Sunday, October 8, 2017

അപ്പ് ഇൻ ദ എയർ-4



അടുത്തിരുന്നപ്പോൾ മുതൽ അയാളുടെ അസ്വസ്ഥമായ മുഖവും ശരീര ഭാഷയും ഞാൻ ശ്രദ്ധിച്ചിരുന്നു.

"എന്താ ഒരു വല്ലായ്മ?'

ആരെങ്കിലും ഒന്നു ചോദിച്ചിരുന്നെങ്കിൽ എന്ന ആശ്വാസത്തോടെ അയാൾ പറഞ്ഞു:
അച്ഛൻ മരിച്ചു കിടക്കുവാ, ഞാൻ ചെന്നിട്ടു വേണം...

ആളുകളെ മുഖം നോക്കി വിലയിരുത്താം എന്ന എന്റെ അമിതവിശ്വാസത്തെ ആ വാക്കുകൾ ഒന്നുകൂടി ബലപ്പെടുത്തി. പക്ഷേ മനുഷ്യരെ അവരറിയാതെ സ്കാനിങ്ങിനു വിധേയമാക്കുന്ന കപടത ഇത്തവണ എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. സമാശ്വാസ വചനങ്ങളാൽ ഞാൻ അയാളുടെ ദുഃഖം ശമിപ്പിക്കാൻ ശ്രമിച്ചു. ഒരു വേള അയാളേക്കാൾ സങ്കടം എനിക്കോ എന്ന് തോന്നും വിധം എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

എയർ ഹോസ്റ്റസ് വന്നു. എന്താണ് സാർ, കുടിക്കാൻ വേണ്ടത് ?
ആ സന്ദർഭത്തിലെ ഔചിത്യമില്ലാത്ത ചോദ്യം എന്നെ അക്ഷരാർത്ഥത്തിൽ ദേഷ്യം പിടിപ്പിച്ചു.

"ഒന്നും വേണ്ട."
വെറുപ്പോടെ മുഖം തിരിച്ചുകൊണ്ടു ഞാൻ പറഞ്ഞു.

സഹയാത്രികൻ സ്നേഹപൂർവ്വം എന്നെ നോക്കി. ഒരു ദീർഘനിശ്വാസത്തിനു ശേഷം അയാൾ പറഞ്ഞു.

അടിക്കുന്നില്ലേൽ അത് ഞാനടിച്ചോളാം. സങ്കടം സഹിക്കാൻ പറ്റുന്നില്ല ബ്രോ.

എന്റെ സഹാനുഭൂതി ഒരിക്കൽ കൂടി എനിക്കിട്ടു പണി തന്നിരിക്കുന്നു! നാല് പെഗ്ഗ് വിട്ടുള്ള അങ്ങേരുടെ കൂർക്കത്തിൽ ഹാഫ് ഞാൻ വലിക്കേണ്ടതല്ലയോ? ആ എന്നെ വലിപ്പിച്ചാ ഇപ്പൊ ലവൻറെ വലി.

അപ്പൻ ചത്താലും അന്വേഷിക്കാത്ത അയൽക്കാരോടൊന്നും ഇനിക്കിപ്പം ഒരു വിരോധോമില്ല.

1 comment:

  1. അപ്പൻ ചത്താലും അന്വേഷിക്കാത്ത അയൽക്കാരോടൊന്നും ഇനിക്കിപ്പം ഒരു വിരോധോമില്ല.. കലക്കൻ.. ആശംസകൾ

    ReplyDelete