Saturday, August 13, 2016

നെഹ്രുട്രോഫിയും റേഡിയോ കമെന്ററിയും

ഇന്ന്‍ നെഹ്രു ട്രോഫി വള്ളംകളിയാണ്. കുട്ടനാട്ടിലെ ഒളിമ്പിക്സ് എന്നൊക്കെ കമന്ട്രിക്കാരും കളിപ്രേമികളും ഒരോളത്തിനു പറയുമെങ്കിലും ജലമാമാങ്കമെന്നോ ജലമേളയെന്നോ മലയാളിത്തമുള്ള വിളിയാണ് കേള്‍ക്കാനിഷ്ടം.
ചുണ്ടന്‍ വള്ളത്തിനുള്ളിലെ അനുഭവ പരിചയമൊന്നുിമില്ല, അധികം വള്ളംകളികളും കണ്ടിട്ടില്ല. എങ്കിലും സീസണാകുമ്പോള്‍ ഒരു കിടുകിടുപ്പ്, തരിപ്പ്. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ പ്രത്യേകിച്ച് ഉത്തരമില്ല, രക്തത്തിലുള്ളതാവാം. അച്ചായന്‍ ചുണ്ടന്‍വള്ളത്തില്‍ താളക്കാരനായിരുന്നെന്ന്‍ കേട്ടിട്ടുണ്ട്. ഞാന്‍ ജനിക്കുന്നതിനു മുന്‍പാണത്. കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല. ഞങ്ങളുടെ നാട്ടുകാരുടെ സെന്റ്‌.ജോര്‍ജ്ജ് ചുണ്ടന്‍ എന്റെ ഓര്‍മ്മയില്‍ കപ്പടിച്ചിട്ടില്ല. എങ്കിലും ഓരോ വള്ളംകളിക്കും ആ ശുഭവാര്‍ത്ത കേള്‍ക്കുമെന്ന പ്രതീക്ഷയിലായിരുന്നു അച്ചായന്‍ കാത്തിരുന്നത്.
കക്ഷി റേഡിയോയില്‍ നെഹ്രുട്രോഫിയുടെ കമന്ററി കേള്‍ക്കാന്‍ ഇരിക്കുന്നതു തന്നെ വലിയ തയ്യാറെടുപ്പോടെയാണ്. ടെലിവിഷനില്‍ തത്സമയ സംപ്രേഷണമൊക്കെ പിന്നീട് വന്നെങ്കിലും ആകാശവാണിയില്‍ വി.വി ഗ്രിഗറിയും പി.ഡി ലൂക്കുമൊക്കെ വാക്കുകളുടെ പെരുക്കത്തില്‍ കോരിത്തരുപ്പിക്കുന്നതില്‍ ലയിച്ചിരിക്കാനായിരുന്നു താത്പര്യം. അന്ന്‍ ഓണസദ്യക്കെന്ന പോലെ നേരത്തെ കുളിച്ചൊരുങ്ങി വാഴയിലയില്‍ ശാപ്പാടും തട്ടി, റേഡിയോ വെച്ചിരിക്കുന്ന മേശക്കരികില്‍ കസേര വലിച്ചിട്ട് ഒരിരിപ്പാണ്. മേശപ്പുറത്ത് നാലഞ്ചു പുത്തന്‍ ബോണ്ട് പേപ്പറുകള്‍, റൂള്‍ തടി, ഹീറോ പേന. വള്ളങ്ങളുടെ പേര് ഹീറ്റ്സ് അനുസരിച്ച് കോളം തിരിച്ച് എഴുതി വെക്കും. ഫിനിഷ് ചെയ്ത സമയമൊക്കെ പച്ചയും ചുവപ്പും നിറങ്ങളില്‍ മാര്ക്ക് ചെയ്ത് സൂക്ഷിക്കും. ആ ഡയറികള്‍ ഇന്നെവിടെയാണോ..? ആദ്യ ഹീറ്റ്സില്‍ തന്നെ ഞങ്ങളുടെ കരക്കാരുടെ വള്ളത്തിന്റെ കാര്യം തീരുമാനമാകും. അപ്പോള്‍ ആവേശം അഞ്ചു ശതമാനം കുറയും. ‘ആ പൊട്ടവള്ളം വിറകിനേ കൊള്ളൂ’ എന്ന്‍ ഞാനും പെങ്ങന്മാരും കളിയാക്കും. അമ്മച്ചിക്ക് കൂറ് ചമ്പക്കുളത്തെ നടുഭാഗം വള്ളത്തോടാ. അന്നാട്ടുകാരിയായതുകൊണ്ടും നെഹ്രു കയറിയ വള്ളമായതുകൊണ്ടും ഞങ്ങളതങ്ങു ക്ഷമിക്കും.
രണ്ടു കൊല്ലം മുന്‍പ് കരക്കാര്‍ പുതിയ സെന്റ്‌.ജോര്ജ്ജ് വള്ളം പണിത് നീറ്റിലിറക്കി. അതൊന്ന് ജയിച്ചു കാണണമെന്ന് വലിയ ആശയായിരുന്നു അച്ചായന്. 2014 ലെ നീരേറ്റുപുറം വള്ളം കളിക്ക് എന്റെ കൈപിടിച്ചാണ് കളി കാണാന്‍ ഇറങ്ങിയത്. നല്ല ജനത്തിരക്ക്, നില്ക്കാനും ബുദ്ധിമുട്ട്. പെന്ഷന്‍ വാങ്ങാന്‍ പോകുമ്പോള്‍ കണ്ടു പരിചയമുള്ള ട്രെഷറി ആഫീസിലെ ജീവനക്കാരി വീട്ടില്‍ നിന്നൊരു കസേരകൊണ്ടുവന്ന്‍ ഇട്ടുകൊടുത്തു, ആറ്റിറമ്പില്‍ കളികാണാന്‍ പാകത്തിന്. നല്ല മത്സരമായിരുന്നു പക്ഷേ വള്ളം തോറ്റു. കഴിഞ്ഞ വര്‍ഷത്തെ നെഹ്രുട്രോഫിയുടെ ട്രയലുകള്‍ കാണാന്‍ പോയത് എന്റെ മകന്റെ കൈപിടിച്ചാണ്. ഇനിയൊരു വള്ളംകളിക്ക് അച്ചായന്‍ ഇല്ലെങ്കിലും തലമുറയില്‍ ആ ആവേശം അവശേഷിപ്പിച്ചാണ് പോയതെന്ന് തോന്നുന്നു.
ഓളങ്ങള്‍ ഇല്ലാത്ത ദേശത്തിരിക്കുമ്പോഴും ഒരുമയുടെ തുഴതാളവും ആഴത്തിലുള്ള കുത്തിയേറുകളും അകലെ നിന്നു കേള്‍ക്കാനാവുന്നുണ്ട്. എങ്കിലും സ്വപ്നങ്ങളില്‍ വള്ളത്തിന്റെ കുതിപ്പില്‍ തെറിച്ചുപോയ അമരത്തെ ഒരു പങ്കായക്കാരനും ഫിനിഷിങ്ങിനു മുന്‍പ് തുഴയൊടിഞ്ഞു പോയ ഒന്നാം തുഴക്കാരനുമാണെന്നു മാത്രം.

1 comment:

  1. അച്ചായന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ പ്രണാമം

    ReplyDelete