Wednesday, February 25, 2015

പൊതു തത്വം

എല്ലാം അറിയാവുന്ന പലരും അന്തര്‍മുഖരാണ്. ഉറക്കെ വിളിച്ചു പറയുന്നവരാകട്ടെ ശുദ്ധ വിവരക്കേടും.

Wednesday, February 18, 2015

ലേഡീ ഡ്രൈവേര്‍സ്

പതിവുപോലെ രാവിലെ വണ്ടി ഒതുക്കി കാറില്‍ ഇരുന്നൊരു പുസ്തകം വായിക്കുന്നു. 
തെല്ലു കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത പാര്‍ക്കിങ്ങില്‍ ഒരു വണ്ടി വന്നു നിന്നു. കൊണ്ടിട്ടതില്‍ തൃപ്തി പോരാഞ്ഞ് മൂന്നാല് തവണ മുന്നും പിന്നും എടുത്ത് പെര്‍ഫക്റ്റ് ആക്കിയിടാനുള്ള ശ്രമം. 

എഞ്ചിന്റെ കണ്ടമാന മൂരളലില്‍ പുസ്തകത്തിലുള്ള കൊണ്സന്‍ട്രേഷന്‍ പോയി. വെള്ളക്കാരിയാണ്. കൊള്ളാം, അടുക്കും ചിട്ടയോടും കാര്യങ്ങള്‍ ചെയ്യാന്‍ നമ്മള്‍ വരെ കണ്ടു പഠിക്കണം.

ഒരു 'ടപേ..' ശബ്ദം! കയ്യില്‍ നിന്നും പുസ്തകം താഴെ വീണു.

ഒതുക്കി ഒതുക്കി ഒടുക്കം ലവള്‍ നമ്മടെ വണ്ടിയെ 'ഉമ്മച്ചനടിച്ചു!'
ഇറങ്ങി നോക്കിയപ്പോള്‍ ഒരു 'സോറി'
കഥയിലെ ആര്‍ദ്ര ഹൃദയനായ നായക കഥാപാത്രത്തില്‍ അലിഞ്ഞിരുന്നതുകൊണ്ട് അറിയാതെ പറഞ്ഞു.
'ഇട്സ് ഓക്കേ'. അതോടെ ലവള്‍ പോയി.

കഥയില്‍നിന്നിറങ്ങി രണ്ടു സെക്കന്റ് കഴിഞ്ഞ്, വണ്ടിയുടെ മുറിപ്പാട് നോക്കി ഒരുമൂട് തെറിപറഞ്ഞ് ഞാന്‍ സത്വഗുണം വീണ്ടെടുത്തു. പുസ്തകങ്ങള്‍ നമ്മെ വഴിതെറ്റിച്ചേക്കാം..ബട്ട്..

why all Ladies are like this?. :)
ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ ഒന്നുകൂടി !

Tuesday, February 17, 2015

H1

ചായക്കടയിലും ചന്തയിലും സര്‍ക്കാരിന്റെ H1N1 മുന്നറിയിപ്പ്. 

അമേരിക്കയില്‍ കുടിയേറ്റ വിസക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്ന മകന്‍ രാവിലെ അവറാച്ചനെ ഫോണില്‍ വിളിച്ചു.
'അപ്പച്ചാ എനിക്ക് H1b1 കിട്ടി.'

'കര്‍ത്താവേ..ചതിച്ചോ..അന്യനാട്ടില്‍ പന്നിപ്പനി പിടിച്ചു ചാകനാനല്ലോ എന്റെ മോന്റെ വിധി.!'

Saturday, February 14, 2015

സകല പുണ്യാന്‍മാരുടെ തിരുനാള്‍

വാലന്റൈൻ പുണ്യാളന്റെ പെരുന്നാൾ ആയതുകൊണ്ടാന്നു തോന്നുന്നു പള്ളിയിൽ പതിവില്ലാത്ത തള്ളിക്കേറ്റം.
അങ്ങേരു മൊത്തത്തിൽ നമുക്കൊരു അസ്സെറ്റാ.. :)

Tuesday, February 10, 2015

മള്‍ട്ടി ടാസ്ക്

രാവിലെ വണ്ടിയോടിച്ചു വന്നപ്പോള്‍ അത്ഭുതം തോന്നിയൊരു കാഴ്ച കണ്ടു. പിറകേ വരുന്ന വണ്ടിയ്യുടെ ഡ്രൈവര്‍ വളരെ മാന്യമായി ഒരു പുസ്തകം സ്ടിയറിങ്ങില്‍ താങ്ങി വായിക്കുന്നു. മറു കയ്യില്‍ ബര്‍ഗര്‍ ഉള്ളതുകൊണ്ട് ബ്രേക്ക് ഫാസ്റ്റും കൂടെ നടക്കുന്നുണ്ട്. 
തൊട്ടു പിന്നാലെ ആയതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും മൂട്ടില്‍ ഒരു തട്ട് കിട്ടും എന്ന ഭയത്തില്‍ ഞാന്‍ കൂടെക്കൂടെ മിററിലൂടെ അങ്ങേരെ വാച്ച് ചെയ്തു. ഒരു കുഴപ്പവുമില്ല. സോ സിമ്പിള്‍! 

നിത്യേന ഓഫീസിലേക്ക് ചവിട്ടുന്ന ഒന്നൊന്നര മണിക്കൂര്‍ അതുപോലെ കൈകാര്യം ചെയ്യാനൊരു വരദാനം കിട്ടിയിരുന്നെങ്കില്‍ കര്‍ത്താവേ..നിനക്ക് ഞാനൊരു ബര്‍ഗര്‍ വാങ്ങി തന്നേനെ..!

Monday, February 9, 2015

ദ ബിഗ്‌ ബലൂണ്‍

ഊതി വീര്‍പ്പിച്ച ബലൂണിന് ഒരു കുട്ടിയുടെ കയ്യിലെ മൊട്ടുസൂചിയുടെ ആയുസ് മാത്രമേയുള്ളൂ.
ഇനി ആരും പൊട്ടിച്ചില്ലെങ്കിലും മൂന്നാല് ദിവസത്തിനുള്ളില്‍ അതിലെ കാറ്റ് താനേ പോകും.

Sunday, February 8, 2015

താത്വിക അവലോകന കോണ്ഗ്രസ്

നമ്മള്‍ ഇപ്പോഴും പഴയ പ്രതാപ കാലത്തിന്റെ സ്മരണകള്‍ ആടു ചവയ്ക്കും പോലെ അയവിറക്കി ഇരിക്കയാണ്.കേന്ദ്രത്തില്‍ ഒറ്റക്ക്ഭരിക്കാമെന്ന പൂതി ഇനി ഒരിക്കലും നടപ്പാവില്ല. ഇന്ത്യ മുഴുവന്‍ വേരോട്ടമുണ്ടായിരുന്ന നമ്മുടെ ഖ്യാതി ഇന്ന് വിരളിലെണ്ണാവുന്ന സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നു. 

അതാതു സംസ്ഥാനങ്ങളില്‍ കാലാകാലങ്ങളായി രൂപപ്പെട്ടപ്രാദേശിക പാര്‍ട്ടികളുടെടെ വളര്‍ച്ചയാണ് ഇതില്‍ മുഖ്യഘടകം. ഇലക്ഷന്‍ സമയത്തുമാത്രം മാളത്തില്‍ നിന്ന് തല നീട്ടുന്ന കര്‍മ്മനിരതരല്ലാത്ത നമ്മുടെ നേതാക്കള്‍ അണികളിലും ജനങ്ങളിലും യാതൊരു പ്രചോദനവും ഉണര്‍ത്തുന്നില്ല.

