Wednesday, June 10, 2015

അവശ്യസാധനം

'എന്തവായെടോ?'
ഒക്കെ റെഡിയാണ് സര്‍. പക്ഷേ ഒരു കുഴപ്പം. മറ്റേ സാധനം കിട്ടിയിട്ടില്ല.
അക്ഷമനായ മന്ത്രിയോട് പ്രൈവറ്റ് സെക്രട്ടറി അടക്കംപറഞ്ഞു.
ലക്ഷ്യസ്ഥാനത്തേക്ക് പോകവേ ചെറു കവലയില്‍ വണ്ടിയൊതുക്കി മടങ്ങിവന്ന പി.എ നിരാശനായിരുന്നു.
സാറേ...ഇവിടെയുമില്ല.
'ഏത് പട്ടിക്കാടാടോ ഇത്.'?
കലിപ്പടക്കാനാവാതെ പുറത്തിറങ്ങി, ഡോര്‍ വലിച്ചടച്ച്, മനശാന്തിക്കായി യോഗമുറ വശമില്ലാത്തതിനാല്‍ ഒന്നു മൂത്രമൊഴിക്കാമെന്നു വെച്ച്  പൊന്തകാടിനോട് ചേര്‍ന്ന്‍ മന്ത്രി മുണ്ടുപൊക്കി.
'ദാ നമ്മുടെ നേതാവ്'
ഏതോ പ്രതിഷേധ ജാഥക്കാര്‍ അവിചാരിതമായി മന്ത്രിയെക്കണ്ട് ആവേശംപൂണ്ടു. ഉടനേ കഴുത്തില്‍ പ്ലാസ്റ്റിക് പൂമാല വീണു. മുണ്ട്‌ താഴ്ത്തി മന്ത്രി അത് ഏറ്റുവാങ്ങി. ജയ്‌ വിളികളോടെ അങ്ങേരെ ചുമന്ന്‍ സമരപ്പന്തലില്‍ എത്തിച്ചു.
'നമ്മുടെ പ്രതിഷേധത്തിന് ശക്തി പകരുവാന്‍, യാതൊരു അറിയിപ്പുമില്ലാതെ യാത്രാമധ്യേ എത്തിച്ചേര്‍ന്ന പ്രിയ നേതാവിനായി ഞാന്‍ മൈക്ക് കൈമാറുന്നു. '
'നില്‍ക്കണോ അതോ പോകണോ?' തടിയൂരാനാകാതെ വെട്ടിലകപ്പെട്ട മന്ത്രി വാക്കുകള്‍ക്കായി പരതി.
'കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ജീവിതം തന്നെ ദുസ്സഹമാക്കിയിരിക്കുന്നു. എന്ത് മൈ..മൈ...(അതുവേണ്ട) മ്ലേച്ചമായ ... വികസനമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്? അവശ്യസാധനങ്ങളായ പാല്, പച്ചക്കറി, പോത്തിറച്ചി എന്നിവ സാധാരണക്കാരന് കിട്ടാക്കനിയായിരിക്കുന്നു. എന്തിന്, ഒരു 'ഉറ' പോലും ഈ അങ്ങാടിയില്‍ ലഭ്യമാണോ?

പുരുഷാരം സംശയഭാവേ മുഖാമുഖം നോക്കി. പാല്‍ക്കാരി ജാനു ആരാധനയോടെയും.

'ധീരാ വീരാ നേതാവേ..."
ഉറച്ച മുദ്രാവാക്യം വിളിയോടെ പി. എ തന്നെ ആ കണ്ഫ്യൂഷാന്തരീക്ഷത്തിന്  അറുതിവരുത്തി.
ഒരു സമൂഹത്തിന്റെ ഏറ്റവും ചെറിയ പ്രശ്നങ്ങളില്‍ പോലും ബദ്ധശ്രദ്ധനായ നേതാവിനെ തോളിലേറ്റി അവര്‍ കാറിലേക്ക് ആനയിച്ചു.

5 comments:

  1. മൂന്ന് തവണ കമന്റിട്ടു.കയറിയില്ല.അത്‌ വരെ മന്ത്രി പിടിച്ച്‌ വെച്ചിരുന്നോ ആവോ??????

    ReplyDelete
  2. രണ്ടു പ്രശ്നങ്ങൾ മുണ്ടിലൊതുക്കി മിണ്ടാതെ നടന്നു നേതാവ്.

    ReplyDelete
  3. ഭാര്യയുടെ നിര്‍ദേശപ്രകാരം തൈര് ഉണ്ടാക്കാന്‍ ഉറ തേടി അലഞ്ഞ മന്ത്രിയുടെ ആത്മാര്‍ഥതയും സ്നേഹവും പാല്‍ക്കാരി ജാനുവിന് മനസിലായി.
    പുരുഷന്മാര്‍ ഒറ്റയോരണ്ണം ശരിയല്ല.

    ReplyDelete
  4. ബിപിൻ സാര്‍.... ഞാൻ കീഴടങ്ങി.... തൈരിന് ഉറ വാങ്ങാന്‍ പോയ മന്ത്രിയുടെ കഥ ജോസ്റ്റ് പള്ളീ പറഞ്ഞാ മതി......

    ReplyDelete