Thursday, December 19, 2013

ലഹരി വിമോചന യാത്ര

എ.കെ ആന്റണി ചാരായം നിരോധിച്ച കാലം. 

ഇടവക പള്ളിയിലെ ഫാദറിന്റെ നേതൃത്തത്തില്‍ എന്‍റെ സ്വന്തം ഫാദറും മറ്റു ചില ഗാന്ധിയന്‍മാരും കൂടിച്ചേര്‍ന്ന് നാടിളക്കിയൊരു മദ്യവിരുദ്ധ റാലി നടത്തുവാന്‍ തീരുമാനിച്ചു. ആളെണ്ണം കൂട്ടാന്‍ വേണ്ടി സ്ഥലത്തെ പല പൌരപ്രമുഖരെയും നിര്‍ബന്ധിച്ച് റാലിയില്‍ പങ്കെടുപ്പിച്ചു. 

റാലി കാണുവാന്‍ വഴിക്ക് ഇരുവശവും സ്ത്രീകളും കുട്ടികളും ഉള്‍പടെ ആളുകള്‍ നിരന്നു. മുദ്രാവാക്യം വിളിച്ചു നടന്ന ഗാന്ധിയമാര്‍ വശങ്ങളില്‍ നില്‍ക്കുന്ന ചില പരിചയക്കാരെ കാണുമ്പോള്‍ അറിയാതെ 'മ്യൂട്ട്' ആയിപ്പോകുകയോ ചിരിക്കുകയോ ചെയ്തു. 'വമ്പിച്ച വിജയമായി' വാര്‍ഡ്‌ ചുറ്റിവന്ന ജാഥ സമാപന സമ്മേളന വേദിയിലെത്തി. പള്ളിപ്പറമ്പില്‍ തിങ്ങിക്കൂടിയ ആള്‍ക്കൂട്ടത്തില്‍ പല മതസ്ഥരും പാര്‍ട്ടിക്കാരുമുണ്ട്. വേദിയിലെ വിശിഷ്ടാധിതികള്‍ ഓരോരുത്തരായി പ്രസംഗിച്ചു. എപ്പോഴും സ്ത്രീകളുടെ ഭാഗത്ത് കയ്യടി ശബ്ദം ഉയര്‍ന്നു നിന്നു.

ഏറ്റവും പിന്നില്‍ നിന്ന യുവാക്കളുടെ സംഘത്തില്‍ മാത്രം മരണ വീടിന്റെ നിശബ്ദത. ഒടുവില്‍ പഞ്ചായത്ത് മെമ്പറുടെ ആശംസാപ്രസംഗം. പോലീസ് സ്റേഷനും മറ്റു തല്ലുകൊള്ളിത്തരങ്ങളും ഉള്‍പടെ അവരുടെ അഭയസ്ഥാനവും പ്രതീക്ഷയുമായിരുന്നു അദ്ദേഹം. ബഹുമാന്യനായ മെമ്പര്‍ എന്ത് പറയും എന്നറിയാനായിരുന്നു പുള്ളിയെ നന്നായി അറിയാവുന്നവര്‍ക്കൊക്കെ ആകാംഷ...

"ഇത്രെയും നേരം നിങ്ങള്‍ കാത്തു നിന്ന് മടുത്തതിനാല്‍ ഞാന്‍ ഏറെയൊന്നും പറയുന്നില്ല. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ മദ്യം ശരീരത്തിന് അത്ര നല്ലതല്ല. പ്രായമായവരുടെ കാര്യം പോട്ടെ. പിള്ളേര്‍ അടിക്കുമ്പോള്‍ നന്നായി ഭക്ഷണം കഴിക്കുകയോ കുറഞ്ഞ പക്ഷേം എന്തെങ്കിലും തൊട്ടു കൂട്ടുകയോ ചെയ്യണം......."

യുവാക്കള്‍ നിന്ന ഭാഗത്ത് നിന്നും മുടിഞ്ഞ കൈയ്യടി... വികാരിയച്ചന്‍ മൈക്ക് ഒപ്പറെറ്ററെ ഒന്ന് നോക്കി ഉടനെ കറന്റ്‌ പോയി. കര്‍ട്ടന്‍ വീണു. യോഗം പിരിച്ചു വിട്ടതായി പ്രഖ്യാപിക്കപ്പെട്ടു.

വീട്ടിലെത്തിയപ്പോള്‍ മുദ്രാവാക്യം വിളിച്ച ഫാദറിന്റെ ഒച്ച പോയിരുന്നു. പിറ്റേന്ന് രാവിലെ അരിപ്പെട്ടിപ്പുറത്ത് കണ്ട ഗ്ലാസില്‍ കുരുമുളക് പൊടിയും റമ്മിന്റെ സ്മെല്ലും ഉണ്ടായിരുന്നു.

No comments:

Post a Comment