Monday, July 21, 2014

തട്ടുകടയിലെ തട്ട്

കളമശ്ശേരി ജീവിതവാസത്തിനിടെ ശാപ്പാട് മിക്കവാറും ഹോട്ടലില്‍ നിന്നായിരുന്നു. പുലരുംവരെ തട്ടുകടകളുള്ളതിനാല്‍ അത്താഴത്തെ ഓര്‍ത്ത് വലിയ ആവലാതിയില്ല. നിശ്ചിത സമയക്രമമൊന്നും പാലിക്കാത്ത വൈകിട്ടത്തെ ശാപ്പടിന് നിശ്ചയമായും സുഹൃത്തുക്കള്‍ മൂന്നു പേരുണ്ടാവും. 'പുട്ടും ബീഫ് ഫ്രൈയും' ആണ് ഇഷ്ടഭക്ഷണം. 

റൂമില്‍ പാചകം തുടങ്ങണമെന്നും പുറത്തെ ഭക്ഷണം കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും കൊളസ്ട്രോള്‍ കൂട്ടുന്ന ബീഫ് പോലുള്ളസാധനങ്ങള്‍ വര്‍ജ്ജിക്കണമെന്നുമൊക്കെ ചര്‍ച്ച ചെയ്താണ് ദിവസവും തട്ടുകടയില്‍ എത്തുക. ഓഡര്‍ എടുക്കാന്‍ വരുമ്പോള്‍ മൂവരും അല്‍പ നേരം മൌനമായി ഇരിക്കുകയും പിന്നെ ഏതോ ഉള്‍വിളിയാലെന്നപോലെ 'പുട്ടും ബീഫ് ഫ്രൈയും' എന്ന്‍ പറയുകയും ചെയ്യും.ഏതാണ്ട് രണ്ടുകൊല്ലത്തോളം ഈ കണ്ഫ്യൂഷന്‍ ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ 'മനുഷ്യന്റെ ഈ നെട്ടോട്ടമെല്ലാം ആഹാരത്തിനു വേണ്ടിയാണെന്നും അതുകൊണ്ട് തിരിഞ്ഞു കടിക്കാത്ത എന്തും കഴിക്കുന്നതില്‍ തെറ്റില്ലെ'ന്നുമുള്ള കണ്ക്ലൂഷനിലെത്തി.

അങ്ങനെ എല്ലാ ദിവസത്തെയും പോലെ തട്ടുകടയിലെ ഒരു രാത്രി. ഖദര്‍ വസ്ത്രധാരിയായ ഒരു ചേട്ടന്‍ തൊട്ടടുത്ത ടേബിളില്‍ ഇരുന്നു തട്ടുന്നുണ്ട്. ആള്‍ നല്ല പിമ്പിരിയാണ്‌.'കറിയൊന്നും വായ് വെക്കാന്‍ കൊള്ളത്തില്ലെല്ലെന്നും നീയൊക്കെ ഏത് മറ്റേടത്തെ ഒണ്ടാക്കുകാരാണെന്നു'മൊക്കെ പറഞ്ഞ് തെറിവിളി തുടങ്ങി. ഫാമിലിയൊന്നും കടയില്‍ ഇല്ലാത്തകൊണ്ട് ആരും ആദ്യം അതത്ര കാര്യമാക്കിയില്ലെങ്കിലും സമയം കഴിയുന്തോറും തെറിയുടെ ഇന്റെന്സിറ്റി കൂടി കൂടി വന്നു. രാഷ്ട്രീയ നേതാവാവിന്റെ കെട്ടും മട്ടും ഉള്ളതുകൊണ്ടോ കസ്റ്റമര്‍സിനെ പിണക്കേണ്ടന്നുമുള്ള കടക്കാരുടെ മനോഭാവം കൊണ്ടോ എറണാകുളമല്ലേ വെറുതെ വയ്യാവേലി തലയിലെറ്റണ്ട എന്ന ആളുകളുടെ ഭയം കൊണ്ടോ ചേട്ടന്‍ ഫുള്‍ ഫോമില്‍ ആറാടുന്നു.

അങ്ങനെ കുറച്ചു നേരമായി. എങ്ങനെങ്കിലും എണീറ്റ്‌ പോയാല്‍ മതിയെന്നായി ഓരോരുത്തര്‍ക്കും. മുമ്മൂന്ന്‍ ഒന്‍പതു കുറ്റി പുട്ടടിക്കുന്ന ഞങ്ങള്‍ അത് മൂന്നില്‍ നിര്‍ത്തി എണീറ്റു. ഇതൊന്നും കേള്‍ക്കുന്നേയില്ലെന്ന മട്ടില്‍ കാര്യമായി ശാപ്പാട് ആസ്വദിക്കുന്നുണ്ട് അടുത്ത ടേബിളിലെ മറ്റൊരു ചേട്ടന്‍. ദോശയും ചമ്മന്തിയുമാണ് പുള്ളിക്ക് പ്രിയം. ആറോ ഏഴോ ദോശയും ഒരു ഡബിള്‍ ഓംലെറ്റും അടിച്ച് ഏമ്പക്കം വിട്ട് ഒടുവില്‍ പുള്ളി എണീറ്റു. വാഷ്‌ബേസിനിലേക്ക് പോകുന്നതിനു മുന്പ് ഒന്ന് നിന്ന് കൈതീര്‍ത്തൊരെണ്ണം മറ്റേ മാന്യന്റെ കവിളത്ത് പൊട്ടിച്ചു! ആ അടിയോടെ ആള് നിലത്തു വീണു. പിന്നെ അവിടെ കൂടി നിന്നവര്‍ക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. ഒരു വിടവ് കിട്ടാത്തതിന്റെ വിഷമം ഞങ്ങള്‍ക്കും.

വെടിക്കെട്ടിന് തിരി കൊളുത്തിയശേഷം ഇടം കയ്യനായ ആ ചേട്ടന്‍ ഒന്നും അറിയാത്ത ഭാവത്തില്‍ റോഡിന്റെ ഓരം ചേര്‍ത്ത് നടന്നു പോയി. എല്ലായിടത്തും സ്ടാര്‍ട്ടിംഗ് ട്രബിളാണ് പ്രശ്നം!!.

No comments:

Post a Comment