മൂന്നാം മുന്നണി എന്ന അസംഭവ്യ അസംബന്ധത്തേക്കാള്‍ സെക്യുലര്‍ അല്ലെങ്കില്‍ നോണ്‍സെക്യുലര്‍ എന്ന രണ്ടു ചേരികളായി വരുംകാലങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയം മാറ്റപ്പെടും. തന്മൂലം രാജ്യത്തിനുള്ളില്‍ ചെറുകലാപങ്ങളും അസ്വസ്ഥതയും എപ്പോഴും തളം കെട്ടി നില്‍ക്കും.

കാര്യങ്ങള്‍ അത്ര ആശാവഹമല്ലെങ്കിലും ഇനി നാം ചെയ്യേണ്ട ചിലതുണ്ട്.നിലനില്‍പ്പുണ്ടാവും എന്ന്പ്രതീക്ഷയുള്ള സംസ്ഥാനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, മറ്റിടങ്ങളില്‍ മത്സരിക്കാതെ ആശയപരമായി പൊരുത്തപെടാവുന്ന പ്രാദേശിക പാര്‍ട്ടികള്‍ക്ക്പിന്തുണ നല്‍കുക എന്നതാണ് പ്രധാനം. ഭാവിയില്‍ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ആ സഖ്യം പ്രയോജനപ്പെടുത്തി ഒരുകൂട്ടുകക്ഷി മന്തിസഭക്ക് നേതൃത്വം നല്കാം.

ജനാധിപത്യത്തില്‍ എന്നും ഒന്നാം സ്ഥാനം ജയിക്കുന്നവര്‍ക്കല്ല വോട്ടു ചെയ്യുന്ന ജനത്തിനാണ് എന്നത് നാം മറക്കരുത്. നമ്മുടെ യുവ നിരക്ക് അലക്കി വടിവൊത്ത ഖദര്‍ യൂണിഫോം തന്നെ വേണമെന്നില്ല. ഇട്ടു ശീലിച്ച പാന്റോ ടീ ഷര്‍ട്ടോ ധരിക്കാം. വേഷത്തിലല്ല കാര്യം ജനത്തിനു പ്രിയപ്പെട്ടവര്‍ ആയി പ്രവര്‍ത്തിക്കുക എന്നതാണെന്ന സത്യം ഈ വൈകിയ വേളയില്‍ നാം മനസിലാക്കുന്നു.

ജയ്‌ ഹിന്ദ്‌.

