Wednesday, June 15, 2016

ബര്‍ത്ത്ഡേ ഗിഫ്റ്റ്

രണ്ടും മൂന്നും വര്‍ഷത്തെ കൃത്യമായ ഇടവേളകളില്‍ ഏഴു പെണ്‍മക്കളെ പ്രസവിച്ചതിന് ഒടുവിലാണ് തന്റെ നാല്പത്തി രണ്ടാം വയസ്സില്‍ അമ്മച്ചി ഈയുള്ളവനെ ഡെലിവറി ചെയ്ത് ആ പരിപാടിക്ക് ഫുള്‍ സ്റ്റോപ്പ്‌ ഇടുന്നത്.
എട്ടാമന്‍ കൃഷ്ണന്‍ എന്ന ദുഷ്പേരുള്ളതിനാല്‍ അന്നുമിന്നും കരുതലോടെയാണ് ഞാന്‍ അടികള്‍ വെയ്കുന്നത്. അവതാര പുരുഷന്റെ പേര് ചേര്‍ത്ത് പൊലിപ്പിച്ചവര്‍ക്കൊക്കെ അധികം താമസിയാതെ ഇതൊരു അവരാതം തന്നെയാണെന്ന് മനസ്സിലായി.
മാതൃകാഅദ്ധ്യാപകരായ തങ്ങള്‍ക്ക് പേരുദോഷം ഉണ്ടാകാതിരിക്കാനോ എന്തോ പിറന്നാള്‍ ദിവസം അയല്‍ക്കാര്‍ക്കൊക്കെ സദ്യകൊടുത്ത് താത്ക്കാലികമായെങ്കിലും വായടപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചു. ഏഴെട്ടു വയസ്സായപ്പോള്‍ ഈ സദ്യയുടെ ഏര്‍പ്പാടില്‍ എനിക്ക് തന്നെ നാണം തോന്നി. എങ്കിലും അന്നത്തെ സദ്യക്ക് അതിന്റേതായ ഒരു വിലയുണ്ടായിരുന്നു. ഇന്നാണെങ്കില്‍ ഗിഫ്റ്റ് കിട്ടാന്‍ മാത്രമുള്ള ഒരു ദിവസമായേ ബര്‍ത്ത്ഡേ ബോയി പോലും ഈ ദിവസത്തെ കാണുന്നുള്ളൂ.
എല്ലാ പിറന്നാളിലും വീട്ടിലോട്ട് വിളിച്ച് അച്ചായന്റെയും അമ്മച്ചിയുടെയും ശബ്ദം ആദ്യം കേള്‍ക്കുക പതിവായിരുന്നു. കാരണം ഗിഫ്റ്റ് കൊടുക്കേണ്ടത്, നന്ദി പറയേണ്ടത് അവര്‍ക്കാണല്ലോ. ഇത്തവണ അതിലൊരു ശബ്ദം കേട്ടില്ല. ഇനി കേള്‍ക്കുകയുമില്ല. അച്ചായനില്ലാത്ത ആദ്യത്തെ പിറന്നാളാണ്.
നിറവയറുമായി നാട് നീളെ നടക്കുമ്പോള്‍ ഏല്‍ക്കുന്ന പരിഹാസമാണ് പ്രസവ വേദനെയെക്കാള്‍ അസഹനീയം എന്ന് ഒരിക്കല്‍ അമ്മച്ചി അറിയാതെ പറഞ്ഞുപോയത് ഞാന്‍ കേട്ടിട്ടുണ്ട്. “ഇതും പെണ്ണായിരിക്കുമെടോ അതങ്ങ് കളഞ്ഞേക്ക്..” എന്ന് അച്ചായനെ ഉപദേശിച്ച അഭ്യുദയകാംക്ഷികള്‍ എന്റെ പിറന്നാള്‍ ദിനത്തില്‍ മിലിട്ടറി കുപ്പിക്ക് ഇരുപുറവും ഇരുന്ന് ആഹ്ലാദിക്കുന്നതും പിന്നീട് ഞാന്‍ കണ്ടിട്ടുണ്ട്.
പറഞ്ഞു വന്നത് സദ്യയെക്കുറിച്ചാണ്. അത് സ്നേഹം പങ്കു വെയ്ക്കലാണ്. മക്കളുടെ പിറന്നാളിനു വിളികുമ്പോള്‍ ആരും ഗിഫ്റ്റ് ഒന്നും കൊണ്ടുവരരുത് എന്ന് പ്രത്യേകം പറയും. നിങ്ങളും പറയണം. കാരണം അല്ലെങ്കില്‍ അത് വെറുമൊരു കൊടുക്കല്‍ വാങ്ങല്‍ ചടങ്ങ് മാത്രമായി പോകും.
അത്താഴം എല്ലാരും ഒന്നിച്ചിരുന്നു കഴിക്കണം എന്നത് വീട്ടില്‍ പണ്ടുമുതലേ നിര്‍ബന്ധമുള്ള സംഗതിയായിരുന്നു. പത്തുപേര്‍ക്കും തുല്യമായി വീതം വെച്ച് അമ്മച്ചിയും ഒപ്പം കഴിക്കും. ഇന്ന്‍ മക്കള്‍ ഓരോരുത്തര്‍ക്കും സ്വന്തം വീടും കുടുംബവും ആയെങ്കിലും തറവാട്ടു വീട്ടിലെ തീന്‍ മേശ ഇന്നും പത്തു പേര്‍ക്ക് ഇരിക്കാന്‍ പാകത്തിലുള്ളതാണ്. നമ്മുടെ അടുപ്പവും അകല്‍ച്ചയും ഊണുമുറിയില്‍ നിന്നാണ് തുടങ്ങുന്നത്. ദമ്പതിമാര്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാത്ത മേശപ്പുറങ്ങളില്‍ അരുചിയുടെ ചവര്‍പ്പ് ക്രമേണ ഉണ്ടാകും. ഇല്ലെങ്കില്‍ ഒന്ന് ശ്രദ്ധിച്ചോ...
നോമ്പു തുറയും ഒടുവിലത്തെ അത്താഴവും ഒക്കെ ഒന്നിച്ചുള്ള ഈ പങ്കുവെയ്ക്കലിനെയാണ് ഓര്‍മ്മപ്പെടുത്തുന്നത്.

1 comment:

  1. നല്ല എഴുത്ത് . വായിക്കാൻ നല്ല രസം . നന്നായിരിക്കുന്നു ...

    ReplyDelete