത നിങ്ങള്‍ സ്നേഹിതരും സഹമുറിയന്‍മാരുമടങ്ങുന്ന വെള്ളമടിക്കാരുടെ സഭയില്‍ എത്തിപ്പെട്ടു എന്നിരിക്കട്ടെ, തീര്‍ച്ചയായും ഉപചാരമര്യാദ കൊണ്ട് അവര്‍ നിങ്ങളെ 'ഒരെണ്ണം അടിക്കാന്‍' നിരബന്ധിക്കും. എത്രതവണ ഒഴിവുകഴിവുകള്‍ പറഞ്ഞാലും അടുത്ത പ്രാവശ്യവും നിങ്ങള്‍ക്ക് അത് ആവര്‍ത്തിക്കേണ്ടി വരും. 
അപ്പോള്‍ എങ്ങനെ ഒരു പെര്‍മനന്റ് സൊലൂഷന്‍ ഈ വിഷയത്തില്‍ കണ്ടെത്തും? 

1. ഒരിക്കലും ഇറങ്ങി ഓടരുത്. കമ്പനിക്ക് കൊള്ളാത്തവന്‍ എന്ന് മുദ്രകുത്തപ്പെടും. മാത്രമല്ല സാഹിത്യ രാഷ്ട്രീയ താത്വികമായ പല ഇന്‍ഫോര്‍മേട്ടീവ് സംഗതികളും നിങ്ങള്‍ക്ക് നഷ്ടപ്പെടും.

2. "ഞാന്‍ ഇവിടെ ഇരുന്നോളാം പരിപാടി നടക്കട്ടെ" എന്ന് പറഞ്ഞ് ആദ്യം കടല, ചിപ്സ്, കോള എന്നീ സാധനങ്ങളില്‍ ചെറുതായി കൈവെച്ച്
കൂട്ടത്തില്‍ പങ്കാളിയാകുക.

3. സംസരിച്ച്ചുകൊണ്ടിരിക്കുന്നവനെ ശശ്രധം വീക്ഷിക്കുന്നതായി ഭാവിക്കുക. അപ്പോള്‍ അയാള്‍ കൂടുതല്‍ ഫോം ആകുകയും ശ്രോതാവായ നിങ്ങളെ അകമഴിഞ്ഞ് സ്നേഹിക്കുകയും ചെയ്യും.

4. പതിയെ ബീഫ് ഫ്രൈ, പൊറോട്ട ഇവയില്‍ കൈവെയ്ക്കുക. ഒന്നോ രണ്ടോ കുപ്പി തീര്‍ക്കാനുള്ള ടച്ചിംഗ് ആണ് അത് എന്ന യാതൊരു ദാക്ഷിണ്യവും പാടില്ല. തീര്‍ത്ത് പെരുമാറികൊള്ളുക. വയറു നിറഞ്ഞാല്‍ എണീറ് പോയി കൈ കഴുകുക.

5. അടുത്ത തവണ നിങ്ങളെ അവര്‍ നിര്‍ബന്ധിക്കാന്‍ സാധ്യതയില്ല, ഇന്കേസ് നിര്‍ബന്ധിച്ചാല്‍ നാലാമത്തെ പോയിന്‍റ് മടികൂടാതെ ആവര്‍ത്തിക്കുക. പിന്നെ ജന്മം ചെയ്‌താല്‍ നിങ്ങളെ വിളിക്കുകയോ നിങ്ങള്‍ ഉള്ള ഏരിയായില്‍ കമ്പനി കൂടാന്‍ ഇരിക്കുകയോ ചെയ്യില്ല.

