ഏതാണ്ട് മൂന്നു കൊല്ലത്തോളമായി ഗള്‍ഫിലെ പത്രങ്ങള്‍ വായിച്ചിട്ട്. വായിച്ചിട്ടും വലിയ വിശേഷമൊന്നുമില്ല. എന്നാല്‍ ഓണ്‍ലൈന്‍ മലയാള പത്രങ്ങള്‍ ഒട്ടുമിക്കതും നോക്കും. എന്നിട്ടും ഇവിടുത്തെ അവധി ദിവസം അറിയാതെ ഓഫീസില്‍ വരികയോ, റോഡില്‍ വഴി തെറ്റി പോകുകയോ ചെയ്തില്ല. ടി.വി കണ്ടിട്ടും അഞ്ചുകൊല്ലമായി. തന്മൂലം ബ്രേക്കിംഗ് ന്യൂസുകള്‍ ബ്രെയിനിനെ ആലോസരപ്പെടുത്താറില്ല. ഇടക്കിടെ എഫ്.ബി യില്‍ തല വെയ്ക്കുമ്പോള്‍ ചില പോസ്റ്റുകളുടെ അന്തവും കുന്തവുമാറിയാതെ ലൈക്കണോ വേണ്ടയോ എന്നൊരു കണ്ഫ്യൂഷന്‍ ഒഴിച്ചാല്‍ അതുകൊണ്ടും വലിയ നഷ്ടമൊന്നും ഉണ്ടായിട്ടില്ല.ഓഫീസ് ഡെസ്കില്‍ ഒരു ലാന്ഡ് ഫോണ്‍ പൊടിപിടിച്ചിരിപ്പുണ്ട്. ഞാനായിട്ട് ആരെയും വിളിക്കത്തില്ല. റൂമില്‍ കുത്തിയിരിക്കാതെ എവിടെങ്ങിലും കറങ്ങാം എന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാല്‍ എന്തെങ്കിലും ഒഴികഴിവുകള്‍ പറഞ്ഞു മുറിയില്‍ പുസ്തകവുമായി ചടഞ്ഞു കൂടും. ഇത്തരം പരട്ട സ്വഭാവങ്ങള്‍ കൊണ്ട് ഒരുമാതിരിപ്പെട്ട കൂട്ടുകാരൊക്കെ എന്നെ വിട്ടുപോയി. വട്ടാണ് എന്നറിയാവുന്ന ചിലരൊക്കെ ഇടയ്ക്കു വിളിക്കും. വരും. പിന്തിരിപ്പനാണെന്ന് ആളുകള്‍ പറഞ്ഞാലും ഗുഹയിലെ ഏകാന്തവാസം ഞാന്‍ ആസ്വദിക്കുന്നു. കാട്ടുവാസികളോട് എനിക്കെന്തോ വല്ലാത്ത അസൂയയാണ്.
No comments:
Post a Comment