കല്യാണശേഷം ഭാര്യയുടെ ആദ്യ പിറന്നാളിന് ദുബായിൽ ഇരുന്ന് സർപ്രൈസ് സമ്മാനിക്കാൻ നാട്ടിലെ ഗിഫ്റ്റ് സർവീസ്സുകാരുടെ വെബ്‌സൈറ്റ്റാകെ മുങ്ങിത്തപ്പി ഒടുക്കം ഒരു മുത്തിനെ കിട്ടി. മറ്റെല്ലാവരും 'ഈ റൂട്ടിലേക്കുള്ള സർവീസുകൾ ഞങ്ങൾ എടുക്കില്ല സോറി സാർ' എന്ന് കണ്ണിൽ ചോരയില്ലാതെ പറഞ്ഞൊഴിഞ്ഞപ്പോൾ നമ്മുടെ മുത്ത്, 'ഒന്നുകൊണ്ടും പേടിക്കേണ്ട സാർ ഞങ്ങളേറ്റു' എന്ന് ഉറപ്പ് തന്നു.
സംഭവ ദിവസം. വിഷ് ചെയ്യാൻ പുലർച്ചെ പന്ത്രണ്ടു മണിക്ക് വിളിച്ചുണർത്തി അലർച്ച കേൾക്കേണ്ടല്ലോ എന്നോർത്ത് ഉച്ചക്ക് പന്ത്രണ്ടു...വരെ ഞാൻ കാത്തു. ആയതിനാൽ ഓർമ്മക്കുറവ്, സ്നേഹക്കുറവ്, പരിഗണനക്കുറവ് തുടങ്ങിയ രോഗങ്ങൾക്കുള്ള ഡോസ് നട്ടുച്ചക്കു തന്നെ ചോദിച്ചു വാങ്ങേണ്ടി വന്നു. മറ്റവൻ പറ്റിച്ചു കടന്നതിൽ ബ്ലിങ്കസ്യനായതിനാൽ ഒരക്ഷരം ഉരിയാടാതെ നിന്നു. പറ്റിയത് പറ്റി.
ഒക്ടോബറാണെങ്കിലും മുട്ടൻ മഴയുള്ള കാലമായിരുന്നു. മൂന്നാം ദിവസം വാതിൽക്കൽ മുട്ട് കേട്ടു. മുട്ടറ്റം വെള്ളത്തിൽ നീന്തിക്കേറി, നനഞ്ഞൊലിച്ചു നിൽക്കുന്ന മനുഷ്യൻ! ഒരു കയ്യിൽ കേക്ക്, മറുകയ്യിൽ ഈർപ്പം വിടാത്ത ചുവന്ന റോസാപ്പൂ. 'ഹാപ്പി ബർത്ത് ഡേ അനിത'. അയാൾ പറഞ്ഞു. ലവൾ വണ്ടറടിച്ച് നിന്നുപോയി.
പോകും മുൻപ് കരച്ചിലോളം എത്തിയ ശബ്ദത്തിൽ നമ്മുടെ മുത്തു പറഞ്ഞു, ഈ റൂട്ടിലേക്കുള്ള ഞങ്ങടെ സർവീസ് ഇതോടെ അവസാനിപ്പിക്കുകയാണ്!
No comments:
Post a Comment