കമ്പൂട്ടര്‍ ഗെയിംസ്

ഓഫീസിലെ തൊട്ടടുത്ത കമ്പൂട്ടറില്‍ നിന്നും ഗെയിംസ് കളിക്കുന്ന ശബ്ദം കേട്ട്, "അല്ലേലും ഈ അറബിക്കൊക്കെ എന്താ പണി" എന്നോര്‍ത്ത് തിരിഞ്ഞു നോക്കിയതാ....
അടുത്ത സീറ്റില്‍ ഇരിക്കുന്ന സിറിയക്കാരന്‍ ന്യൂസ് ചാനല്‍ കാണുകയാണ്. വെടി പൊട്ടുന്നത് അവന്‍റെ നാട്ടിലാണ്. പുക ഉയരുന്നത് അവന്റെ ഉള്ളിലും

Monday, February 10, 2014

എസ്കേപ്പ് സൊലൂഷന്‍ -2

ഓഫീസില്‍ പതിവായി വൈകിയെത്തുന്നവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ചില ടിപ്പ്സുകള്‍.
(സൈറ്റ്/ഫീല്‍ഡ് സ്റ്റാഫ്, മാര്‍ക്കെറ്റിംഗ് എക്സിക്യുട്ടീവ്‌സ്, ബിസിനസ് ഡെവലപ്മെന്റ് ഓഫീസേര്‍സ് ഇവര്‍ക്ക്.) 
--------------------------------------
നിങ്ങള്‍ വളരെ താമസിച്ചു കയറി വരുന്നു....

1. കാറില്‍നിന്നിറങ്ങി വരുകയാണെങ്കില്‍ കയ്യില്‍ ബുക്ക്, ഫയല്‍ ഇവ കരുതുക.
2. നടപ്പ് വളരെ വേഗത്തില്‍ ആയിരിക്കണം.
3. മൊബൈലില്‍ സംസാരിച്ചു കൊണ്ടു വേണം കടന്നു വരാന്‍.
4. സീറ്റില്‍ മാനേജര്‍ ഉണ്ടെങ്കില്‍ ആ ഭാഗത്തേക്ക് നോക്കരുത്.
5. മൊബൈല്‍ ഒരു തോളുകൊണ്ട് ചെവിയില്‍ ഫിക്സ് ചെയ്ത് രണ്ടു കയ്യിലും ബാഗ്, ഫയല്‍, ബുക്ക് എന്നിവ താഴെ വീഴാതെ ശ്രമകരമായി പിടിക്കുന്നതായി കാണിക്കുക. (ഹെഡ് സെറ്റ് ഉപയോഗിച്ചാല്‍ ഉദ്ദേശിച്ച ഇമ്പാക്റ്റ് കിട്ടില്ല)
6. ഫോണിലൂടെ യെസ്...!, ഒഫ്കോര്‍സ്...!, ഡെഫനിട്ട്ലി...!, എന്നീ വാക്കുകള്‍ കൃത്യമായ ഇടവേളകളില്‍ പറയണം.
7. സീറ്റില്‍ ഇരിപ്പുറച്ച്ചു എന്ന് ഉറപ്പാകും വരെ ഫോണിംഗ് പരിപാടി നിര്‍ത്തരുത്.
---------------------
ഇത്രയും ആയിക്കഴിഞ്ഞാല്‍ നിങ്ങള്‍ കസ്റ്റമര്‍ /ക്ലൈന്റ്മീറ്റിംഗ് കഴിഞ്ഞു ക്ഷീണിച്ച് വരുകയാല്‍ ആരും മറു ചോദ്യങ്ങള്‍ ഒന്നും ചോദിക്കുമെന്ന് തോന്നുന്നില്ല.
സംഗതി പൊലിപ്പിക്കാന്‍ ഫോണിങ്ങിന് അവസാനം 'ഒഹ്..!!' എന്നൊരു ദീര്‍ഖ നിശ്വാസം വലിച്ച് തല ഇടത്തോട്ടും വലത്തോട്ടും രണ്ടു തവണ ആട്ടി വേണം സീറ്റില്‍ ഇരിക്കാന്‍...

