Tuesday, December 31, 2013

ന്യൂ ഇയര്‍ റെസല്യൂഷന്‍

2014 വരുന്നു.
ജീവിതത്തില്‍ ഏറ്റവും സുപ്രധാനം എന്ന് തോന്നുന്ന തീരുമാനങ്ങള്‍ ഒന്നാം തിയതി എടുക്കേണ്ടതല്ല. പുതിയ ഉടുപ്പ് പെരുന്നാളിനും പിറന്നാളിനും വാങ്ങേണ്ടതല്ല. 

തീരുമാനങ്ങളുടെ കാര്യം: ഉള്‍വിളി തോന്നുമ്പോള്‍ ഉടനടി ചെയ്യുക. 
ഉടുപ്പിന്റെ കാര്യം: പഴകും വരെ കാത്തിരിക്കുക.

വഴിയാധാരമായൊരു പുലി

അല്ലറചില്ലറ കഥയും കവിതയും ഒക്കെ ബ്ലോഗില്‍ എഴുതി, എഫ് ബി യില്‍ സ്റ്റടാറ്റസും ഇട്ട് ഏതാണ്ട് പുലിയായി വളര്‍ന്നു തുടങ്ങിയപ്പോഴാണ് അത് സംഭവിച്ചത്.

"മലയാള സാഹിത്യത്തിന്റെ നഷ്ടം! നിങ്ങള് ആ മരുഭൂമിയില്‍ കിടന്നു ചിരക്കേണ്ട ആളല്ല" 

ഓരോ പോസ്റ്റിനും താഴെ സുഹൃത്തുക്കളുടെ കമെന്റ്സ്!

----------------------------
അങ്ങാടിയിലൂടെ നടക്കുമ്പോള്‍ ഒക്കെ മമ്മദ് വെറുതെ ഓര്‍ത്തു....

ഓഫീസില്‍ തരക്കേടില്ലാത്ത ജോലിയുണ്ടായിരുന്നു. മാന്യമായ ശമ്പളം. പൊരിവെയിലത്ത് പണിയെടുക്കെണ്ടായിരുന്നു.
നിതാക്കത്തില്‍ പണി പോയതല്ല? അല്ല. കമ്പനി പൂട്ടിയതല്ല. ഇല്ലാത്തത് പറഞ്ഞ് വെറുതെ പാവങ്ങളെ വഴിയാധാരമാക്കരുത്.

Wednesday, December 25, 2013

ഹാപ്പി നോബ്‌ വീടിയ!

പള്ളിയില്‍ നിന്നും വന്നപാടെ 'ആസ് സൂണ്‍ ആസ് പോസ്സിബിള്‍'' നോമ്പ് വീടി, തട്ടാവുന്ന പാലപ്പവും താറാവ് കറിയും തന്നെയാണ് പണ്ടുമുതലേ പാതിരാക്കുര്ബാനയ്ക്ക് പോകാനുള്ള പ്രചോദനം.
എങ്കിലും പള്ളിയില്‍ എത്തി കുറെ കഴിയുമ്പോള്‍ ഉറക്കം തൂങ്ങാന്‍ തുടങ്ങും. അച്ഛന്റെ പ്രസംഗത്തിനിടെ വാഴ പിടരുന്നത് പോലെ ചില സൌണ്ട് കേട്ടാല്‍ തിരിഞ്ഞു നോക്കേണ്ട, ആരെങ്കിലും ഉറങ്ങി വീണതാണ് എന്ന് ഓര്‍ത്തോണം.
എന്നാല്‍ ആറാം ക്ലാസില്‍ വെച്ച് അള്‍ത്താര ബാല സംഘത്തില്‍ അംഗമായിരിക്കെ പാതിരാ കുര്‍ബാനക്കിടെ സങ്കീര്‍ത്തിയില്‍ കിടന്ന് ഞാന്‍ ഉറങ്ങിപ്പോയത് അച്ഛന്റെ വീഞ്ഞെടുത്ത് അടിച്ചതുകൊണ്ടാല്ല എന്ന് ഇനിയെങ്കിലും നിങ്ങള്‍ വിശ്വസിക്കണം.
"ഏവര്‍ക്കും ഹാപ്പിക്രിസ്മസ് ആന്‍ഡ്‌ ഹാപ്പി നോബ്‌ വീടിയ"

Thursday, December 19, 2013

ലഹരി വിമോചന യാത്ര

എ.കെ ആന്റണി ചാരായം നിരോധിച്ച കാലം. 

ഇടവക പള്ളിയിലെ ഫാദറിന്റെ നേതൃത്തത്തില്‍ എന്‍റെ സ്വന്തം ഫാദറും മറ്റു ചില ഗാന്ധിയന്‍മാരും കൂടിച്ചേര്‍ന്ന് നാടിളക്കിയൊരു മദ്യവിരുദ്ധ റാലി നടത്തുവാന്‍ തീരുമാനിച്ചു. ആളെണ്ണം കൂട്ടാന്‍ വേണ്ടി സ്ഥലത്തെ പല പൌരപ്രമുഖരെയും നിര്‍ബന്ധിച്ച് റാലിയില്‍ പങ്കെടുപ്പിച്ചു. 

റാലി കാണുവാന്‍ വഴിക്ക് ഇരുവശവും സ്ത്രീകളും കുട്ടികളും ഉള്‍പടെ ആളുകള്‍ നിരന്നു. മുദ്രാവാക്യം വിളിച്ചു നടന്ന ഗാന്ധിയമാര്‍ വശങ്ങളില്‍ നില്‍ക്കുന്ന ചില പരിചയക്കാരെ കാണുമ്പോള്‍ അറിയാതെ 'മ്യൂട്ട്' ആയിപ്പോകുകയോ ചിരിക്കുകയോ ചെയ്തു. 'വമ്പിച്ച വിജയമായി' വാര്‍ഡ്‌ ചുറ്റിവന്ന ജാഥ സമാപന സമ്മേളന വേദിയിലെത്തി. പള്ളിപ്പറമ്പില്‍ തിങ്ങിക്കൂടിയ ആള്‍ക്കൂട്ടത്തില്‍ പല മതസ്ഥരും പാര്‍ട്ടിക്കാരുമുണ്ട്. വേദിയിലെ വിശിഷ്ടാധിതികള്‍ ഓരോരുത്തരായി പ്രസംഗിച്ചു. എപ്പോഴും സ്ത്രീകളുടെ ഭാഗത്ത് കയ്യടി ശബ്ദം ഉയര്‍ന്നു നിന്നു.

