Wednesday, May 18, 2016

എഴുത്തച്ഛന്റെ അച്ഛന്മാര്‍

തെങ്ങുകയറ്റക്കാരനോ മേസ്തരിക്കോ ആശാരിക്കോ ചെരുപ്പുകുത്തിക്കോ എഴുതാന്‍ ടൈം കിട്ടുന്നില്ല. 365 ദിവസവും പണിക്ക് വിളിച്ച് ശല്യപ്പെടുത്തുന്ന നീ ഏകാന്ത ധ്യാനത്തിലേക്ക് ടൂര്‍ പോകാന്‍ അവരെ അനുവദിക്കുന്നുമില്ല. പണി ചെയ്ത് നടുവൊടിഞ്ഞവര്‍ രാത്രികളില്‍ വിശ്രമിക്കുന്നു. ആകയാല്‍ എഴുത്തുകാരാ പൊതു ഇടങ്ങളില്‍ മറ്റുള്ളവരേക്കാള്‍ നീ ബഹുമാനിക്കപ്പെടണമെന്ന് ശഠിക്കരുത്. കലാകാരന്മാര്‍ ആദരിക്കപ്പെടുന്നത് സംസ്കാരത്തിന്റെ ഭാഗമാണ്. ആ സംസ്കാരമെങ്കിലും മിനിമം നീ കാണിക്കണം.

ഡിങ്ക വചനമാണ് നിങ്ങള്‍ കേട്ടത്.

Saturday, May 14, 2016

പ്രതി

ഐ.പി അഡ്രസ്സിൽ നിന്നാണു അവർ കൊലപാതകിയെ തിരിച്ചറിഞ്ഞത്‌. നിരന്തരമായി സേർച്ച്‌ ചെയ്തിരുന്ന ആ വാക്ക്‌ ഭക്ഷണത്തിൽ ചേർത്ത്‌ കൊടുക്കുന്ന ആഴ്സനിക്ക്‌ പോയ്സണായിരുന്നു. പുതുതായ്‌ എഴുതിയ
കഥയുടെ വിശദാംശങ്ങൾക്കായാണു ആ വാക്ക്‌ ഗൂഗിളിൽ പരതിയതെന്ന് പറഞ്ഞിട്ട്‌ പോലിസ്‌ വിശ്വസിച്ചില്ല. കഥക്ക്‌ അവാർഡ്‌ കിട്ടുമ്പോൾ ഞാൻ ജയിലിലായിരുന്നു.

