Thursday, February 13, 2014

വാലന്‍ന്റൈന്‍സ് ഡേ

അകലെ കാത്തുനില്‍ക്കുന്ന അവനെ ലജ്ജയോടെ അവള്‍ ഒളികണ്ണിട്ടുനോക്കി.
പ്രേമ സുരഭിലമായൊരു വാക്ക്, ഒരു ചെറു സ്പര്‍ശനം ഒക്കെ സ്വമനസാലെ അവള്‍ അംഗീകരിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ പ്രതീക്ഷകളെയാകെ അസ്ഥാനത്താക്കി അവന്‍ വല്ലാത്തൊരാവേശത്തോടെ അവളുടെ മേല്‍ ചാടി വീണു! ഒക്കെ സംഭവിച്ചത് വളരെ പെട്ടന്നായിരുന്നു.!!

വീട്ടുകാരന്‍ ഒരു കുട്ട പുല്ല് അവള്‍ക്ക് ഇട്ടുകൊടുത്തു. കാളക്കാരന്‍ പീതാംബരന് കാശുകൊടുക്കുമ്പോള്‍ അയാള്‍ വെറുതെ ലോഹ്യം പറഞ്ഞു.

"ഹാപ്പി വാലന്‍ന്റൈന്‍സ് ഡേ".

വിത്തുകാളയ്ക്ക് എന്ത് വാലന്‍ന്റൈന്‍സ് ഡേ എന്ന് മനസില്‍ പറഞ്ഞ് അയാള്‍ നടന്നു പോയി...
----------------------------------------------------------
"തൊണ്ണൂറു ശതമാനം ഇന്ത്യന്‍ വിവാഹ ബന്ധങ്ങളിലും നടക്കുന്നത് ബലാത്സംഗമാണ്" എന്നൊരു ആര്‍ട്ടിക്കിളില്‍ ഈ അടുത്ത് വായിച്ചിരുന്നു.

Tuesday, February 11, 2014

എസ്കേപ്പ് സൊലൂഷന്‍ -1

വെള്ളമടിക്കാത്ത നിങ്ങള്‍ സ്നേഹിതരും സഹമുറിയന്‍മാരുമടങ്ങുന്ന വെള്ളമടിക്കാരുടെ സഭയില്‍ എത്തിപ്പെട്ടു എന്നിരിക്കട്ടെ, തീര്‍ച്ചയായും ഉപചാരമര്യാദ കൊണ്ട് അവര്‍ നിങ്ങളെ 'ഒരെണ്ണം അടിക്കാന്‍' നിരബന്ധിക്കും. എത്രതവണ ഒഴിവുകഴിവുകള്‍ പറഞ്ഞാലും അടുത്ത പ്രാവശ്യവും നിങ്ങള്‍ക്ക് അത് ആവര്‍ത്തിക്കേണ്ടി വരും. 
അപ്പോള്‍ എങ്ങനെ ഒരു പെര്‍മനന്റ് സൊലൂഷന്‍ ഈ വിഷയത്തില്‍ കണ്ടെത്തും? 

1. ഒരിക്കലും ഇറങ്ങി ഓടരുത്. കമ്പനിക്ക് കൊള്ളാത്തവന്‍ എന്ന് മുദ്രകുത്തപ്പെടും. മാത്രമല്ല സാഹിത്യ രാഷ്ട്രീയ താത്വികമായ പല ഇന്‍ഫോര്‍മേട്ടീവ് സംഗതികളും നിങ്ങള്‍ക്ക് നഷ്ടപ്പെടും.

2. "ഞാന്‍ ഇവിടെ ഇരുന്നോളാം പരിപാടി നടക്കട്ടെ" എന്ന് പറഞ്ഞ് ആദ്യം കടല, ചിപ്സ്, കോള എന്നീ സാധനങ്ങളില്‍ ചെറുതായി കൈവെച്ച്
കൂട്ടത്തില്‍ പങ്കാളിയാകുക.

3. സംസരിച്ച്ചുകൊണ്ടിരിക്കുന്നവനെ ശശ്രധം വീക്ഷിക്കുന്നതായി ഭാവിക്കുക. അപ്പോള്‍ അയാള്‍ കൂടുതല്‍ ഫോം ആകുകയും ശ്രോതാവായ നിങ്ങളെ അകമഴിഞ്ഞ് സ്നേഹിക്കുകയും ചെയ്യും.

4. പതിയെ ബീഫ് ഫ്രൈ, പൊറോട്ട ഇവയില്‍ കൈവെയ്ക്കുക. ഒന്നോ രണ്ടോ കുപ്പി തീര്‍ക്കാനുള്ള ടച്ചിംഗ് ആണ് അത് എന്ന യാതൊരു ദാക്ഷിണ്യവും പാടില്ല. തീര്‍ത്ത് പെരുമാറികൊള്ളുക. വയറു നിറഞ്ഞാല്‍ എണീറ് പോയി കൈ കഴുകുക.

5. അടുത്ത തവണ നിങ്ങളെ അവര്‍ നിര്‍ബന്ധിക്കാന്‍ സാധ്യതയില്ല, ഇന്കേസ് നിര്‍ബന്ധിച്ചാല്‍ നാലാമത്തെ പോയിന്‍റ് മടികൂടാതെ ആവര്‍ത്തിക്കുക. പിന്നെ ജന്മം ചെയ്‌താല്‍ നിങ്ങളെ വിളിക്കുകയോ നിങ്ങള്‍ ഉള്ള ഏരിയായില്‍ കമ്പനി കൂടാന്‍ ഇരിക്കുകയോ ചെയ്യില്ല.

കമ്പൂട്ടര്‍ ഗെയിംസ്

ഓഫീസിലെ തൊട്ടടുത്ത കമ്പൂട്ടറില്‍ നിന്നും ഗെയിംസ് കളിക്കുന്ന ശബ്ദം കേട്ട്, "അല്ലേലും ഈ അറബിക്കൊക്കെ എന്താ പണി" എന്നോര്‍ത്ത് തിരിഞ്ഞു നോക്കിയതാ....
അടുത്ത സീറ്റില്‍ ഇരിക്കുന്ന സിറിയക്കാരന്‍ ന്യൂസ് ചാനല്‍ കാണുകയാണ്. വെടി പൊട്ടുന്നത് അവന്‍റെ നാട്ടിലാണ്. പുക ഉയരുന്നത് അവന്റെ ഉള്ളിലും

Monday, February 10, 2014

എസ്കേപ്പ് സൊലൂഷന്‍ -2

ഓഫീസില്‍ പതിവായി വൈകിയെത്തുന്നവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ചില ടിപ്പ്സുകള്‍.
(സൈറ്റ്/ഫീല്‍ഡ് സ്റ്റാഫ്, മാര്‍ക്കെറ്റിംഗ് എക്സിക്യുട്ടീവ്‌സ്, ബിസിനസ് ഡെവലപ്മെന്റ് ഓഫീസേര്‍സ് ഇവര്‍ക്ക്.) 
--------------------------------------
നിങ്ങള്‍ വളരെ താമസിച്ചു കയറി വരുന്നു....

1. കാറില്‍നിന്നിറങ്ങി വരുകയാണെങ്കില്‍ കയ്യില്‍ ബുക്ക്, ഫയല്‍ ഇവ കരുതുക.
2. നടപ്പ് വളരെ വേഗത്തില്‍ ആയിരിക്കണം.
3. മൊബൈലില്‍ സംസാരിച്ചു കൊണ്ടു വേണം കടന്നു വരാന്‍.
4. സീറ്റില്‍ മാനേജര്‍ ഉണ്ടെങ്കില്‍ ആ ഭാഗത്തേക്ക് നോക്കരുത്.
5. മൊബൈല്‍ ഒരു തോളുകൊണ്ട് ചെവിയില്‍ ഫിക്സ് ചെയ്ത് രണ്ടു കയ്യിലും ബാഗ്, ഫയല്‍, ബുക്ക് എന്നിവ താഴെ വീഴാതെ ശ്രമകരമായി പിടിക്കുന്നതായി കാണിക്കുക. (ഹെഡ് സെറ്റ് ഉപയോഗിച്ചാല്‍ ഉദ്ദേശിച്ച ഇമ്പാക്റ്റ് കിട്ടില്ല)
6. ഫോണിലൂടെ യെസ്...!, ഒഫ്കോര്‍സ്...!, ഡെഫനിട്ട്ലി...!, എന്നീ വാക്കുകള്‍ കൃത്യമായ ഇടവേളകളില്‍ പറയണം.
7. സീറ്റില്‍ ഇരിപ്പുറച്ച്ചു എന്ന് ഉറപ്പാകും വരെ ഫോണിംഗ് പരിപാടി നിര്‍ത്തരുത്.
---------------------
ഇത്രയും ആയിക്കഴിഞ്ഞാല്‍ നിങ്ങള്‍ കസ്റ്റമര്‍ /ക്ലൈന്റ്മീറ്റിംഗ് കഴിഞ്ഞു ക്ഷീണിച്ച് വരുകയാല്‍ ആരും മറു ചോദ്യങ്ങള്‍ ഒന്നും ചോദിക്കുമെന്ന് തോന്നുന്നില്ല.
സംഗതി പൊലിപ്പിക്കാന്‍ ഫോണിങ്ങിന് അവസാനം 'ഒഹ്..!!' എന്നൊരു ദീര്‍ഖ നിശ്വാസം വലിച്ച് തല ഇടത്തോട്ടും വലത്തോട്ടും രണ്ടു തവണ ആട്ടി വേണം സീറ്റില്‍ ഇരിക്കാന്‍...

