Wednesday, March 5, 2014

ഇലക്ഷന്‍ ഓര്‍മ്മകള്‍


വീടിനടുത്ത് 'മതിലുകള്‍ ഉള്ള വീടുകള്‍' അന്ന്‍ വളരെ കുറവായിരുന്നു. പീടികയുടെ സൈഡ്‌ ഭിത്തിയും നെല്ല് കുത്തുന്ന മില്ലിന്റെ പുറം ചുവരും മാത്രമാണ് പാര്‍ട്ടിക്കാര്‍ക്ക് ഏക ആശ്വാസം. ചായം കൊണ്ടുള്ള എഴുത്തും ചിത്രങ്ങളും ഇഷ്ടമായത് കൊണ്ടുതന്നെ എഴുതുന്നത് കണ്ടു നില്‍ക്കാനും എനിക്ക് വലിയ കൊതിയാണ്. ഇലക്ഷന്‍ പ്രഖ്യാപനം വന്നാല്‍ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കെ സ്ഥലം കിട്ടൂ.. രാത്രിക്ക് രാത്രി, യു.ഡി.എഫ് ബുക്ക്ഡ്, എല്‍.ഡി.എഫ് ബുക്ക്ഡ് എന്ന്‍ സ്ഥലം പിടിച്ചിരിക്കും.

അന്ന് കേരളാ കോണ്ഗ്രസിന്റെ ചിഹ്നം "കുതിര" ആയിരുന്നു. കൈപ്പത്തിയും അരിവാളും ചുറ്റികയും വരയ്ക്കുന്നവരേക്കാള്‍ ആരാധനയോടെ പലവിധ പൊസിഷനില്‍ നില്‍ക്കുന്ന കുതിരയെ വരയ്ക്കുന്നവരെ ഞാന്‍ നോക്കി നിന്നു. മറ്റു ശല്യം കൊണ്ടും എതിര്‍ പാര്‍ട്ടിക്കാരോടുള്ള പേടികൊണ്ടും ഇലക്ഷന്‍ ചുവരെഴുത്തുകള്‍ രാത്രിയിലാണ് നടക്കുക. അടുത്തറിയാവുന്ന രണ്ടു ചേട്ടന്‍മാരാണ് ആരിട്ടിസ്റ്റുകള്‍ എന്നതിനാല്‍ രാത്രി വീട്ടില്‍ അറിയാതെ അവര്‍ക്ക് റാന്തല്‍ വിളക്ക് പിടിച്ചു കൊടുക്കാന്‍ ഞാന്‍ പോകുമായിരുന്നു. വരയുടെ ആദ്യ പാഠങ്ങള്‍ അവിടെ നിന്നാണ് പഠിക്കുന്നത്. വി.എം.സുധീരനും, സുശീലാഗോപാലനും, വക്കം പുരുഷോത്തമനും, ഡോ: കെ.സി ജോസഫും ഒക്കെ മാറിമാറി ആ ചുവരുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും ഇഷ്ടം എന്നും ചിഹ്നങ്ങളോട് മാത്രമായിരുന്നു. കേരളാകോണ്ഗ്രസിന്റെ കുതിര ചിഹ്നം 'സൈക്കിള്‍' ചിഹ്നമായി മാറിപ്പോള്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ദുഖിച്ചത് ഞാനായിരിക്കും.

വര്‍ഷങ്ങള്‍ക്കുശേഷം സുഹൃത്തിന്റെ അമ്മ പഞ്ചായത്ത് ഇലക്ഷനില്‍ മത്സരിച്ചപ്പോള്‍ ഞാനും ജീവിതത്തില്‍ ആദ്യമായി ചുവരും ബാനറും എഴുതി. എന്‍റെ ഐശ്വ്യര്യം കൊണ്ട് സ്ഥാനാര്‍ഥി പന്ത്രണ്ട് വോട്ടിനു തോറ്റു. ഇന്ന് ചുവരെഴുത്ത് പ്രചാരണങ്ങള്‍ ഒക്കെയും ഫ്ലെക്സുകള്‍ക്കും എഫ്. ബി പോസ്ടറുകള്‍ക്കും വഴിമാറി. അന്ന് ആദ്യമായും അവസാനമായും ഇലക്ഷന്‍ എഴുത്ത് നടത്തിയപ്പോള്‍ മനസിലായ ഒരു കാര്യം അയല്‍ക്കാരന്‍ എന്ന പരിഗണനയ്ക്കോ, പ്രായത്തിണോ വ്യക്തി ബന്ധങ്ങള്‍ക്കോ സ്നേഹത്തിനോ തടയിടാന്‍ ആകാത്തതാണ് നമ്മുടെ രാഷ്ട്രീയ വികാരം എന്നതാണ്. കന്നി അങ്കം തോറ്റത് ഒരുപക്ഷേ നല്ലതിനായിരുന്നിരിക്കാം...വീട്ടില്‍ കയറി വെട്ടും എന്ന് പറഞ്ഞവര്‍ ഒക്കെ ഇന്നും നല്ല സുഹൃത്തുക്കള്‍ തന്നെയാണ്...

ഇനിയുള്ള നാളുകളില്‍ വരാനിരിക്കുന്ന എഫ്. ബി യിലെ പോര്‍വിളികള്‍ കാണുമ്പോള്‍ പഴയതൊക്കെ ഞാന്‍ തീര്‍ച്ചയായും ഓര്‍ക്കും. നമുക്കെല്ലാം വ്യക്തമായ രാഷ്ട്രീയ ചായ്വുകളുണ്ട് പക്ഷേ...ഇലക്ഷന്‍ റിസള്‍ട്ട് എന്തായാലും ഒന്നിനും കീഴ്പ്പെടുത്താന്‍ ആകാത്ത നമ്മുടെ ആത്മാഭിമാനവും വ്യക്തിത്വവും സൌഹൃദവും നിലനില്‍ക്കുമെങ്കില്‍ വിജയി എന്നും നമ്മള്‍ തന്നെയായിരിക്കും.

'മതം മാത്രമല്ല മനുഷ്യനെ മയക്കുന്ന കറുപ്പ്!'

No comments:

Post a Comment