Sunday, April 17, 2016

ഉയര്‍പ്പിക്കല്‍ കല

കത്താവിന്റെ ഉയിര്‍പ്പ് ഏറ്റവും ഡ്രമാറ്റിക്കായി അവതരിപ്പിക്കുക പാതിരാകുര്‍ബാനയുടെ പഞ്ച് ഐറ്റമാണ്. അപ്പോള്‍ പള്ളിയിലെ ലൈറ്റുകള്‍ കെടും. കൊടുങ്കാറ്റടിക്കും. അകത്ത് പുക. പുറത്ത് കതിനാവെടി. കല്ലറയുടെ കവാടം നീങ്ങുമ്പോള്‍ ഉയര്‍ത്തെണീറ്റ യേശു ജനങ്ങള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടും. ആബാലവൃദ്ധം അത്ഭുതത്തോടെ അത് നോക്കി നില്‍ക്കും.
രംഗപടം, കലാസംവിധാനം, എഫക്ട്സ്. എല്ലാം ആര്‍ട്ടിസ്റ്റ് ലോനപ്പന്റെ നേതൃത്തത്തില്‍ ചില്ലറ വെറൈറ്റികളോടെ വര്‍ഷാവര്‍ഷം നടത്തിപ്പോന്നിരുന്നു. തെര്‍മ്മോക്കോളും ന്യൂസ് പേപ്പറും കാപ്പിപ്പൊടി നിറത്തിലെ സ്നോസവും കൊണ്ട് മലയും ഗുഹയും ഉരുണ്ടുനീങ്ങുന്ന കല്ലും ഉള്‍പെടുന്ന സെറ്റ് പാതിരായ്ക്ക്‌ മുന്‍പ് അള്‍ത്താരയുടെ ഇടത്തേ മൂലയില്‍ റെഡിയാകും. കല്ലറക്കുള്ളില്‍ പതുങ്ങിയിരുന്ന് കൃത്യം മുഹൂര്‍ത്തത്തിന് രൂപം ഉയര്‍ത്തി പീഠത്തില്‍ പ്രതിഷ്ടിച്ചു കഴിഞ്ഞേ ലോനപ്പനു വിശ്രമമുള്ളൂ. ഗുഹാ കവാടമല്ലാതെ പുറത്തേക്കിറങ്ങാന്‍ മറ്റു വഴികള്‍ ഇല്ലാത്തതിനാല്‍ കര്‍ത്താവിനെ ഉയര്‍പ്പിച്ചു കഴിഞ്ഞ് പുള്ളി കല്ലറയുടെ ഉള്ളില്‍ കിടന്ന് ഉറങ്ങുകയാണ് പതിവ്. ഈ മഹാത്ഭുതം പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റ് ലോനപ്പനോടുള്ള കടുത്ത ആരാധനയാല്‍ ഞങ്ങള്‍ ശിഷ്യന്മാര്‍ പെയിന്റ് പാട്ടയും ബ്രഷും മുട്ടുസൂചിയും അനുസാരികളുമായി പണിസമയത്ത് ചുറ്റും നില്‍ക്കും.
ആ ഈസ്റ്ററിന് പുതിയ കൊച്ചച്ചന്‍ പുതിയൊരു ആശയം മുന്നോട്ടു വെച്ചു. ഇത്തവണ കല്ലറ നീങ്ങുമ്പോള്‍ കര്‍ത്താവിന്റെ തിരുസ്വരൂപത്തിനു പകരം ഒരു മെഴുകുതിരി മാത്രം കത്തി നിന്നാല്‍ മതി. ‘ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു, എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല.’ അത് സിമ്പോളിക്കായി അവതരിപ്പിക്കുക. അച്ചന്‍ ആധുനികതയുടെ വ്യക്താവാണെന്ന് ബോധ്യമായതോടെ ഒ.വി. വിജയന്‍ സ്റ്റൈലിലുള്ള തന്റെ ഊശാംതാടി തലോടി, വെള്ളം കാണാത്ത തലമുടി ചൊറിഞ്ഞ് ആര്‍ട്ടിസ്റ്റ് സമ്മതം രേഖപ്പെടുത്തി. നസ്രാണികളുടെ ഇടയില്‍ കലാബോധമുള്ള ഒരു പുരോഹിതനെങ്കിലും ഉണ്ടായല്ലോ എന്നതില്‍ ഉള്ളാല്‍ ആഹ്ലാദിച്ചു. ഊളകളായ തന്റെ നാട്ടുകാര്‍ അന്തവും കുന്തവും തിരിയാതെ മിഴിച്ചു നോക്കണം.
ഞങ്ങള്‍ക്ക് വിഷമമായി. ഉയിര്‍പ്പ് സംഭവ ബഹുലമായി കാണാനാണ് ഉറക്കമൊഴിച്ച് പള്ളിയില്‍ വരുന്നത് തന്നെ. എന്തെങ്കിലുമാട്ടെ, കണ്ടു നോക്കാം.
പാതിരാത്രി കല്ലറയ്ക്കുള്ളില്‍ സര്‍വ്വം സുസജ്ജം. ആര്‍ട്ടിസ്റ്റ് മെഴുകുതിരി പീഠത്തില്‍ ഉറപ്പിച്ചു. ചട്ടിയില്‍ ചിരട്ടക്കനല്‍ ആളിച്ച് കുന്തിരിക്കം പുകച്ചു. ലൈറ്റ് ഓഫ്‌. കൊടുങ്കാറ്റിന്റെ ബാഗ്രൌണ്ട് മ്യൂസിക്കിന് കാതോര്‍ത്തിരിക്കുമ്പോള്‍ ടൈമിംഗ് തെറ്റി കതിനാ വെടി മുഴങ്ങി! അപ്രതീക്ഷിത ആഘാതത്തില്‍ കത്തുന്ന കനല്‍ പാത്രം കയ്യില്‍നിന്നും വഴുതി ലോനപ്പന്റെ മടിയില്‍ വീണു. കല്ലറയുടെ വാതില്‍ ചവുട്ടിത്തുറന്നുകൊണ്ടൊരു രൂപം പുറത്തേക്ക് പായുന്നത് കണ്ട് ഭക്തിയുടെ പാരമ്യത്തില്‍ നിന്ന വിശ്വാസികള്‍ കോരിത്തരിച്ചു. കനല്‍ വീണു കരിഞ്ഞ ഡബിള്‍ മുണ്ട് അന്തരീക്ഷത്തിലേക്ക് പറിച്ചെറിഞ്ഞത് ഉയര്‍ത്തെണീറ്റ കര്‍ത്താവിന്റെ തിരുശേഷിപ്പാണെന്നു കരുതി അത് കൈക്കലാക്കാന്‍ അമ്മച്ചിമാര്‍ പിടിവലി നടത്തി.
പിന്നീടുള്ള ഓരോ നോമ്പ് വീടല്‍ കമ്പനിയിലും കൊച്ചച്ചന്റെ ഉയര്‍പ്പിക്കല്‍ കലയെ ‘മാജിക്കല്‍ റിയലിസമെന്നൊക്കെ’ ഞങ്ങള്‍ വാഴ്ത്തുമ്പോള്‍, ഉടുമുണ്ട് ഉയര്‍ത്തി വലത്തേ തുടയിലെ ‘പൊള്ളല്‍ കല’ കാട്ടി ആര്‍ട്ടിസ്റ്റ് ലോനപ്പന്‍ പറയും ഇത് തിരുമുറിവ് ആണെടാ $^%%കളെ,,, തിരുമുറിവ്.