Thursday, February 6, 2014

ഒരു ദോശയുണ്ടാക്കുന്നതിനിടെ

മൂന്നു കുഞ്ഞുങ്ങളെ സ്കൂളില്‍ വിടാനുള്ള തത്രപ്പാടിലാണ് വീട്ടമ്മ. ബ്രേക്ക് ഫാസ്റ്റ്‌ ഉണ്ടാക്കുന്നു, ഏറ്റവും ഇളയ നാലാമത്തെ ഐറ്റം എളിയിലിരിക്കുന്നു. 

ഷൂവും സോക്സും ടിഫ്ഫിന്‍ ബാഗും തപ്പി നെട്ടോട്ടം ഓടുന്ന ഇടവേളകളില്‍ മടങ്ങിയെത്തി ദോശ കരിയാതെ മറിച്ചിടുന്നു.
തവികൊണ്ട് മാവ് ഇളക്കിക്കൊണ്ടിരിക്കുപോഴാണ് 'ശ്...എന്ന ശബ്ദവും 'അമ്മേ....' എന്ന നിലവിളിയും!!

കൈ ഫ്രീയാക്കുന്നതിനിടെ ഒരു കയ്യബദ്ധം!

കുഞ്ഞ് ദോശക്കല്ലില്‍!

ട്രെയ്നിലെ സീറ്റ്

1996-99 പൊളിടെക്നിക് - ഹോസ്റല്‍ ജീവിത കാലത്തെ ഒരു ട്രെയിന്‍ യാത്ര. കാഞ്ഞങ്ങാട് സ്റെഷനില്‍ നിന്നും കൂട്ടുകാരോനിച്ച് പരശുരാം എക്സ്പ്രെസ്സില്‍ തിരുവല്ലായ്ക്ക്. ആറു പേര്‍ക്ക് ഇരിക്കാന്‍ വിടവ് കിട്ടിയപ്പോള്‍ ഗുലാം പരിശ് കളി തുടങ്ങി.

കണ്ണൂര്‍ സ്റെഷനില്‍ എത്തിയപ്പോള്‍ കാപ്പി, കടി, ബീഡി തുടങ്ങിയ ഉത്തേജക സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങി. ഇരുന്ന സീറ്റ് മറ്റാരും കയ്യടക്കാതിരിക്കാന്‍ കയ്യിലുണ്ടായിരുന്ന ടവലും മാസികയും വെച്ച് പ്രൊട്ടക്റ്റ് ചെയ്തു. വാ തുറന്നാല്‍ വിവരക്കേടും കൈവെച്ചാല്‍ അബദ്ധവും മാത്രം പിണയുന്ന ഒരു ഉറ്റ സുഹൃത്തും കൂടെയുണ്ട്. കുണുക്കിറക്കാതെ പുറത്തിറങ്ങാന്‍ പാടില്ല എന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ട് കക്ഷി ഞങ്ങള്‍ കാണാതെയാണ് വെള്ളം വാങ്ങാന്‍ പുറത്തിറങ്ങിയത്.

കണ്ണൂര്‍ വിട്ടപ്പോള്‍ വീണ്ടും കളി തുടങ്ങി. മേല്‍പ്പറഞ്ഞ സുഹൃത്ത് ആകെ ടെന്‍ഷന്‍ അടിച്ച് കളിക്കുന്നില്ല എന്ന് പറഞ്ഞ് ഇരിക്കുന്നു. കാശ് വെച്ചല്ലെങ്കിലും നേരമ്പോക്കിന് കളി നടക്കട്ടെ എന്ന് പൊതു അഭിപ്രായം ഉയര്‍ന്നു. എങ്കിലും പുള്ളി അടുക്കുന്നില്ല. കുറേ കഴിഞ്ഞപ്പോള്‍ കക്ഷി വിഷമത്തോടെ പറഞ്ഞു,
'അളിയാ എന്‍റെ ... പേര്‍സ്‌ പോയി!'
എപ്പോഴാടാ?
'പുറത്തിറങ്ങിയപ്പോള്‍.....'
'പോക്കറ്റ് അടിച്ചത് നീ അറിഞ്ഞില്ലേ?
"പോക്കറ്റ് അടിച്ചതല്ല"
"പിന്നോ?
"നിങ്ങളെല്ലാം തൂവാലയും മാസികയും വെച്ച് പുറത്തിറങ്ങിയപ്പോള്‍ ടവല്‍ ഇല്ലാത്ത കൊണ്ട് ഞാന്‍ പെര്സാ വെച്ചത്. തിരിച്ചു വന്നപ്പോള്‍ അത് കാണുന്നില്ല.!!

Tuesday, February 4, 2014

സര്‍ക്കാര്‍ ജോലിയും കൂലിയും

പട്ടാളത്തില്‍ ജോലി കിട്ടുന്ന ഒരാള്‍ക്ക് പതിനഞ്ച് വര്‍ഷത്തിനു ശേഷം സ്വയം വിരമിച്ചു പോകാനോ വേണമെങ്കില്‍ വീണ്ടും നീട്ടിയെടുക്കാണോ അവസരമുണ്ട്. ഭൂരിഭാഗം പേരും ഇരുപത്തഞ്ച് വര്ഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം സ്വസ്ഥമായി കഴിയുകയോ മറ്റെന്തെങ്കിലും വരുമാന മാര്‍ഗങ്ങള്‍ തേടുകയോ ചെയ്യും.

ഇവിടെ, സേവന കാലാവധി സര്‍ക്കാര്‍ നിജപ്പെടുത്തിയിരിക്കുകയാണ്. മറ്റു ഗവര്‍മെന്റ് ഉദ്യോഗങ്ങളില്‍ കഴിവും ഭാഗ്യവും കൊണ്ട് യോഗ്യതാ കടമ്പകള്‍ കടന്ന് പ്രവേശനം നേടുന്നവര്‍ പല പ്രായക്കാരായിരിക്കും.അപ്പോള്‍ ഇരുപതും മുപ്പത്തഞ്ചും വയസുള്ളവര്‍ ഒരേസമയം ഒരേ തസ്തികയില്‍ വരും. ഒരുപോലെ അന്പത്തഞ്ചാം വയസില്‍ റിട്ടയര്‍ ചെയ്യേണ്ടിയും വരുന്നു.

സര്‍ക്കാര്‍ ജോലി ഒരു സഹായമോ സ്ഥിര വരുമാനമോ ആണെന്നിരിക്കെ അതിന്‍റെ ഗുണ ഫലം എല്ലാ ഉദ്യോഗസ്ഥര്‍ക്കും തുല്യമായി ലഭിക്കാന്‍ അവകാശമുണ്ട്‌. ഇരുപത് വയസില്‍ ജോലികിട്ടിയവന് അത് 35വര്‍ഷവും മുപ്പത്തഞ്ചാം വയസില്‍ കയറിയവന് 20 കൊല്ലവും മാത്രം ശമ്പളവും തത്തുല്യ മായ പെന്‍ഷനും കിട്ടുന്നത് ശരിയാണോ?

മിലിട്ടറിയിലെ പോലെ ജോലിയില്‍ കയറിയത് മുതല്‍ ഇരുപതോ ഇരുപത്തഞ്ചോ വര്ഷത്തേക്ക് എല്ലാ സര്‍ക്കാര്‍ ജോലികളുടെയും കാലാവധി നിജപ്പെടുത്തണം. രാജ്യം കടുത്ത തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ഈ കാലത്ത് ഇതിലും നല്ലൊരു പോംവഴി ഈ സാമ്പത്തിക ശാസ്ത്രജന് പറഞ്ഞുതരുവാനില്ല.

നിയമസഭയിലോ ലോകസഭയിലോ ആരെങ്കിലും ഇങ്ങനൊരു അഭിപ്രായം അവതരിക്കാന്‍ ധൈര്യം കാട്ടിയാല്‍ ഞാന്‍ ആ പാര്‍ട്ടിയില്‍ ചേരുന്നതായിരിക്കും.