Tuesday, February 23, 2016

ഒരു ക്യാമ്പസ് മതിലിനപ്പുറം.


1997-98 പോളി കാലഘട്ടം. കോളേജ് ചരിത്രത്തിലാദ്യമായി ഒരു വിദ്യാര്‍ത്ഥി യൂണിയന്‍ പൊട്ടിമുളച്ചു. സ്ഥാനാര്‍ഥികളെല്ലാം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടൂ. കോളേജ് ഉത്തരമലബാറിലാണെങ്കിലും പേരിനുപോലും ഒരു പ്രതിപക്ഷം ഇല്ലാത്തത് ചില 'മദ്യ'തിരുവിതാംകൂറുകാരേ ചൊടിപ്പിച്ചു. മാഗസിന്‍ പ്രകാശനം സാഹിത്യസൃഷ്ടികള്‍ക്ക്‌ നിലവാരം പോരന്ന കാരണത്താല്‍ ബഹിഷ്കരിക്കാനും പ്രതീകാത്മകമായി കത്തിച്ച് പ്രതിഷേധിക്കാനും തീരുമാനമായി. സംഗതി സംഭവബഹുലമാക്കി, സക്സസാക്കി.

       വൈകുന്നേരം ഇരുട്ടടി വീട്ടില്‍ കിട്ടിയപ്പോഴാണ് സംഗതി കൈവിട്ടുപോയന്നു മനസ്സിലായത്. പാര്‍ട്ടി ഗ്രാമമാണ്. ഇ.എം.എസിന്റെ ഫോട്ടോ കത്തിച്ചു എന്ന ഗുരുതരമായ കുറ്റം. സൃഷ്ടികള്‍ക്ക് നിലവാരം പോരെന്നതായിരുന്നു തീയിടാനുള്ള കാരണമെങ്കിലും താളുകള്‍ മറിച്ചു നോക്കാതെയാണ്‌ അലമ്പുണ്ടാക്കിയത്. അടികൊണ്ടവരും ഇനി കൊള്ളാനുള്ളവരും രായ്ക്കുരാമാനം നാടുവിട്ട് കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീടുകളില്‍ അഭയംതേടി. 
ഒരാഴ്ചക്കുശേഷം നാട്ടിലെ അതാത് ഏരിയാ കമ്മറ്റികളുടെെ കാലുപിടിച്ച് പ്രശ്നം തീര്‍പ്പാക്കി. അന്നത്തോടെ നിഷേധികളായ പ്രതിഷേധകര്‍ തികഞ്ഞ അച്ചടക്കമുള്ള പാര്‍ട്ടി മെമ്പര്‍മാരായി.


  അപ്പോഴും പാതി കരിഞ്ഞ മാഗസിന്റെ അവസാന പേജില്‍ സമര്‍പ്പിതനായ ഗാന്ധിജി ഇരിപ്പുണ്ടായിരുന്നു. സഹിഷ്ണതയോടെ ചിരിച്ചുകൊണ്ട്, ആരോടും പരിഭവമില്ലാതെ, അണികളില്ലാതെ.....!