പൊട്ടിത്തെറിക്കുന്ന ഒരു രചന

എടോ, ലോക മനസാക്ഷിയെ 'പിടിച്ചു കുലുക്കുന്ന' ഒരു രചന മലയാളത്തില്‍ നിന്ന് ഉണ്ടാകാത്തതെന്തന്ന്‍ അറിയുമോ?
'നെല്ലിമരമൊന്നുലര്‍ത്തുവാന്‍...മോഹം.' ഒരു 'നല്ല കുലുക്കല്‍' അല്ലേ സാര്‍.
മരം കുലുക്കുന്നതല്ലഡോ.. മരണമുണ്ടാവണം. യുദ്ധം.... കലാപം.. ഭൂകമ്പം. ഇതൊക്കെ അനുഭവിക്കണം.. എന്നാലേ സാഹിത്യത്തിനു കരുത്തുണ്ടാവൂ...
സര്‍, സാഹിത്യമില്ലേലും നാട്ടില്‍ സമാധാനമുള്ളതല്ലേ നല്ലത്?
അല്ലടോ.. പൊട്ടണം. എവിടെങ്കിലും ഒക്കെ പൊട്ടണം. അത്തരമൊരു തീഷ്ണമായ വേദനക്കുവേണ്ടി ഞാന്‍ എത്രനാളായി കാത്തിരിക്കുകയാണ്! മരിക്കുന്നത്തിനു മുന്‍പ് അത് നടക്കുമോ ആവോ?
ഞാന്‍ സഹായിക്കാം. സര്‍.
ഓഹ് ബ്രില്ല്യന്റ്! താന്‍ ബോംബു വെക്കുമോ?
പൂരത്തിന്റെ പടക്കശാലക്കുള്ളില്‍ സാറിരിക്കുന്നു,എഴുതുന്നു. ഞാന്‍ പുറത്തുനിന്ന് തീ വെയ്ക്കുന്നു.ഓടുന്നു..

വീര ജവാൻ

വീര ജവാന്റെ മൃതദേഹം കുളിപ്പിച്ചൊരുക്കിയത്‌ ഞാനായിരുന്നു. മൂക്കറ്റം കുടിക്കാതെ ശവം കഴുകാൻ എനിക്കാവില്ല. അയാൾക്ക്‌ വെടിയേറ്റത്‌ പിന്നിൽ നിന്നായിരുന്നു. കുടിയനായതുകൊണ്ട്‌ ഞാൻ പറഞ്ഞത്‌ ആരും വിശ്വസിച്ചില്ല.

Tuesday, February 23, 2016

ഒരു ക്യാമ്പസ് മതിലിനപ്പുറം.


