Thursday, February 5, 2015

സമസ്യ

അടുത്തൊരു സൂപ്പര്‍ മാര്‍ക്കറ്റ് വന്നതോടെ അന്ത്രൂക്കാന്റെ കച്ചോടം പൊട്ടി. കണക്കു പുസ്തകവുമായി ദിവസം മുഴുവന്‍ ക്യാഷിലിരുന്നുന്നിരുന്ന അങ്ങേര് കടയുടെ കണ്ട്രോള്‍ പൂര്‍ണ്ണമായും സ്ടാഫ് സുലൈമാനെ ഏല്‍പ്പിച്ച് ഗൃഹഭരണത്തിലേക്ക് പിന്‍വലിഞ്ഞു.
കച്ചോടം തുടങ്ങിയ കാലം മുതലേ 'എടുത്തുകൊടുപ്പുകാരന്‍'സുലൈമാനാണ് മുതലായിയുടെ വലം കൈയ്യ്. പണ്ട്കട തുറന്നാല്‍ ഒരു സുലൈമാനി പോലും കഴിക്കാന്‍ നേരം കിട്ടാതിരുന്ന സുലൈമാന്‍ ഇന്ന്‍ സുലൈമാനിക്കും ഈച്ചയടിക്കും അഡിക്ടായി മാറി.
ജീവിതമങ്ങനെ വിരസമായി നീങ്ങുബോഴാണ് ഗള്‍ഫുകാരന്‍ ചങ്ങായി സുലൈമാനൊരു സ്മാര്‍ട്ട് ഫോണ്‍ സമ്മാനിച്ചത്. ഉണ്ണികണ്ണന്റെ വായ്‌ തുറന്നപ്പോള്‍ കണ്ടപോലെ, ആണ്ട്രോയിഡിന്റെ വാതായനങ്ങള്‍ തള്ളിത്തുറന്ന സുലൈമാന്‍ ഈരേഴു പതിനാലു ലോകവും അതിലും വലിയ പലതും കണ്ടു!
ആപ്പ്, കോപ്പ്.. ഫേസ്ബുക്ക്..
അഷ്‌റഫ്‌...അവറാന്‍..അമ്മിണി..അക്ബര്‍..ജോസ്..ജെഫു..ഷക്കു. അക്കു...
അങ്ങനെ പഴയ കൂട്ടുകാരെ പലെരെയും കണ്ടു. പക്ഷേ സുലൈമാന്‍ അന്തം വിട്ടു പോയത് അവരൊക്കെ എഴുതി പിടിപ്പിക്കുന്ന സംഗതി കണ്ടാണ്‌! എത്തുംപിടിയും കിട്ടുന്നില്ല.
ഇവരൊന്നും ഇങ്ങനായിരുന്നില്ല. മൂന്നാംക്ലാസിലെ കവിത കാണാതെ പഠിക്കാന്‍ പാടുപെട്ടിരുന്നവര്‍ മലയാള സാഹിത്യം എടുത്ത് അമ്മാനമാടുന്നു!
ഇതൊക്കെ എങ്ങനെ സാധിക്കുന്നു?
ഗഹനമായ ചിന്തയ്ക്കൊടുവില്‍ 'തറ പറ' എഴുതാന്‍ അറിയാതിരുന്നവനൊക്കെ തെളിയാമെങ്കില്‍ തനിക്കും ആകാമെന്ന് സുലൈമാന്‍ തീര്‍ച്ചപ്പെടുത്തി.
അന്ന് മുതല്‍ സുലൈമാന്റെ വാക്കിലും നോക്കിലും പ്രകടമായ മാറ്റമുണ്ടായി. അന്ത്രൂക്കാന്‍ ഇടയ്ക്കിടെ കട വിസിറ്റ് നടത്തുപോള്‍ തൊടുത്തുവിടുന്ന ചോദ്യങ്ങളോടുള്ള പ്രതികരണം അതുവരെ പരിചിതമല്ലാത്ത വിധമായിരുന്നു.
നാള്‍ക്കുനാള്‍ ചെല്ലുംതോറും സുലൈമാന്റെ ശ്രദ്ധ മുഴുവന്‍ മലയാള വ്യാകരണത്തിലായി. കടയില്‍ ആകെയുണ്ടായിരുന്ന കച്ചവടവും അതോടെ താറുമാറായി. അഞ്ഞൂറിന്റെ നോട്ട് കൊടുത്തവര്‍ എണ്ണൂറു ബാലന്‍സുമായി മടങ്ങുന്ന അവസ്ഥാവിശേഷം.
ഒരു വൈകുന്നേരം. പണപ്പെട്ടിയിലെ നോട്ടും വിറ്റ സാധനത്തിന്റെ കണക്കും റ്റാലിയാകാതെ അന്ത്രൂക്കാന്‍.....
'കണക്ക് ശരിയാകുന്നില്ലല്ലോ സുലൈമാനെ..'?
സുലൈമാന്‍ ഒന്നും മിണ്ടിയില്ല. വീണ്ടും വേദനയോടെ അന്ത്രുക്കാ ചോദിച്ചു.
'പെട്ടിയില്‍ കാശ് കാണുന്നില്ലല്ലോ സുലൈമാനെ...!'
ഒരു ദീര്‍ഘ മൌനത്തിനോടുവില്‍ സുലൈമാന്‍ മൊഴിഞ്ഞു.
'ജീവിതം തന്നെ ഒരു സമസ്യയാണ്. ഉത്തരം കിട്ടാത്ത വ്യര്‍ത്ഥമായ ചോദ്യങ്ങളുടെ സമസ്യ.'
'കോണോത്തിലെ ബര്‍ത്തമാനം പറയുന്നോ... അന്റെ ബാപ്പാ ആരാണെന്ന് അല്ല ഹമുക്കെ ഞാന്‍ ചോദിച്ചത്.'
*#$@**%&%

1 comment: