Tuesday, February 23, 2016

ഒരു ക്യാമ്പസ് മതിലിനപ്പുറം.


1997-98 പോളി കാലഘട്ടം. കോളേജ് ചരിത്രത്തിലാദ്യമായി ഒരു വിദ്യാര്‍ത്ഥി യൂണിയന്‍ പൊട്ടിമുളച്ചു. സ്ഥാനാര്‍ഥികളെല്ലാം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടൂ. കോളേജ് ഉത്തരമലബാറിലാണെങ്കിലും പേരിനുപോലും ഒരു പ്രതിപക്ഷം ഇല്ലാത്തത് ചില 'മദ്യ'തിരുവിതാംകൂറുകാരേ ചൊടിപ്പിച്ചു. മാഗസിന്‍ പ്രകാശനം സാഹിത്യസൃഷ്ടികള്‍ക്ക്‌ നിലവാരം പോരന്ന കാരണത്താല്‍ ബഹിഷ്കരിക്കാനും പ്രതീകാത്മകമായി കത്തിച്ച് പ്രതിഷേധിക്കാനും തീരുമാനമായി. സംഗതി സംഭവബഹുലമാക്കി, സക്സസാക്കി.

       വൈകുന്നേരം ഇരുട്ടടി വീട്ടില്‍ കിട്ടിയപ്പോഴാണ് സംഗതി കൈവിട്ടുപോയന്നു മനസ്സിലായത്. പാര്‍ട്ടി ഗ്രാമമാണ്. ഇ.എം.എസിന്റെ ഫോട്ടോ കത്തിച്ചു എന്ന ഗുരുതരമായ കുറ്റം. സൃഷ്ടികള്‍ക്ക് നിലവാരം പോരെന്നതായിരുന്നു തീയിടാനുള്ള കാരണമെങ്കിലും താളുകള്‍ മറിച്ചു നോക്കാതെയാണ്‌ അലമ്പുണ്ടാക്കിയത്. അടികൊണ്ടവരും ഇനി കൊള്ളാനുള്ളവരും രായ്ക്കുരാമാനം നാടുവിട്ട് കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീടുകളില്‍ അഭയംതേടി. 
ഒരാഴ്ചക്കുശേഷം നാട്ടിലെ അതാത് ഏരിയാ കമ്മറ്റികളുടെെ കാലുപിടിച്ച് പ്രശ്നം തീര്‍പ്പാക്കി. അന്നത്തോടെ നിഷേധികളായ പ്രതിഷേധകര്‍ തികഞ്ഞ അച്ചടക്കമുള്ള പാര്‍ട്ടി മെമ്പര്‍മാരായി.


  അപ്പോഴും പാതി കരിഞ്ഞ മാഗസിന്റെ അവസാന പേജില്‍ സമര്‍പ്പിതനായ ഗാന്ധിജി ഇരിപ്പുണ്ടായിരുന്നു. സഹിഷ്ണതയോടെ ചിരിച്ചുകൊണ്ട്, ആരോടും പരിഭവമില്ലാതെ, അണികളില്ലാതെ.....!

Monday, November 2, 2015

ബാര്‍ബര്‍ ആന്‍ഡ് ബാര്‍ബേറിയന്‍സ്

അടുത്തുള്ള പാക്കിസ്താനിയുടെ കടയിലാണ് പതിവായി മുടി വെട്ടാന്‍ പോകാറ്. പത്ത്ദിര്‍ഹമാണ് പടിയെങ്കിലും ഇരിപ്പുവശം വെച്ച് പതിനഞ്ച് ഞാന്‍ കൊടുക്കും.
തലപെരുപ്പിക്കുന്ന മസ്സാജും മ്യൂസിക്കും ഒക്കെയായി കസ്ടമറോട് അടുപ്പം കൂടുവാനുള്ള സൌകര്യവും വാസനയും പണ്ടേ ക്ഷുരകന്‍മാര്‍ക്കുണ്ട്. ലോകത്തുള്ള സകല ബാര്‍ബേര്‍സിനും ജന്മസിദ്ധമായി കിട്ടിയ കഴിവാണ് അതെന്ന്തോന്നുന്നു.
ആദ്യസമാഗമം. കാടുവെട്ടിതെളിച്ചുകൊണ്ടിരിക്കേ കണ്ടമാനം വെളുത്ത മുടിയിഴകള്‍ കണ്ട കക്ഷി ആശങ്ക പ്രകടിപ്പിച്ചു. "
"ഭായ്.. ഉമര്‍ കിത്ത്നാ... യെ സഫേദ് ബഹുത് ജ്യാദാ ഹേ...."
ഇത് പതിവായി കേട്ടു ശീലമുള്ളതുകൊണ്ട് അറിയാവുന്ന ഭാഷയില്‍ ഞാന്‍ അവനോടു പറഞ്ഞു.
"ഭായ്..മുടി ബ്ലാക്ക്ആയാലും വൈറ്റ്ആയാലും ..ഡോണ്ട് വറി. തലയുള്ള കാലത്തോളം അനക്ക് പണി ഉണ്ടല്ലോ പ്ലീസ് ക്യാരി ഓണ്‍.. "
ലവന്‍ പിന്നിന്നോളം അതേ പറ്റി മിണ്ടിയിട്ടില്ല. ടി.വിയില്‍ വിശ്രമമില്ലാതെ ഓടിക്കളിക്കുന പാക്ക് വാര്‍ത്താ ചാനലുകള്‍.. സീരിയലുകള്‍...ക്രിക്കറ്റ്.
അതിനിടക്ക് കുശലം പറയും;
"ഭായി, എനിക്കറിയാവുന്ന ഇന്ത്യക്കാരൊക്കെ നല്ലവരാണ്. പക്ഷേ, ജനിക്കുമ്പോള്‍ മുതല്‍കേള്‍ക്കുന്നത് ഇന്ത്യക്കാര്‍ നമ്മുടെ ശത്രുക്കള്‍ ആണെന്നാണ്‌.....എനിക്കറിയാം നിങ്ങളെയും അങ്ങേനെയാണ് സ്കൂളില്‍ പഠിപ്പിക്കുന്നത് എന്ന്."
അവന്‍ സുഖിപ്പിക്കുകാണെങ്കിലും പറഞ്ഞതില്‍ കഴമ്പുള്ളതുകൊണ്ടും, കത്തിയും കത്രികയും ലവന്റെ കയ്യിലായതുകൊണ്ടും ഞാന്‍ മിണ്ടാതെ തലകുനിച്ചിരുന്നു.
ഇത്തവണ ചെന്നപ്പോള്‍ ചര്‍ച്ചയില്‍ കാശ്മീരിലെ പ്രശ്നവും ബീഫ് വിവാദവും ഒക്കെയാണ്. ഇടക്കിടെ ചാനല്‍ പ്രതിനിധി ജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതും കാണിക്കുന്നുണ്ട്.
“.....ഭാരത സര്‍ക്കാര്‍ നമ്മെ വെല്ലുവിളിക്കുകയാണ്..... യെ വ്യക്ത് ഹേ.. ഇന്ത്യ ഹമാര ദുശ്മന്‍...ഹെ ഹൈ..ഹോ..” എന്നൊക്കെ യുവാക്കളുടെ ആക്രോശം.
ഗോളാന്തരവാര്‍ത്ത സിനിമയില്‍ ശ്രീനിവാസനെ സ്റ്റേജില്‍ ഇരുത്തികൊണ്ട് പഞ്ചായത്ത് പ്രസിഡന്‍റ് ശങ്കരാടി നടത്തുന്ന പ്രസംഗം ഞാനോര്‍ത്തു.
“ഇന്നലെവരെ ശുദ്ധ തെമ്മാടിയും പരമ ചെറ്റയുമായിരുന്ന കാരക്കൂട്ടില്‍ ദാസന്‍ എന്ന ഒറ്റയാനെ നമ്മുടെ രമേശന്‍ നായര്‍ തളച്ചിരിക്കുകയാണ്...
അത് മനസിലാക്കിയ ബാര്‍ബര്‍ ചനല്‍ മാറ്റി. അടുത്ത ന്യൂസ് ചാനലിലും രക്ഷയില്ല. വീണ്ടു അടുത്തത്...ഒടുവില്‍ അത് ടെലിബ്രാന്റിന്റെ പരസ്യത്തില്‍ ചെന്നുനിന്നു. പൂശൂ..ഏതോ ‘ലവണ തൈലം.!
ഇതിലും ഭേദം ന്യൂസ് ചാനല്‍, അല്ലെങ്കില്‍ ഓന്റെ ‘കത്തി.’ ഏതായാലും ആ പാവപ്പെട്ടവന്റെ പങ്കപ്പാട് കണ്ട് ചിരിക്കാതിരിക്കാനായില്ല. പണികഴിഞ്ഞ് കാശ് പതിനഞ്ച് പോക്കറ്റിലിട്ട് അവനും ചിരിച്ച് സലാം പറഞ്ഞു.

