Tuesday, September 30, 2014

ഒരു ഫോട്ടോഗ്രാഫറുടെ പ്രതികാരം

നീരേറ്റുപുറം വള്ളംകളിയുടെ രണ്ടു ഫോട്ടം പിടിക്കാമെന്ന് കരുതി ചെന്നു കയറിയത് ഒരു സിങ്കത്തിന്റെ മടയിലായിപ്പോയി! ക്യാമറ കയ്യിലെടുത്തതും പിന്നില്‍ നിന്നൊരു മുറവിളിയും തെറിവിളിയും.
'എന്റെ മുന്‍പില്‍ കേറി നിന്ന് നീ ഫോട്ടോ എടുത്തത് തന്നെ."
പൂര്‍വ സുഹൃത്തുക്കളാരോ തമാശ പറഞ്ഞതാണെന്ന് കരുതി ഞാനൊന്ന് തിരിഞ്ഞു നോക്കി.
അല്ല! ഒരു ചേട്ടന്‍ പമ്പരംപോലെ നിന്നാടുന്നു.
ഒന്നും മിണ്ടിയില്ല. ക്ഷമ. അതാണല്ലോ മുഖമുദ്ര.
ഒന്നു ക്ലിക്കിയതും പുള്ളി കയ്യിലിരുന്ന കുട എന്റെ മുന്നില്‍ പിടിച്ചു വ്യൂ ബ്ലോക്ക് ചെയ്തു.
സൌകര്യമായി എങ്ങോട്ടെങ്കിലും നില്‍ക്കാന്‍ നോക്കിയിട്ട് ഒരു വിടവുമില്ല. എങ്ങും തിങ്ങിനിറഞ്ഞ ആളുകള്‍.
നിവൃത്തിയില്ലാതെ ചേട്ടന്റെ വ്യൂ ക്ലിയറാക്കി കൊടുക്കാന്‍ മുന്നിലുള്ള കാട് ചവുട്ടി ക്ലിയറാക്കി ഞാന്‍ നിലത്തിരുന്നു. വീണ്ടും ചെന്നു കയറിയത് നീറിന്‍ കൂട്ടിലായിപ്പോയി.
ഏറ്റ കടി കൊണ്ടെങ്കിലും കണ്ട്രോള്‍ കൈവിടാതെ നിന്നു.
ആവേശ തിമിര്‍പ്പില്‍ ആളുകള്‍ ആര്‍പ്പുവിളിക്കുമ്പോള്‍ ആ ചേട്ടനെയും കെട്ടിപ്പിടിച്ച് വെള്ളത്തിലേക്ക് ചാടിയാലോ എന്നു ഞാന്‍ ആലോചിച്ചു. അതോടെ നീറിന്റെയും ചേട്ടന്റെയും കടി മാറും. ഒപ്പം എനിക്ക് ആശ്വാസവും.
"നടിയോടൊപ്പം ക്യാമറമാനും വെള്ളത്തിലേക്ക്...." എന്ന ശ്രീനിവാസന്‍ ഡയലോഗ് പറഞ്ഞ് നാളെ നാട്ടുകാര്‍ കളിയാക്കുമല്ലോ എന്നോര്‍ത്ത്മാത്രം ആ പ്രതികാരം ഞാന്‍ വേണ്ടെന്നു വെച്ചു.
വേദനയോടെ പിടിച്ച ഒരു പിടി ഫോട്ടോകള്‍ ആ ചേട്ടന് ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു.

Saturday, September 20, 2014

ബാങ്ക് മെലഡി

രാവിലെ സ്റ്റേറ്റ് ബാങ്കില്‍ ചെന്നപ്പോള്‍ സ്പീക്കറിലൂടെ ഇടതടവില്ലാതെ ഒഴുകുന്ന മെലഡി സംഗീതം. കസ്ടമര്‍ റിലേഷന്‍ ഊഷ്മളമാക്കാനോ എന്തോ, എന്റെ നമ്പര്‍ ആയപ്പോള്‍ മാറി വന്ന പാട്ടു കേട്ട് കാഷിലെ ചേച്ചി ചിരിച്ചു.
"...........മനുഷ്യന്‍ കണക്കുകള്‍ കൂട്ടുന്നു.
കാലം തിരുത്തിക്കുറിക്കുന്നു............"
പുല്ല്!!

Monday, September 8, 2014

വീട്ടിലെ ഫ്രീക്കന്‍മാര്‍

"Lost me in Love. It's a disaster! "
ചീകാത്ത മുടിയും ചുളുങ്ങിയ ഷർട്ടും അവലക്ഷണം പിടിച്ച നിൽപ്പുമായി പെങ്ങളുടെ മകന്റെ പ്രൊഫെയിൽ ഫൊട്ടോയും സ്റ്റാറ്റസും കണ്ടപ്പോൾ എന്നിലെ അമ്മാവൻ സ്നേഹം അറിയാതെ ഉണർന്നു.
"ഡാ എന്താ പ്രശ്നം? എന്തുണ്ടെങ്കിലും എന്നോട്‌ തുറന്നു പറ. നമുക്ക്‌ പരിഹാരമുണ്ടാക്കാം."
കൃത്യമായ ഇടപെടലും കരുതലും വേണ്ട സമയമാണെന്ന് എന്നിലെ പഴയ കൗമാരക്കാരനു ആരും പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ. എങ്കിലും അവന്റെ മറുപടി എന്നിക്ക്‌ താങ്ങാൻ പറ്റിയില്ല.
"അങ്കിൾ ആ അവിഞ്ഞ സഹിത്യം കൊണ്ടുവന്ന് കുളമാക്കാനല്ലെ. ഡോണ്ട്‌ വറി. ഐ വിൽ മാനേജ്‌!