Thursday, February 5, 2015

സമസ്യ

അടുത്തൊരു സൂപ്പര്‍ മാര്‍ക്കറ്റ് വന്നതോടെ അന്ത്രൂക്കാന്റെ കച്ചോടം പൊട്ടി. കണക്കു പുസ്തകവുമായി ദിവസം മുഴുവന്‍ ക്യാഷിലിരുന്നുന്നിരുന്ന അങ്ങേര് കടയുടെ കണ്ട്രോള്‍ പൂര്‍ണ്ണമായും സ്ടാഫ് സുലൈമാനെ ഏല്‍പ്പിച്ച് ഗൃഹഭരണത്തിലേക്ക് പിന്‍വലിഞ്ഞു.
കച്ചോടം തുടങ്ങിയ കാലം മുതലേ 'എടുത്തുകൊടുപ്പുകാരന്‍'സുലൈമാനാണ് മുതലായിയുടെ വലം കൈയ്യ്. പണ്ട്കട തുറന്നാല്‍ ഒരു സുലൈമാനി പോലും കഴിക്കാന്‍ നേരം കിട്ടാതിരുന്ന സുലൈമാന്‍ ഇന്ന്‍ സുലൈമാനിക്കും ഈച്ചയടിക്കും അഡിക്ടായി മാറി.
ജീവിതമങ്ങനെ വിരസമായി നീങ്ങുബോഴാണ് ഗള്‍ഫുകാരന്‍ ചങ്ങായി സുലൈമാനൊരു സ്മാര്‍ട്ട് ഫോണ്‍ സമ്മാനിച്ചത്. ഉണ്ണികണ്ണന്റെ വായ്‌ തുറന്നപ്പോള്‍ കണ്ടപോലെ, ആണ്ട്രോയിഡിന്റെ വാതായനങ്ങള്‍ തള്ളിത്തുറന്ന സുലൈമാന്‍ ഈരേഴു പതിനാലു ലോകവും അതിലും വലിയ പലതും കണ്ടു!
ആപ്പ്, കോപ്പ്.. ഫേസ്ബുക്ക്..
അഷ്‌റഫ്‌...അവറാന്‍..അമ്മിണി..അക്ബര്‍..ജോസ്..ജെഫു..ഷക്കു. അക്കു...
അങ്ങനെ പഴയ കൂട്ടുകാരെ പലെരെയും കണ്ടു. പക്ഷേ സുലൈമാന്‍ അന്തം വിട്ടു പോയത് അവരൊക്കെ എഴുതി പിടിപ്പിക്കുന്ന സംഗതി കണ്ടാണ്‌! എത്തുംപിടിയും കിട്ടുന്നില്ല.
ഇവരൊന്നും ഇങ്ങനായിരുന്നില്ല. മൂന്നാംക്ലാസിലെ കവിത കാണാതെ പഠിക്കാന്‍ പാടുപെട്ടിരുന്നവര്‍ മലയാള സാഹിത്യം എടുത്ത് അമ്മാനമാടുന്നു!
ഇതൊക്കെ എങ്ങനെ സാധിക്കുന്നു?
ഗഹനമായ ചിന്തയ്ക്കൊടുവില്‍ 'തറ പറ' എഴുതാന്‍ അറിയാതിരുന്നവനൊക്കെ തെളിയാമെങ്കില്‍ തനിക്കും ആകാമെന്ന് സുലൈമാന്‍ തീര്‍ച്ചപ്പെടുത്തി.
അന്ന് മുതല്‍ സുലൈമാന്റെ വാക്കിലും നോക്കിലും പ്രകടമായ മാറ്റമുണ്ടായി. അന്ത്രൂക്കാന്‍ ഇടയ്ക്കിടെ കട വിസിറ്റ് നടത്തുപോള്‍ തൊടുത്തുവിടുന്ന ചോദ്യങ്ങളോടുള്ള പ്രതികരണം അതുവരെ പരിചിതമല്ലാത്ത വിധമായിരുന്നു.
നാള്‍ക്കുനാള്‍ ചെല്ലുംതോറും സുലൈമാന്റെ ശ്രദ്ധ മുഴുവന്‍ മലയാള വ്യാകരണത്തിലായി. കടയില്‍ ആകെയുണ്ടായിരുന്ന കച്ചവടവും അതോടെ താറുമാറായി. അഞ്ഞൂറിന്റെ നോട്ട് കൊടുത്തവര്‍ എണ്ണൂറു ബാലന്‍സുമായി മടങ്ങുന്ന അവസ്ഥാവിശേഷം.
ഒരു വൈകുന്നേരം. പണപ്പെട്ടിയിലെ നോട്ടും വിറ്റ സാധനത്തിന്റെ കണക്കും റ്റാലിയാകാതെ അന്ത്രൂക്കാന്‍.....
'കണക്ക് ശരിയാകുന്നില്ലല്ലോ സുലൈമാനെ..'?
സുലൈമാന്‍ ഒന്നും മിണ്ടിയില്ല. വീണ്ടും വേദനയോടെ അന്ത്രുക്കാ ചോദിച്ചു.
'പെട്ടിയില്‍ കാശ് കാണുന്നില്ലല്ലോ സുലൈമാനെ...!'
ഒരു ദീര്‍ഘ മൌനത്തിനോടുവില്‍ സുലൈമാന്‍ മൊഴിഞ്ഞു.
'ജീവിതം തന്നെ ഒരു സമസ്യയാണ്. ഉത്തരം കിട്ടാത്ത വ്യര്‍ത്ഥമായ ചോദ്യങ്ങളുടെ സമസ്യ.'
'കോണോത്തിലെ ബര്‍ത്തമാനം പറയുന്നോ... അന്റെ ബാപ്പാ ആരാണെന്ന് അല്ല ഹമുക്കെ ഞാന്‍ ചോദിച്ചത്.'
*#$@**%&%