ഏറ്റവും പിന്നില്‍ നിന്ന യുവാക്കളുടെ സംഘത്തില്‍ മാത്രം മരണ വീടിന്റെ നിശബ്ദത. ഒടുവില്‍ പഞ്ചായത്ത് മെമ്പറുടെ ആശംസാപ്രസംഗം. പോലീസ് സ്റേഷനും മറ്റു തല്ലുകൊള്ളിത്തരങ്ങളും ഉള്‍പടെ അവരുടെ അഭയസ്ഥാനവും പ്രതീക്ഷയുമായിരുന്നു അദ്ദേഹം. ബഹുമാന്യനായ മെമ്പര്‍ എന്ത് പറയും എന്നറിയാനായിരുന്നു പുള്ളിയെ നന്നായി അറിയാവുന്നവര്‍ക്കൊക്കെ ആകാംഷ...

"ഇത്രെയും നേരം നിങ്ങള്‍ കാത്തു നിന്ന് മടുത്തതിനാല്‍ ഞാന്‍ ഏറെയൊന്നും പറയുന്നില്ല. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ മദ്യം ശരീരത്തിന് അത്ര നല്ലതല്ല. പ്രായമായവരുടെ കാര്യം പോട്ടെ. പിള്ളേര്‍ അടിക്കുമ്പോള്‍ നന്നായി ഭക്ഷണം കഴിക്കുകയോ കുറഞ്ഞ പക്ഷേം എന്തെങ്കിലും തൊട്ടു കൂട്ടുകയോ ചെയ്യണം......."

യുവാക്കള്‍ നിന്ന ഭാഗത്ത് നിന്നും മുടിഞ്ഞ കൈയ്യടി... വികാരിയച്ചന്‍ മൈക്ക് ഒപ്പറെറ്ററെ ഒന്ന് നോക്കി ഉടനെ കറന്റ്‌ പോയി. കര്‍ട്ടന്‍ വീണു. യോഗം പിരിച്ചു വിട്ടതായി പ്രഖ്യാപിക്കപ്പെട്ടു.

വീട്ടിലെത്തിയപ്പോള്‍ മുദ്രാവാക്യം വിളിച്ച ഫാദറിന്റെ ഒച്ച പോയിരുന്നു. പിറ്റേന്ന് രാവിലെ അരിപ്പെട്ടിപ്പുറത്ത് കണ്ട ഗ്ലാസില്‍ കുരുമുളക് പൊടിയും റമ്മിന്റെ സ്മെല്ലും ഉണ്ടായിരുന്നു.

Wednesday, December 18, 2013

യൂത്ത് വിംഗ്

അത്യാവശ്യമായി ഒരുവഴിക്കുപോകുമ്പോഴാണ് കൂടെ പഠിച്ച സുഹൃത്ത് റോഡ്‌ സൈഡില്‍ നില്‍ക്കുന്നത് കണ്ടത്. കാര്‍ ഒതുക്കി. ആള് വളര്‍ന്നു വരുന്ന യുവനേതാവാണ്. കൂടെ ചില സില്‍ബന്ധികളുമുണ്ട്.
കേറുന്നോ...?
ഏയ് ഇല്ല.
എങ്ങോട്ടെങ്കിലും പോകാന്‍ നില്‍ക്കുവാണോ?
ഏയ് അല്ല.
(ഏത് കഞ്ഞിയും മുണ്ടും ഷര്‍ട്ടും കഞ്ഞിമുക്കി വടിപോലെ നില്‍ക്കുന്നത് കാണുമ്പോള്‍ യാത്രപോകനാണ് എന്ന് തെറ്റിദ്ധരിക്കുന്നത് നമ്മുടെ വിവരമില്ലായ്മ. ജനസേവകക്ക് രാവിലെ മുതല്‍ വൈകിട്ട് വരെ ജങ്ക്ഷനില്‍ വെറുതേ നില്‍ക്കാം. ആരും ചോദിക്കല്ല. വായ്നോക്കി എന്ന് വിളിക്കില്ല.)
എന്നാല്‍ ശരി, ഞാന്‍ പോട്ടേ..
നിന്നേ...ഞങ്ങള്‍ അങ്ങോട്ട്‌ വരുന്നുണ്ട്. നിങ്ങളെപ്പോലുള്ള ഗള്‍ഫുകാരെ ഒക്കെ കണ്ടാ പരിപാടി ആറെഞ്ച് ചെയ്തിരിക്കുന്നെ..നമ്മുടെ യൂത്ത് വിങ്ങിന്റെ സംസ്ഥാന സമ്മേളനം.!!
പണിപാളി! വേലിയേല്‍ കിടന്നതിനെ.......
------------------------
റോഡ്‌ സൈഡില്‍ കാക്കി കണ്ടാല്‍ ആ ഭാഗത്തേക്ക് കണ്ണുകൊടുക്കരുത് എന്നതുപോലെ ഖദര്‍ കണ്ടാലും ഇനി സൂക്ഷിച്ചോണം.

നൂതന സമരമുറകള്‍

സന്തോഷ വാര്‍ത്ത!

