Tuesday, January 20, 2015

അടുത്ത ബെല്ലോടു കൂടി..

ദൈവസഹായത്താല്‍ സ്കൂള്‍ യുവജനോത്സവത്തിനൊന്നും സംസ്ഥാന തലത്തില്‍ മത്സരിക്കേണ്ട ഗതികേട് ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും യന്ത്രങ്ങളുടെ പ്രവര്‍ത്തനം പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ ഗ്രേസ് മാര്‍ക്ക് കിട്ടുമെന്ന അതിമോഹത്തില്‍ ഒരു സംസ്ഥാന പൊളിടെക്നിക് കലോത്സവത്തില്‍ പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്. ഏതാണ്ട് നാലോളം വ്യക്തിഗത ഐറ്റങ്ങളില്‍ തനിയേ കോളേജിനെ പ്രതിനിധീകരിക്കേണ്ടി വന്നു എന്നതില്‍ നിന്നും കൊളേജിലെ കലാ ദാരിദ്ര്യം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.
വെറുതേ കിട്ടുന്ന ഈ മാര്‍ക്ക് പരീക്ഷ കടന്നു കിട്ടാന്‍ മുക്രയിടുന്നവര്‍ക്ക് ഒരു മോഹക്കനിയാണ്. എങ്കിലും കല ലവലേശമില്ലാത്ത ഹോസ്റല്‍ കേടികള്‍ക്ക് തലകാണിക്കാന്‍ ഒരവസരം എവിടെ? അതിനും പോംവഴിയുണ്ട്. നാടകം!
ഒരു നാടകം പരിശീലിപ്പിച്ച് രംഗത്ത് അവതരിപ്പിച്ച് സമ്മാനം വാങ്ങിച്ചു തരാന്‍ കെല്‍പ്പുള്ള ആചാര്യന്മാര്‍ ഉള്ളപ്പോള്‍ പിന്നെന്നാ നോക്കാനാ..! പിരിവിട്ടതോടെ ആശാന്‍ അവതരിച്ചു. ഉള്ളത് പറയാമല്ലോ, നല്ല തങ്കപ്പെട്ട മനുഷ്യനായിരുന്നു.
രാത്രിയും പകലും നാടകക്കളരി. അരമണിക്കൂര്‍ ഈടവിട്ട് ആശാന്‍ രണ്ടെണ്ണം അടിക്കും. തട്ടില്‍ പുള്ളിയെ നോക്കി വെള്ളമിറക്കി നില്‍ക്കുന്ന അഭിനേതാക്കളോട് പുള്ളി പറയും.
'മക്കളേ..കാലിലെ ആണി കാരണം..വേദന സഹിക്കാന്‍ മേലാഞ്ഞിട്ടാ..!, ശ്രദ്ധ പതറരുത്, നമുക്ക് തുടങ്ങാം.."
'ഓസിലടി' നടക്കുന്നതുകൊണ്ട് ആശാന്റെ ആണി ആ കാലത്ത് കണ്ടമാനം അങ്ങ് മൂര്‍ച്ചിച്ചു.
ഒടുവില്‍ മത്സര ദിവസമെത്തി. പച്ചപ്പരിഷ്കാരികള്‍ അവതരിപ്പിക്കുന്ന 'സാമൂഹിക പരിഷ്കരണ' നാടകം. ആളെണ്ണം കുറയാതിരിക്കാന്‍ അച്ഛനും കപ്യാരും മുക്രിയും മുസലിയാരും നായരും മേനോനും ഒക്കെയുള്ള ഒന്നൊന്നര ഐറ്റം.
സ്റ്റേജിലെ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉച്ചസ്ഥായിയില്‍ എത്തിനില്‍ക്കുമ്പോഴാണ് മണിയടിച്ചത്. അപ്പോഴാണ്‌ ഇതിനൊരു സമയവും കാലവും ഒക്കെയുണ്ടെന്ന് ആശാനും പിള്ളേര്‍ക്കും മനസിലായത്!
വാണിംഗ് ബെല്ലും ഫൈനല്‍ ബെല്ലും അടിച്ചിട്ടും നാടകം ഒരു നടക്ക് തീരുന്ന ലക്ഷണമില്ല. സംഘാടകരുടെ ക്ഷമ നശിച്ചു. അവര് പിറകില്‍ നിന്നു 'കണ്ണാകുണ്ണാ' പറയാന്‍ തുടങ്ങി. തട്ടില്‍ കേറാന്‍ ബാക്കിയുള്ളവരും തട്ടില്‍ നില്‍ക്കുന്നവരും എല്ലാം ആശാനെ ആശയോടെ നോക്കി.. അങ്ങേര് ആണി മൂര്ചിച്ച് ആട്ടമാണ്.
ആലോചനയ്ക്ക് ഒടുവില്‍ പുള്ളിയുടെ ഉള്ളില്‍ സൊലൂഷന്‍ തെളിഞ്ഞു.
ട്വിസ്റ്റ്...!! ഒടുക്കത്തെ ട്വിസ്റ്റ്...!
സ്റെജില്‍ നില്‍ക്കുന്ന പള്ളീലച്ചനോട്‌ പുള്ളി പറഞ്ഞു. "നീ മറ്റവനെ അങ്ങ് തട്ടിയേക്ക്..കഥ തീരും!!"
അതുകേട്ട് വട്ടായ അച്ഛന്‍ വട്ടം നോക്കി.
ആശാന്റെ ട്വിസ്റ്റ്‌ പൂര്‍ത്തിയാക്കും മുന്‍പേ വേറെ ആണുങ്ങള് കര്‍ട്ടന്‍ ഇട്ട് എല്ലാറ്റിനെയും ഇറക്കിവിട്ടു..
ശേഷം ഗ്രീന്‍ റൂമില്‍ ചില ഞരക്കങ്ങള്‍...
"കൈവെക്കരുത്...നിങ്ങളൊക്കെ ഭാവിയുള്ളവരാന് ഗുരുശാപം മേടിക്കരുത്.'
ആ ഗുരുത്വ ദോഷം കൊണ്ടോ എന്തോ അഭിനേതാക്കളില്‍ പലരും ഇന്ന് ഗള്‍ഫിലാണ്.

1 comment:

  1. പഴയ കാലത്ത് സ്കൂൾ നാടകങ്ങൾ എല്ലാം സി.എൽ.ജോസ് എന്ന പ്രസിദ്ധ നാടക കൃത്തിന്റേതു ആയിരുന്നു. ക്രിസ്ത്യാനി കഥാ പാത്രങ്ങൾ.അതിലൊരു നമ്പൂതിരിച്ചൻ അല്ലെങ്കിൽ പിള്ളേച്ചൻ അല്ലെങ്കിൽ ഒരു രാമൻ നായർ തീർച്ച. പിന്നെ ഒരു മോയ്തുക്കാ അല്ലെങ്കിൽ സെയ്താലിക്ക. ഈ നായരും കാക്കയും നല്ലവർ.
    ഗത കാല മത്സര സ്മരണകൾ കൊള്ളാം.

    ReplyDelete