Thursday, February 6, 2014

ഒരു ദോശയുണ്ടാക്കുന്നതിനിടെ

മൂന്നു കുഞ്ഞുങ്ങളെ സ്കൂളില്‍ വിടാനുള്ള തത്രപ്പാടിലാണ് വീട്ടമ്മ. ബ്രേക്ക് ഫാസ്റ്റ്‌ ഉണ്ടാക്കുന്നു, ഏറ്റവും ഇളയ നാലാമത്തെ ഐറ്റം എളിയിലിരിക്കുന്നു. 

ഷൂവും സോക്സും ടിഫ്ഫിന്‍ ബാഗും തപ്പി നെട്ടോട്ടം ഓടുന്ന ഇടവേളകളില്‍ മടങ്ങിയെത്തി ദോശ കരിയാതെ മറിച്ചിടുന്നു.
തവികൊണ്ട് മാവ് ഇളക്കിക്കൊണ്ടിരിക്കുപോഴാണ് 'ശ്...എന്ന ശബ്ദവും 'അമ്മേ....' എന്ന നിലവിളിയും!!

കൈ ഫ്രീയാക്കുന്നതിനിടെ ഒരു കയ്യബദ്ധം!

കുഞ്ഞ് ദോശക്കല്ലില്‍!

ട്രെയ്നിലെ സീറ്റ്

1996-99 പൊളിടെക്നിക് - ഹോസ്റല്‍ ജീവിത കാലത്തെ ഒരു ട്രെയിന്‍ യാത്ര. കാഞ്ഞങ്ങാട് സ്റെഷനില്‍ നിന്നും കൂട്ടുകാരോനിച്ച് പരശുരാം എക്സ്പ്രെസ്സില്‍ തിരുവല്ലായ്ക്ക്. ആറു പേര്‍ക്ക് ഇരിക്കാന്‍ വിടവ് കിട്ടിയപ്പോള്‍ ഗുലാം പരിശ് കളി തുടങ്ങി.

കണ്ണൂര്‍ സ്റെഷനില്‍ എത്തിയപ്പോള്‍ കാപ്പി, കടി, ബീഡി തുടങ്ങിയ ഉത്തേജക സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങി. ഇരുന്ന സീറ്റ് മറ്റാരും കയ്യടക്കാതിരിക്കാന്‍ കയ്യിലുണ്ടായിരുന്ന ടവലും മാസികയും വെച്ച് പ്രൊട്ടക്റ്റ് ചെയ്തു. വാ തുറന്നാല്‍ വിവരക്കേടും കൈവെച്ചാല്‍ അബദ്ധവും മാത്രം പിണയുന്ന ഒരു ഉറ്റ സുഹൃത്തും കൂടെയുണ്ട്. കുണുക്കിറക്കാതെ പുറത്തിറങ്ങാന്‍ പാടില്ല എന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ട് കക്ഷി ഞങ്ങള്‍ കാണാതെയാണ് വെള്ളം വാങ്ങാന്‍ പുറത്തിറങ്ങിയത്.

കണ്ണൂര്‍ വിട്ടപ്പോള്‍ വീണ്ടും കളി തുടങ്ങി. മേല്‍പ്പറഞ്ഞ സുഹൃത്ത് ആകെ ടെന്‍ഷന്‍ അടിച്ച് കളിക്കുന്നില്ല എന്ന് പറഞ്ഞ് ഇരിക്കുന്നു. കാശ് വെച്ചല്ലെങ്കിലും നേരമ്പോക്കിന് കളി നടക്കട്ടെ എന്ന് പൊതു അഭിപ്രായം ഉയര്‍ന്നു. എങ്കിലും പുള്ളി അടുക്കുന്നില്ല. കുറേ കഴിഞ്ഞപ്പോള്‍ കക്ഷി വിഷമത്തോടെ പറഞ്ഞു,
'അളിയാ എന്‍റെ ... പേര്‍സ്‌ പോയി!'
എപ്പോഴാടാ?
'പുറത്തിറങ്ങിയപ്പോള്‍.....'
'പോക്കറ്റ് അടിച്ചത് നീ അറിഞ്ഞില്ലേ?
"പോക്കറ്റ് അടിച്ചതല്ല"
"പിന്നോ?
"നിങ്ങളെല്ലാം തൂവാലയും മാസികയും വെച്ച് പുറത്തിറങ്ങിയപ്പോള്‍ ടവല്‍ ഇല്ലാത്ത കൊണ്ട് ഞാന്‍ പെര്സാ വെച്ചത്. തിരിച്ചു വന്നപ്പോള്‍ അത് കാണുന്നില്ല.!!

