Saturday, April 5, 2014

ഓര്‍മ്മയില്‍ ഒരു കവല പ്രസംഗം

കവല പ്രസംഗത്തിന് വല്ലാത്തൊരു എനര്‍ജിയുണ്ട്. 
അത് ക്യാമറയ്ക്ക് മുന്‍പില്‍ ഇരുന്നു പറയുന്നത് പോലെയല്ല. ചുറ്റും കൂടി നില്‍ക്കുന്ന ആള്‍ക്കൂട്ടമാണ് പ്രാസംഗികന്‍റെ ഊര്‍ജ്ജം. ലേശം വാട്ടീസ് അടിച്ച് സ്റെജില്‍ കയറിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. 'പരനാറി', 'കുലംകുത്തി', 'ശുംഭന്‍' തുടങ്ങി മണി വക 'കൊലവെറി'യുമൊക്കെ ഇത്തരത്തില്‍ ആവേശത്തില്‍ കൈവിട്ടു പോയ ചില പ്രയോഗങ്ങളായേ തോന്നിയിട്ടുള്ളൂ. 

അതിന്‍റെ ഭവിഷ്യത്തുകളല്ല വിഷയം. അതെന്തുമായിക്കൊള്ളട്ടെ ഒരു കേള്‍വിക്കാരന്‍റെ കാര്യം നോക്കാം..

കുട്ടിക്കാലത്ത് കോളാമ്പി മൈക്കിലൂടെ കേട്ടൊരു ഇലക്ഷന്‍ പ്രസംഗം. പ്രസംഗിക്കുന്നത് വലിയ പുലിയൊന്നുമല്ല വീടിനടുത്തുള്ള, എന്നും കാണുന്ന സഖാവ്. ശെടാ, ചുമ്മാ ചായക്കടയില്‍ പത്രം വായിച്ചിരിക്കുന്ന ഇദെഹത്തിനൊക്കെ ഇത്ര വിവരം എവിടുന്നു കിട്ടി? എന്ന് തോന്നിപ്പോയ നിമിഷം. അന്നുമുതല്‍ ചെറിയൊരു ആരാധനയോടെയാണ് പുള്ളിയെ നോക്കുക. സംഗതി ഇങ്ങനെയാണ്...

"ഈ കൊണ്ഗ്രസുകാര്‍ കമ്പ്ലീറ്റ് കള്ളന്മാരാണ്. അവരുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി, പണ്ട് നമ്മുടെ സൈന്യത്തിനു വേണ്ടി, പട്ടിണിക്കാരായ നമ്മള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കാശ് കൊടുത്ത് കുറെ തോക്കുകള്‍ വാങ്ങി. ഒന്നും രണ്ടുമല്ല...കോടികള്‍ മുടക്കി. എന്നിട്ടെന്തായി? പട്ടാളക്കാര്‍ അതുകൊണ്ട് പോയി, പാക്കിസ്ഥാന്‍ പട്ടാളത്തിനു നേരെ വെടിവെച്ചു. 'ഡിഷ്ക്യാ...ഡിഷ്ക്യാ...' (പുള്ളി സാംമ്പശിവന്‍റെ പോലെ അഭിനയിച്ചു.) സൌണ്ട് മാത്രമേയുള്ളൂ...ഉണ്ടയില്ല....ഉണ്ടപോകുന്നില്ല!!!
നോക്കണേ...നമ്മടെ പിള്ളേര്‍ പള്ളി പെരുന്നാളിന് വാങ്ങുന്ന തോക്കില്‍ ആട്ടിന്‍കാട്ടം ഇട്ടു വെടിവെച്ചാല്‍ എങ്ങനെയിരിക്കും? ...ബുഹ!..ബുഹഹ!! ബൊഫേര്‍സ്...."

പ്രസംഗം പിന്നെയും നീണ്ടു. കേട്ടുനിന്ന ഞാന്‍ കോരിത്തരിച്ചു. അതില്‍ പിന്നെ പുള്ളിയെ കാണുമ്പോഴും തോക്ക് കാണുമ്പോഴും കരി മരുന്നിന്‍റെയല്ല, ആട്ടിന്‍ കാട്ടത്തിന്‍റെ ഒരു സ്മെല്ല് അറിയാതെ എവിടുന്നോ വരുന്നപോലെ എനിക്ക് തോന്നും.

No comments:

Post a Comment