Wednesday, January 14, 2015

പെട്രോള്‍ പണി

പത്തുകൊല്ലം മുന്‍പ് ഒരു ബന്ദ് ദിവസം. ഏറണാകുളത്തു നിന്നും വീട്ടിലേക്ക് അത്യാവശ്യം വരേണ്ടതുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ബന്ദ്‌ ടൈം. അത് കണക്കുകൂട്ടി ബൈക്കില്‍ വെളുപ്പിനെ പുറപ്പെട്ടു. വീടിനോട് ഏതാണ്ട് നാല് കിലോമീറ്റര്‍ അകലെവെച്ച്, ആറുമണിയോടടുത്ത് ബന്ദ് അനുകൂലികള്‍ വണ്ടി തടഞ്ഞു.
"എടോ ഇന്ന് വണ്ടി ഓടിക്കരുത് എന്ന് അറിയാന്‍ മേലേ? തനിക്കൊക്കെ വേണ്ടിയാടോ ഞങ്ങള്‍ ഈ കഷ്ടപ്പെടുന്നത്. (പെട്രോളിന് രണ്ടു രൂപ കൂട്ടിതാണ് ഭാരത് ബന്ദിന് വിഷയം.)
യാത്രയുടെ ഉദ്ദേശം വിശദീകരിച്ചു കൊണ്ടിരിക്കെ ഒരാള്‍ ബൈക്കിന്റെ കീ എടുത്ത് വലിച്ചെറിഞ്ഞു.
ഞാന്‍ ദയനീയമായി ആ മുഖങ്ങളോരോന്നും പരതി. പരിചയമെന്നു തോന്നിയ ഒന്ന് എനിക്ക് ദൃഷ്ടി തരാതെ വെട്ടിച്ചു പിടിച്ചു പറഞ്ഞു.
'ആ തത്കാലം വിട്ടേക്കടാ '
അതിനെ ചൊല്ലി അവിടെ ഒരു ചെറിയ തര്‍ക്കം ഉടലെടുത്തു. ഒടുവില്‍ തീരുമാനം വന്നു.
'...വേറാരെങ്കിലും തടഞ്ഞാല്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല. വേണേല്‍ കീ പോയി എടുത്ത് വണ്ടി വിട്ടോ...'
താക്കോല്‍ എടുക്കാന്‍ വണ്ടിയില്‍ നിന്നിറങ്ങവേ പ്രീഡിഗ്രിക്ക് കൂടെപ്പഠിച്ച സുഹൃത്ത് ചാവി നീട്ടി.
2004ല്‍ ക്രൂഡോയില്‍ വില 80 ഉം പെട്രോള്‍ വില 45 ഉം ഉള്ള കാലത്ത് രണ്ടു രൂപ കൂട്ടിയതില്‍ പ്രതിഷേധിച്ച സുഹൃത്തിന്റെ പാര്‍ട്ടി ഇന്ന് കേന്ദ്രം ഭരിക്കുമ്പോള്‍ അതേ വിലകള്‍ ഏതാണ്ട് റിവേര്‍സ് ഗിയറിലാണ് എന്നത് മറന്നു പോയോ?
രാഷ്ട്രീയ നേട്ടമില്ലാത്ത ഒന്നിനോടും പ്രതികരിക്കില്ല എന്ന വിധത്തിലേക്ക് എല്ലാ പാര്‍ട്ടികളും തരം താണിരിക്കുന്നു. ഇടതു പക്ഷക്കാരേ സമരം ചെയ്തു പൊളിയുക എന്ന ഭയം പിടികൂടിക്കാണും കോര്‍പ്പറേറ്റുകളെ പൂജിച്ച കൊണ്ഗ്രസുകാര്‍ മിണ്ടാതിരിക്കുന്നത് ഈ സര്‍ക്കാര്‍ പഴയ പദ്ധതികളുടെ പേര് മാറ്റി കളിക്കുന്നതല്ലാതെ ഇതുവരെ പുതുതായി ഒന്നും ചെയ്തിട്ടില്ല. എന്നതുകൊണ്ടാവാം. ഈ സര്‍ക്കാരിനെ മൂന്നാം യു.പി,എ എന്ന് വിളിക്കുന്നതില്‍ തെറ്റില്ല.
എങ്കിലും ഒന്ന് പറയാതെ വയ്യ. മുന്‍പ് ഒരു കാലത്തും വാഗ്ദാനങ്ങളിലും വാര്‍ത്തകള്‍ വഴിയും ജനങ്ങള്‍ ഇത്രയധികം വഞ്ചിക്കപ്പെട്ടിട്ടില്ല. എന്നിട്ടും ആര്‍ക്കും നാവ് പൊന്താത്തതിലെ ദണ്ണം ഞാന്‍ ഇവിടെ എഴുതി തീര്‍ക്കുന്നു.
ഇന്ന് ആദ്യമായി പെട്രോള്‍ വിലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഏതെങ്കിലും പാര്‍ട്ടി ഒരു ബന്ദ്‌ സംഘടിപ്പിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.

No comments:

Post a Comment