1997-98 പോളി കാലഘട്ടം. കോളേജ് ചരിത്രത്തിലാദ്യമായി ഒരു വിദ്യാര്‍ത്ഥി യൂണിയന്‍ പൊട്ടിമുളച്ചു. സ്ഥാനാര്‍ഥികളെല്ലാം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടൂ. കോളേജ് ഉത്തരമലബാറിലാണെങ്കിലും പേരിനുപോലും ഒരു പ്രതിപക്ഷം ഇല്ലാത്തത് ചില 'മദ്യ'തിരുവിതാംകൂറുകാരേ ചൊടിപ്പിച്ചു. മാഗസിന്‍ പ്രകാശനം സാഹിത്യസൃഷ്ടികള്‍ക്ക്‌ നിലവാരം പോരന്ന കാരണത്താല്‍ ബഹിഷ്കരിക്കാനും പ്രതീകാത്മകമായി കത്തിച്ച് പ്രതിഷേധിക്കാനും തീരുമാനമായി. സംഗതി സംഭവബഹുലമാക്കി, സക്സസാക്കി.

       വൈകുന്നേരം ഇരുട്ടടി വീട്ടില്‍ കിട്ടിയപ്പോഴാണ് സംഗതി കൈവിട്ടുപോയന്നു മനസ്സിലായത്. പാര്‍ട്ടി ഗ്രാമമാണ്. ഇ.എം.എസിന്റെ ഫോട്ടോ കത്തിച്ചു എന്ന ഗുരുതരമായ കുറ്റം. സൃഷ്ടികള്‍ക്ക് നിലവാരം പോരെന്നതായിരുന്നു തീയിടാനുള്ള കാരണമെങ്കിലും താളുകള്‍ മറിച്ചു നോക്കാതെയാണ്‌ അലമ്പുണ്ടാക്കിയത്. അടികൊണ്ടവരും ഇനി കൊള്ളാനുള്ളവരും രായ്ക്കുരാമാനം നാടുവിട്ട് കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീടുകളില്‍ അഭയംതേടി. 
ഒരാഴ്ചക്കുശേഷം നാട്ടിലെ അതാത് ഏരിയാ കമ്മറ്റികളുടെെ കാലുപിടിച്ച് പ്രശ്നം തീര്‍പ്പാക്കി. അന്നത്തോടെ നിഷേധികളായ പ്രതിഷേധകര്‍ തികഞ്ഞ അച്ചടക്കമുള്ള പാര്‍ട്ടി മെമ്പര്‍മാരായി.


  അപ്പോഴും പാതി കരിഞ്ഞ മാഗസിന്റെ അവസാന പേജില്‍ സമര്‍പ്പിതനായ ഗാന്ധിജി ഇരിപ്പുണ്ടായിരുന്നു. സഹിഷ്ണതയോടെ ചിരിച്ചുകൊണ്ട്, ആരോടും പരിഭവമില്ലാതെ, അണികളില്ലാതെ.....!