നാട്ടുകാരുടെ തൊലിപ്പും ഘടക കക്ഷികളുടെ കലിപ്പും മാനിച്ച് പാര്‍ട്ടി വഴിതടയല്‍ സമരത്തിന് പകരം കാലോചിതമായ മറുവഴികള്‍ ആവിഷ്കരിക്കുന്നു. 

ആദ്യമായി സോഷ്യല്‍ മീഡിയാ വഴിയുള്ള ന്യൂതന സമരമുറയുടെ ഭാഗമായി ജില്ലാ തലത്തില്‍ ലോക്കല്‍ കമ്മറ്റിയുടെ പേരില്‍ ഫേസ്ബുക്ക് ഐ.ഡി കള്‍ രൂപീകരിച്ച് അംഗസംഖ്യ (ഫ്രെണ്ട് ലിസ്റ്റ്) വര്‍ദ്ധിപ്പിക്കും.

ഉപരോധം ഉദ്ദേശിക്കുന്ന ഓരോ മണ്ഡലത്തിലെയും സുഹൃത്തുക്കളെ മാത്രം തിരഞ്ഞുപിടിച്ച് അതാതു ദിവസം ബ്ലോക്കുകയും വൈകുന്നേരം തുറന്നു വിടുകയും ചെയ്യുന്നതാണ്.

എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബ്ലോക്കുന്നതിനു പത്തുമിനിട്ട് മുന്‍പ് വാളില്‍ മനസുപോലെ തെറിവിളിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

Monday, December 16, 2013

കാക്കപ്പാതി

ചപ്പു ചവറുകള്‍ക്കിടെയില്‍ നിന്നും കിട്ടിയ ഇഷ്ടമുള്ള ഭക്ഷണവുമായി കാക്ക ദൂരേയ്ക്ക് പറന്നു പോകുന്നു. ഏറെ പറന്നു കഴിയുമ്പോള്‍ അത് കൊക്കില്‍ നിന്നും താഴെ വീഴുന്നു...

ഓഫീസില്‍ ഇരുന്ന് ഒരു നല്ല കഥയോ ലേഖനമോ വായിക്കുമ്പോള്‍ അറിയാതെ ദൂരേയ്ക്ക് പറിച്ചു നടപ്പെടും. വായനാവസാനം ഞെട്ടലോടെ സമയം നോക്കും. ഒപ്പം ബാക്കി കിടക്കുന്ന ജോലിയും.

കാക്കയുടെ കൈവിട്ടുപോയ ഭക്ഷണമാണ് ഭാഗ്യവാന്‍...കാരണം അത് ദൂരെയെവിടെയോ വീണുപോയി. എനിക്ക് മടങ്ങി വരാതെ തരമില്ല

Sunday, December 15, 2013

ആചാരവെടി

ആചാരവെടിയോടെ അടക്കം ചെയ്യപ്പെടണമെന്നാണ് എന്‍റെ ആഗ്രഹം. അത് നടന്നില്ലേല്‍ നിങ്ങളാരെങ്കിലും എന്നെ വെടിവെച്ചു കൊന്നെങ്കിലും അന്ത്യാഭിലാഷം സാധിച്ചു തരണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.

Wednesday, December 11, 2013

തട്ടാന്‍ വേക്കന്‍സി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ തട്ടാന്റെ വേക്കന്‍സി..
ങേ..ആരെ തട്ടാന്‍!......?
ഡേയ്...തട്ടാനെന്നു പറഞ്ഞാല്‍ ഒറിജിനല്‍ തട്ടാന്‍...വളയും സ്പൂണും പറയാന്‍ കൊള്ളാത്ത മറ്റു പലതും ഉരച്ചു നോക്കാന്‍....സ്വര്‍ണ്ണമാണോന്ന്..
ഏയ്‌.. കട്ടിപ്പണിക്കൊന്നും ഞാനില്ല. മേലനങ്ങരുതെന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്.
അതെന്താടോ., എയര്‍ പോര്‍ട്ട്, എ.സി റൂം....സുഖമല്ല...?
ഈ പോക്ക് പോകുവാനെങ്കില്‍ ഉരച്ച് ഉരച്ചെന്റെപരിപ്പിളകും...വേറെ ആള് നോക്ക്!

Monday, December 9, 2013

വീടുപണിയും പശ്ചിമഘട്ടവും

കല്ലും മണ്ണും കിട്ടാതെ രണ്ടു മാസത്തിലധികം വീടുപണി മുടങ്ങി. ആദ്യം മഴയായിരുന്നു പ്രശ്നം, പിന്നെ മണ്ണെടുപ്പിനുള്ള പാരിസ്ഥിതികാനുമതി കിട്ടാത്തത് കൊണ്ടാണ് എന്നറിഞ്ഞു. 

കാശിന്റെ കാര്യത്തില്‍ മുടക്കം വരുത്താത്തത്കൊണ്ട് ഫോണെടുത്ത് മണ്ണുകാരനെയും ഇടനിലക്കാരനെയും ചീത്ത വിളിച്ചു. കാര്യം നടക്കണം. എന്ത് പരിസിസ്ഥിതി എന്ത് വിലക്ക്. 

വീടും മതിലുകെട്ടും ഉള്‍പടെ കാര്യമായ പരിപാടികള്‍ ഒന്നും ബാക്കിയില്ലാത്തത്‌ കൊണ്ട് പശ്ചിമഘട്ടം സംരക്ഷിക്കുന്നതില്‍ വിരോധമില്ല. പറ്റുമെങ്കില്‍ ഗാട്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് തന്നെ നടപ്പാക്കണം.