Monday, September 28, 2015

വെടി

കേരളത്തിലെ തെരുവു നായ്ക്കളെ ഐ.എസ്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. പരിശീലനം നല്‍കുന്നത് സംഘത്തില്‍ നുഴഞ്ഞുകയറിയ 'പട്ടിത്തോലിട്ട' തീവ്രവാദികള്‍ തന്നെയാണ്. മൂന്നാര്‍ വാഗമണ്‍ പ്രദേശങ്ങളില്‍ 'കൊടിച്ചി ഒരുമൈ' എന്നൊരു ഫീമെയില്‍ ചാവേര്‍ പട്ടിയൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്റെലിജെന്‍സ് റിപ്പോര്‍ട്ട്.
'കണ്ടാലുടന്‍ വെടി'വെയ്ക്കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരുന്നതാണെങ്കിലും ഉത്തരവ് തെറ്റിദ്ധരിച്ച് പോലീസുകാര്‍ മലേഷ്യക്കും തായ്ലന്റിനും വെച്ചുപിടിച്ചതാണ് സ്ഥിതി വഷളാകാന്‍ കാരണമെന്ന് വിലയിരുത്തല്‍.

Monday, September 21, 2015

ഫലവൃഷം

"ഉറവവറ്റാത്ത എഴുത്തുകാരന്‍ നിറഞ്ഞ ഫലവൃഷം പോലെയാണെന്ന് പറഞ്ഞിട്ട് എന്തുപറ്റി സര്‍?"
പറഞ്ഞത് സത്യമാ, വാഴക്കുല വെട്ടിക്കഴിഞ്ഞുള്ള സ്ഥിതിയാ ഇപ്പോഴത്തേത്.!

Sunday, September 13, 2015

കോളേജ്ബ്യൂട്ടി

വാട്ട്സപ്പില്‍ ഷെയര്‍ ചെയ്യപ്പെട്ട ചരമ അറിയിപ്പ് കണ്ടത് ഞെട്ടലോടെയാണ്.
വിശ്വസിക്കാനാവുന്നില്ല. അവള്‍ തന്നെയോ?
പ്രേമം 'വണ്‍വേ' ആയാലും 'ടു വേ' ആയാലും പൂര്‍വ്വകാമുകിയുടെ വേര്‍പാട് ഹൃദയഭേദകമാണ്‌.
കാലങ്ങള്‍ക്കിപ്പുറം പ്രേമത്തെ പലവിധം സിനിമാക്കാര്‍ കശക്കിയെറിഞ്ഞിരിക്കുന്നു. പരിശുദ്ധപ്രേമത്തിന്റെ വിലയെന്തെന്ന് ന്യൂജനറേഷന് കാട്ടിക്കൊടുക്കണമെങ്കില്‍ മിനിമം ശവസംസ്കാരത്തിലെങ്കിലും പങ്കെടുക്കണം. ആ പാദാരവിന്ദങ്ങളില്‍ ഒരുപിടി പനിനീര്‍പൂക്കള്‍ അര്‍പ്പിക്കണം.
ഒരുപാട് ആലോചിച്ചു. ഉള്ളിലെ ഗാന്ധി പറഞ്ഞു, ജീവിതമാണ് സന്ദേശം. പുള്ളിക്കതു പറയാം. സ്വല്പം ഗാന്ധി കയ്യില്‍നിന്നു ചിലവാകും. ടിക്കറ്റ്, യാത്ര, ബൊക്ക, etc.
പോകണം. അറിയട്ടെ, താനവളെ പ്രേമിച്ചിരുന്നെന്ന്. കാണട്ടെ, പ്രേമത്തിന് മരണമില്ലെന്ന്.
ടാക്സിയില്‍ മരണവീടിന്റെ മുറ്റത്ത് ഇറങ്ങി. ആളുകളെ വകഞ്ഞുമാറ്റി അകത്തേക്ക് കടക്കുമ്പോള്‍ വാവിട്ടുനിലവിളിക്കുന്ന ചെറുപ്പക്കാരനെ ചിലര്‍ ചുമന്നു മാറ്റുന്നത് കണ്ടു.
"ആങ്ങളയാണോ?".
"ആര്‍ക്കറിയാം. കോളേജില്‍ കൂടെ പഠിച്ചതാന്നാ പറയുന്നത്. ബോഡി എടുത്തിട്ടു വേണം ഇവന്റെ ബോഡി ഞങ്ങള്‍ക്കൊന്ന് ഉഴിയാന്‍."
രംഗബോധമില്ലാത്ത സദാചാരബോധം നഷ്ടപ്പെടാത്ത ഒരു ചേട്ടന്റെ ഡയലോഗ്. കേട്ടപ്പോള്‍ ഉള്ളൊന്നു കാളി. ഉന്തും തള്ളും കൊള്ളാതെ പറമ്പിലെവിടെങ്കിലും ഒതുങ്ങി നില്‍ക്കാമെന്ന് കരുതി പുറത്തു കടന്നു.
പിടിഞ്ഞാറുവശത്തെ ഒട്ടുമിക്ക തെങ്ങിന്‍ചുവടും ബുക്ക്ഡ് ആണ്.
ഒറ്റ തിരിഞ്ഞ് ചിലര്‍. പലരും, തെങ്ങില്‍ വട്ടം കെട്ടിപ്പിടിച്ച് വിലപിക്കുന്നു..
പരിചിതമുഖങ്ങള്‍.
"യൂ ടൂ ബ്രൂട്ടസേര്‍സ്!! *%&*____"
വണ്ടിക്കാശ് പോയി.
തൂശനില വെട്ടാനായി അതുവഴി വന്ന ചേട്ടന്റെ ലാസ്റ്റ് ആന്‍ഡ്‌ ഫൈനല്‍ കോള്‍.
"അലമ്പുണ്ടാക്കാതെ പൊക്കോണം എല്ലാം. ഇല്ലേല്‍ തെങ്ങും മൂട്ടില്‍ വെട്ടി മൂടേണ്ടിവരും."
തല്‍ക്ഷണം കേരവൃക്ഷത്തില്‍നു താങ്ങുകൊടുത്തിരുുന്ന പൂര്‍വകാമുകന്‍മാരെല്ലാം വിലാപയാത്രയായി തൊട്ടടുത്ത ഷാപ്പിലേക്ക് മാര്‍ച്ചു ചെയ്തു. ആ ദിവസത്തിന്റെ ഓര്‍മ്മക്കായ് പുതിയൊരു വാട്ട്സപ്പ് ഗ്രൂപ്പും സ്ഥാപിതമായി. 'സൌന്ദര്യം ഒരുശാപമാണ്."

Wednesday, July 22, 2015

സര്‍വേ ഓഫ് തൊന്തരവ്‌സ്

"നാളെയെക്കുറിച്ച് സാര്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മക്കളുടെ ഭാരിച്ച വിദ്യാഭ്യാസ ചിലവുകളെപ്പറ്റി?"

അയ്യോ ഇല്ല! (എന്നാലും ആരാ ഈ രാവിലെ?)

"സാറുമായി ഒരു മീറ്റിങ്ങിന് ഞങ്ങളുടെ എജ്യുക്കേഷണല്‍ കണ്സല്‍ട്ടന്റ് സ്ഥലവും സമയവും തീരുമാനിച്ചു കഴിഞ്ഞു."

അതെയോ? ഞാനറിഞ്ഞില്ല!!?

"ലിസണ്‍ സര്‍, മൂത്ത മകന് പതിനാറു വയസാകുമ്പോള്‍ സാര്‍ മൂത്ത് നരച്ചൊരു പരുവമാകില്ലേ? പേടിക്കേണ്ട. കൃത്യമായ ഇന്‍വെസ്റ്റ്‌മെന്റ് വഴി അവനെ അമേരിക്കയിലും അന്റാര്‍ട്ടിക്കയിലും വിട്ടു പഠിപ്പിച്ച് തിരികെ കേരളത്തില്‍ എത്തിക്കാം..."

കുട്ടനാട്ടില്‍ വിളവിറക്കാന്‍ അവന്‍ അന്റാര്‍ട്ടിക്ക വരെ പോകേണ്ടതുണ്ടോ? (ആത്മഗതം)

"വെല്‍, ഞങ്ങളുടെ SIT (സര്‍വേ ഓഫ് ഇമ്മാതിരി തൊന്തരവ്‌സ്) റിസര്‍ച്ച്സ് പ്രകാരം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ജീവിതം ദുഷ്കരമാകും .........  "

നെടുങ്കന്‍ വിശകലനങ്ങള്‍, ഉപദേശങ്ങള്‍ , ഡയലോഗുകള്‍...
ആദ്യമൊക്കെ മൂളി മൂളി നിന്നു. പിന്നെയൊന്നു മുള്ളാന്‍ പോയി. പാന്‍ട്രിയില്‍ നിന്ന് ഒരുകപ്പ് ചായ എടുത്തു തിരികെ വന്ന് മേശപ്പുറത്തിരുന്ന മൊബൈല്‍ എടുത്തു ചെവിയി വെച്ചു നോക്കി. ഇല്ല ആള് മരിച്ചിട്ടില്ല. സര്‍വേ കണ്ടിന്യൂസ്...!

(സ്മാര്‍ട്ട്ഫോണ്‍ യുഗത്തില്‍ ഡാറ്റബേസും കോണ്ടാക്റ്റ്സും സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടില്ല. ആര്‍ക്കും ആരെയും വിളിക്കാം. സ്വാഭാവികം! കേള്‍ക്കാന്‍ സൌകര്യമുണ്ടോ എന്ന് ചോദിക്കേണ്ടത് മര്യാദ. വേണ്ടാന്നു പറഞ്ഞാല്‍ വെറുതെ വിടുക. അല്ലാണ്ട് അധികം അങ്ങ് ഒണ്ടാക്കരുത്. ടാങ്ക്യൂ.)

Wednesday, July 1, 2015

വൃഥാ

മഴയില്‍  കുതിരവേ മരമോര്‍ത്തു
തുവര്‍ത്തിയാല്‍ നന്നായിരുന്നു.
അതുകേട്ട കാറ്റ് ചിരിച്ചു; മടിയില്ല.
ഇരമ്പലില്‍ ഇലകള്‍ വിറച്ചു; വേരറ്റു.
കടപുഴകിയ കുഴിയില്‍ മഴവെള്ളം
മണ്ണിന്‍ ഉള്ളുനിറച്ചൊരു ചെറുകുളം.
കാറ്റേ നന്ദി, കാലമെത്രയായി നില്‍ക്കുന്നു.
ആത്മനിര്‍വൃതിയില്‍ ചാഞ്ഞുറങ്ങവേ
ഈര്‍ച്ചവാളിന്‍ മൂര്‍ച്ചയറിഞ്ഞു;
പടുമരത്തിന്‍ പ്രാണന്‍ പിടഞ്ഞു.
കണ്ണടയും മുന്‍പായ്‌ ഒരു ജെ.സി.ബി
മണ്ണുവാരിയിട്ടു; കുളം മങ്ങിയൊരോര്‍മ്മയായ്.