കടുത്ത മനോവ്യഥയാൽ ആളുകൾ മദ്യപാനത്തിലേക്ക് വഴുതി വീണു എന്ന് കേട്ടിട്ടില്ലേ. പക്ഷേ കഠിനവ്യഥയാൽ മദ്യപാനം ഉപേക്ഷിച്ചതിനെപ്പറ്റി കേട്ടിട്ടുണ്ടോ?
ക്രിസ്മസോ, ഈസ്റ്ററോ, ന്യൂ ഇയറോ ആട്ടെ, പാതിരാക്കുർബാന കഴിഞ്ഞയുടൻ രണ്ടെണ്ണം കീറി നോമ്പ് വീടണം എന്ന് കാട്ടിത്തന്നത് കാഞ്ഞിരപ്പള്ളിക്കാരാണ്. കീറിനൊരു ഉഷാറു വേണമെങ്കിൽ നോമ്പെടുക്കണം. ആ പോളിസി മുറുകെപ്പിടിച്ച്, ഇരുപത്തഞ്ചു നോമ്പു പിടിച്ച് കിസ്മസ്സ് കൂടാൻ നാട്ടിലേക്ക് പോകയായിരുന്നു.
ഫ്ളൈറ്റിൽ തൊട്ടടുത്ത സീറ്റിൽ എഴുപത് വയസ്സിനുമേൽ പ്രായമുള്ള ഒരു മാന്യദേവും പത്നിയും. ഇ.ശ്രീധരനാണോ അതെന്ന് ആദ്യ നോട്ടത്തിൽ ഞാൻ തെറ്റിദ്ധരിച്ചിരുന്നു. തിരക്കുള്ള ഒരു ബിസ്സിനസുകാരനായിരുന്നു അദ്ദേഹം. യാത്രക്കിടെ എന്തെങ്കിലും പുസ്തകം വായിച്ചിരിക്കാറുള്ളതിനാൽ സഹയാത്രികരുമായി കാര്യമായ വർത്തമാനം എനിക്ക് പതിവില്ല. പക്ഷെ ടിയാൻ വിടാനുള്ള മട്ടില്ലായിരുന്നു. ആ നാലുമണിക്കൂറും ഇടതടവില്ലാതെ സകല ലോക കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. ആ പ്രായത്തിൽ അത്രയും എനർജിയുള്ള ഒരുമനുഷ്യനെ ഞാൻ കണ്ടിട്ടില്ല. നിങ്ങൾ വിചാരിക്കും അങ്ങേരുടെ ഉപദേശം മൂലമാണ് ഞാൻ മാനസാന്തരപ്പെട്ടെതെന്ന്. അല്ല! മറിച്ച്, മർമ്മ പ്രധാനമായ സംഭവമുണ്ടായത് അവിടെ വെച്ചാ ണ്.
കള്ള് സപ്ലെ ചെയ്യാൻ ക്യാബിൻ ക്രൂ വന്നപ്പോൾ ഞാൻ പറഞ്ഞു. 'നോ താങ്ക്സ്'. ആ മനുഷ്യൻ എന്നെ അത്ഭുതത്തോടെ നോക്കി. ആദ്യമായിട്ടാത്രേ കള്ളടിക്കാത്ത ഒരച്ചായനെ ഫ്ളൈറ്റിൽ കാണുന്നത്!
ഇഷ്ടന് എന്നോടുള്ള ഇഷ്ടം പെരുത്തു നിൽക്കയാൽ ക്രിസ്മസിനു മുന്നോടിയായുള്ള താത്ക്കാലിക വെടി നിർത്തലിലാണെന്ന കാര്യം ഞാൻ മനഃപൂർവം മറച്ചുവെച്ചു. ആ ശ്രീധരൻ പൂർവാധികം ശക്തിയോടെ കത്തിയടിച്ചുകൊണ്ടേയിരുന്നു. കൊച്ചിയിൽ ഇറങ്ങിയപ്പോഴും പിടിവിടാതെ നിൽക്കുന്ന അങ്ങേരുടെ കണ്ണുവെട്ടിച്ച് ഡ്യൂട്ടീ ഫ്രീയിൽ നിന്ന് എങ്ങനെ കുപ്പിവാങ്ങും എന്നായി എന്റെ ആലോചന. ഒരുവിധേന കാർന്നോരെ പടിയിറക്കിയ ശേഷം പതിവുപോലെ ഞാനെൻറെ ക്വൊട്ട കൈപ്പറ്റി. പുറത്തെങ്ങാനും കക്ഷിയെ കണ്ടാലോ എന്ന് പേടിച്ച്, പ്ലാസ്റ്റിക് കവർ ഉന്തുവണ്ടിയുടെ താഴത്തെ തട്ടിൽ ഒതുക്കി വെച്ചു.
