Monday, January 19, 2015

നോ ഫ്ലൈ സോണ്‍

രാവിലെ ആറിനും ആറരയ്ക്കും ഇടക്കാണ് പഞ്ചായത്ത് പ്രസിഡന്റ്റ് ഔസേപ്പച്ചന്‍ വെളിക്കിറങ്ങാന്‍ പോകുന്നത്. 
മക്കളൊക്കെ വല്യ നിലയില്‍ ആയെങ്കിലും ചെറുപ്പം തൊട്ടുള്ള ശീലമായതു കൊണ്ട് ഓപ്പന്‍ എയറില്‍ പുല്ല് മുട്ടാതെ പുള്ളിക്ക് പോകില്ല.
ആറിനും ആറരയ്ക്കും മധ്യേ കുന്നിന്‍ മുകളിലൂടെ പോകുന്ന വിമാനങ്ങള്‍ തന്റെ കോണ്‍സന്ട്രേഷന്‍ കളയുന്നതിനാല്‍ അത് തടയണമെന്ന് ആവശ്യപ്പെട്ട് പുള്ളി വ്യോമയാന മന്ത്രിക്ക് കത്തെഴുതി. ഉത്തരം കിട്ടാത്തതിനാല്‍ പഞ്ചായത്ത് സ്ടാന്റിംഗ്കമ്മറ്റി വിളിച്ചു ചേര്‍ത്ത് 'നോ ഫ്ലൈ സോണ്‍' പ്രമേയം പാസാക്കി.
പിറ്റേന്ന് മോശം കാലാവസ്ഥ കൊണ്ടോ, ദുഫായില്‍ നിന്നുള്ള എയര്‍ ഇന്ത്യ പൊങ്ങാഞ്ഞത് കൊണ്ടോ എന്തോ കുത്തിയിരിക്കുമ്പോള്‍ ഔസേപ്പച്ചന്‍ ഇരമ്പല്‍ കേട്ടില്ല. തന്റെ പ്രമേയത്തിന്റെ പവര്‍ കൊണ്ട് ഏവിയേഷന്‍ വകുപ്പ് ആവിയായിപ്പോയത്തില്‍ അഭിമാനം തോന്നിയെങ്കിലും ഔസേപ്പച്ചന്റെ 'അന്നത്തെ പരിപാടി' സക്സസ് ആയില്ല!.
എയര്‍ ഗട്ടര്‍ മൂലം പുതിയ വ്യോമ പാത കണ്ടുപിടിച്ചതിനാല്‍ പിന്നീടൊരിക്കലും കുന്നിന്‍ മുകളിലൂടെ വിമാനം പറന്നില്ല. ഔസേപ്പച്ചന്‍ വിഷമ വൃത്തത്തിലായി. അന്ന് തുടങ്ങിയ പ്രശ്നം പിന്നീടങ്ങോട്ട് സോള്‍വ് ആയില്ല. മരുന്ന് കഴിച്ചു. എനിമ വെച്ചു. ലൊക്കേഷന്‍ മാറി ഇരുന്നു. നോ..രക്ഷ!
അങ്ങനെ ഒരു ദിവസം, ചന്ദ്രേട്ടന്റെ ചായക്കടയില്‍ ഇരിക്കുമ്പോള്‍, ഒരു റേഡിയോ പരസ്യത്തില്‍ വിമാനത്തിന്റെ ഇരമ്പല്‍ കേട്ടപ്പോള്‍ പ്രസിഡന്റിന്റെ വയറ്റില്‍ തിരയിളക്കം അനുഭവപ്പെട്ടു. പുള്ളി കുന്നില്‍ പുറത്തേക്ക് ഓടി..!
യുറീക്ക...!!
അന്ന് മുതല്‍, വിമാനത്തിന്റെ ഇരമ്പല്‍ റിക്കോര്‍ഡ്‌ ചെയ്ത ഒരു ടേപ്പ് റിക്കാര്‍ഡറുമായേ പുള്ളി വെളുപ്പിനേ ഇറങ്ങൂ...!

1 comment: