Tuesday, June 24, 2014

വൃണപ്പെടുന്ന മറ്റേത്

"വീണ്ടും മതവികാരം വൃണപ്പെട്ടു!"
എവിടുന്നു വരുന്നെന്നറിയില്ല ഇന്ത്യാക്കാര്‍ക്ക് ഇതിനുംമാത്രം! നൂറ്റി മുപ്പതു കോടിയുടെ വൃണപ്പെട്ട് വേസ്റ്റ് ആയിപ്പോകുന്ന ഈ സാധനത്തില്‍ നിന്ന് വല്ല വൈദ്യുതിയോ മറ്റോ ഉത്പാദിപ്പിച്ചിരുന്നെങ്കില്‍ ഇന്ധനക്ഷാമത്തിനു ശാശ്വത പരിഹാരമായേനെ.!

Monday, June 23, 2014

വെറുപ്പ്

റൂമില്‍ നിന്ന് ഓഫീസിലേക്ക് വരുന്ന വഴിക്ക് സൌകര്യമായി മൂന്നാല് കടകളുണ്ട്. എങ്കിലും മെട്രോ സ്റ്റേഷന് പുറത്തുള്ള മലയാളിയുടെ കടയില്‍ നിന്നാണ് എന്തെങ്കിലും ചെറു പര്‍ച്ചേസുകള്‍ നടത്തുക. പത്തു രൂപയെങ്കിലും കിട്ടുന്നത് കൂട്ടത്തിലുള്ള ഒരുത്തനാകട്ടെ എന്ന വിചാരം. അവനാകട്ടെ ആ വിചാരമൊട്ടില്ലതാനും. ചേഞ്ച് ഇല്ലെങ്കില്‍ ദേഷ്യം, തിരക്ക് കൂടിയാല്‍ കസ്റ്റമേര്‍സ് എന്തോ തെറ്റു ചെയ്ത പോലെയുള്ള നോട്ടം. 
മൊത്തത്തില്‍ വെറുപ്പ് ആ മുഖത്തുനിന്ന്ഒപ്പിയെടുക്കാം!
അല്ല നമ്മളെന്താ ഇങ്ങനെ? നമുക്കെന്താ ഒന്ന് ചിരിച്ചാല്‍..........?

Saturday, June 21, 2014

ഭരണചക്രം

സർക്കാറുകൾ മാറിയാലും ലക്ഷ്യം ഒന്നു മാത്രമായിരിക്കണം, രാജ്യപുരോഗതി. 
ഭരണചക്രം ഉരുളണം, റോഡുറോളർ പോലേ. ഉറച്ച അടിത്തറ ജനങ്ങളായിരിക്കണം. 
ഞങ്ങളുടെ നെഞ്ചത്തൂടെ എന്നും നിങ്ങളത്‌ ഉരുട്ടി ഉറപ്പിക്കുന്നു.!

Thursday, June 19, 2014

കപൂറാക്കുന്ന കാര്‍ഡുകള്‍

ആധാറിനു പകരം പുതിയ കാര്‍ഡ്! 
മനുഷ്യമ്മാരുടെ വയറു കീറിയോ തല പിളര്‍ന്നോ ഓരോ 'ചിപ്പ്' അങ്ങു വെച്ചു വിട്ടേക്കാമെങ്കില്‍ സൌകര്യമായിരുന്നു. സര്‍ക്കാര്‍ മാറുന്നതിന് അനുസരിച്ച് കാര്‍ഡ്എടുക്കാന്‍ നെട്ടോട്ടം ഓടെണ്ടല്ലോ..ആവശ്യമുള്ളത് ബ്രെയിന്‍മാപ്പ് ചെയ്ത് നിങ്ങളെടുത്തോളീന്‍ !

Tuesday, June 17, 2014

സമാഹാരം

മദ്യപാനം പുകവലി, ലഹരി എന്നിവയ്ക്കെതിരെ അവബോധം വളര്‍ത്തുന്ന കഥകള്‍ സമാഹരിച്ച് പുസ്തകം ഇറക്കുന്നു. ഉണ്ടെങ്കില്‍ അയച്ചു കൊടുക്കുക എന്നൊരു പരസ്യം മുന്‍പ് കണ്ടിരുന്നു. ഞാനെഴുതിയതാകെ നോക്കിയിട്ട് മരുന്നിനു പോലും ഒരെണ്ണം കണ്ടെത്താനായില്ല. 

അതെല്ലാം കൂടി "കുപ്പി" എന്നപേരില്‍ സമാഹരിചാലോ എന്നാ ഇപ്പൊ എന്റെ ആലോചന! 

Monday, June 16, 2014

ഫുട്ബോള്‍ മന്ത്രാലയം

സാര്‍..താങ്കള്‍ കായികമന്ത്രിയായതോടെ ഇന്ത്യന്‍ ഫുട്ബോളിന് പുതിയൊരു ഉണര്‍വ് പ്രതീക്ഷിക്കാമോ? നമുക്ക്എന്ന്‍ ലോകക്കപ്പ് കളിക്കാനാവും?

"തീര്‍ച്ചയായും. സ്പെയിന്‍ പോലുള്ള ടീമുകള്‍ വിജയകരമായി ആവിഷ്കരിച്ചു നടപ്പാക്കിയ 'ടിക്കി-ടാക്ക' പോലൊന്ന് ഗവര്‍മെന്റ് തയ്യാറാക്കി വരികയാണ്."

എന്താണത്?

"ഞൊട്ടി-ഞൊട്ടി"

Thursday, June 12, 2014

ഫുട്ബോള്‍ ഫാന്‍

വെളിയില്‍ കളികണ്ടുനിന്നപ്പോള്‍ അവരാണെന്നോട് "കളിക്കുന്നോ?" എന്ന് ചോദിച്ചത്. 
എങ്കിലും കളിക്കാനിറങ്ങിയപ്പോള്‍ കൊതിക്കുപോലും അവരെനിക്ക് പന്തുതന്നില്ല. 
ഒന്നും പിടിച്ചുവാങ്ങുന്ന ശീലമില്ലാത്തതിനാല്‍ ഞാനൊട്ടു ചോദിക്കാനും പോയില്ല. പിന്നെ
ഗോളി നിര്‍ത്തിയപ്പോള്‍ എതിര്‍ കളിക്കാര്‍ക്ക് എന്നോട് സഹതാപം തോന്നിയിട്ടോ എന്തോ മനസുപോലെ പന്തടിച്ചുതന്നു. ഒടുവില്‍ ഗോള്‍വല കീറിയതിനും അവരെന്നെ തെറിപറഞ്ഞു.
സത്യത്തില്‍ മനസാവാചാ ഞാനൊന്നും ചെയ്തിട്ടില്ല. പാവങ്ങള്‍ക്കും ജീവിക്കണ്ടേ ഇവിടെ!