Saturday, December 7, 2013

മൂന്നാം ക്ലാസില്‍ നിന്നൊരോര്‍മ്മ

ഞാനുള്‍പടെ എല്ലാവര്‍ക്കും ഈരണ്ട് അടി കൊടുത്തശേഷം നാളെ രക്ഷകര്‍ത്താവിനെ വിളിച്ചു കൊണ്ടുവന്ന്‍ ക്ലാസില്‍ കയറിയാല്‍ മതി എന്ന് ടീച്ചര്‍ പറഞ്ഞു.
വേദനയാലും കുറ്റ ബോധാത്താലും തല കുനിച്ചിരുന്ന എന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടര്‍ന്നു. ഞാന്‍ മുഖമുയര്‍ത്തി ടീച്ചറെ നോക്കി.
ക്ലാസിലെ കുട്ടികള്‍ ഒന്നടങ്കം ചിരിച്ചു.
ടീച്ചര്‍ക്കും ചിരിയടക്കാനായില്ല.
ശരി ആള്‍ സിറ്റ് ഡൌന്‍...!
തുടര്‍ന്ന്‍ അമ്മ അടുത്ത പാഠം പഠിപ്പിക്കാന്‍ ആരംഭിച്ചു.

Tuesday, November 26, 2013

പ്ലീനം

പാര്‍ട്ടി പ്ലീനത്തിന്‍ പതാക പൊങ്ങി.
കൊടിമരച്ചോട്ടില്‍ ഒരു കോണകം അഴിഞ്ഞു കിടന്നു.

Monday, November 25, 2013

വ്യവസ്ഥിതിയുടെ അടിമകള്‍

"ഇന്നത്തെ തലമുറയോട് എനിക്ക് ലജ്ജ തോന്നുന്നു. അവര്‍ വ്യവസ്ഥിതിയുടെ അടിമകളാണ്. എന്നെപ്പോലെയുള്ളവര്‍ വ്യവസ്ഥിതികളെ വെല്ലു വിളിച്ചതുകൊണ്ട് മാത്രം പിന്‍തള്ളപ്പെട്ടു പോയതാണ്. പ്രവേശന പരീക്ഷ, ഇന്റര്‍വ്യൂ,, വിജയം,റാങ്ക് ഇമ്മാതിരി സമ്പ്രദായങ്ങളൊക്കെ പോളിച്ചെഴുതപ്പെടണം."

ആ പത്രം വായിക്കുന്ന സാറിന് അപാര നോളജ് ആണെന്ന് തോന്നുന്നല്ലോ. ചേട്ടാ...പാര്‍ട്ടി പ്രവര്‍ത്തകനാണോ?

ഏയ്. ആയകാലത്ത് പള്ളിക്കൂടത്തില്‍ പോകാത്തതിന്റെ കുത്തലാ...

Sunday, November 24, 2013

അംബാസിഡറും കോഴിയും.


"തുര്‍ക്കിയും ഈജിപ്റ്റും തമ്മിലുള്ള ബന്ധം വഷളായി. ഇരു രാജ്യങ്ങളും അംബാസിഡര്‍മാരെ പുറത്താക്കി".
കല്യാണം വന്നാലും പെരുന്നാള് വന്നാലും പാവം കോഴിക്കാ കിടക്കാന്‍മേലാത്തത്.

Saturday, November 23, 2013

എണ്ണ പരിവേഷണം

പണ്ട് ഉസ്കൂളില്, ഭൂഗോളം ചൂണ്ടിക്കാട്ടി മാഷ്‌ പഠിപ്പിച്ചത് ശരിയാണെങ്കില്‍ അമേരിക്ക ഇന്ത്യയുടെ എതിര്‍ ഭാഗത്തായി വരും. അതായത് ഓപ്പസിറ്റ് സൈഡ്. 
അങ്ങനെയാണെന്നുണ്ടെന്നുണ്ടെന്നുണ്ടെങ്കില്‍ അമേരിക്കയിലുള്ള ആരുടെയെങ്കിലും നെഞ്ചത്ത് ഒരു ഡ്രില്ലിംഗ് മിഷീന്‍ തുളച്ച് കേറാനുള്ള സാധ്യത കാണുന്നുണ്ട്. കൊച്ചിയില്‍ എണ്ണ പരിവേഷണം വീണ്ടും തുടങ്ങി.! 

Wednesday, November 20, 2013

സൂപ്പര്‍സ്റ്റാര്‍

സര്‍, ഏജ് ഓവറായി അടുപ്പിച്ച് പന്ത്രണ്ടാമത്തെ പടവും പൊളിഞ്ഞു. ഇനിയെങ്കിലും ആത്മഹത്യയെക്കുറിച്ച്....സോറി അഭിനയം നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ച്ചുകൂടെ?
നോ,..നെവര്‍.! എന്‍റെ ആരാധകര്‍ വേണേല്‍ ആത്മഹത്യ ചെയ്തോട്ടെ.
തീരുമാനം അറിഞ്ഞിട്ടുവേണം ഭാരതരത്നക്ക് അങ്ങയുടെ പേര് അയച്ചുകൊടുക്കാന്‍...
തൊണ്ണൂറ്റൊമ്പതാം പിറന്നാളിന്റെ അന്ന് അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞുവീണ് ചാകുക എന്‍റെ സ്വപ്നമാണ്...
അതിനു മുന്‍പ് ചിലപ്പോള്‍ നാട്ടുകാര് തല്ലിക്കൊല്ലും. (ആത്മഗതം)

Tuesday, November 19, 2013

പരിസ്ഥിതി സ്നേഹി

ആറമ്മുളയിലും ഇടുക്കിയിലും ഞാന്‍ കൊടിപിടിച്ചു.
മുല്ലപ്പെരിയാരിനെയും കൂടംകുളത്തെയും ഓര്‍ത്ത് കരഞ്ഞു. കവിത എഴുതി. 

അറിയുമോ ഈ ഭയങ്കര പരിസ്ഥിതി -കം- കര്‍ഷക സ്നേഹിയെ.....

ഇതൊക്കെയാണെങ്കിലും മുറ്റത്തെ കിണര്‍ മാറ്റി ആണവ നിലയം സ്ഥാപിക്കാനും വീടിന്‍റെ വാട്ടര്‍ ടാങ്കിന്റെ മുകളില്‍ വിമാനത്താവളം നിര്‍മ്മിക്കാനും എനിക്ക് സന്തോഷമേയുള്ളൂ. 