Monday, November 2, 2015

ബാര്‍ബര്‍ ആന്‍ഡ് ബാര്‍ബേറിയന്‍സ്

അടുത്തുള്ള പാക്കിസ്താനിയുടെ കടയിലാണ് പതിവായി മുടി വെട്ടാന്‍ പോകാറ്. പത്ത്ദിര്‍ഹമാണ് പടിയെങ്കിലും ഇരിപ്പുവശം വെച്ച് പതിനഞ്ച് ഞാന്‍ കൊടുക്കും.
തലപെരുപ്പിക്കുന്ന മസ്സാജും മ്യൂസിക്കും ഒക്കെയായി കസ്ടമറോട് അടുപ്പം കൂടുവാനുള്ള സൌകര്യവും വാസനയും പണ്ടേ ക്ഷുരകന്‍മാര്‍ക്കുണ്ട്. ലോകത്തുള്ള സകല ബാര്‍ബേര്‍സിനും ജന്മസിദ്ധമായി കിട്ടിയ കഴിവാണ് അതെന്ന്തോന്നുന്നു.
ആദ്യസമാഗമം. കാടുവെട്ടിതെളിച്ചുകൊണ്ടിരിക്കേ കണ്ടമാനം വെളുത്ത മുടിയിഴകള്‍ കണ്ട കക്ഷി ആശങ്ക പ്രകടിപ്പിച്ചു. "
"ഭായ്.. ഉമര്‍ കിത്ത്നാ... യെ സഫേദ് ബഹുത് ജ്യാദാ ഹേ...."
ഇത് പതിവായി കേട്ടു ശീലമുള്ളതുകൊണ്ട് അറിയാവുന്ന ഭാഷയില്‍ ഞാന്‍ അവനോടു പറഞ്ഞു.
"ഭായ്..മുടി ബ്ലാക്ക്ആയാലും വൈറ്റ്ആയാലും ..ഡോണ്ട് വറി. തലയുള്ള കാലത്തോളം അനക്ക് പണി ഉണ്ടല്ലോ പ്ലീസ് ക്യാരി ഓണ്‍.. "
ലവന്‍ പിന്നിന്നോളം അതേ പറ്റി മിണ്ടിയിട്ടില്ല. ടി.വിയില്‍ വിശ്രമമില്ലാതെ ഓടിക്കളിക്കുന പാക്ക് വാര്‍ത്താ ചാനലുകള്‍.. സീരിയലുകള്‍...ക്രിക്കറ്റ്.
അതിനിടക്ക് കുശലം പറയും;
"ഭായി, എനിക്കറിയാവുന്ന ഇന്ത്യക്കാരൊക്കെ നല്ലവരാണ്. പക്ഷേ, ജനിക്കുമ്പോള്‍ മുതല്‍കേള്‍ക്കുന്നത് ഇന്ത്യക്കാര്‍ നമ്മുടെ ശത്രുക്കള്‍ ആണെന്നാണ്‌.....എനിക്കറിയാം നിങ്ങളെയും അങ്ങേനെയാണ് സ്കൂളില്‍ പഠിപ്പിക്കുന്നത് എന്ന്."
അവന്‍ സുഖിപ്പിക്കുകാണെങ്കിലും പറഞ്ഞതില്‍ കഴമ്പുള്ളതുകൊണ്ടും, കത്തിയും കത്രികയും ലവന്റെ കയ്യിലായതുകൊണ്ടും ഞാന്‍ മിണ്ടാതെ തലകുനിച്ചിരുന്നു.
ഇത്തവണ ചെന്നപ്പോള്‍ ചര്‍ച്ചയില്‍ കാശ്മീരിലെ പ്രശ്നവും ബീഫ് വിവാദവും ഒക്കെയാണ്. ഇടക്കിടെ ചാനല്‍ പ്രതിനിധി ജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതും കാണിക്കുന്നുണ്ട്.
“.....ഭാരത സര്‍ക്കാര്‍ നമ്മെ വെല്ലുവിളിക്കുകയാണ്..... യെ വ്യക്ത് ഹേ.. ഇന്ത്യ ഹമാര ദുശ്മന്‍...ഹെ ഹൈ..ഹോ..” എന്നൊക്കെ യുവാക്കളുടെ ആക്രോശം.
ഗോളാന്തരവാര്‍ത്ത സിനിമയില്‍ ശ്രീനിവാസനെ സ്റ്റേജില്‍ ഇരുത്തികൊണ്ട് പഞ്ചായത്ത് പ്രസിഡന്‍റ് ശങ്കരാടി നടത്തുന്ന പ്രസംഗം ഞാനോര്‍ത്തു.
“ഇന്നലെവരെ ശുദ്ധ തെമ്മാടിയും പരമ ചെറ്റയുമായിരുന്ന കാരക്കൂട്ടില്‍ ദാസന്‍ എന്ന ഒറ്റയാനെ നമ്മുടെ രമേശന്‍ നായര്‍ തളച്ചിരിക്കുകയാണ്...
അത് മനസിലാക്കിയ ബാര്‍ബര്‍ ചനല്‍ മാറ്റി. അടുത്ത ന്യൂസ് ചാനലിലും രക്ഷയില്ല. വീണ്ടു അടുത്തത്...ഒടുവില്‍ അത് ടെലിബ്രാന്റിന്റെ പരസ്യത്തില്‍ ചെന്നുനിന്നു. പൂശൂ..ഏതോ ‘ലവണ തൈലം.!
ഇതിലും ഭേദം ന്യൂസ് ചാനല്‍, അല്ലെങ്കില്‍ ഓന്റെ ‘കത്തി.’ ഏതായാലും ആ പാവപ്പെട്ടവന്റെ പങ്കപ്പാട് കണ്ട് ചിരിക്കാതിരിക്കാനായില്ല. പണികഴിഞ്ഞ് കാശ് പതിനഞ്ച് പോക്കറ്റിലിട്ട് അവനും ചിരിച്ച് സലാം പറഞ്ഞു.