Tuesday, October 31, 2017

രാഹുൽ ഗാന്ധിയുടെ മാറ്റം



കഴിഞ്ഞ കുറച്ചു നാളുകൾകൊണ്ട് രാഹുൾ ഗാന്ധിക്ക് മാറ്റം സംഭവിച്ചതെങ്ങനെയാണെന്നാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ ചൂടുള്ള ചർച്ച.

സത്യത്തിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അയാൾ അന്നും ഇന്നും ഒരുപോലെയായിരുന്നു. കസർത്തുകൾ കണ്ടു മടുത്തപ്പോൾ മാധ്യമങ്ങൾ അയാളുടെ വാക്കിനു ചെവി കൊടുക്കുന്നു എന്ന വ്യത്യാസം മാത്രം. മലയാളികൾക്ക് അതെളുപ്പം മനസിലാകും. ഉദാഹരണം: നമ്മൾ രാജപ്പാന്ന് വിളിച്ച പൃഥിരാജ് ഇന്ന് ഫിലിം ഇൻഡസ്ട്രിയുടെ നെടുംതൂണാണ്. പതിയെപ്പതിയെ പപ്പു രാഹുൾജിയാകുന്നതും അങ്ങനെയാണ്.

മോഡിക്ക് പ്രതിയോഗിയായ് അടുത്തകാലത്തെങ്ങും ആരും ഉയർന്നു വരാൻ പാടില്ലന്ന ബി.ജെ.പിയുടെ അജണ്ടയുടെ ഭാഗമായാണ് ഈ 'ഇടിച്ചു താക്കൽ' പരീക്ഷിക്കപ്പെട്ടത്. പി ആർ നെറ്റ് വ ർക്കുകൾ പടച്ചുവിട്ട ട്രോളുകളും കാർട്ടൂണുകളും അയാൾക്കെതിരേ പരക്കെ ഉപയോഗിക്കപ്പെട്ടു. 2014ൽ രാഹുൽ മാത്രമല്ല ടാർജറ്റ് ചെയ്യപ്പെട്ടത്. ഇനിയെങ്ങാനും കോൺഗ്രസ്സ് നേതൃത്വത്തിലുള്ള ഒരു തൂക്കു മന്ത്രി സഭക്ക് സാധ്യതയുണ്ടായാൽ പ്രധാനമന്ത്രി പദത്തിലേക്ക് രാഹുൽ സജസ്റ്റ് ചെയ്യാവുന്ന ശശി തരൂരിൻറെ പേരിലും കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ടു.


പ്രതിപക്ഷമേ വേണ്ട. 'കോൺഗ്രസ് മുക്ത ഭാരതം' എന്ന മുദ്രാവാക്യം മുന്നോട്ടു വെക്കുന്ന സന്ദേശമെന്താണ്?ഒരു ജനാധിപത്യ രാജ്യത്ത് അത്തരം ഒരു ആശയത്തിനു പ്രസക്തിയുണ്ടോ?
പൊതുജനങ്ങളുമായി നടന്ന ഒരു സംവാദത്തിൽ ഒരു വയോധികനോട് രാഹുൽ ഗാന്ധി പറഞ്ഞ മറുപടി ശ്രദ്ധിക്കുകയുണ്ടായി.

"ബി.ജെ.പി മാത്രമല്ല ഹിന്ദുസ്ഥാനെ പ്രതിനിധീകരിക്കുന്നത്. കോൺഗ്രസിലുമുള്ളത് ഇവിടുത്തെ ജനങ്ങളാണ്. പക്‌ഷേ ഞങ്ങളുടെ വിചാരധാരകൾ രണ്ടും വ്യത്യസ്തമാണ്. ഞങ്ങൾ ആരെയും ഇല്ലാതാക്കുമെന്ന് പറയില്ല. ഒരിക്കലും ബി.ജെ.പിയെ ഇല്ലാതാകുമെന്ന് ഞങ്ങൾക്ക് പറയാനാവില്ല. എന്റെ പൂർവ്വസൂരികളിൽ നിന്ന് ഞാൻ പഠിച്ചത് അതാണ്. ഒരു സംഭവം പറയാം. ഞാൻ രാഷ്ട്രീയക്കാരനാണെങ്കിലും സംസാരിക്കുന്നത് ഉള്ളിൽ നിന്നാണ്. ഇതാണ് സത്യത്തിൽ 'മൻ കി ബാത്ത്'

എന്റെ പിതാവിനെ കൊലപ്പെടുത്തിയത് പ്രഭാകരനാണ്. പക്ഷെ ആ പ്രഭാകരൻ കൊല്ലപ്പെട്ട് കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് ദുഃഖം തോന്നി. അദ്ദേഹഹത്തിന്റെ മകൻറെ മൃതദേഹം കണ്ടപ്പോൾ എനിക്ക് സങ്കടം സഹിക്കാനായില്ല. ഞാൻ പ്രിയങ്കയെ വിളിച്ചു. എനിക്കെന്തുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത് എന്ന് ചോദിച്ചു. ഞങ്ങൾ ഇരുവരും കരഞ്ഞു. "

സദസ് മുഴുവൻ എണീറ്റു നിന്ന് കയ്യടിക്കുന്നത് കണ്ടപ്പോൾ ആദ്യമായി എനിക്കയാളോട് ബഹുമാനം തോന്നി.

1 comment:

  1. പലപ്പോഴും രാഹുലിനെ കാണുമ്പോൾ തോന്നാറുള്ളത് താല്പര്യമില്ലാത്തൊരു ജോലി ആരോ അടിച്ചേൽപ്പിച്ചതിന്റെ ബുദ്ധിമുട്ടാണ് അദ്ദേഹം അനുഭവിക്കുന്നതെന്ന്. പ്രണബ് മുഖർജി ഒത്തൊരു എതിരാളി ആയിരുന്നേനെ. പക്ഷെ കുടുംബവാഴ്ചയിൽ നിന്ന് കോൺഗ്രസ് പുറത്തുവരാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല.

    ReplyDelete