ആലുവപ്പാലത്തിന്റെ ഇറക്കത്തിൽ കാർ ഒന്നുയർന്ന് അമർന്നപ്പോൾ ഞാൻ ഡ്രൈവരോട് ചോദിച്ചു:
ഡേയ്, സാധനം പൊട്ടില്ലല്ലോ അല്ലേ?
അവജ്ഞയോടെ അവൻ പറഞ്ഞു.
'അതിന് ഒന്നും ഇല്ലായിരുന്നല്ലോ?'
'അതിന് ഒന്നും ഇല്ലായിരുന്നല്ലോ?'
എഡേയ്, ആ ട്രോളീടെ താഴെ വെച്ചിരുന്ന കവർ നീ എടുത്തില്ല?
'ഞാൻ കണ്ടില്ലാ.'
'ഞാൻ കണ്ടില്ലാ.'
ഉണ്ണീശോയെ.... !
സ്വന്തം മണ്ണിൽ കാലുകുത്തിയ സന്തോഷത്തിൽ ലഗ്ഗേജ് അവനെ ഏൽപ്പിച്ച് , യൂറിൻ പാസ്സ് ചെയ്യാൻ പോയ നിമിഷത്തെ ഞാൻ ശപിച്ചു .
വണ്ടി തിരിച്ചു വിടട്ടെ? വേണേൽ പോയ് നോക്കാം.
കിട്ടിയതു തന്നെ! സ്പിരിറ്റ് പോയി. ഇനി പെട്രോളും കൂടി കളയണോ?
നോമ്പ് വീട്ടാൻ എന്തോ ചെയ്യും?
ഈ അവസാന മണിക്കൂറിൽ അന്വേഷിച്ചു ചെന്നാൽ ഇന്നലെ ഗൾഫിൽ നിന്നും വന്നിറങ്ങിയ ഇവൻ ഏത് ഇരപ്പാളിയാണെന്ന് വിചാരിക്കും. വിങ്ങിപ്പൊട്ടിയ ഹൃദയത്തോടെ ആ ക്രിസ്മസ് ഡ്രൈ ഡേ ആയി ആചരിക്കാൻ തീരുമാനിച്ചു.
ഈ അവസാന മണിക്കൂറിൽ അന്വേഷിച്ചു ചെന്നാൽ ഇന്നലെ ഗൾഫിൽ നിന്നും വന്നിറങ്ങിയ ഇവൻ ഏത് ഇരപ്പാളിയാണെന്ന് വിചാരിക്കും. വിങ്ങിപ്പൊട്ടിയ ഹൃദയത്തോടെ ആ ക്രിസ്മസ് ഡ്രൈ ഡേ ആയി ആചരിക്കാൻ തീരുമാനിച്ചു.
ആ ആഘാതത്തിനിൽ നിന്ന് കരകയറാനാകാതെ പോയ നാലുകൊല്ലം! കള്ളടി കമ്പനികളിൽ കട്ടൻ ചായയുമായി ഇരിക്കാറുള്ള എന്നോടു പലരും അസൂയയോടെ ചോദിക്കുകയുണ്ടായി ധ്യാനം, കൗൺസിലിങ്ങ് തുടങ്ങിയ പീഡകൾക്ക് വിധേയനാകാതെ ഇതെങ്ങനെ സാധിച്ചു എന്ന്. ഞാനൊന്നും വിട്ടു പറഞ്ഞില്ല.
മനഃശക്തിയുണ്ടെങ്കിൽ സാധിക്കാവുന്നതൊക്കെ മനസ്സ് തകർന്നാലും സാധിക്കാമെന്ന പുതിയ ഐഡിയോളജി ഞാൻ കണ്ടെത്തുകയായിരുന്നു. മെഡിക്കൽ സയൻസിൽ ഇതിനെ റിവേഴ്‌സ് ഇഫെക്ട് ഓഫ് ഡിപ്രഷൻ ബൈ ആൾക്കഹോളിക് ലോസ് എന്ന് പറയും. രണ്ടു ജാക്ക് ഡാനിയൽസും ഒരു വിൻഗാർണിഷും വഴിയിൽ ഉപേക്ഷിച്ചാൽ ഒരുപക്ഷേ നിങ്ങൾക്കും പുതിയ മനുഷ്യരാകാം.
അമ്മേ.ആവൂൂൂ!!!!വല്ലാത്താനസാന്തരം തന്നെ ചേട്ടാ.
ReplyDeleteമൂന്നു ലിറ്ററിന് നാല് വർഷം! അതൽപ്പം കൂടുതലാ. തുടങ്ങണം. ഈ ക്രിസ്തുമസിന് എങ്കിലും. രസകരമായ എഴുത്തു.
ReplyDelete