Wednesday, August 17, 2016

നയതന്ത്രം

കുറുപ്പുമാഷിന്റെ മകളുടെ കല്യാണം. തികഞ്ഞ മദ്യപാനിയും അശ്ലീല ഭാഷിയും സ്ത്രീകളെ വഴി നടത്താത്തവനുമായ അലവലാതി ഷാജി കര്‍മ്മോന്മുഖനായി പന്തിയില്‍ സദ്യ വിളമ്പുന്നത് കണ്ട്‌ അവറാച്ചന് മുതലാളി ക്ഷോഭിച്ച് ഊണു കഴിക്കാതെ മടങ്ങി. വീട്ടില്‍ കേറ്റാന്‍ കൊള്ളാത്ത ഇവനെയൊക്കെ മാന്യന്മാര്‍ക്കൊപ്പം ക്ഷണിച്ച മാഷിനോട് അവജ്ഞ തോന്നി. ഒരു കാര്യം തീര്‍ച്ചപ്പെടുത്തി, തന്റെ വീട്ടില്‍ ഒരു ചടങ്ങുണ്ടെല്‍ ഇമ്മാതിരി അലമ്പിനെയൊന്നും ആ പരിസരത്ത് അടുപ്പിക്കില്ല.
അവറാച്ചന്റെ മകന്റെ കല്യാണം നിശ്ചയം. തീരുമാനിച്ചുറച്ചപോലെ ഷാജിെ ഒഴികെ സകല മാന്യന്മായും ക്ഷണിച്ചു. കെങ്കേമ സദ്യ. അപ്പോള്‍ ഉച്ചനേരത്ത് അപ്പുറത്തു നിന്ന് മുട്ടന്‍ തെറിവിളി.
"നായീന്റെ മോളേ, നിനക്ക് മറ്റവനോടുള്ള ഇടപാട് ഇതുവരെ തീര്‍ന്നില്ലേടീ.. ചെല്ലടി, ചെന്ന് വിഴുങ്ങടി.. മ**$@*%".."
നൈസായി ശാപ്പാട് തട്ടിക്കൊണ്ടിരിക്കുന്ന ബന്ധുക്കാര്‍ക്ക് കല്ലുകടിച്ചു. ഏത് ഇടപാട്...? അവര് അവറാച്ചനെയും മകനെയും മാറിമാറി നോക്കി. ചില അഭ്യുദയകാംക്ഷികള്‍ ഷാജിയെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തി.
"ദേ.. അപ്പുറത്ത് ഒരു ചടങ്ങ് നടക്കുവല്ലേ.. ഇവിടെക്കിടന്ന് ഇങ്ങനെബഹളം വെച്ചാലോ..."
'പോടാ...മൈ#$ എന്റെവീട്, എന്റെ ഭാര്യ, ഞാന്‍ കാശുമുടക്കി കുടിച്ച കള്ള്...."
നിന്ന് നാറേണ്ടന്ന്‍ കരുതി അവര് സ്കൂട്ടി. താമസിയാതെ ബന്ധുക്കാരും സ്കൂട്ടി.
രണ്ടുവീട് അപ്പുറമുള്ള കുറുപ്പുമാഷ്‌ എന്തിനാണ് അലവലാതി ഷാജിയെ കാര്യക്കാരനാക്കിയത് എന്നതിന്റെ ഗുട്ടന്‍സ് അപ്പോഴാണ്‌ അവറാച്ചനു പിടികിട്ടിയത്.
ഇന്ത്യാ-പാക്ക് നയതന്ത്ര ചര്‍ച്ചകള്‍ കാലാകാലങ്ങളായി പഴയ കുറുപ്പന്‍മാര്‍ തുടര്‍ന്നിരുന്നത് ഗുണമുണ്ടായിട്ടല്ല ബുദ്ധിയുള്ളതുകൊണ്ടാണ്.

1 comment: