Thursday, March 27, 2014

അപരന്‍

2004 ലെ ലോകസഭാ ഇലക്ഷന്‍ കാലത്ത് ഞാന്‍ എറണാകുളത്ത് താമസിക്കുന്നു. റൂം‌മേറ്റ്സ് മൂന്നുപേര്‍ കാഞ്ഞിരപ്പള്ളി അച്ചായന്മാരാണ്. റബര്‍പോലെ വലിയുകയും ചുരുങ്ങുകയും ചെയ്യുന്ന നമ്മുടെ മാണിസാറിന്‍റെ പൊന്നോമനകള്‍. അന്ന് മൂവാറ്റുപുഴ മണ്ഡലത്തില്‍ കേരളാകോണ്ഗ്രസില്‍ നിന്നും പടിയിറങ്ങിപ്പോയ പി.സി തോമസാണ് ജോസ്.കെ.മാണിയുടെ എതിരാളി. 

ഒരുദിവസം ജോലി കഴിഞ്ഞു റൂമില്‍ എത്തിയപ്പോള്‍ ദേ.....ഇരിക്കുന്നു വേറൊരു സാധനം! എഴുത്തഞ്ചു വയസുള്ള ഒരു അപ്പച്ചന്‍!
പുള്ളിയുടെ പേരും പി.സി. തോമസ് എന്നാണ്. രണ്ടു ദിവസം കഴിഞ്ഞാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട ദിവസം. സകല പൊരുത്തങ്ങളും ഒത്തിണങ്ങിയ അപരനെ ഏതോ കാട്ടുമുക്കില്‍ നിന്നും അവര്‍ പൊക്കിയെടുത്തുകൊണ്ടുവന്നതാണ്. പത്രിക കൊടുക്കും വരെ റൂമിന് പുറത്തിറങ്ങരുത് എന്നാണ് പുള്ളിയോട് പറഞ്ഞിരിക്കുന്നത്. സംഭവം മണത്തറിഞ്ഞ് ആരെങ്കിലും തട്ടിക്കൊണ്ടുപോയാല്‍ പണി പാളുമല്ലോ...

ഓഫീസ് അടുത്തായതുകൊണ്ട് ഇടയ്ക്കിടെ വന്നു നോക്കി കൊള്ളണമെന്ന് എനിക്കും നിര്‍ദേശം.

അപ്പച്ചന്‍റെ കാര്യമാണേല്‍ ബഹു കുശാല്‍..!
എപ്പോള്‍ ഞാന്‍ വന്നു നോക്കുമ്പോഴും പുള്ളിയുടെ മുന്‍പില്‍ ഒരു കുപ്പിയും ഗ്ലാസും ചിക്കന്‍ പെരിച്ചത്, പൊറോട്ട, ബീഫ് ഫ്രൈ എന്നീ ടച്ചിങ്ങ്സും കാണും. അതുകൊണ്ട് അടിക്കടി അവന്നു നോക്കാന്‍ എനിക്കും ഒരു ഉത്സാഹമൊക്കെ ഉണ്ടായി. അങ്ങനെ പത്രിക പരിശോധന കഴിയുന്നവരെ പുള്ളി ആഘോഷമായി അവിടങ്ങു കൂടി. കൂട്ടത്തില്‍ പ്രായം കുറഞ്ഞവന്‍ ഞാനായത് കൊണ്ട് എന്നെ നിലത്താക്കി കക്ഷി കട്ടിലില്‍ കിടപ്പായി. എങ്കിലും കാര്യങ്ങള്‍ പാര്‍ട്ടി ചിലവില്‍ മുട്ടില്ലാതെ നടന്നു പോകുന്നകൊണ്ട് എനിക്കും പരാതിയില്ലായിരുന്നു.

പരിപാടിയെല്ലാം കഴിഞ്ഞപ്പോള്‍ പുള്ളിയെ കാഞ്ഞിരപ്പള്ളിക്ക് ബസ്സ്‌ കേറ്റി വിട്ട് വിദ്വാന്‍മാര്‍ എല്ലാം തിരികെപോന്നു. പുള്ളി വീട് പറ്റിയോ ഇല്ലയോ എന്ന് പിന്നീട് ചോദിച്ചപ്പോള്‍ "ആര്‍ക്കറിയാം" എന്ന് മറുപടി! ഇന്നും പുള്ളിയങ്ങു ചെന്നോന്ന് എനിക്കറിയില്ല.
എന്തായാലും സുഹൃത്തുക്കളുടെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി ആഘോഷമായി പൊട്ടി. രണ്ടില വാടിയ ഇലക്ഷന്‍ മാണിക്കാര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണെങ്കിലും അത്രയും നാള്‍ നല്ലൊരു കറവപ്പശുവായിരുന്ന ആ 'അപരന്‍ അപ്പച്ചനെ' ഒരുകാലത്തും എനിക്ക് മറക്കാനാവില്ല!.

No comments:

Post a Comment