Wednesday, July 22, 2015

സര്‍വേ ഓഫ് തൊന്തരവ്‌സ്

"നാളെയെക്കുറിച്ച് സാര്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മക്കളുടെ ഭാരിച്ച വിദ്യാഭ്യാസ ചിലവുകളെപ്പറ്റി?"

അയ്യോ ഇല്ല! (എന്നാലും ആരാ ഈ രാവിലെ?)

"സാറുമായി ഒരു മീറ്റിങ്ങിന് ഞങ്ങളുടെ എജ്യുക്കേഷണല്‍ കണ്സല്‍ട്ടന്റ് സ്ഥലവും സമയവും തീരുമാനിച്ചു കഴിഞ്ഞു."

അതെയോ? ഞാനറിഞ്ഞില്ല!!?

"ലിസണ്‍ സര്‍, മൂത്ത മകന് പതിനാറു വയസാകുമ്പോള്‍ സാര്‍ മൂത്ത് നരച്ചൊരു പരുവമാകില്ലേ? പേടിക്കേണ്ട. കൃത്യമായ ഇന്‍വെസ്റ്റ്‌മെന്റ് വഴി അവനെ അമേരിക്കയിലും അന്റാര്‍ട്ടിക്കയിലും വിട്ടു പഠിപ്പിച്ച് തിരികെ കേരളത്തില്‍ എത്തിക്കാം..."

കുട്ടനാട്ടില്‍ വിളവിറക്കാന്‍ അവന്‍ അന്റാര്‍ട്ടിക്ക വരെ പോകേണ്ടതുണ്ടോ? (ആത്മഗതം)

"വെല്‍, ഞങ്ങളുടെ SIT (സര്‍വേ ഓഫ് ഇമ്മാതിരി തൊന്തരവ്‌സ്) റിസര്‍ച്ച്സ് പ്രകാരം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ജീവിതം ദുഷ്കരമാകും .........  "

നെടുങ്കന്‍ വിശകലനങ്ങള്‍, ഉപദേശങ്ങള്‍ , ഡയലോഗുകള്‍...
ആദ്യമൊക്കെ മൂളി മൂളി നിന്നു. പിന്നെയൊന്നു മുള്ളാന്‍ പോയി. പാന്‍ട്രിയില്‍ നിന്ന് ഒരുകപ്പ് ചായ എടുത്തു തിരികെ വന്ന് മേശപ്പുറത്തിരുന്ന മൊബൈല്‍ എടുത്തു ചെവിയി വെച്ചു നോക്കി. ഇല്ല ആള് മരിച്ചിട്ടില്ല. സര്‍വേ കണ്ടിന്യൂസ്...!

(സ്മാര്‍ട്ട്ഫോണ്‍ യുഗത്തില്‍ ഡാറ്റബേസും കോണ്ടാക്റ്റ്സും സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടില്ല. ആര്‍ക്കും ആരെയും വിളിക്കാം. സ്വാഭാവികം! കേള്‍ക്കാന്‍ സൌകര്യമുണ്ടോ എന്ന് ചോദിക്കേണ്ടത് മര്യാദ. വേണ്ടാന്നു പറഞ്ഞാല്‍ വെറുതെ വിടുക. അല്ലാണ്ട് അധികം അങ്ങ് ഒണ്ടാക്കരുത്. ടാങ്ക്യൂ.)