ഇപ്പൊ മനസിലായില്ലേ ഞാന്‍ ആരാണെന്ന്......?

Sunday, November 17, 2013

റിയര്‍ എസ്റെറ്റ്

സെന്റിന് 250 ഉം 300ഉം രൂപ മാത്രം വിലയുണ്ടായിരുന്ന കാലത്തും എന്‍റെ നാട്ടില്‍ മുതലാളിമാര്‍ ഉണ്ടായിരുന്നു. ഒരു വാര്‍ഡ്‌ മുഴുവന്‍ വിലയ്ക്ക് വാങ്ങാന്‍ ആസ്തിയുള്ളവര്‍. പക്ഷേ ആര്‍ത്തിയില്ലാത്തവര്‍! അതുകൊണ്ട് എല്ലാവര്ക്കും ഒരുതുണ്ട് ഭൂമിയും അതിലൊരു വീടുമുണ്ടായി. 

കൈനിറയെ കാശുണ്ടെങ്കില്‍ ആര്‍ക്കും ദാനം കൊടുത്തില്ലെങ്കിലും അടുത്തു കിടക്കുന്നവനെ ഉപദ്രവിക്കരുത്. അവരുടെ സ്വപ്‌നങ്ങള്‍ വിലയ്ക്ക് വാങ്ങരുത്.

Wednesday, November 13, 2013

ഓള്‍ഡ്‌ ബട്ട് ന്യൂ

കൊള്ളക്കാരെല്ലാവരും രാവിലെ ഒരു മീറ്റിംഗ് പോയിന്‍റില്‍ എത്തി ഹാജര്‍ വെയ്ക്കും. സംഘത്തലവന്‍ അവരെ പല സ്ഥലത്തേക്ക് പറഞ്ഞുവിടും. വൈകുന്നേരം മുതല്‍ പങ്കുവെയ്ക്കാന്‍ വീണ്ടു ഒത്തുകൂടും.
സംഗതി ഓള്‍ഡ്‌ സ്ടോറിയാണെങ്കിലും തൊഴിലുറപ്പ് പെണ്ണുങ്ങളെയും വാര്‍ഡ്‌ മേമ്പറെയും കണ്ടപ്പോള്‍ ഇത് വീണ്ടു ഓര്‍ത്തു.

കൈസേ ഹേ ഭായ്

നാട്ടിലെ എ.ടി.എം. കൌണ്ടറിനു മുന്‍പിലിരിക്കുന്ന സെക്യൂരിറ്റി, ഇവിടെ കമ്പനികളുടെയും കടകളുടെയും വാതില്‍ കാവല്‍ക്കാര്‍.....അവര്‍ക്ക് മൊബൈല്‍ ഫോണ്‍ ഒരനുഗ്രഹമാണ്‌.

സെക്യൂരിറ്റിയുടെ സ്ഥായിയായ ഭാവം വെറുപ്പാണ്. ആ ദേഷ്യത്തിനുള്ളിലെ മനസ്സ് നമ്മുടെ ഒരു ചിരിയിലാണ് തിരികെ വരിക. അഞ്ചുമിനിറ്റിനുശേഷം അതയാളില്‍ നിന്നും വീണ്ടും കൈവിട്ടു പോകുന്നു. 

ഒരു ചിരി, "കൈസേ ഹേ ഭായ്" എന്ന വെറുമൊരു കുശലം പറച്ചില്‍ ഒക്കെ വിരസതയാല്‍ മരിച്ചുപോയ അവരിലെ വാക്കുകള്‍ക്ക് ഒരു പുനര്‍ജ്ജന്മമാണ്.

Monday, November 11, 2013

ഫേസ്ബുക്ക് ലഹള

ന്യൂജനറേഷന്‍ കുടുംബ കലഹങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫേസ്ബുക്കില്‍ സ്റ്റാറ്റസ് എഴുതുന്ന ഭാര്യമാരാണ്. 

എന്തുകൊണ്ടെന്നാല്‍ പെട്ടെന്നുള്ള കോപത്താലും തോല്‍ക്കരുത് എന്ന ആഗ്രഹാത്താലും വായില്‍ തോന്നുന്നതെല്ലാം അവര്‍ നാട്ടുകാരെ വിളിച്ചറിയിക്കുന്നു.

ദൌത്യ വിജയം

ശ്രമം പാളി!

അതെന്താടോ?

നിലവിലേതില്‍ നിന്നും ഇനിയും ഉയര്‍ത്തണം. എന്നാലേ ദൌത്യം വിജയിക്കൂ.

ഐ.എസ്.ആര്‍.ഒ. ഭ്രമണപഥം ഇന്ന് രാവിലെ ശരിയാക്കി എന്നാണല്ലോ പറഞ്ഞത്.

താനേത് കോത്താഴാത്തു കാരനോടോ....അവര് എന്ത് വേണേല്‍ കാണിക്കട്ടെ, വാസന്തി മറപ്പുര ഉയര്‍ത്തി കെട്ടിയതിനാല്‍ നമ്മള്‍ വെച്ച കല്ല്‌ നാലിഞ്ച് എങ്കിലും പൊക്കിയാലെ സംഗതി നടക്കൂ എന്നാ ഞാന്‍ പറഞ്ഞത്.

Sunday, November 10, 2013

ഇമ്പോര്‍ട്ട് ടാക്സ്

പോന്നപ്പനെന്നും തങ്കപ്പനെന്നും പേരുള്ളവര്‍ക്ക് നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ 20% നികുതി.

Friday, November 8, 2013

ന്യൂ ജനറേഷന്‍ ബാലസാഹിത്യം

സ്കൂളില്‍ പഠിക്കുന്ന കാലത്ത് തെറി മാത്രം പറഞ്ഞിരുന്ന നീ ഇന്നു ബാലസാഹിത്യം എഴുതുന്നതാ അത്ഭുതം!

മാഷേ, അര്‍ഹതപ്പെട്ടത് എന്നായാലും നമ്മളെ തേടി വരും. ഇന്നത്തെ ന്യൂജനറേഷന്‍ പിള്ളാരാ എനിക്കൊരു ബ്രേക്ക് തന്നത്

Wednesday, November 6, 2013

ഹൌസ് ഡിസൈനര്‍ ടിപ്സ്

നാലുകെട്ടും നടുമുറ്റവും ഔട്ട്‌ ഡേറ്റഡ് ആയി. ഇപ്പോള്‍ വീട് നിര്‍മ്മാണത്തിലെ പുതിയ ട്രെന്‍ഡ് ഓപ്പന്‍ ബാത്ത് റൂം ആണ്. അതായത് ആകാശം കാണുന്ന, മഴ നനഞ്ഞു കുളിക്കാന്‍ പറ്റുന്ന അറ്റാച്ച്ഡ് ബാത്ത് റൂമുകള്‍...!
കേരളത്തിലെ തെങ്ങു കയറ്റക്കാരുടെ ക്ഷാമവും ഇതുവഴി പരിഹരിക്കാനാവും എന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. 

ശാസന

"പി.സി ജോര്‍ജിനെ ശാസിക്കും"

എന്നാത്തിനാ?

പെറ്റ തള്ള വിചാരിച്ചിട്ടു നന്നായില്ല പിന്നാ......:)

നല്ലത് നായ്ക്ക്

മോഡിക്ക് മുന്നേ പട്ടികള്‍ മണംപിടിച്ച്‌ നടക്കുന്നെന്ന്.!

പോക്രിത്തരം പറയരുത് അവറാച്ചാ!! 

ചൂടാകാതെ നായരേ...സംഗതി ഉള്ളതാ, സുരക്ഷാപരിശോധന നടത്തുന്ന ഡോഗ് സ്ക്വാഡാ..

....അല്ലേലും നല്ലത് നായ്ക്ക് പറഞ്ഞിട്ടില്ല!

Monday, November 4, 2013

വരികള്‍ക്കിടെയില്‍

" നല്ല വായനക്കാര്‍ ഒക്കെയും കോഴികളാണ്‌" എന്ന സാറിന്‍റെ പരാമര്‍ശം. വിവാദമായിരിക്കുകയാണല്ലോ?

വായിക്കുന്ന ഓരോ വരികള്‍ക്കിടയിലും ചികയുന്നവനാവണം നല്ല വായനക്കാരന്‍ എന്നാണ് "കോഴി പ്രയോഗം" കൊണ്ട് ഞാന്‍ ഉദേശിച്ചത്. 
ബ്ലഡി ഫൂള്‍..!!

വകതിരിവ്

സര്‍ കോടതി വിധിയെ എങ്ങനെ നോക്കി കാണുന്നു?

രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് എനിക്ക് അങ്ങേയറ്റം ബഹുമാനമാണ്.

അപ്പോള്‍ ജഡ്ജിമാര്‍ ആഭാസന്മാരും കൈക്കൂലിക്കാരുമാണ് എന്ന് പണ്ട് സാറ് തന്നെയല്ലേ പറഞ്ഞത്?

അത് അന്ന്, ഇത് ഇന്ന്, 
പ്രായമാകുമ്പോള്‍ ആളുകള്‍ക്ക് വകതിരിവാകുമെടോ...അന്നു ജഡ്ജ് ചെറുപ്പമായിരുന്നു.

Sunday, November 3, 2013

അനുഭവങ്ങളുടെ തീച്ചൂള

ഒരു ചോദ്യം കൂടി.
താങ്കള്‍ക്ക് എഴുതുവാനുള്ള പ്രചോദനം, പ്രോത്സാഹനം ഇതൊക്കെ എവിടെ നിന്നാണ്?
എന്‍റെ ഏറ്റവും വലിയ പ്രചോദനവും വിമര്‍ശകയും ഭാര്യ തന്നെയാണ്. അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നാണ് പല സൃഷ്ടികളും പിറവിയെടുക്കുന്നത്. അതായത്.......
അടുക്കളയില്‍ പാത്രങ്ങള്‍ ഇളകി. 
സുഹൃത്തേ..മടുത്തെങ്കില്‍ നമുക്ക്ഒരു സിഗരറ്റ് കത്തിക്കാം.. 
ജനാല വഴി ഒരു വിറകു കൊള്ളി മുന്‍പിലെ മുറ്റത്തേക്ക് പറന്നു വീണു!
ദേ തീ...അല്ല തീച്ചൂള.....
പ്രിയ ലേഖകാ പോകരുത്........

Sunday, October 27, 2013

പ്രിയേ....നിനക്കായി

രാവുണര്‍ന്നപ്പോള്‍ കണ്ടില്ല നിന്നെ.
എവിടെ പോയി മറഞ്ഞു സഖീ.
ഇന്നോളം നീയില്ലാതൊരു പ്രഭാതമില്ല. 
ഇരവില്‍ നീ ചൊരിഞ്ഞ പരിമളം പോയ്‌ മറഞ്ഞു.
പിണങ്ങല്ലേ പ്രിയേ, മറഞ്ഞിരിക്കരുതേ..
എന്‍ ദന്തക്ഷതങ്ങളാല്‍ മുറിഞ്ഞുവോ നിന്‍ പൂമേനി.
ഉടഞ്ഞുവോ നിന്‍ ആകാര വടിവൊക്കെയും.
മാപ്പുതരൂ..മറഞ്ഞിരിക്കാതെ പിടിതരൂ പ്രിയ ടൂത്ത് ബ്രഷേ..
*****

(രാവിലെ ബ്രെഷ് കാണാതെ പോയ എല്ലാവര്‍ക്കുമായി ഡെഡിക്കെറ്റ് ചെയ്യുന്നു.) :)

Tuesday, October 22, 2013

ഓഫീസ് വാശി

മാനേജരെ കാണുന്ന ഓരോ നിമിഷവും കിലുക്കത്തിലെ ഇന്നച്ചനെ ഓര്‍മ്മ വരും . 
അല്ലെങ്കില്‍ എപ്പോഴേ ഒരു A4 പേപ്പറില്‍ ഞാനെന്‍റെ രാജിയെടുത്ത് വീശിയേനെ...! 