Tuesday, February 4, 2014

സര്‍ക്കാര്‍ ജോലിയും കൂലിയും

പട്ടാളത്തില്‍ ജോലി കിട്ടുന്ന ഒരാള്‍ക്ക് പതിനഞ്ച് വര്‍ഷത്തിനു ശേഷം സ്വയം വിരമിച്ചു പോകാനോ വേണമെങ്കില്‍ വീണ്ടും നീട്ടിയെടുക്കാണോ അവസരമുണ്ട്. ഭൂരിഭാഗം പേരും ഇരുപത്തഞ്ച് വര്ഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം സ്വസ്ഥമായി കഴിയുകയോ മറ്റെന്തെങ്കിലും വരുമാന മാര്‍ഗങ്ങള്‍ തേടുകയോ ചെയ്യും.

ഇവിടെ, സേവന കാലാവധി സര്‍ക്കാര്‍ നിജപ്പെടുത്തിയിരിക്കുകയാണ്. മറ്റു ഗവര്‍മെന്റ് ഉദ്യോഗങ്ങളില്‍ കഴിവും ഭാഗ്യവും കൊണ്ട് യോഗ്യതാ കടമ്പകള്‍ കടന്ന് പ്രവേശനം നേടുന്നവര്‍ പല പ്രായക്കാരായിരിക്കും.അപ്പോള്‍ ഇരുപതും മുപ്പത്തഞ്ചും വയസുള്ളവര്‍ ഒരേസമയം ഒരേ തസ്തികയില്‍ വരും. ഒരുപോലെ അന്പത്തഞ്ചാം വയസില്‍ റിട്ടയര്‍ ചെയ്യേണ്ടിയും വരുന്നു.

സര്‍ക്കാര്‍ ജോലി ഒരു സഹായമോ സ്ഥിര വരുമാനമോ ആണെന്നിരിക്കെ അതിന്‍റെ ഗുണ ഫലം എല്ലാ ഉദ്യോഗസ്ഥര്‍ക്കും തുല്യമായി ലഭിക്കാന്‍ അവകാശമുണ്ട്‌. ഇരുപത് വയസില്‍ ജോലികിട്ടിയവന് അത് 35വര്‍ഷവും മുപ്പത്തഞ്ചാം വയസില്‍ കയറിയവന് 20 കൊല്ലവും മാത്രം ശമ്പളവും തത്തുല്യ മായ പെന്‍ഷനും കിട്ടുന്നത് ശരിയാണോ?

മിലിട്ടറിയിലെ പോലെ ജോലിയില്‍ കയറിയത് മുതല്‍ ഇരുപതോ ഇരുപത്തഞ്ചോ വര്ഷത്തേക്ക് എല്ലാ സര്‍ക്കാര്‍ ജോലികളുടെയും കാലാവധി നിജപ്പെടുത്തണം. രാജ്യം കടുത്ത തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ഈ കാലത്ത് ഇതിലും നല്ലൊരു പോംവഴി ഈ സാമ്പത്തിക ശാസ്ത്രജന് പറഞ്ഞുതരുവാനില്ല.

നിയമസഭയിലോ ലോകസഭയിലോ ആരെങ്കിലും ഇങ്ങനൊരു അഭിപ്രായം അവതരിക്കാന്‍ ധൈര്യം കാട്ടിയാല്‍ ഞാന്‍ ആ പാര്‍ട്ടിയില്‍ ചേരുന്നതായിരിക്കും.