Wednesday, January 22, 2014

എന്റര്‍ടെയിനര്‍

സുഹൃത്തിന്‍റെ അപ്പന്‍ മരിച്ചു. കൂട്ടുകാര്‍ മരണ വീട്ടില്‍ ചെല്ലുമ്പോള്‍ രാത്രി ഫ്ലൈറ്റില്‍ ഗള്‍ഫില്‍ നിന്നും എത്തിയ സുഹൃത്ത് യാത്രാ ക്ഷീണത്താലും ദുഃഖ ഭാരത്താലും വലഞ്ഞ് ശവശരീരത്തിന്റെ തലയ്ക്കല്‍ തല കുനിച്ച് നില്‍ക്കുകയായിരുന്നു. അയാളുടെ ഓരോ വരവും ആഘോഷമാക്കിയിരുന്നു അവര്‍. പക്ഷേ ഇന്ന്.....
ഉറ്റസുഹൃത്തുക്കളെ അയാള്‍ തലയുയര്‍ത്തി നോക്കി. വീണ്ടും ശിരസ് കുനിഞ്ഞു. അടുത്ത തവണ നിവര്‍ന്നപ്പോള്‍ കൂട്ടുകാരെ നോക്കി ഇന്നസെന്റ് സ്റ്റൈലില്‍ മുഖം ഇടത്തോട്ട് രണ്ടുതവണ വെട്ടിച്ചു. അതികഠിനമായ മനോവേദനയാല്‍ വെട്ടുവാതം ബാധിച്ചതാണോ എന്നാദ്യം അവര്‍ സംശയിച്ചെങ്കിലും സ്റെയര്‍കെസിലേക്കാണ് വഴികാട്ടുന്നത് എന്ന കോഡ് പൊടുന്നനെ വായിച്ചെടുത്തു.
മുകളിലത്തെ മുറിയില്‍ ആവശ്യത്തിനുള്ള സാധനവും വെള്ളവും ഗ്ലാസും സോഡയും ടച്ചിങ്ങ്സും വെച്ചിരുന്നു. 'വാട്ട് എ സെറ്റപ്പ്!' സുഹൃത്തുക്കള്‍ക്ക് എന്നും അയാളൊരു എന്റര്‍ടെയ്നര്‍ തന്നെയായിരുന്നു. 'എ റിയല്‍ എന്റര്‍ടെയ്നര്‍! 'വീണ്ടും അയാളത് അരക്കിട്ടുറപ്പിക്കുന്നു.
എട്ടുവയസുകാരന്‍ അപ്പന്‍റെ കുപ്പിയെടുത്ത് അടിച്ച് മരിച്ചത് അറിഞ്ഞപ്പോള്‍ ഞാനിത് വീണ്ടും ഓര്‍ത്തു. മകന്‍റെ ശവശരീരത്തിന്റെ തലയ്ക്കല്‍ നില്‍ക്കുമ്പോഴും നമുക്ക് അതേ എന്റര്‍ടെയ്നര്‍ ആകാന്‍ കഴിയുമോ? എങ്കില്‍ വീണ്ടും വീണ്ടും നമ്മള്‍ റിയല്‍ എന്റര്‍ടെയ്നെര്സ് ആണെന്ന് പ്രൂവ് ചെയ്തുകൊണ്ടേയിരിക്കും. മറിച്ച് പറ്റുന്നില്ലെങ്കില്‍...........? ഒരേ ചോരയാണെങ്കിലും മകനോടാണ് നമുക്ക് മമത. "പുതിയ തലമുറ പുതിയ ഉത്പന്നങ്ങളെ മാത്രം സ്നേഹിക്കുന്നു."

No comments:

Post a Comment