Thursday, June 12, 2014

ഫുട്ബോള്‍ ഫാന്‍

വെളിയില്‍ കളികണ്ടുനിന്നപ്പോള്‍ അവരാണെന്നോട് "കളിക്കുന്നോ?" എന്ന് ചോദിച്ചത്. 
എങ്കിലും കളിക്കാനിറങ്ങിയപ്പോള്‍ കൊതിക്കുപോലും അവരെനിക്ക് പന്തുതന്നില്ല. 
ഒന്നും പിടിച്ചുവാങ്ങുന്ന ശീലമില്ലാത്തതിനാല്‍ ഞാനൊട്ടു ചോദിക്കാനും പോയില്ല. പിന്നെ
ഗോളി നിര്‍ത്തിയപ്പോള്‍ എതിര്‍ കളിക്കാര്‍ക്ക് എന്നോട് സഹതാപം തോന്നിയിട്ടോ എന്തോ മനസുപോലെ പന്തടിച്ചുതന്നു. ഒടുവില്‍ ഗോള്‍വല കീറിയതിനും അവരെന്നെ തെറിപറഞ്ഞു.
സത്യത്തില്‍ മനസാവാചാ ഞാനൊന്നും ചെയ്തിട്ടില്ല. പാവങ്ങള്‍ക്കും ജീവിക്കണ്ടേ ഇവിടെ!

Tuesday, June 10, 2014

ബുജി സാഹിത്യം

"ഏറെക്കാലമായി മനസിനെ മഥിച്ചുകൊണ്ടിരുന്ന സ്വപ്നങ്ങള്‍ കയ്യെത്തിപ്പിടിക്കാന്‍, തന്നെ പിന്നോട്ടു വലിച്ചിരുന്ന സദാചാരത്തിന്റെ ആവരണം ഉപേക്ഷിച്ച് അയാള്‍ എണീറ്റു."

"നിര്‍ത്തടോ നിന്റെ സാഹിത്യം. മനുഷ്യന് മനസിലാകുന്ന ഭാഷയില്‍ പറ." 

"ഉറക്കച്ചടവില്‍ മൂത്രമൊഴിക്കാന്‍ എണീറ്റ് ലൈറ്റിട്ടപ്പോഴാണ് ഉടുതുണിയില്ലെന്ന് അറിഞ്ഞത്".

മതിയോ?

Monday, June 9, 2014

പെസ്റ്റ്കണ്ട്രോള്‍

എന്നും വൈകുന്നേരം റൂമില്‍ തിരികെചെല്ലുമ്പോള്‍ കുറെ അഡ്വവര്‍ടൈസ്‌മെന്‍റ്റ് സ്ലിപ്പുകള്‍ വാതിലില്‍ കാണാം. എ.സി റിപ്പയറിംഗ്. കുക്കിംഗ്ഗ്യാസ്, റൂം ഷിഫ്റ്റിന്ഗ്, പെസ്റ്റ്കണ്ട്രോള്‍, ഗ്രോസറി എന്നുവേണ്ട ചവറുപോലെ സാധനം. ഇവരെയാരെയും വിളിച്ചു ശല്യപ്പെടുത്താതെ ഒക്കെ പെറുക്കി ചവറ്റുകുട്ടയില്‍ ഇട്ടശേഷം അകത്തുകയറം. കുറെദിവസം കഴിഞ്ഞപ്പോള്‍ ഒരുകാര്യം ശ്രദ്ധിച്ചു. പെസ്റ്റ്കണ്ട്രോളുകാരന്റെ സ്ലിപ്പുണ്ടെങ്കില്‍ അന്ന്‍ എവിടെങ്കിലും പാറ്റയെ കാണും. ശെടാ! ഇവനെ വിളിക്കാതെ രക്ഷയില്ല. വന്നുവന്ന് ഇപ്പോള്‍ കാര്യം മനസിലായി. 

പെസ്റ്റ്കണ്ട്രോള്‍ കമ്പനിയില്‍ ജോലിയുള്ളവര്‍ സിഗരറ്റ് ലൈറ്ററിനു പകരം തീപ്പെട്ടിയാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. പാറ്റയ്ക്ക്‌ മരുന്നടിക്കാന്‍ വരുന്നവന്റെ പോക്കറ്റില്‍ തന്നെയാണ് പാറ്റ!

Saturday, June 7, 2014

കൂറകള്‍

മുറിയില്‍ നിറയെ കൂറകളാണ്. മരുന്നടിക്കാന്‍ മനസുവരുന്നില്ല. കാരണം അതിലേറ്റം വലിയ കൂറ ഞാനായതുകൊണ്ട് ചെയ്യുന്നത് ആത്മഹത്യയായിരിക്കും.

