Monday, August 22, 2016

ഫെമിനിസ്റ്റ് ട്രാക്ക്

പ്രിയ വനിതാ കായിക താരങ്ങളോട്,
കളിക്കളത്തോട് വിടചൊല്ലി സമ്മര്‍ദങ്ങളില്ലാതെ സ്വസ്ഥമായിരിക്കുന്ന കാലത്ത് നിങ്ങള്‍ക്ക് ചെയ്യാവുന്ന ഒന്നുണ്ട്. ദയവായി എഴുതുക.
ഷോര്‍ട്ട്സ് അണിഞ്ഞ് ആദ്യമായി ഇറങ്ങിയപ്പോള്‍ നാട്ടുകാരില്‍നിന്നു കേട്ട പരിഹാസം മുതല്‍, കേന്ദമന്ത്രിയുടെ ലൈംഗിക ചുവയുള്ള ഭാഷണങ്ങള്‍വരെ.... ഈകാലത്തിനിടയില്‍ ട്രാക്കിന് അകത്തും പുറത്തും എത്രയെത്ര പീഡനശ്രമങ്ങളെ നിങ്ങള്‍ അതിജീവിച്ചിട്ടുണ്ടാവാം. ഹോസ്റ്റല്‍ മുറിയില്‍, ട്രെയിനിലെ യാത്രയില്‍, ഫിസിയോയുടെ 'തടവലില്‍'.. .അങ്ങനെ ഒരു പാട് പറയാനുണ്ടാകുമല്ലോ നിങ്ങള്‍ക്ക്.
എഴുത്തെന്ന് കേള്‍ക്കുമ്പോള്‍ അത് സാഹിത്യമാണെന്ന് തെറ്റിദ്ധരിച്ച് ഉള്‍വലിഞ്ഞു കളയരുത്. ആണുങ്ങളെ ലക്ഷ്യം വെച്ച് ഇക്കിളിപ്പെടുത്തുന്ന ഭാവനകള്‍ അനുഭമെന്ന വ്യാജേന എഴുതിപ്പൊലിപ്പിച്ച് ഫെമിനിസം ഘോഷിക്കുന്ന പെണ്ണെഴുത്തുകാരെക്കാള്‍ നിങ്ങളെ ജനം ഇരുകയ്യും നീട്ടി സ്വീകരിക്കും. കിട്ടാത്ത മുന്തിരിപോലെയാണ് ആണെഴുത്തുകാരുടെ വിവരണവും. ഇങ്ങനെ എഴുത്തിലെ കപടത തിരിച്ചറിഞ്ഞ വായനക്കാര്‍ ഇന്ന് സത്യസന്ധമായതെന്തന്ന അന്വേഷണത്തിലാണ്.
ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ നിങ്ങള്‍ നടത്തുന്ന കായിക പരിശ്രമത്തെക്കാള്‍ ശ്രമകരമായ സ്വാഭിമാന സംരക്ഷണം നിങ്ങള്‍ക്ക് പിന്നാലെ വരുന്നവര്‍ അറിയേണ്ടതുണ്ട്. പ്രതിരോധിക്കേണ്ടതുണ്ട്. ഒരുപക്ഷേ എഴുത്തിലൂടെ നിങ്ങള്‍ നടത്തുക ഇന്നലെവരെ ചെയ്തതിനേക്കാള്‍ വലിയ രാജ്യസേവനമാകാം. അതൊരു സാമൂഹിക പ്രവര്‍ത്തനമാണ്, അഴുക്കുകളുടെ വെടിപ്പാക്കലാണ്. ഒരിക്കലും ഓര്‍ക്കെരുതെന്നു കരുതി എങ്ങോ ഒളിപ്പിച്ച പല നിസ്സഹായ അവസ്ഥകളോടും പേനയെടുക്കുമ്പോള്‍ നിങ്ങള്‍ നന്ദി പറഞ്ഞേക്കാം.
ചട്ടയും മുണ്ടും, പര്‍ദ്ദയും സെറ്റ്സാരിയും ഒക്കെ ധരിച്ച് ട്രാക്കിളിലിറങ്ങി ഗോള്‍ഡ്‌ മെഡല്‍ അടിക്കാന്‍ പ്രാപ്തിയുള്ള കൊച്ചമ്മമാര്‍ ഇവിടുണ്ട്. അതവര്‍ വേണ്ടന്ന് വെയ്ക്കുന്നത് കുലീനത്തം ഉള്ളതുകൊണ്ടാണ്. അവരെ അടിച്ചുതെളിച്ചുകൊണ്ട്‌ സാംസ്കാരിക കൊച്ചേട്ടന്‍മാരുമുണ്ട്. തീര്‍ച്ചയായും വിവാദങ്ങള്‍ക്ക് സ്കോപ്പുണ്ട്. അതുകൊണ്ട് നിങ്ങള്‍ എഴുതിയാല്‍ മാത്രം മതി. കായികമന്ത്രാലയത്തിന്റെ പെന്‍ഷന്‍ ഇല്ലെങ്കിലും ജീവിക്കാനുള്ള വക അതുകൊണ്ട് കിട്ടിയേക്കാം.

1 comment:

  1. ന്യൂസ് ഹവറുകള്‍ക്ക് വിഷയമാകും എന്നല്ലാതെ എന്ത് പ്രയോജനം അനിയാ

    ReplyDelete