അതിര്‍ത്തിയിലെ വെടി

ആഭ്യന്തരമാത്രി അതിര്‍ത്തി സന്ദര്‍ശിച്ചു മടങ്ങിയ ഉടനെ വീണ്ടും വെടി പൊട്ടി.അതിനെക്കുറിച്ച് എന്ത് പറയുന്നു കേണല്‍?

ഡോ, ഇന്ത്യയിലെ പോലെ ദീപാവലിക്കും നേതാക്കള്‍ വരുമ്പോഴും ഓലപ്പടക്കവും ഗുണ്ടും പൊട്ടിക്കുന്ന പതിവ് പാക്കിസ്ഥാനില്‍ ഇല്ല. അവിടെ ചീപ്പ് ആന്‍ഡ്‌ ഈസി അവൈലബിള്‍ ആയ "സാധനം" പൊട്ടിച്ച് അവര് ആഘോഷിക്കുന്നു. നമുക്ക് കുറ്റം പറയാനൊക്കുമോ?

Sunday, October 20, 2013

മ യും ര യും

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം നെല്ലിയാമ്പതിയും പാരസ്ഥിതിക ദുര്‍ബല പ്രദേശത്തു പെടുമല്ലോ സാറേ.....!

അത് പൂഞ്ഞാറ്റില്‍ പോയി പറഞ്ഞാല്‍ മതി.

അതുകൊണ്ടല്ലേ സാറിനോട് പറഞ്ഞത്. സാറല്ലേ അവിടുത്തെ എം.എല്‍.എ.

അതിന് ഈ കസ്തൂരിമാനൊന്നും പൂഞ്ഞറ്റിലില്ലടോ.

സാറേ ...മാനല്ല,... രംഗന്‍.

ഡോ...ഒന്നാമതേ പെരുദോഷമാ....വീണ്ടും ഈ മ"യും ര"യും കൂടെ ചേരുനതോന്നും താന്‍ എന്നെകൊണ്ട്‌ പറയിപ്പിക്കരുത്.

Thursday, October 17, 2013

പാര്‍ട്ടി സംസ്കാരം

അസംഭ്യം പറയുന്നത് ഞങ്ങളുടെ പാര്‍ട്ടി സംസ്കാരത്തിനു യോജിച്ചതല്ല.
ഏതെങ്കിലും ഇരപ്പാളി അങ്ങനെ പറഞ്ഞാല്‍ ആ നായീന്റെ മോന്‍റെ മയ്യത്ത് നമ്മള്‍ എടുക്കും!

Thursday, October 3, 2013

വൈഫ്സ് ബര്‍ത്ത്ഡേ

പ്രിയ പത്നിയുടെ പിറന്നാള്‍ ആയതുകൊണ്ട് രാവിലെ എണീറ്റ് ടിഫിന്‍ ഉണ്ടാക്കേണ്ട, "ടെക്ക് റെസ്റ്റ്" എന്ന് സ്നേഹനിധിയായ ആ ഭര്‍ത്താവ് പറഞ്ഞു.
ഉച്ചക്ക് ഒന്നാന്തരം ചിക്കന്‍ ബിരിയാണി ഓഫീസില്‍ വരുത്തി ഒറ്റക്ക് ഞാന്‍ അതങ്ങ് ആഘോഷിച്ചു.
വീട്ടിലെ കാര്യം എന്തരോ എന്തോ?

Wednesday, October 2, 2013

ഗാന്ധിസ്മൃതി

എന്‍റെയും ഗാന്ധിജിയുടെയും ജീവിതം ഒരു തുറന്ന പുസ്തകമാണ്.
പുള്ളി അത് തുറന്നിട്ടു. ഞാന്‍ കുത്തഴിച്ചിട്ടു

Sunday, September 29, 2013

ചോദിച്ച് ചോദിച്ച് പോകാം..

മുന്‍പ് നാട്ടില്‍, യാത്രക്കിടെ വണ്ടി സൈഡാക്കി ആരോടെങ്കിലും "ചേട്ടാ, ഇന്നയാളുടെ വീട് ഏതാ, കടയേതാ എന്നൊക്കെ ചോദിക്കുമ്പോള്‍ ഒന്നുകില്‍ പറഞ്ഞു തരികയോ അല്ലെങ്കില്‍ അറിയില്ലന്നോ കൃത്യമായ മറുപടി കിട്ടുമായിരുന്നു. എന്നാല്‍ ഇക്കുറി (ഒന്നു രണ്ടു പ്രാവശ്യം) ചോദ്യം കേട്ടവര്‍ ഒന്നും പറയാതെ വട്ടം തിരിഞ്ഞു കളിക്കുന്നത് കണ്ടു. നേരം കളയാനില്ലാത്തതുകൊണ്ട് അടുത്തയാളോട് അന്വേഷിച്ച് കാര്യം സാധിച്ചു.
ഇതെന്താ ഇങ്ങനെ? പലതവണയായപ്പോള്‍ സംഗതി പിടികിട്ടി.അവരുടെ കുഴപ്പമല്ല ചോദിക്കുന്നവന്റെ കുഴപ്പമാണ്. അടുത്ത തവണ അബദ്ധം പിണയാതിരിക്കാന്‍ ഒന്നൂഹിച്ചു. വെറുതെ നില്‍ക്കുന്നവരോടോ ഓട്ടോക്കാരോടോ ധൈര്യമായി ചോദിക്കാം. ഉത്തരം കിട്ടും. കിളക്കുകയോ വര്‍ക്ക് ഷോപ്പില്‍ പണിയെടുക്കുകയോ മറ്റു കട്ടിപ്പണി ചെയ്തുകൊണ്ടിരിക്കുകയോ ചെയ്യുന്നവരോട് ചോദിക്കരുത്. അല്ലെങ്കില്‍ "യേ തോമാച്ചന്‍ കാ വര്‍ക്ഷോപ്പ് കിദര്‍ ഹേ..ഹൈ.ഹോ.എന്നുകൂടി ഉടനെ ചോദിച്ചേക്കണം. ഒത്താല്‍ ഒത്തു. കാരണം പണിയെടുക്കുന്നവരൊക്കെ ഹിന്ദിക്കാരാണ്.!!.
ഗള്‍ഫില്‍ പോയി അത്യാവശ്യം ഹിന്ദി പഠിച്ചതുകൊണ്ട്‌ കേരളത്തില്‍ വഴിതെറ്റാതെ നടക്കാമെന്നായി. 

Wednesday, August 28, 2013

ഭക്ഷ്യസുരക്ഷ

പിള്ളാച്ചന്റെ ചായക്കടയില്‍ നിന്നും രണ്ടു കുറ്റി പുട്ടും മുട്ടക്കറിയും തട്ടിയ ശേഷം എരുവ് മാറാന്‍ മൂന്നു പാളേംകോടനും പടലയുരിഞ്ഞ് അകത്താക്കി രായപ്പന്‍ വടക്കോട്ട്‌ നടന്നു.
കാശു ചോദിക്കാന്‍ പുറകെ ചെന്ന പിള്ളാച്ചന്‍ ഇടിവെട്ടുന്ന ഡയലോഗ് കേട്ടു ഞെട്ടി!
അറിഞ്ഞില്ലേ, ഭക്ഷണം പൌരാവകാശമാ, ഒരുത്തനും പട്ടിണി കിടക്കാന്‍ പാടില്ല എന്നല്ലേ പറഞ്ഞിരിക്കുന്നത്.
എന്നെക്കൊണ്ട് പറ്റുന്നത് ഞാന്‍ ചെയ്തു. കാശ് വേണേല്‍ വാര്‍ഡ്‌ മെമ്പറോട് ചോദിച്ചോ, അവരുടെ സ്വന്തം പാര്‍ട്ടിക്കാരനാ!

Monday, August 5, 2013

ഓള്‍ഡ്‌ ബട്ട് ന്യൂ

സ്റ്റാറ്റസ് ഭിത്തികളില്‍ തലതല്ലി അയാള്‍ പാടി.
മെല്ലെമെല്ലെ കവിയെ ആളുകള്‍ തിരിച്ചറിഞ്ഞു.
ആയിരം വ്രണിത ഹൃദയര്‍ വട്ടം കൂടി.
അവശ കാമുകന്മാര്‍ ലൈക്കടിച്ചു.
------------------------------------
പഴയ ഭര്‍ത്താവ് വെള്ളമടിച്ചു വിളിച്ചു പറഞ്ഞിരുന്നന്നത് 
പുലഭ്യമല്ല ന്യൂ ജനറേഷന്‍ കവിതയായിരുന്നെന്ന് അപ്പോള്‍ മാത്രമാണ് അവള്‍ക്ക് മനസിലായത്. പക്ഷേ വൈകിപ്പോയിരുന്നു.
ഡിവോര്‍സ് ആയ ശേഷം മാത്രമാണ് മനസമാധാനത്തോടെ 
അയാള്‍ ഫേസ്ബുക്ക് തുറന്നത്.

Sunday, June 23, 2013

അക്കൌന്ടോ ബാലന്‍സോ ഡഫിഷന്സി സിണ്ട്രോം

പ്രവാസികള്‍ ലീവിന് നാട്ടില്‍ ചെല്ലുമ്പോള്‍ സാധാരണ ഉണ്ടാവാറുള്ള ഒരു രോഗമാണ് "അക്കൌന്ടോ ബാലന്‍സോ ഡഫിഷന്സി സിണ്ട്രോം". നിരന്തരമായി ATM മിഷീന്റെ മുന്‍പില്‍ നില്‍ക്കുമ്പോഴാണ് ഈ രോഗം സാധാരണ അനുഭവപ്പെടാറ്.
ആദ്യ ദിവസങ്ങളില്‍ ആകോലിയും ആട്ടിറച്ചിയും കഴിച്ചവര്‍ ഉടന്‍ തന്നെ ചീരയില പപ്പായ സാമ്പാര്‍ എവയിലെക്ക് വഴിമാറുന്നത് നന്നായിരിക്കും. 
എന്നിട്ടും യാതൊരു കുറവും തോന്നുന്നില്ല എങ്കില്‍ രോഗം മൂര്ചിക്കും മുന്‍പേ ഇത്രയും പെട്ടന്ന് തിരികെ പോരുന്നതാണ് ഏക പ്രതിവിധി.

Tuesday, June 4, 2013

ഒരു സന്തുലനകണക്ക്


രണ്ടു നായന്മാരും നാല് മുസ്ലീങ്ങളും മൂന്ന് ക്രിസ്ത്യാനികളും ആഴ്ചയില്‍ ആറുദിവസവും എട്ടു മണിക്കൂര്‍ വീതം പണിയെടുത്താണ് ഒരുമാസംകൊണ്ട് പാലംപണി തീര്‍ത്തത്.
എങ്കില്‍ പാലത്തിന്റെ ആകെ നീളമെത്ര?

(ശരിയുത്തരം പറയുന്നവര്‍ക്ക് ടോള്‍ പിരിക്കാനുള്ള അവകാശവും താക്കോല്‍ സ്ഥാനവും.)