Thursday, June 5, 2014

ഓട്ടം

ഓട്ടമെന്ന് കേള്‍ക്കുമ്പോള്‍ പെട്ടന്ന്‍ ഓര്‍മ്മവരിക ട്രാക്കും കളികളുമാണെങ്കിലും ആലോചിച്ചുനോക്കിയാല്‍ ഓട്ടം ജീവിതത്തിന്‍റെ ഒരു ഭാഗംതന്നെയാണ്. "ജീവിക്കാനുള്ള നെട്ടോട്ടം", "ജീവനുംകൊണ്ടോടി..!" എന്നീ വ്യത്യസ്ത പ്രയോഗത്തില്‍തന്നെ സംഭവം ട്രാജഡിയോ കോമഡിയോ എന്ന്‍ ഊഹിക്കാം. 
കോമഡിയില്‍ ഓട്ടം ഒരവിഭാജ്യ ഘടകമാണെന്ന് പല കഥകളും മറിച്ചുനോക്കിയപ്പോള്‍ ഓര്‍ത്തുപോയി. നര്‍മ്മത്തിന്‍റെ നിലവാരം നോക്കുന്നതില്‍ ഇന്നും എന്‍റെ തോത് 'ടോംസ് കോമിക്സ്' തന്നെയാണ്. ടോംസിന്‍റെ വരിയിലും വരയിലും നിറഞ്ഞുനില്‍ക്കുന്ന ഓട്ടങ്ങളുടെ ഘോഷയാത്രയാവാം ഒരുപക്ഷേ കാരണം. സിനിമയിലും സ്ഥിതി വ്യത്യസ്തമല്ല. ഒരാള്‍ നല്ല നടനാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അയാളെ ഒന്നോടിച്ചു നോക്കിയാല്‍ മനസിലാകുമെന്ന്. സംശയമുണ്ടെങ്കില്‍ 'ചിത്ര'ത്തിലെയും താളവട്ടത്തിലെയും ലാലേട്ടന്‍റെ ഓട്ടം ഒന്നോര്‍ത്തുനോക്കിയാല്‍ മതി

Wednesday, June 4, 2014

പെരന്റിഗ് ട്രയ്നിംഗ്

കൊച്ചു കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ എങ്ങനെ തിരിച്ചറിയാം എന്ന വിഷയത്തെ കുറിച്ച് ഗഹനമായി ആലോചിച്ചത് പാരാഗ്ലൈഡിംഗ് വിവാദത്തിനു ശേഷമാണ്. അപ്പോഴാണ്‌ പഴയൊരു കാര്യം ഓര്‍മ്മയില്‍ വന്നത്.

പ്രീഡിഗ്രീ കാലം. വീട്ടില്‍ കുട്ടികള്‍ക്ക് മുട്ടില്ല. ചിലപ്പോള്‍ കൊച്ചുങ്ങളെ നമ്മളെ ഏല്‍പ്പിച്ച് സ്ത്രീജനങ്ങള്‍ മറ്റുപണിക്ക് പോകും. ആ പ്രായത്തില്‍ പിള്ളാരേ നോട്ടം ചൊറിയുന്ന ഏര്‍പ്പാടാണ്. കുഞ്ഞുങ്ങള് നിര്‍ത്താതെ നിലവിളിച്ചുകൊണ്ടിരിക്കും. അങ്ങനെ ഒരു വേനല്‍ക്കാലം.മുടിഞ്ഞ ചൂട്. കൊച്ചാണേല്‍ വായ് പൂട്ടുന്നുമില്ല. .എടുത്തുകൊണ്ടു നടന്നിട്ടും രക്ഷയില്ല.കൈമാറാന്‍ ആരുമില്ല. അപ്പോഴാണ്‌ ഒരു ഐഡിയ തോന്നിയത്. അത് ഫലിച്ചു. കൊച്ചു കരച്ചില്‍ നിര്‍ത്തി. എങ്ങനെ?

ഇന്ന്‍ കുട്ടി വളര്‍ന്നു മുട്ടനായി.കക്ഷിക്ക് ഐസ്ക്രീം ഇഷ്ടമാണ്. മഴയോ തണുപ്പോ ടിയാനെ ഏശുന്നില്ല. അതൊക്കെ ആ ഇഷ്ടാനിഷ്ടങ്ങള്‍ ചെറുപ്പത്തിലേ കണ്ടെത്തിയതിന്‍റെ ഫലമാണ്. "ഐ ആം പ്രൌഡ് ഓഫ് ദാറ്റ്‌! എങ്ങനെ?
'അനന്തിരവര്‍ കൂടുതലുള്ള അമ്മാവന്മാര്‍ വെള്ളമിറങ്ങി ചാകില്ല' എന്നൊരു ചൊല്ലുണ്ട്. അതുകൊണ്ട് ആളുടെ പേര് ചോദിക്കരുത്.

കരയുന്ന കുട്ടികളെ ഫ്രിഡ്ജ് തുറന്ന്‍ അല്‍പനേരം അതിനുള്ളില്‍ ഇരുത്തി നോക്കൂ...!.
പക്ഷേ.. വെച്ചേച്ച് എങ്ങും പോയ്ക്കളയരുത്

Tuesday, June 3, 2014

മനുഷ്യക്കടത്ത്

ആറിനക്കരെയുള്ള കള്ളുഷാപ്പ് ലക്ഷ്യമാക്കി കടവില്‍ എത്തിയപ്പോള്‍ അവിടെ തോണിയുമില്ല കടത്തുകാരനുമില്ല. പുള്ളി രണ്ടുനാളായി ഒളിവിലാണത്രേ.. കാലങ്ങളായുള്ള 'മനുഷ്യക്കടത്തിന്'' പിടിക്കപ്പെടുമോ എന്നാണ് ഭയം!