Wednesday, July 1, 2015

വൃഥാ

മഴയില്‍  കുതിരവേ മരമോര്‍ത്തു
തുവര്‍ത്തിയാല്‍ നന്നായിരുന്നു.
അതുകേട്ട കാറ്റ് ചിരിച്ചു; മടിയില്ല.
ഇരമ്പലില്‍ ഇലകള്‍ വിറച്ചു; വേരറ്റു.
കടപുഴകിയ കുഴിയില്‍ മഴവെള്ളം
മണ്ണിന്‍ ഉള്ളുനിറച്ചൊരു ചെറുകുളം.
കാറ്റേ നന്ദി, കാലമെത്രയായി നില്‍ക്കുന്നു.
ആത്മനിര്‍വൃതിയില്‍ ചാഞ്ഞുറങ്ങവേ
ഈര്‍ച്ചവാളിന്‍ മൂര്‍ച്ചയറിഞ്ഞു;
പടുമരത്തിന്‍ പ്രാണന്‍ പിടഞ്ഞു.
കണ്ണടയും മുന്‍പായ്‌ ഒരു ജെ.സി.ബി
മണ്ണുവാരിയിട്ടു; കുളം മങ്ങിയൊരോര്‍മ്മയായ്.

Sunday, June 21, 2015

അസതോമാ..

ക്രിസ്തു ശിഷ്യനായ തോമാശ്ലീഹക്ക് ഇന്ത്യയിലെ തന്റെ ബിസ്സി ഷെഡ്യൂളിനിടെ ഏഴര പള്ളികളുടെ 'സ്വിച്ച്ഓണ്‍' കര്‍മ്മം നിര്‍വഹിക്കേണ്ടതുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ തദവസരത്തില്‍ കറന്റ് ഇല്ലാതെ വരികയും ഉത്ഘാടനകര്‍മ്മം നിര്‍വഹിക്കാന്‍ മറുവഴി കണ്ടെത്തേണ്ടി വരികയും ചെയ്തു. 
അന്നേരം പെട്ടന്ന് അവൈലബിളായ നിലവിളക്കിനു മുന്‍പില്‍ നില്‍ക്കവേ 'റാംജി റാവൂ സ്പീക്കിങ്ങിറില്‍ ഒപ്പിടാന്‍ നേരം സായ്കുമാര്‍ കേട്ട പോലെ 'അവനവന്‍ കുഴിക്കുന്ന കുഴികളില്‍ കുടുങ്ങുമ്പോള്‍ ഗുലുമാല്‍..." എന്ന ഈണത്തില്‍ രണ്ടു ശ്ലോകം കേട്ടു.
ഒന്ന്‍, 'വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം'. നെക്സ്റ്റ് വണ്‍ 'അസ'തോമാ സത്ഗമയ തമസോമാ ജ്യോതിര്‍ഗമയ'. 


എന്തുകൊണ്ടോ രണ്ടാമത്തെ പാട്ടിലെ 'അസതോമാ' എന്ന വാക്കിലെ 'തോമാ' വിളി അദ്ദേഹത്തിന് 'ക്ഷ' പിടിക്കുകയും അങ്ങേര് സംശയലേശമന്യേ വിളക്ക് കൊളുത്തുകയും ചെയ്തു. 


അന്ന് മുതല്‍ ക്രിസ്ത്യാനികള്‍ക്ക് മീന്‍ പിടിക്കുമ്പോള്‍ റാന്തല്‍ തെളിക്കുന്നതിനോ ബീഡി വലിക്കാന്‍ ലൈറ്റര്‍ ഉപയോഗിക്കുന്നതിനോ പടക്കത്തിനു തീ കൊളുത്തുന്നതിനോ വിലക്കില്ല.

Tuesday, June 16, 2015

അച്ഛന്റെ ദുഃഖം

"ഇവിടെ നിര്‍ത്തടാ മോനേ..ഒരു മിനിട്ട്"
അല്‍റിഗ്ഗാ റോഡിലൂടെ അര്‍ദ്ധരാത്രിയില്‍ വണ്ടിയോടിച്ചു പോകവേ ആന്റണിച്ചേട്ടന്‍ പതിവുപോലെ സെന്റി'മെന്റ'ലായി.

തുടങ്ങി അങ്ങേരുടെ സൂക്കേട്, മെണ്ടമടിച്ചാല്‍ പിന്നെ ബാക്കിയുള്ളോര്‍ക്കാ പണി. പോയിക്കിടന്ന് ഉറങ്ങ്, നാളെ പണിക്ക് പോകേണ്ടതാ..

"ഡാ നിനോക്കൊന്നും പറഞ്ഞാല്‍ മനസിലാവില്ല. ഒരച്ഛന്റെ ദുഃഖം. കെട്ടിച്ചു വിട്ട മോളേപ്പോലെയാ എനിക്കിവള്‍. കഷ്ടപ്പെട്ട് അധ്വാനിച്ച പണംകൊണ്ട് ഞാന്‍ തന്നെ മുന്‍കൈ എടുത്ത് കെട്ടിച്ചതാ.."

"എന്തുവാടെയ് ഇത്? വലിച്ച് അകത്തിട് ഇല്ലേല്‍ വേറെ വല്ല വണ്ടിയും കേറി ചാകും."

ഇതൊന്നും കണ്ടു ശീലമില്ലാത്ത കൂടുകാരന്‍ അമ്പരന്നു. സ്ട്രീറ്റ് ലൈറ്റ് പോസ്റ്റില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന അച്ചായനെ പാടുപെട്ട് പറിച്ചെടുത്ത് വണ്ടിയിലിട്ടു.

ആന്റണിചായന്റെ ദുഃഖം അവനും അറിയണം.

'ഡാ നാലഞ്ചു കൊല്ലം മുന്‍പ് ഇതുപോലൊരു പാതിരാത്രിയില്‍ അടിച്ചു പിമ്പിരിയായി ആ കണ്ട പോസ്റ്റും ലൈറ്റും അത് നിന്നിരുന്ന ഡിവൈഡറും വണ്ടിയിടിച്ച് തകര്‍ത്ത് ഈ പിഞ്ചു ഹൃദയമുള്ള മനുഷ്യനാണ്. ദുബായ് മുനിസിപ്പാലിറ്റി അങ്ങേരെക്കൊണ്ടു തന്നെ അത് മൊത്തം പണിയിപ്പിച്ചു.

"പണിയിപ്പിച്ചു എന്ന് പറഞ്ഞാല്‍..?"
എന്ന് പറഞ്ഞാല്‍, പണിയെടുക്കേണ്ട. കണ്ടു നിന്നാല്‍ മതി. കാശ് മൊത്തം അങ്ങേരുടെ. ഫൈന്‍ വേറെ. ലൈസന്‍സ്  കണ്ടുകെട്ടി.എല്ലാം കൂടി ഒരു പെണ്ണിനെ കേട്ടിക്കേണ്ട തുക ചിലവായിട്ടുണ്ട്. അതാണ്‌ ഈ അച്ഛന്റെ ദുഃഖം.!

Wednesday, June 10, 2015

അവശ്യസാധനം

'എന്തവായെടോ?'
ഒക്കെ റെഡിയാണ് സര്‍. പക്ഷേ ഒരു കുഴപ്പം. മറ്റേ സാധനം കിട്ടിയിട്ടില്ല.
അക്ഷമനായ മന്ത്രിയോട് പ്രൈവറ്റ് സെക്രട്ടറി അടക്കംപറഞ്ഞു.
ലക്ഷ്യസ്ഥാനത്തേക്ക് പോകവേ ചെറു കവലയില്‍ വണ്ടിയൊതുക്കി മടങ്ങിവന്ന പി.എ നിരാശനായിരുന്നു.
സാറേ...ഇവിടെയുമില്ല.
'ഏത് പട്ടിക്കാടാടോ ഇത്.'?
കലിപ്പടക്കാനാവാതെ പുറത്തിറങ്ങി, ഡോര്‍ വലിച്ചടച്ച്, മനശാന്തിക്കായി യോഗമുറ വശമില്ലാത്തതിനാല്‍ ഒന്നു മൂത്രമൊഴിക്കാമെന്നു വെച്ച്  പൊന്തകാടിനോട് ചേര്‍ന്ന്‍ മന്ത്രി മുണ്ടുപൊക്കി.
'ദാ നമ്മുടെ നേതാവ്'
ഏതോ പ്രതിഷേധ ജാഥക്കാര്‍ അവിചാരിതമായി മന്ത്രിയെക്കണ്ട് ആവേശംപൂണ്ടു. ഉടനേ കഴുത്തില്‍ പ്ലാസ്റ്റിക് പൂമാല വീണു. മുണ്ട്‌ താഴ്ത്തി മന്ത്രി അത് ഏറ്റുവാങ്ങി. ജയ്‌ വിളികളോടെ അങ്ങേരെ ചുമന്ന്‍ സമരപ്പന്തലില്‍ എത്തിച്ചു.
'നമ്മുടെ പ്രതിഷേധത്തിന് ശക്തി പകരുവാന്‍, യാതൊരു അറിയിപ്പുമില്ലാതെ യാത്രാമധ്യേ എത്തിച്ചേര്‍ന്ന പ്രിയ നേതാവിനായി ഞാന്‍ മൈക്ക് കൈമാറുന്നു. '
'നില്‍ക്കണോ അതോ പോകണോ?' തടിയൂരാനാകാതെ വെട്ടിലകപ്പെട്ട മന്ത്രി വാക്കുകള്‍ക്കായി പരതി.
'കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ജീവിതം തന്നെ ദുസ്സഹമാക്കിയിരിക്കുന്നു. എന്ത് മൈ..മൈ...(അതുവേണ്ട) മ്ലേച്ചമായ ... വികസനമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്? അവശ്യസാധനങ്ങളായ പാല്, പച്ചക്കറി, പോത്തിറച്ചി എന്നിവ സാധാരണക്കാരന് കിട്ടാക്കനിയായിരിക്കുന്നു. എന്തിന്, ഒരു 'ഉറ' പോലും ഈ അങ്ങാടിയില്‍ ലഭ്യമാണോ?

പുരുഷാരം സംശയഭാവേ മുഖാമുഖം നോക്കി. പാല്‍ക്കാരി ജാനു ആരാധനയോടെയും.

'ധീരാ വീരാ നേതാവേ..."
ഉറച്ച മുദ്രാവാക്യം വിളിയോടെ പി. എ തന്നെ ആ കണ്ഫ്യൂഷാന്തരീക്ഷത്തിന്  അറുതിവരുത്തി.
ഒരു സമൂഹത്തിന്റെ ഏറ്റവും ചെറിയ പ്രശ്നങ്ങളില്‍ പോലും ബദ്ധശ്രദ്ധനായ നേതാവിനെ തോളിലേറ്റി അവര്‍ കാറിലേക്ക് ആനയിച്ചു.

Tuesday, June 2, 2015

ബീരാങ്കുട്ടിയുടെ ദാര്‍ശനികത

'ഇതിനു ഗ്യാരന്റിയുണ്ടോ?'

കസ്റ്റമറുടെ ചോദ്യം.

സെയില്‍സ്മാന്‍ ബീരാന്‍കുട്ടി ഒരു പരിണാമത്തിന്റെ പാതയിലായിരുന്നു.
നിരന്തരമായ എഫ്.ബി ചര്‍ച്ചകളുടെയും പോസ്റ്റുകളുടെയും സ്വാധീനത്തില്‍ അഗാധമായ ചിന്തയുടെ ആഴത്തില്‍ ഇറങ്ങി നടന്ന അദ്ദേഹം അനുദിനം 'ഒരു ഇന്റലക്ച്വലാകാനുള്ള ശ്രമത്തിലായിരുന്നു.


"ഇതിനോ...? ഗ്യാരന്റിയോ..? ഹ...ഹ..ഹ..ഹ..!"
വിജനതയിലേക്ക് ദൃഷ്ടിയൂന്നി ബീരാന്‍കുട്ടി പൊട്ടിച്ചിരിച്ചു.
അന്തംവിട്ടു നിന്ന കസ്റ്റമറെ അമച്ച്വര്‍ നാടക നടന്റെ വഴക്കത്തോടെ വെട്ടിത്തിരിഞ്ഞുനോക്കി അദ്ദേഹം ചോദിച്ചു.

'ഈ ലൈഫിന് എന്ത് ഗ്യാരന്റി മിസ്ടര്‍, അപ്പോഴാണോ ചൈനയുടെ ചട്ടുകത്തിന്?!

കണ്ണു തള്ളി നില്‍ക്കുന്ന കസ്റ്റമറില്‍ ജിജ്ഞാസാലുവായ ഒരു ശ്രോതാവിനെ ബീരാന്‍കുട്ടി കണ്ടു.

" ഉദാഹരണത്തിന് സ്കൂട്ടര്‍ ഓടിച്ചു വന്ന താങ്കള്‍ വന്നപോലെ തിരികെ വീട്ടില്‍ എത്തുമെന്നതിന് എന്ത് ഗ്യാരന്റി?"

ചെകിടടയ്ക്കുന്ന ഒരു ശബ്ദം! കണ്ണിലൂടെ പൊന്നീച്ച..!
കാറ്റത്ത് വാഴ മറിയുംപോലെ ബീരാങ്കുട്ടി നിലത്തേക്ക് പെടന്നു.

Thursday, May 7, 2015

ഒരു നാരങ്ങാവെള്ളം കാച്ചിയാലോ?

പുണ്യാളന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം തെക്കുപടിഞ്ഞാറേ നട കടന്നു പോയി. കൊടും വെയ് ലിലും  തിരക്കിലും വലഞ്ഞ ജനം പള്ളിവക ന്യായവില സ്ടാളിലേക്ക് തള്ളിക്കയറി. ദാഹം തീര്‍ക്കണം. വരണ്ട ഭൂമിയില്‍ ചാറ്റമഴ തൂകിയ പോലെ നാരങ്ങാവെള്ളത്തിന്റെ കുപ്പികള്‍ കാലിയായി. തീരുന്ന മുറയ്ക്ക്  കെയ്സുകള്‍ വീണ്ടും നിറയ്ക്കാന്‍ വാളണ്ടിയര്‍മാര്‍ സ്റ്റോര്‍ റൂമിലേക്ക് ഓടി.
ഒരു കുപ്പി അകത്തു ചെന്നപ്പോള്‍ പരവേശം ലേശം ശമിച്ചോരു അണ്ണാച്ചി പരാതിപ്പെട്ടു
 'തമ്പീ ഇതോ പോഞ്ചി വെള്ളം? ടെസ്റ്റില്ല, ഷുഗറില്ല!'
'വേണമെങ്കില്‍ കുടിച്ചിട്ടു പോഡേയ് പാണ്ടി..'(ആത്മഗതം)
എന്നാല്‍ വെള്ളം കുടിച്ച നാട്ടുകാര്‍ക്കും ഇതേ അഭിപ്രായം.
എന്തായാലും കാലാവസ്ഥ അനുകൂലമായതുകൊണ്ടു കച്ചവടം പൊടിപൊടിക്കുന്നുണ്ട്‌. കുടിച്ചുകഴിഞ്ഞാല്‍ കാശ് വെയ്.
തിരക്ക് അല്പം ഒതുങ്ങിയപ്പോള്‍ സ്റ്റോര്‍ റൂമില്‍ ഒന്നു പോയി. അവിടെ തകൃതിയായി കുപ്പികള്‍ നിറച്ചുകൊണ്ടിരിക്കുന്നു. ഇതയും വെള്ളം വിറ്റിട്ടും വീണ്ടും രണ്ടു ബക്കറ്റ് ബാക്കിയോ?
അല്ല. ഇത് കുപ്പി കഴുകാന്‍ വെച്ചിരുന്ന ബക്കറ്റ് അല്ലെ?
ആണോ?
!!